ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ ചിന്തിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ
ചിന്തിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ
പ്രകൃതി അമ്മയാണ്. പ്രകൃതിയാകുന്ന അമ്മയെ മാനഭംഗപ്പെടുത്തരുത്. പ്രകൃതിയാകുന്ന അമ്മയ്ക്ക് ദോഷകരമാകുന്ന രീതിയിലുള്ള വിവിധ പ്രവർത്തനങ്ങൾ നാം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയാണ്. പ്രകൃതിയുടെ മക്കൾ എന്ന നിലയിൽ എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട്. ഒരു മകൻ അല്ലെങ്കിൽ മകൾ തന്റെ അമ്മയെ എത്രമാത്രം കരുതലോടെ സംരക്ഷിക്കണമോ അതുപോലെ പ്രധാനമാണ് മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനും വനനശീകരണത്തിനും എതിരായി പ്രവൃത്തിക്കുക എന്നത് നമ്മുടെ കടമ തന്നെയാണ്. നമ്മുടെ മാതാപിതാക്കൾ അധ്വാനിച്ച് നമുക്ക് തരുന്ന പരമ്പരാഗത സ്വത്ത് നാം നമ്മുടെ മക്കൾക്ക് നൽകുമ്പോഴാണ് നമ്മുടെ മാതാപിതാക്കൾക്ക് സംതൃപ്തി ലഭിക്കുക. അതുപോലെ തന്നെ പ്രകൃതി എന്ന വലിയ സ്വത്ത് നമുക്ക് ലഭിക്കുന്നതിലും നൂറിരട്ടി സൌന്ദര്യത്തോടെ അടുത്ത തലമുറയിലേക്ക് കൈമാറുമ്പോൾ ആണ് നമ്മുടെ ഉത്തരവാദിത്വം പൂർണമാകുന്നത്. ഹരിതഭംഗിയാൽ അണിഞ്ഞൊരുങ്ങി നിന്നിരുന്ന ഗ്രാമീണഭംഗി ഇന്ന് പുക തുപ്പുന്ന യന്ത്രങ്ങളും ആകാശം മൂടുന്ന മാളികകളും തകർത്തിരിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ കാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴിലിന്റെ ആവശ്യങ്ങൾക്കായി ഗ്രാമങ്ങളിൽ നിന്ന് മനുഷ്യർ നഗരങ്ങളിലേക്ക് ചേക്കേറുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പരമ്പരാഗതമായി നിലനിന്നിരുന്ന മലയാളിയുടെ വ്യക്തിശുചിത്വത്തെയും പരിസര ശുചിത്വത്തെയും ഹനിക്കുന്ന പ്രവൃത്തികളാണ് ഇന്ന് നിലനിൽക്കുന്നത്. പണ്ട് വീട്ടിൽ നിന്ന് ഒരാൾ പുറത്തുപോയിട്ട് വരുമ്പോൾ കാൽ വൃത്തിയാക്കിയിട്ടേ വീട്ടിനകത്ത് കടക്കൂ. എന്നാൽ അതെല്ലാം പറഞ്ഞു കേട്ടുള്ള അറിവേ നമുക്ക് ഉള്ളൂ. മരണവീടുകളിൽ പോയിട്ട് കുളിച്ചിട്ടേ വീട്ടിൽ കയറാവൂ എന്ന് കാരണവൻമാർ പറയുമ്പോൾ ചിലരെങ്കിലും കരുതും അന്തവിശ്വാസമാണെന്ന്. എന്നാൽ അതിന്റെയും പുറകിൽ ഒരു ശാസ്ത്രീയ വശമുണ്ട് എന്ന വസ്തുത നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ഈ മാറുന്ന ജീവിത ശൈലിയുടെ ഭാഗമായെന്നോണം അനേകം ന്യൂ ജനറേഷൻ രോഗങ്ങളും മനുഷ്യന് സ്വന്തം. ഓരോ നൂറ്റാണ്ടിലും മനുഷ്യന്റെ ശത്രുവായി പുതിയ രോഗങ്ങൾ ഉടലെടുക്കുന്നു എന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തൽ, എന്നാൽ പ്രകൃതിയോടുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ബന്ധത്തിന് വിള്ളൽ ഏൽക്കുന്നു എന്ന യാഥാർത്ഥ്യം നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. നമ്മുടെ അശ്രദ്ധ നമ്മിലെ പ്രതിരോധശേഷിയെ തന്നെ തകരാറിൽ ആക്കുന്നു. അല്ലെങ്കിൽ ചൈനയിലെ വുഹാനിലെ ഒരു ഇറച്ചിവെട്ടുകാരനിൽ നിന്ന് ആരംഭിച്ച കോവിഡ് -19 ലോകത്തിലെ ഒരു മഹാമാരിയായി ഇങ്ങനെ പടർന്ന് പന്തലിക്കുമോ. നമ്മുടെ അശ്രദ്ധ ആ മഹാചങ്ങലയിലെ ഒരു പുതിയ കണ്ണി ആകരുത്. വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ, ചങ്ങല തകർക്കൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ