എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കോവിഡ് - 19 പ്രതിരോധം കേരളത്തിൽ
കോവിഡ് - 19 പ്രതിരോധം കേരളത്തിൽ
ഓരോ ദിവസം കഴിയുന്തോറും നമുക്കിടയിൽ ഭീതിവർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണാ വൈറസ് ബാധക്ക് ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടി ല്ലാത്തതിനാൽ ലോകം മുഴുവൻ ഭയത്തോടെ ഉററുനോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 നാണ് ആദ്യമായി നോവൽ കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു .ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ 26 ലക്ഷത്തിലധികം രോഗികളെയും രണ്ട് ലക്ഷത്തോളം പേരുടെ മരണവും സൃഷ്ടിച്ച് സംഹാര താണ്ഡവമാടി കൊണ്ടിരിക്കുകയാണ്. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം മുഴുവൻ ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങിയിരിക്കുകയാണ്. സാമൂഹിക പാലിക്കുക എന്നതാണ് കോവിഡിനെ ചെറുക്കാൻ ശക്തമായ ആയുധമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നു .ഈ മുന്നറിയിപ്പ് സ‍്വീകരിച്ചു കൊണ്ടാണ് രാജ്യം ചരിത്രത്തിലെ അപൂർവ നടപടിയായ സമ്പൂർണ്ണ ലോക്ഡൗൺ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു .കൃത്യമായ സാമൂഹിക അകലവും ശുചിത്വവും കൊണ്ടുമാത്രമേ ഈ രോഗത്തെ പിടിച്ചുകെട്ടാൻ സാധിക്കൂ എന്ന് മനസ്സിലാക്കിയ നമ്മുടെ കൊച്ചുകേരളം രാജ്യ തീരുമാനം പൂർണമായി ഏറ്റെടുത്ത് നടപ്പാക്കി. രോഗ വ്യാപനത്തിന്റെ കാര്യത്തിൽ ആദ്യ ആഴ്ചകളിലെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടാണ് കേരളം ഈ കടുത്ത തീരുമാനം കൈക്കൊണ്ടത് തന്നെ. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളിൽ 50 ശതമാനത്തിലധികം ആളുകൾ രോഗവിമുക്തരായി എന്നതു തന്നെ നമ്മൾ ഈ രോഗത്തിനെതിരെ കൈകൊണ്ടിരിക്കുന്ന കർശന നിലപാടുകൾ വ്യക്തമാക്കുന്നു ഇന്ത്യയിൽ ഇത്രയും ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് രോഗവ്യാപനത്തെ ഈയൊരു തോതിൽ പിടിച്ചുകെട്ടാനായത് കേരളത്തിന് വലിയൊരു നേട്ടം തന്നെയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു .സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പോലീസിനും സർവ്വോപരി ഓരോ മലയാളിക്കും അഭിമാനിക്കാം. വ്യക്തമായ ,ശാസ്ത്രീയമായ പദ്ധതികളും സുശക്തമായ ആരോഗ്യ ശൃംഖലയും പൊതുജനങ്ങളായ നമ്മുടെ സഹകരണവുംതന്നെയാണ് ഈ നേട്ടത്തിന് പിന്നിൽ .ഇന്ന് ലോക രാജ്യങ്ങൾ പലരും "കേരളമാതൃക " യെ പറ്റി പുകഴ്ത്തി പറയുന്നുണ്ട്. എന്നാൽ ഈ മാതൃക പകർത്താൻ ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ചും ഈ ഒരു ഘട്ടത്തിൽ .കാരണം ഈ പറയുന്ന കേരളാമോഡൽ കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കിയതല്ല.അത് നമ്മുടെ ആരോഗ്യ സംസ്കാരത്തിന്റെയും നയത്തിൻ്റെയും അടിസ്ഥാന ശിലയാണ്. അതിൻ്റെ തായ് വേരിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനോടൊപ്പം കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകാനും അനാവശ്യമായി കൈകൾ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കാനും ഓരോ വ്യക്തിയേയും ശീലിപ്പിക്കാൻ നമ്മുടെ ആരോഗ്യ വകുപ്പിനു കഴിഞ്ഞു എന്നത് കോവിഡ് പ്രതിരോധത്തിൻ്റെ വലിയൊരു നേട്ടമാണ്. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ രോഗ ഭീഷണിയിലും ലോക് ഡൗണിലും സാമ്പത്തികമായി തളർന്ന ജനതയ്ക്ക് കൈത്താങ്ങാവുക എന്നതാണ് ഒരു ജനകീയ ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ ധർമ്മം.കേന്ദ്ര സർക്കാരിനോട് ചേർന്നും അല്ലാതെയുമായി ആരോഗ്യ പ്രവർത്തകർ നമുക്കൊപ്പമുണ്ടെന്നത് ഈ ദുരിതകാലം തെളിയിച്ച സത്യമാണ്. സ്വന്തം വീടിനെയും കുടുംബാംഗങ്ങളെയും മറന്ന് നാടിനുവേണ്ടി സഭാ സേവന സന്നദ്ധരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരാലും പോലീസുകാരാലും സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം .അതിന് അവരെ സഹായിക്കുന്നത് അവരുടെ രാജ്യസ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും കരുണയും കൊണ്ടുമാത്രമാണ്. വിദേശരാജ്യങ്ങൾ പ്രായം ഉള്ള ആളുകളെ രോഗത്തിനു വിട്ടുകൊടുക്കുമ്പോൾ നമ്മൾ വയോധികരെയും കുട്ടികളെയും പെട്ടെന്ന് രോഗം ബാധിക്കുമെന്ന് മനസ്സിലാക്കി അവരെ സമൂഹത്തിൽ നിന്നും പൂർണമായി അകറ്റി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നു വരുന്നവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുകയും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ കൃത്യമായി പരിശോധനകൾ നടത്തിയും ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധ പതിക്കുന്നു. രോഗമുണ്ടെന്ന് തെളിയുന്ന പക്ഷം അവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകുകയും ചെയ്യുന്നു.അവരുമായി ബന്ധപ്പെട്ടവരെ ക്യാറന്ററീനിൽ പ്രവേശിപ്പിക്കുകയും റൂട്ടുമാപ്പ് തയ്യാറാക്കി വേണ്ട കരുതൽ നടപടികൾ സ്വീകരിച്ച് സാമൂഹിക വ്യാപനം തടയാൻ പഴുതടച്ചുള്ള പ്രതിരോധ നീക്കമാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഐസൊലേഷനിൽ കഴിയുന്നവർക്ക് മാനസിക ഊർജ്ജം നൽകാൻ കൗൺസിലിങും മറ്റും നൽകിയും അവരുടെ പിരിമുറുക്കം കുറക്കാനുള്ള മാർഗ്ഗങ്ങൾ സർക്കാർ സ്വീകരിച്ചു. ഈ ലോക്ക് ഡൗൺ കാലം നമുക്കുചുറ്റും ഉണ്ടാക്കിയിരിക്കുന്ന മാർഗങ്ങൾ ശ്രദ്ധേയമാണ്. ജോലിയുടെ തിരക്കിനിടയിൽ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ പോലും കഴിയാത്തവർക്ക് വീട്ടിൽ ഒരുമിച്ച് സന്തോഷങ്ങൾ പങ്കുവെക്കാനും അടുക്കളത്തോട്ടങ്ങൾ പോലുള്ള ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും സാധിച്ചു.വ്യവസായ വിപ്ലവത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി മാറ്റത്തിനാണ് നാം ഈ കാലഘട്ടത്തിൽ സാക്ഷ്യം വഹിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു .കടലിലും നദികളിലും സമീപകാലത്തെങ്ങും ഇല്ലാത്ത മാറ്റങ്ങൾ പ്രകടമാകുന്നു .ഇന്ധന ഊർജ ഉപയോഗം കുറയ്ക്കാൻ നമുക്കു സാധിക്കും എന്ന് നാം തെളിയിച്ചു . ഈ കാലവുംകഴിയും. പരസ്പരം സഹായിക്കാനും കൈത്താങ്ങാകാനുമുള്ള നമ്മുടെ മനസ്സ് അതിജീവനത്തിന് പുതിയ പാതയൊരുക്കും.നിപ്പയേയും ഓഖിയേയും പ്രളയത്തെയും അതിജീവിച്ച നാം ഈ കോവിഡിനെയും അതിജീവിക്കുക തന്നെ ചെയ്യും .ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ പ്രവർത്തിക്കുന്ന നമുക്ക് തുടർന്നും അങ്ങനെ തന്നെയായിരിക്കാം. നമ്മുടെ കൊച്ചു കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ 'ബ്രേക്ക് ദ ചെയിൻ' എന്ന മുദ്രാവാക്യം അതിജീവനത്തിൻ്റെ പാതയിൽ നമുടെ മനസ്സകളിൽ മുഴങ്ങിക്കൊണ്ടിരിക്കട്ടെ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം