ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്ത്ര ക്ലബ്ബ്/2024-25
2022-23 വരെ | 2023-24 | 2024-25 |
രൂപീകരണം - ജൂൺ , 2024
കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)
പ്രസിഡന്റ് - മുഹമ്മദ് റിള (ക്ലാസ്സ് -6)
സെക്രട്ടറി - ഹെബിൻ ജിബി (ക്ലാസ്സ് -7)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
* സ്വാതന്ത്ര്യ കീർത്തി *
മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം എന്ന സ്കൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ
സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം ഒരു ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യം
കഴിഞ്ഞ അധ്യയനവർഷം ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ അധ്യായങ്ങളായ 'ഗാന്ധിജിയും സ്വാതന്ത്ര്യസമരവും’, 'ഇന്ത്യ പുതുയുഗത്തിലേക്ക് ' എന്ന യൂണിറ്റുകളിലെ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്ന സമയത്ത് കുട്ടികൾ ഒരു ചോദ്യം ചോദിച്ചു. 'നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യസമരസേനാനികൾ ആരുമില്ലേ സാർ’? ഉണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും ആരൊക്കെയെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാനായില്ല. സഹപ്രവർത്തകരോടും, മറ്റുള്ളവരോടും തിരക്കി, നവമാധ്യമങ്ങളിൽ തിരഞ്ഞു പക്ഷേ വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആ ഉത്തരം തേടിയുള്ള യാത്രയാണ് സ്വാതന്ത്ര്യകീർത്തി എന്ന പഠനപ്രവർത്തനത്തിലേക്ക് ഞങ്ങളെ നയിച്ചത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച ഒരു നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അവിടെയുള്ള കുട്ടികൾക്കും, പുതുതലമുറയ്ക്കും അറിവ് പകർന്നു കൊടുക്കണം എന്ന് ആഗ്രഹമാണ് ഇതിന് ഞങ്ങളെ പ്രേരിപ്പിച്ചത്.
* ഇത് എങ്ങനെയാണ് നടപ്പിലാക്കുന്നത്?
ദേശീയ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പ്രശസ്തിയിലേക്ക് എത്താൻ കഴിയാതെ പോയ; എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച, ദേശസ്നേഹത്തിന്റെയും, നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, സമർപ്പണത്തിന്റെയും പര്യായമായ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുളള ഒരന്വേഷണം. കുട്ടികളും, അധ്യാപകരും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം.തുടർന്ന് ഞായറാഴ്ചകളിലും, മറ്റ് പൊതു അവധി ദിവസങ്ങളിലുമായി കുട്ടികളുമൊത്ത് സ്വാതന്ത്ര്യസമര സേനാനികളെ അറിയുവാനുള്ള യാത്ര ആരംഭിച്ചു.
2023-24 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിച്ച ഏഴാംക്ലാസ് വിദ്യാർത്ഥികളുൾപ്പെടുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2024-25 അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ കുട്ടികളും ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സജീവമായ പിന്തുണ നൽകി.
പഴയ തലമുറയിലെ ആൾക്കാരോടും, പൊതുപ്രവർത്തകരോടും, നാട്ടുകാരോടും നേരിട്ട് തിരക്കി അറിയാൻ ശ്രമിച്ചു.അങ്ങനെ കുറച്ച് പേരുകൾ ലഭിച്ചു. കുട്ടികളുമായി അവർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഇത് വളരെ ശ്രമകരമായിരുന്നു. വീട് കണ്ടുപിടിച്ച് അവിടെയെത്താൻ സാധിച്ചെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും പതിറ്റാണ്ടുകൾക്ക് മുൻപേ മരണപ്പെട്ടിരുന്നു. പുതിയ തലമുറയിൽ പെട്ടവർ പലരും ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് പോയിരുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പലയിടത്തും ആൾക്കാരുണ്ടായിരുന്നില്ല.വീടിനടുത്തുള്ളവരോട് വിവരങ്ങൾ തിരക്കി അവിടെ താമസിക്കുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുവാൻ ശ്രമിച്ചു. ഫോൺ നമ്പർ കിട്ടിയവരെ വിളിച്ച് അന്വേഷിച്ച് അവർ വീട്ടിലുണ്ടാകുന്ന ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായി അവിടേക്ക് ചെന്നു. ഫോൺ നമ്പറുകൾ ലഭിക്കാത്ത ചിലയിടങ്ങളിൽ നിരവധി തവണ പോകേണ്ടതായും വന്നിട്ടുണ്ട്.
ആശങ്കയോടെയാണ് വീടുകളിലേക്ക് പോയി തുടങ്ങിയതെങ്കിലും ഓരോ വീട്ടിലും ചെന്നപ്പോൾ ലഭിച്ച സ്വീകരണവും, സഹകരണവും പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദ്യമായിരുന്നു. മുൻ തലമുറയിൽ പെട്ട സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് വളരെ വിശദമായിത്തന്നെ ഓരോരുത്തരും പറഞ്ഞുതന്നു. അവരുടെ മുഖങ്ങൾ അഭിമാനം കൊണ്ടു പ്രകാശിക്കുന്നതും, കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും ഞങ്ങൾ കണ്ടു. ആയുസ്സും, ആരോഗ്യവും, സമ്പത്തും മാത്രമല്ല സ്വന്തം കുടുംബത്തെപ്പോലും ത്യജിച്ചുകൊണ്ട് ജന്മനാടിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാന്മാരായ ഓരോ സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചുമുളള വിവരങ്ങൾ ഞങ്ങൾ ഒരു മാന്ത്രികച്ചെപ്പ് തുറന്നു കാണുമ്പോഴുള്ള അത്ഭുതത്തോടെ കൗതുകത്തോടെ കണ്ടും, കേട്ടും മനസ്സിലാക്കി. ഈ അറിവുകളെല്ലാം തന്നെ കുട്ടികൾക്ക് മുന്നോട്ടുള്ള ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനമായി മാറും എന്നതിൽ തർക്കമില്ല.
* ഈ പ്രവർത്തനം ആർക്കൊക്കെ പ്രയോജനപ്പെടുന്നു?
സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.
സ്വാതന്ത്ര്യകീർത്തിയുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്
ചാന്ദ്ര ദിനം :- ജൂലായ് -21
മനുഷ്യന്റെ അമാനുഷികമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ 54-ാമത് വാർഷികം നിലാവ് -2024 എന്ന പേരിൽ.2024 ജൂലൈ -21ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾക്കും അപ്പുറം ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ വിവരിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, ക്ലാസുകളിലൂടെയും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ നടത്തുകയുണ്ടായി. തുടർന്ന്, ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, ചാന്ദ്രദിന പോസ്റ്റർ രചന,അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലെ താമസം - ഭാവനാത്മക രചന, തുടങ്ങിയ വിവിധയിനം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും എഴാം ക്ലാസ് വിദ്യാർത്ഥികളായ തീർത്ഥ പ്രദീപ് , പാർവതി ഗിരീഷ്. എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി.എൽ.പി. വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥിയായ സിയ സജി , മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അമൽ ദേവ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി.