സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jobish (സംവാദം | സംഭാവനകൾ) (''''സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ മുള്ളൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ മുള്ളൻകൊല്ലി

അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ്‌ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക്‌ അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്‌. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ്‌ തോമസ്‌ എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട്‌ തങ്ങളുടെ മക്കൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01­-01-1954 മുതൽ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്ക?​‍ാരുടെ വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു. 1974-ൽ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ വികാരിയും, സ്കൂളിന്റെ പ്രഥമ മാനേജരുമായ റവ: ഫാദർ ജേക്കബ്‌ നരിക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഹൈസ്കൂളിനു വേണ്ടിയുള്ള അപേക്ഷ ഗവണ്മെന്റിലേക്ക്‌ സമർപ്പിച്ചു. ആ വർഷത്തെ ഗവ. വിജ്ഞാപനത്തിൽ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്റെ പേര്‌ ഉണ്ടായിരുന്നതിനാൽ 1975-76 അധ്യായനവർഷം ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 8-​‍ാം ക്ളാസ്‌ പ്രവർത്തനമാരംഭിച്ചു. എന്നാൽ ഗവ. ഒരു പുതിയ ഉത്തരവിലൂടെ മുൻവിജ്ഞാപനത്തിൽ ആരംഭിക്കാൻ ഉദ്ദേശിച്ച സ്കൂളുകളുടെ പ്രവർത്തനം ഒരു വർഷത്തേക്ക്‌ നീട്ടിവച്ചു. സ്കൂൾ കമ്മിറ്റിയുടെ നിരന്തരപരിശ്രമഫലമായി 8-​‍ാം ക്ളാസിനുകൂടി അംഗീകാരം നൽകികൊണ്ട്‌ ജൂണിൽ 8,9 ക്ളാസ്സുകൾ ഒന്നിച്ചാരംഭിക്കാൻ 1976 മാർച്ച്‌ 15ന്‌ ഗവ. അനുമതി നൽകി. 8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എം.എൽ.എ.യും ഇപ്പോഴത്തെ വനിത കമ്മീഷൻ ചെയർപേഴ്സനുമായ ശ്രീമതി റോസക്കുട്ടി ടീച്ചർ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. സ്കൂളിന്‌ ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിന്‌ അതാതു കാലത്തെ മാനേജർമാരുടെ നേതൃത്വത്തിൽ കുടിയേറ്റ ജനത ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ഇല്ലായ്മയിൽ നിന്ന്‌ സ്വരുക്കൂട്ടിയ പണവും തങ്ങളുടെ പറമ്പിലെ ഏറ്റവും നല്ല മരത്തിൽ നിന്നും ഉണ്ടാക്കിയ ഉരുപ്പടികളും ഉപയോഗിച്ച്‌ അവർ സ്കൂളിന്‌ ആവശ്യമായ കെട്ടിടങ്ങളും ഗ്രൗണ്ടും നിർമ്മിച്ചു. 1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട്‌ ജില്ലയിൽ എയ്ഡഡ്‌ സ്കൂൾ എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്‌ ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ്‌ പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്‌. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക്‌ സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്‌. സംസ്ഥാനകലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും വിജയം നേടാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌ സാധിച്ചിട്ടുണ്ട്‌. രാഷ്ട്രപതി പുരസ്ക്കാരം നേടിയിട്ടുള്ള സ്കൗട്ട്ഗൗഡുകളെ രൂപപ്പെടുത്തുവാൻ സ്കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. സേവന സന്നദ്ധരായ ജൂനിയർ റെഡ്ക്രോസ്‌ അംഗങ്ങളും ഈ വിദ്യാലയത്തിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്‌. സ്വദേശത്തും, വിദേശത്തും വ്യക്തമുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്‌. രാഷ്ട്രീയ, സാംസ്ക്കാരിക, ഉദ്യോഗസ്ഥ മേഖലകളിൽ നേതൃത്വം നൽകുന്ന വ്യക്തികളെ പ്രദാനം ചെയ്യാൻ ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. സ്കൂൾ രൂപം കൊടുത്തിട്ടുള്ള പച്ചക്കറിത്തോട്ടവും വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങളും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്‌. ഈ കാലയളവിനുള്ളിൽ അരലക്ഷത്തിലധികം കുട്ടികൾ വിദ്യാഭ്യാസം നേടിയപ്പോൾ 100ലധികം അദ്ധ്യാപകരുടെ സേവനവും അവർക്ക്‌ ലഭ്യമായിട്ടുണ്ട്‌. 1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 45ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. മികച്ച ഓഡിറ്റോറിയങ്ങളും സാങ്കേതികതയുടെ മികവു പുലർത്തുന്ന കമ്പ്യൂട്ടർലാബും മൾട്ടി മീഡിയ റൂമുകളും, വിവിധ വിഷയങ്ങളുടെ ലാബുകളും വിശാലമായ കളിസ്ഥലവും ഈ സ്ഥാപനത്തിനു മുതൽക്കൂട്ടാണ്‌. ഇവയെല്ലാം ക്രമീകരിക്കുന്നതിന്‌ നേതൃത്വം നൽകികൊണ്ട്‌ പ്രവർത്തിച്ചിരുന്ന റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവർ മുൻ മാനേജർമാരായിരുന്നു. റവ.ഫാ.ഫ്രാൻസിസ്‌ നെല്ലിക്കുന്നേലാണ്‌ ഇപ്പോഴത്തെ മാനേജർ. ശ്രീമതി കെ.സി.റോസക്കുട്ടി ടീച്ചറിനുപുറമേ ശ്രീ.കെ.എ.ചാക്കോ, ശ്രീമതി സി.റ്റി.മേരി, ശ്രീ.എം.റ്റി.ദേവസ്യ, ശ്രീ.പി.റ്റി.ജോൺ, ശ്രീ.റ്റി.യു.കുര്യൻ, ശ്രീ.എ.ജെ.ജോർജ്ജ്‌, ശ്രീ.ഇ.എം.ചാക്കോ, ശ്രീമതി എ.പി.മേരി എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. ശ്രീ.കെ.എം.മാണി പ്രധാന അദ്ധ്യാപകനായും, ശ്രീ.ലിയോ മാത്യു പ്രിൻസിപ്പാളായും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്‌ ശക്തമായ പിന്തുണ നൽകികൊണ്ട്‌ പ്രവർത്തിക്കുന്ന പി.റ്റി.എ.യുടെ പ്രസിഡണ്ടായി ശ്രീ.സണ്ണി ജോസഫും, എം.പി.റ്റി.എ. പ്രസിഡണ്ടായി ശ്രീമതി ജലജ സജിയും നേതൃത്വം നൽകുന്നു.