ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ആമുഖം

17:04, 5 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകന്റെയും വിദ്യാർഥിയുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രിതവുമായ ഒരു വിദ്യാഭ്യാസപ്രക്രിയ രൂപപ്പെട്ടുവന്നിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹി ക്കാനാകും എന്ന ബോധ്യത്തിൽനിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മക മായും പ്രയോജനപ്പെടുത്തുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.

<br>ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖല യിലെ പ്രായോഗിക പരിശീലനം പരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക്ടോപ് പബ്ലിഷിങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളി ച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു<br>