സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2023-24

പ്രവേശനോത്സവം

പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ അധ്യയന  വർഷത്തിന് ജൂൺ ഒന്നിന് തുടക്കം കുറിച്ചു. പുത്തനുടുപ്പുകളും വർണ്ണ ക്കുടകളുമായി നിരവധികുരുന്നുകൾ വീർപ്പാടിന്റെ അക്ഷരമുറ്റത്തേക്ക് എത്തിച്ചേർന്നു. പ്രവേശനോത്സവം സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കളപ്പുര ഉദ്ഘാടനം ചെയ്തു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ഫാർമേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. ആൽഫിന അന്ന റിജേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന ഗാനാലാപനവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, പോസ്റ്റർ തുടങ്ങിയ മത്സരങ്ങൾ നടത്തി. എക്കോ ക്ലബ്ബ് നേതൃത്വം നൽകി.

വായനദിനം

വിദ്യാർത്ഥികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാകുന്നതിനും വായനയുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനുമായി ജൂൺ 19 വായനദിനം ആചരിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ശ്രീ. പി. എൻ പണിക്കർ അനുസ്മരണം അന്നേ ദിവസം നടത്തി. വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ്, വായന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

ഒളിമ്പിക് ദിനാചരണം

ജൂൺ 23 ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ഒളിമ്പിക് റൺ നടത്തി. വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സിനെക്കുറിച്ചും ഒളിമ്പിക്സ് ചരിത്രത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. ഒളിമ്പിക് റൺ പ്രധാനാധ്യാപിക ജയ മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. കായികാധ്യാപകൻ ആശിഷ് ജയിംസ് നേതൃത്വം നൽകി.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. ജയ മാത്യു ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. അന്നേദിവസം എ ഡി എസ് യു ഭാരവാഹികളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും ഉണ്ടായിരുന്നു. എഡ്വിൻ വർഗീസ് ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ  ഏറ്റുചൊല്ലി. അസംബ്ലിക്ക് ശേഷം ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, പ്ലക്കാർഡ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. പരിപാടികൾക്ക് എ ഡി എസ് യു നേതൃത്വം നൽകി.

ബഷീർ അനുസ്മരണം

കഥാകാരനും കവിയും വിപ്ലവകാരിയുമായി ജീവിച്ച് എല്ലാവരും ഭൂമിയുടെ അവകാശികൾ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ  വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം ജൂലൈ 5 ഓർമ്മകളിലെ സുൽത്താൻ എന്നപേരിൽ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ അദ്വൈത പി. പി അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ്, ബഷീർ കഥാപാത്രങ്ങളുടെ വേഷമിടൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

ലോക ജനസംഖ്യാദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യവും പ്രാധാന്യവും എന്ന വിഷയത്തിൽ ഇമ്മാനുവൽ ബേബി സന്ദേശം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

മലാല ദിനം

ജൂലൈ 12 മലാല ദിനം സമുചിതമായി ആചരിച്ചു. ലോകപ്രശസ്ത സാമൂഹ്യപ്രവർത്തകയും സമാധാന നോബൽ സമ്മാന ജേതാവും ധീരതയുടെയും സമാധാനത്തിന്റെയും പ്രതീകവുമായ മലാലയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നിയ മരിയ ജയിംസ് മലാലദിന സന്ദേശം നൽകി. ഇംഗ്ലിഷ് ക്ലബ്ബ് നേതൃത്വം നൽകി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സെയ്ഞ്ചൽ എൽസ ചാന്ദ്രദിന സന്ദേശം നൽകി. ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിന പതിപ്പ് നിർമ്മാണ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ ഉണ്ടായിരുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശനവും നടത്തി. സയൻസ് ക്ലബ്ബ് നേതൃത്വം വഹിച്ചു.

കലാം സ്മൃതി ദിനം

ജൂലൈ 27 ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും 'ദി മിസ്സൈൽ മാൻ ഓഫ് ഇന്ത്യ' യുമായ എ പി ജെ അബ്ദുൾ കലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും അബ്ദുൾ കലാം അനുസ്മരണം നടത്തുകയും ചെയ്തു. 'കലാം ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. സയൻസ് ക്ലബ് നേതൃത്വം നൽകി.

ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാത്യൂസ് ജോൺ സന്ദേശം നൽകി. വർത്തമാന ഭാവിതലമുറയുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. എക്കോ ക്ലബ്ബ് നേതൃത്വം നൽകി.

പ്രേംചന്ദ് ജയന്തി

ഹിന്ദി ഉപന്യാസ സാമ്രാട്ടും ആധുനിക ഹിന്ദി കഥകളുടെ പിതാമഹനുമായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം ജൂലൈ 31 ന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ പ്രേംചന്ദ് രചിച്ച നിരവധി കഥകൾ പരിചയപ്പെടുത്തുകയും സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിൻ്റെ ജീവിതത്തെ കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു.

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് 6 9 ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയിഷ ടി യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന, കൊളാഷ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, മുദ്രാവാക്യ രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.