Schoolwiki സംരംഭത്തിൽ നിന്ന്
ആകാശവും ഭൂമിയും പ്രണയത്തിൽ
ആകാശം ഇമവെട്ടാതെ ഭൂമിയെ അങ്ങിനെ നോക്കിനിന്നു. എന്തൊരു ഭംഗിയാണ്... പച്ച പട്ടിൽ പല വർണ്ണങ്ങളിൽ തീർത്ത പൂക്കളുള്ള ഉടുപ്പിൽ ഭൂമി അങ്ങേയറ്റം സുന്ദരിയായി കാണപ്പെട്ടു. പ്രകൃതിയേക്കാൾ ഭംഗി മറ്റെന്തിനാണ്? ചൂടും വെളിച്ചവും നൽകി ആകാശം തന്റെ പ്രണയം ഭൂമിയോട് പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഭൂമിയും ആകാശവും തമ്മിൽ പ്രണയത്തിലായി. അന്ത്യമില്ലാത്ത അനന്തമായ പ്രണയം. ആകാശം തന്റെ സ്നേഹം മഴയായി ചൊരിഞ്ഞപ്പോൾ ഭൂമി അത് വേരുകളിലൂടെ തന്റെ ഹൃദയത്തിൻ ആഴങ്ങളിലേക്ക് കൊണ്ടുപോയി. ചാറി പെയ്ത മഴയിൽ പുതിയ പുൽ നാമ്പുകൾ മുളച്ചുപൊന്തി. മരങ്ങൾ തളിരിട്ടു. പൂക്കൾ സുഗന്ധം പരത്തി. തോടുകളും പുഴകളും മുൻപത്തേക്കാൾ താളത്തിലും ഭംഗിയിലും ഒഴുകി. ജന്തു ജീവജാലങ്ങൾ ആനന്ദനൃത്തമാടി. മനുഷ്യൻ തന്റെ പരിസ്ഥിതിയെ ഒരു പോറലുമേൽക്കാതെ കാത്തുസൂക്ഷിച്ചു. തന്റെ മക്കളുടെ പരിപാലനത്തിൽ അവൾ അതീവ സുന്ദരിയും സന്തോഷവതിയുമായി. കാതങ്ങൾ കടന്നുപോയി. ആ സന്തോഷത്തിന് അധികനാൾ ആയുസ്സുണ്ടായില്ല. കാലങ്ങൾക്കനുസരിച്ച് മനുഷ്യമനസ്സും മാറിക്കഴിഞ്ഞിരുന്നു. ഭൂമിയെ അവർ ഇഞ്ചിഞ്ചായി കൊല്ലാൻ തുടങ്ങി. മണ്ണിൽ പിണഞ്ഞ വേരുകൾ അറുത്തുമാറ്റി. മരങ്ങളെല്ലാം മുറിച്ചുമാറ്റി. ചൂടിനാൽ ഭൂമിയുടെ മാറിടം പൊള്ളാൻ തുടങ്ങി. മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കി. മാതാവിൻറെ ശക്തിയെ ക്ഷയിപ്പിച്ചു. കുളങ്ങളും തോടുകളും പുഴകളും എല്ലാം മണ്ണിട്ടുനികത്തി. ദാഹജലം പോലും വറ്റിച്ചു കളഞ്ഞു. ജന്തു മിത്രാദികൾ മാതാവിനോട് പരാതി പറഞ്ഞു. പടുകൂറ്റൻ ബംഗ്ലാവുകളും അംബരചുംബികളായ സൗധങ്ങളും കൊട്ടാരക്കെട്ടുകളും മനുഷ്യൻ പണിതുയർത്തി. അവരുടെ സ്വാർത്ഥ കരങ്ങളിൽ ഭൂമിയെ അവർ ഞെരിച്ചു. പതിയെപ്പതിയെ അവർ കാത്തുസൂക്ഷിച്ച ഭൂമി അവരുടെ ചൂഷണം സഹിക്കവയ്യാതെ മരിച്ചു കൊണ്ടിരുന്നു. ഇത് കണ്ട ആകാശത്തിനത് സഹിച്ചില്ല. തൻറെ പ്രിയതമയെ ഇഞ്ചിഞ്ചായി കൊല്ലുന്നത് കണ്ട് ആകാശം ആർത്തലച്ച് കരയാൻ തുടങ്ങി. കണ്ണുനീർ കണങ്ങൾ ധാരധാരയായി ഭൂമിയിൽ പതിച്ചു കൊണ്ടിരുന്നു. എന്നാൽ ഇത്തവണ പിടിച്ചുനിർത്താൻ ഭൂമിക്കായില്ല. വലിച്ചെടുക്കാൻ വേരുകളോ ഹൃദയത്തിനടിത്തട്ടിൽ സൂക്ഷിക്കാനുള്ള ശേശിയോ ആ മാതാവിനുണ്ടായിരുന്നില്ല. ഇതുകണ്ട ആകാശം ഹൃദയം പൊട്ടിക്കരയാൻ തുടങ്ങി. അതിൽ തോടുകളും പുഴകളും നിറഞ്ഞൊഴുകി.അവ മനുഷ്യൻ തീർത്ത മാളികക്കെട്ടിൽ വന്നെത്തിനോക്കി. താൻ ഊട്ടിവളർത്തിയ മക്കൾ തന്നോട് ചെയ്ത തെറ്റുകളോർത്ത് ആ മാതൃഹൃദയം പൊട്ടി. അതിൽ കല്ലുകളും മണ്ണും വലിയ പാറക്കെട്ടുകളും ഹൃദയം തകർത്ത് പുറത്തുവന്നു. അതിൽ സൗധങ്ങളും അംബരചുംബികളായ കൊട്ടാരങ്ങളും തകർന്ന് തരിപ്പണമായി. പുഴകളും തോടുകളും അവരുടെ പഴയ വഴിയെ സഞ്ചരിക്കാൻ തുടങ്ങി. മനുഷ്യ കൗശലങ്ങളെ വിഴുങ്ങിക്കൊണ്ടവ മുന്നോട്ട് ഒഴുകി നീങ്ങി. ചുറ്റോടു ചുറ്റും ആർപ്പുവിളികളും കരച്ചിലും മാത്രം. മനുഷ്യൻ അങ്ങിങ്ങായി ചിതറിയോടി. കിടപ്പാടമോ ഭക്ഷണമോ ഇല്ലാതെ താൻ ചെയ്ത തെറ്റുകളോർത്തു മനുഷ്യൻ ലജ്ജിച്ച് തലതാഴ്ത്തി. പിഞ്ചു പൈതങ്ങളുടെ നിലവിളികളും ഒന്നുമറിയാത്ത ജന്തു ജീവജാലങ്ങളുടെ നിലവിളികളും ആകാശത്തിനും മുകളിൽ ഹൃദയം തുളച്ചുകയറി പോയി. ഇത് കേട്ട ആ പിതൃ ഹൃദയം തെല്ലിട നടുങ്ങിപ്പോയി. രണ്ടാമതൊരു താക്കീതില്ലെന്ന സ്വരത്തിൽ ആകാശം തന്റെ കരച്ചിൽ അവസാനിപ്പിച്ചു. നിരപരാധികളായ പല ജീവനുകൾ പൊലിഞ്ഞതിൽ ആ മാതൃഹൃദയം വെമ്പൽ പൂണ്ടു. എങ്കിലും തെറ്റ് മനസ്സിലാക്കി തന്റെ മക്കൾ ഇനി തന്നെ നോവിക്കില്ലന്ന പ്രതീക്ഷയോടെ ഭൂമി തന്റെ കണ്ണുകൾ തുറന്നു. നല്ലൊരു നാളേക്കായി. അവർ പരിസ്ഥിതിയെ കാത്തു സംരക്ഷിക്കുമെന്ന വിശ്വാസത്തോടെ...
|