ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ പ്രകൃതിയോടു ഇണങ്ങൂ, പ്രതിരോധം നേടൂ..

07:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോടു ഇണങ്ങൂ, പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയോടു ഇണങ്ങൂ, പ്രതിരോധം നേടൂ..


രോഗങ്ങൾ എന്നും മനുഷ്യന് ഭീഷണിയാണ്. ചികിത്സാരീതികളിലൂടെ രോഗത്തെ അതിജീവിക്കാൻ മനുഷ്യൻ ഇന്ന് സമർത്ഥനാണ്. മനുഷ്യന്റെ കഴിവും ശാസ്ത്ര ബോധവും ഓരോ ദിവസവും വർധിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം മനുഷ്യന്റെ സാമർത്ഥ്യത്തെ വെല്ലുവിളിച്ചു കൊണ്ട് പുതിയ പുതിയ രോഗങ്ങളും ഉടലെടുക്കുന്നു.

ഉന്നതനെന്നോ പാവപ്പെട്ടവനെന്നോ കൊട്ടാരത്തിൽ താമസിക്കുന്നവനെന്നോ കുടിലിൽ താമസിക്കുന്നവനെന്നോ യാതൊരു വ്യത്യാസവുമില്ലാതെ കടന്നു വരുന്ന വലിയൊരു ഭീഷണിയാണ് രോഗം.

അടുത്ത കാലംവരെ നാം ഏറ്റവും ഭീകരമായി കരുതിയിരുന്ന രോഗം ക്യാൻസറായിരുന്നു. പ്രാരംഭത്തിൽ തന്നെ കണ്ടു പിടിച്ചാൽ ഈ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കുവാൻ നമുക്ക് സാധിക്കുന്നു

അങ്ങനെ മനുഷ്യരാശി ഓരോ നാളും പുരോഗമിക്കും തോറും ദൈവം നമുക്കു കനിഞ്ഞു നൽകിയ .സുന്ദരമായ പ്രകൃതിയെ നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിനു കടപ്പെട്ടവനാണ് മനുഷ്യൻ. മനുഷ്യൻ സ്വന്ത ആവശ്യത്തിനായി വയലുകളും കുന്നുകളും ഇടിച്ചു നിരത്തി വലിയ വലിയ കെട്ടിടങ്ങളും വ്യവസായിക സ്ഥാപനങ്ങളും സ്ഥാപിക്കുന്നു.

പുഴകളിൽ മത്സ്യങ്ങൾ ഉല്ലസിച്ചു നീന്തി തുടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന് ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും മലവിസർജ്ജന മാലിന്യങ്ങളും പുഴയിലേക്ക് ഒഴുക്കിവിട്ട് മനുഷ്യൻ അതിനെ നശിപ്പിക്കുന്നു. പരിസരത്തു പോലും പോകാൻ കഴിയാതവണ്ണം പുഴ ഇന്ന് മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് മനുഷ്യൻ ചെയ്യുന്ന ഈ കൊടിയ പ്രവൃത്തികൾക്കു ഫലമായി രോഗങ്ങൾ ഉടലെടുക്കുന്നു.

ഒരു കാലത്ത് മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്നു.ചെരിപ്പു പോലും ഉപയോഗിക്കാതെ അവൻ മണ്ണിൽ ചവിട്ടി നടന്നിരുന്നു.പ്രകൃതി തന്നെ നൽകുന്ന കായ്കനികൾ ഭക്ഷിച്ച് അന്ന് അവൻ ജീവിച്ചു.മരിച്ചീനിയും ചക്കയും മാങ്ങയും കിഴങ്ങുവർഗങ്ങളുമൊക്കെയായിരുന്നു അന്നത്തെ അവരുടെ ആഹാരം.അന്ന് ആ മനുഷ്യർക്ക് രോഗങ്ങളില്ലായിരുന്നു. രോഗങ്ങൾ വരാതെ തന്നെ അതിനെ പ്രതിരോധിക്കുവാനുള്ള കഴിവ് അവർ പ്രകൃതിയിൽ നിന്നു തന്നെ നേടിയിരുന്നു.

എന്നാൽ ഇന്ന് നമുക്ക് മണ്ണിനോടുള്ള ബന്ധം കുറഞ്ഞു വരുന്നു. ഒരുതരി മണ്ണു കാണാതവണ്ണം മനുഷ്യൻ പരിസരം ഇന്റെർലോക്ക് ചെയ്ത് സൂക്ഷിക്കുന്നു. ഇന്ന് മനുഷ്യന്റെ കാല് മണ്ണിൽ ചവിട്ടുന്നില്ല എന്നു തന്നെ പറയാം .ഇന്നത്തെ പുതിയ തലമുറ മരിച്ചീനിയെ പറ്റിയോ കിഴങ്ങുവർഗത്തെ പറ്റിയോ എന്തിനേറെ പറയുന്നു ചക്കയെ പറ്റി പോലും അറിയാത്തവരായി വളരുന്നു. രുചികരമായ മായം ചേർത്ത പാനീയങ്ങളും ആഹാര സാധനങ്ങളും വാങ്ങി ഉപയോഗിക്കുന്നു. ഇതൊക്കെ അവരുടെ പ്രതിരോധ ശക്തിയെ വളരെയധികം ബാധിക്കാറുണ്ട്.

ഇന്ന് ലോകമൊട്ടാകെ അഭിമുഖീകരിക്കുന്ന വലിയൊരു ഭീഷണിയാണ് കോവിഡ്-19. ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ഈ മഹാമാരിയെ കീഴടക്കാൻ ലോകത്തിലെ മഹാത്മാർ ക്കാർക്കും ഇതുവരെ സാധിച്ചിട്ടില്ല. ഒന്നിനും ഞങ്ങളെ തോൽപ്പിക്കുവാൻ കഴിയില്ലെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന് വലിയ തിരിച്ചടിയുമായിട്ടാണ് കോ വിഡ്- 19 ന്റെ വരവ്. വലിയവനെന്നോ ചെറിയവനെന്നോ യാതൊരു വ്യത്യാസമില്ലാതെയാണ് ഈ വൈറസ് ലോകമൊട്ടാകെ പരന്നു പന്തലിച്ചു കൊണ്ടിരിക്കുന്നത്.

സമൂഹ സമ്പർക്കത്തിലൂടെ പകരുന്ന ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും അത്യന്താപേക്ഷിതമാണ് .നാശം വിതക്കുന്ന ബോംബുകളെക്കാൾ ഭയാനകമായാണ് ഇന്ന് കോവിഡ്- 19 മനുഷ്യനെ കാർന്നുതിന്നുന്നത്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഭേദം. വ്യക്തി ശുചിത്വവും ഒപ്പം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയും ചെയ്യുമ്പോൾ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കുവാൻ വൻതോതിൽ സാധിക്കുന്നു. രോഗങ്ങൾ നമ്മെ കാർന്നുതിന്നുന്ന ഈ സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുത്ത് നമുക്ക് രോഗത്തെ പ്രതിരോധിക്കാം.

ആരോഗ്യമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. പ്രകൃതിയോട് അടുത്തിണങ്ങി നമുക്ക് രോഗത്തെ പ്രതിരോധിച്ച് ആരോഗ്യമുള്ള പുതുതലമുറകളെ വാർത്തെടുക്കാം.

ആർദ്ര.റ്റി.എസ്സ്
9ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം