സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ലേഖനം
മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം
കൂട്ടുകാരേ, ചിലർക്ക് രോഗമേ ബാധിക്കുന്നില്ല. രോഗം ബാധിച്ചവരിൽ ഭൂരിപക്ഷവും സുഖം പ്രാപിക്കുന്നു. ചിലർ പക്ഷേ രോഗത്തിൽ നിന്നും മോചിതരാകുന്നില്ല. എന്താണിതിന്റെ മറിമായം. അതിന്റെ രഹസ്യമാണ് പ്രതിരോധം. രോഗം വരാതെ നോക്കുന്നതും അഥവാ രോഗം വന്നാൽ അതിനെ കീഴടക്കി ശരീരത്തെ രക്ഷിക്കുന്നതും ഏത് ശക്തിയാണോ അതാണ് പ്രതിരോധം. എന്താണ് രോഗം? നോർമലിൽ നിന്നുള്ള രൂപത്തിന്റെയും ധർമത്തിന്റേയും വ്യതിയാനത്തെ രോഗമെന്ന് നിർവചിക്കാം. രോഗത്തേയും ദൈന്യത്തേയും രണ്ടായി കാണണം. അവ പരസ്പര ബന്ധിതമാണെങ്കിലും മിക്ക രോഗങ്ങളുടേയും ആരംഭത്തിൽ ദൈന്യം പ്രത്യക്ഷമാവില്ല . അവൻ രോഗിയാണെങ്കിലും ദീനനല്ല എന്ന് സാരം. സമൂഹത്തിൽ നാം കാണുകയും കൂടിക്കഴിയുകയും ബന്ധപ്പെടുകയും ചെയ്യുന്നവരിൽ നാമുൾപ്പെടെ നല്ലൊരംശം ആളുകളും രോഗികളായിരിക്കാം. രോഗം ഉള്ളിൽ പേറി നടക്കുന്നവർ പക്ഷെ നാമാരും അത് അറിയുന്നില്ലെന്നു മാത്രം. എല്ലാ ജീവജാലങ്ങളുടെയും നിലനില്പ്പിന് ശരിയായ ആരോഗ്യം ആവശ്യമാണ് . ശരിയായ ആരോഗ്യത്തിന് പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണക്രമവും കൃത്യമായ ജീവിതചര്യയും ആവശ്യമാണ്. പോഷകങ്ങളുടെ അപര്യാപ്തത പല രോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ ഈ രോഗങ്ങളെയൊക്കെ ചെറുത്തു നിൽക്കുവാൻ ശരീരത്തിൽ രോഗപ്രതിരോധ സംവിധാനം നിലവിലുണ്ട്. രോഗങ്ങളെ പലതരത്തിൽ വർഗീകരിക്കാറുണ്ടെങ്കിലും തൽക്കാലം അവയെ രണ്ടുതരമാക്കി തിരിക്കാം. ജൈവഹേതുക രോഗങ്ങളും അല്ലാത്തവയും. ഇതര ജീവികൾ നമ്മുടെ ശരീരത്തിൽ കടന്നുകൂടി നമ്മളിൽ സൃഷ്ടിക്കുന്നവയാണ് ജൈവഹേതുക രോഗങ്ങൾ എന്നു പറയുന്നത് . ശരീരത്തിന്റെ പ്രതിരോധനിര കാര്യമായും ഇത്തരം ജീവികൾക്ക് എതിരായിട്ടാണ് അണിനിരത്തപ്പട്ടിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും സൂക്ഷ്മ ജീവികളാണ്. വൈറസ് , ബാക്ടീരിയ തുടങ്ങിയവ. ഒരു വ്യക്തി ആ രോഗബാധിതനാകുമ്പോൾ അയാളുടെ രക്തം രോഗത്തെ നേരിടാനുള്ള പ്രതി ദ്രവ്യങ്ങൾ ഉല്പാദിപ്പിക്കുന്നു. രോഗം ഭേദമാകുന്നതോടെ ആ രോഗത്തിനുള്ള പ്രതിരോധശക്തിയും ആ വ്യക്തി നേടുന്നു. പിന്നീട് ആ രോഗ്ത്തിന്റെ ചെറിയതോതിലുള്ള ആക്രമണത്തോടുപോലും വേഗത്തിൽ പ്രതികരിക്കുന്നു. ഇതിനെ ആർജ്ജിത പ്രതിരോധശക്തി എന്നു പറയുന്നു. ചില രോഗങ്ങളുടെ അണുക്കൾ ആക്രമിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം നിസ്സഹായമാവുകയും രോഗങ്ങൾ ഉണരുകയും ചെയ്യുന്നു. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശരീരത്തെ പ്രതിരോധ സജ്ജമാക്കുന്നതാണ് കൃത്രിമ രോഗപ്രതിരോധശക്തി എന്നു പറയുന്നത്. നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന രോഗാണുക്കളെ ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കിൽ നാം സ്വയം നശിച്ചു പോകും. അതിനായി നമ്മുടെ ശരീരത്തിൽ വ്യാപകമായി ഒരു പ്രതിരോധ സംവിധാനം ഉള്ളത് . ഇത് രണ്ട് തലങ്ങളിലാണ് പ്രവർത്തിക്കുന്നത്. സാമാന്യ പ്രതിരോധം, സവിശേഷ പ്രതിരോധം. ശരീരത്തിന് അപ്രിയം വരുത്തുന്ന കാരണങ്ങൾക്കെല്ലാം എതിരായിട്ടുള്ള പൊതുവായ ഒന്നാണ് സാമാന്യം പ്രതിരോധം. ചർമവും ശ്ലേഷ്മ സ്ഥരവും ആണ് ഈ സംവിധാനത്തിലെ ആദ്യത്തെ നിര. സാമാന്യ പ്രതിരോധത്തിലെ ഒരു വലിയ പങ്കാണ് രക്തത്തിലെ ശ്വേത കോശങ്ങൾ. ശരീരത്തിൻ രോഗാണുക്കൾ പ്രവേശിച്ചാൽ അവയെ തിരഞ്ഞു കണ്ടു പിടിച്ച കൊന്നു തിന്നുകയാണ് ശ്വേത കോശങ്ങൾ ചെയ്യുന്നത്. വീക്കം ആണ് രോഗാണുക്കൾക്കെതിരായ മറ്റൊരു പ്രതിരോധമുറ. ഏതു തരത്തിലുള്ള ക്ഷതത്തിനും ശരീരത്തിലെ ആദ്യത്തെ മറുപടിയാണ് വീക്കം. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളിൽ 95 ശതമാനവും സാമാന്യ പ്രതിരോധം കൈകാര്യം ചെയ്യും. ശേഷിച്ച 5% മാത്രമേ സവിശേഷ പ്രതിരോധത്തിന് നേരിടേണ്ടി വരുന്നുള്ളൂ. നീണ്ടകാലത്തെ പ്രതി പ്രവർത്തനങ്ങളിലൂടെ മനുഷ്യൻ ചില സൂക്ഷ്മജീവികൾക്ക് എതിരായി ഒരു പ്രതിരോധം ആർജിച്ചിരിക്കുന്നു. അവ മനുഷ്യനിൽ പ്രവേശിച്ചാലും രോഗം വരുന്നില്ല. ഇതിനെ ജന്മസിദ്ധ പ്രതിരോധം എന്നു പറയുന്നു. ശരീരത്തിന് സ്വന്തമേത് അന്യമേത് എന്ന് തിരിച്ചറിയാനുള്ള കഴിവുകൾ ഉണ്ട് . ഈ തിരിച്ചറിവാണ് പ്രതിരോധം. പ്രക്രിയയുടെ ആദ്യത്തെ ചുവട് : അന്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ വേണ്ടത് അതിനെ നശിപ്പിക്കലാണ്. സവിശേഷ പ്രതിരോധത്തിന് സൂത്രധാരൻമാർ ലിംഫോസൈറ്റുകൾ. അന്യത്തെ തിരിച്ചറിയുന്നതും അതിനെതിരായ ആയുധം ഉണ്ടാക്കുന്നതും അതിനെപ്പറ്റി ഉള്ള ഓർമ്മ ഭാവിയിൽ നിലനിർത്തുന്നതും ലിംഫോസൈറ്റുകളാണ്. ശരീരത്തിലെത്തുന്ന ഏതൊരു അന്യ വസ്തുവിനെയും ആന്റിജൻ എന്ന് വിളിക്കും. രോഗാണുക്കളാണ് ഇവയിൽ പ്രധാനപ്പെട്ടവ. ലിംഫോസൈറ്റുകൾ രണ്ട് തരത്തിലുണ്ട് . B ലിംഫോസൈറ്റുകളും Tലിംഫോസൈറ്റുകളും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ ചെറുത്തു നിൽക്കുന്നതിന് ശരീരം ഉടനടി സജ്ജമാകുന്നു. രോഗാണുക്കൾ മൂലം ശരീരത്തിലടിഞ്ഞു കൂടുന്ന ടോക്സിനുകളെ നിർവീര്യമാക്കുന്നതിനുവേണ്ടി ശ്വേതരക്താണുക്കളുടെ സഹായത്തോടുകൂടി ശരീരം ചില രാസവസ്തുക്കളെ നിർമ്മിക്കുന്നു. ഇവയാണ് ആൻറി ബോഡികൾ. രോഗാണുക്കളെ കൊന്നു നശിപ്പിച്ചോ അവ ഉൽപാദിപ്പിക്കുന്ന ടോക്സിനുകളെ നിർവീര്യമാക്കിയോ ആൻറിബോഡികൾ പ്രതിരോധ പ്രവർത്തനം നടത്തുന്നു. പലതരം രോഗാണുക്കളെയും നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ഉള്ള കഴിവ് നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിത്തന്നെയുണ്ട്. എന്നാൽ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ശരീരം പരാജയപ്പെുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. പകർച്ചവ്യാധികളിൽ ഏറിയപങ്കും പ്രതിരോധ ചികിത്സ കൊണ്ട് തടയാൻ ആവുന്നതാണ്. രോഗങ്ങൾ വരാതിരിക്കാനും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗം പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയാണ്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വ്യായാമം ആവശ്യമാണ്. ലഹരിവസ്തുക്കളുടെ ഉപയോഗവും നമ്മുടെ പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്നു. എപ്പോഴും മാനസിക പ്രയാസം നേരിടുന്നവർ രോഗങ്ങൾക്ക് വിധേയരാകാറുണ്ട്. അതിനാൽ കൊറോണാ വൈറസിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടുവാൻ സാമൂഹിക അകലം പാലിക്കുന്ന തോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട് . കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ ഇല്ലാത്തതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ നമ്മൾ ജാഗ്രത കാട്ടേണ്ടതുണ്ട്.സഹായ ഗ്രന്ഥങ്ങൾ: 1. മനുഷ്യ ശരീരം :ഡോക്ടർ സി എൻ പരമേശ്വരൻ, കേരള സാഹിത്യ പരിഷത്ത് 2. ശാസ്ത്രം എത്ര ലളിതം : DC Books, വാല്യം 5
|