ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ബിരിയാണി

Schoolwiki സംരംഭത്തിൽ നിന്ന്
ബിരിയാണി

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ചിന്നു പൂച്ചയുടെ മ്യാവു... കരച്ചിൽ കേട്ട് അപ്പുക്കുട്ടൻ ഞെട്ടിയുണർന്നു.അവൻ സ്കൂളിൽ പോകാൻ ഒരുങ്ങി.അമ്മയോട് യാത്ര പറഞ്ഞ് ബാഗുമെടുത്ത് നടന്നു.വഴിയരികിൽ പുഷ്പിച്ചുനിൽക്കുന്ന തൊട്ടാവാടി അവനെ നോക്കി ചിരിക്കുന്നതുപോലെ തോന്നി.വാഹനങ്ങൾ ചീറിപ്പായുന്നു.ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ടുനടക്കുന്നു.അവൻ നടന്ന് സ്കൂളിലെത്തി.അപ്പോഴാണ് ഓർത്തത് ഉച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണം എടുക്കാൻ മറന്നുപോയി.പതിവുപോലെ ക്ളാസ് തുടങ്ങി.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ബെല്ലടിച്ചു.കുട്ടികളെല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.തന്റെ കൂട്ടുകാരനായ അജ്മൽ ചോദിച്ചു "അപ്പുക്കുട്ടൻ ഭക്ഷണം കഴിക്കുന്നില്ലേ" ഇന്ന് വീട്ടിൽ പോയിട്ടാണ് ഭക്ഷണം കഴിക്കുന്നതെന്ന് അപ്പുക്കുട്ടൻ പറഞ്ഞു. അവൻ സ്കൂളിന്റെ പുറകിലുള്ള മാവിൻ ചുവട്ടിലേക്ക് നടന്നു.ഇലകൾക്കിടയിൽ ഒരു പഴുത്ത മാമ്പഴം അപ്പുക്കുട്ടനെ കാത്തിരിക്കുന്നതുപോലെ തോന്നി.അവൻ അതെടുത്ത് കഴിച്ച് ക്ളാസിലേക്ക് നടക്കുമ്പോൾ, പിന്നിൽ നിന്ന് അപ്പുക്കുട്ടാ..എന്ന വിളികേട്ട് അവൻ തിരിഞ്ഞുനോക്കി.ചിരിച്ചുകൊണ്ട് സ്മിത ടീച്ചർ ചോദിച്ചു "ഊണ് കഴിച്ചോ"? "കഴിച്ചുടീച്ചർ" അപ്പുക്കുട്ടൻ പറഞ്ഞു. "കഴിച്ചോ? എന്ത് കഴിച്ചു"? ടീച്ചർ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. "ഇന്ന് ബിരിയാണിയായിരുന്നു ടീച്ചർ" "അപ്പുക്കുട്ടന് ബിരിയാണിയാണോ ഇഷ്ടം" ടീച്ചർ ചോദിച്ചു. " അതെ എനിക്ക് ഏറ്റവും ഇഷ്ടം ബിരിയാണിയാണ്, അമ്മ എനിക്കെന്നും ബിരിയാണി ഉണ്ടാക്കിത്തരും" അപ്പുക്കുട്ടൻ പറഞ്ഞു. ഒരു ചിരിയോടെ ടീച്ചർ കയ്യിലുള്ള ബാഗിൽ നിന്നും ചോറ്റുപാത്രം എടുത്ത് അവനുനേരെ നീട്ടിയിട്ട് പറഞ്ഞു "നിന്റെ അമ്മ കൊണ്ടുതന്നതാണ്, നീ ഭക്ഷണം എടുക്കാൻ മറന്നുപോയതാണെന്ന് പറഞ്ഞു". ഒരു ജാള്യതയോടെ അപ്പുക്കുട്ടൻ ടീച്ചറുടെ കയ്യിൽ നിന്ന് പാത്രം വാങ്ങി.പെട്ടെന്ന് അവന്റെ കയ്യിൽ നിന്നും പാത്രം വഴുതി താഴെ വീണ് പാത്രത്തിന്റെ അടപ്പ് തുറന്നു.അതിൽ നിന്നും രണ്ട് കപ്പ കഷ്ണങ്ങൾ തെറിച്ചു.അവൻ അതെടുത്ത് പാത്രത്തിൽ വച്ചു.എന്നിട്ട് ടീച്ചറുടെ മുഖത്തേക്ക് നോക്കി. അതെ... ടീച്ചർ കരയുകയായിരുന്നു..ആ കരച്ചിലാണ് ഏതു കൊറോണക്കാലത്തെയും അതിജീവിക്കാനുളള കരുത്ത് തനിക്കു നൽകിയതെന്ന് ലോക്ക്ഡൗണിലിരുന്ന് അവൻ ഓർത്തു.


അനുപമ.പി.തൂണോളി
10.B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ