സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/അക്ഷരവൃക്ഷം/കാക്കമ്മയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കമ്മയുടെ കഥ

ഒരിടത്ത് ഒരു കാക്കമ്മ ഉണ്ടായിരുന്നു. അതെന്നും പല വീടുകളിലും പറന്നു വന്ന് ആ വീട്ടുകാർ കളയുന്ന ഭക്ഷണം കൊത്തിപ്പെറുക്കി കഴിക്കും. എന്നാൽ ആ വീട്ടുകാർ കാക്കമ്മയെ എറിഞ്ഞ് ഓടിക്കും. ഇതിൽ വിഷമിച്ച് കാക്കമ്മ കൂട്ടുകാരനായ അണ്ണാറക്കണ്ണനോട് തന്റെ ഈ അവസ്ഥ പറഞ്ഞു.
"തന്നെ ആർക്കും ഇഷ്ടമല്ല! ഞാനൊരു തത്തയോ മൈനയോ ആയിരുന്നുവെങ്കിൽ എന്നെ എല്ലാവർക്കും ഇഷ്ടമായേനെ. എന്നെ കാണാൻ കൊള്ളില്ല" കാക്കമ്മ ഉറക്കെ ഉറക്കെ കരഞ്ഞു.
ഇത് കണ്ട് സങ്കടത്തോടെ അണ്ണാറക്കണ്ണൻ കാക്കമ്മയെ സമാധാനപ്പെടുത്തി. "നിന്നെ കാണാൻ കൊള്ളില്ല എങ്കിലും നീ എല്ലാവർക്കും നല്ലതു മാത്രം അല്ലേ ചെയ്യുന്നുള്ളൂ? അവരുടെ വീടും പരിസരവും എല്ലാം വൃത്തിയാക്കി കൊടുക്കുന്നില്ലേ? സുന്ദരിയായ തത്തമ്മക്ക് അതിന് കഴിയുന്നില്ലല്ലോ! അവൾ സുന്ദരി ആയത് കൊണ്ട് അവളെ കൂട്ടിലാക്കുന്നു. നിനക്ക് സൗന്ദര്യം ഇല്ലാത്തത് കൊണ്ട് നിന്നെ ആരും കൂട്ടിൽ ആക്കുന്നില്ലല്ലോ? നിനക്ക് ആരെയും പേടിക്കാതെ പറന്നു നടക്കാമെല്ലോ."
ഇത് കേട്ടതും കാക്കമ്മയ്ക്ക് സന്തോഷമായി. വീണ്ടും പതിവു പോലെ ഓരോ വീട്ടിലും ചെന്ന് അവർ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിപ്പെറുക്കി സന്തോഷത്തോടെ കുറേക്കാലം ജീവിച്ചു.
ഗുണപാഠം : പ്രവർത്തി കൊണ്ട് എല്ലാ ജീവജാലങ്ങളും പരിസര ശുചിത്വത്തിൽ അവരറിയാതെ തന്നെ അവരുടെ പങ്കുവഹിക്കുന്നു.

ചിന്മയി എച്ച്
2 എ സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ