വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം
വെങ്ങാനൂ൪ - ചരിത്രം
ഒട്ടേറെ സംഭവപരമ്പരകൾക്കും ചരിത്ര മുഹൂർത്തങ്ങൾക്കും സാക്ഷിയായ ഒരു ഗ്രാമം തിരുവനന്തപുരം നഗരത്തിന് തെക്കുമാറി സ്ഥിതി ചെയ്യുന്നു - വെങ്ങാനൂർ.
മഹാത്മാ അയ്യങ്കാളിയുടെ നാട്
ഒരു നാടിന്റെ ചരിത്രം പറയുമ്പോൾ മനുഷ്യപ്രയത്നങ്ങളുടെ കഥകൾ ആവർത്തിക്കേണ്ടതായി വരും. അവിടെയെടുത്തു പറയേണ്ടത് ഈ നാടിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി വച്ച മഹാത്മാ അയ്യങ്കാളിയുടെ ചരിത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ പോരാടിയ ഒരു ജനതതിയുടെ നാടു തന്നെയായിരുന്നു വെങ്ങാനൂരും. ആ അനാചാരങ്ങൾക്കെതിരെ പോരാടിയ ആ മഹാത്മാവ് താഴേത്തട്ടിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സമൂഹമധ്യത്തിലെത്തിച്ച് അറിവിന്റെ വാതായനങ്ങൾ അവർക്കുമുന്നിലും തുറന്നിടുവാനുള്ള വഴി കാണിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ വില്ലുവണ്ടി സമരം ഓർമ്മകാണാതിരിക്കാൻ വകയില്ല. .വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതികുടീരവും നവോത്ഥാന തീർത്ഥാടനകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ്. ജാത്യാഭിമാന ബോധവും അസഹിഷ്ണുതയും വർഗീയചിന്തകളും മുമ്പില്ലാത്ത വിധം കേരളത്തിൽ തലയുയർത്തി വരുന്ന സാഹചര്യത്തിൽ വെങ്ങാനൂർ തീർത്ഥാടന പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്.
വെങ്ങാനൂ൪പിള്ള എന്ന ചെമ്പകരാമ൯ പിള്ളയുടെ നാട്
വേണാട് ചരിത്രത്തിലെ വെങ്ങാനൂ൪ പിള്ള പ്രശസ്തനാണ്. സി വി രാമ൯പിള്ളയുടെ ചരിത്രാഖ്യായികയിലെ കഥാപാത്രത്തെ മറക്കാൻ സാധിക്കില്ല. വേണാട്ടിലെ പ്രമുഖരായ എട്ടു തറവാടുകളിലെ കാരണവരിൽ ഒരു പിള്ള. രാജഭരണത്തിനെതിരായി ഉണ്ടായ കലാപങ്ങളിൽ തമ്പിമാരെ ഇവർ സഹായിച്ചുവെന്നും രാജ്യ ദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്നും ചരിത്രം
ഗാന്ധിജിയുടെ സന്ദർശനം
എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി. അയിത്തത്തെ നാട്ടിൽ നിന്നു തുടച്ചു മാറ്റാൻ അദ്ദേഹം ജനങ്ങളോടാഹ്വാനം ചെയ്തു. 1937 ജനുവരി 14 നാണ് ഗാന്ധിജി വെങ്ങാനൂരിലെത്തുന്നത്. ഗാന്ധിജിയുടെ സ്വാധീനത്താലാണ് അന്നു മുതൽ മരണം വരെ അയ്യങ്കാളി ഖദർ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.
ക്യാപ്റ്റ൯ ജെറി പ്രേംരാജിന്റ നാട്
കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ ക്യാപ്റ്റൻ ജെറി പ്രേംരാജ് ഈ നാട്ടിന്റെ സമ്മാനമാണ്. വി പി എസിൽ 1986-87 എസ് എസ് എൽ സി ബാച്ചിലാണ് അദ്ദേഹം പഠിച്ചിരുന്നത്. എല്ലാ വർഷവും എൻ സി സിയുടെനേതൃത്ത്വത്തിൽ കാ൪ഗിൽവിജയദിവസം, ക്യാപ്റ്റ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ച് വീരസ്മരണ പുതുക്കുന്നു.
വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര
ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം ആചാരാനുഷ്ടാനങ്ങൾക്കും പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ദാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്.
.ശ്രീ നീലകേശി മുടിപ്പുരക്ഷേത്രത്തിനും തന്റെ ചരിത്രം പറയാനുണ്ട്.
മാർത്താണ്ഡൻ കുളം
മാർത്താണ്ഡവർമ്മയുടെയും വെങ്ങാനൂർ പിള്ളയുടെയും ചരിത്രവുമായി വെങ്ങാനൂരിന്റെ സമീപ പ്രദേശമായ ചാവടിനടയ്ക്ക് താഴെയുള്ള മാർത്താണ്ഡൻ കളത്തിന് ബന്ധമുണ്ടെന്ന് ചരിത്രം പറയുന്നു. മാർത്താണ്ഡവർമ്മയ്ക്കെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തിനെതിരെ പ്രവർത്തിച്ച പിള്ളമാരിൽ ഒരാളായ വെങ്ങാനൂർ പിള്ളയുടെ വീട് കുളം തോണ്ടപ്പെട്ടു. അതാണീ കുളമെന്നും അതല്ല മാർത്താണ്‌ഡവർമ്മ ഈ കുളത്തിന്റ സമീപത്തുകൂടി സഞ്ചരിച്ചതു കൊണ്ടാണീ പേരു വന്നതെന്നും ചരിത്രം പറയുന്നു.
ആയ് രാജാക്കന്മാർ
തെക്കൻ കേരളത്തിലെ ആദ്യ രാജവംശമായ ആയ് രാജവംശം വെങ്ങാനൂരിന്റെ സമീപ പ്രദേശമായ വിഴിഞ്ഞം തലസ്ഥനമാക്കിയാണ് ഭരിച്ചിരുന്നത്. എ ഡി രണ്ട് മൂന്ന് നൂറ്റാണ്ടുകളാണ് കാലം. അക്കാലത്തും വിഴിഞ്ഞം പ്രശസ്തമായ തുറമുഖവും പട്ടണവും ആയിരുന്നു.
വിഴിഞ്ഞം.തുറമുഖം
വെങ്ങാനൂരിന്റെ സമീപപ്രദേശമായ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം.കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സെന്റ് മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ജില്ലയിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമാണിത്. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്.
വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രം
ചരിത്രവും വിശ്വാസവും ഒരുപോലെ ഇഴചേർന്നുനിൽക്കുന്നയിടങ്ങളാണ് ഗുഹാക്ഷേത്രങ്ങൾ. ഇന്ത്യയിലെ മറ്റിടങ്ങൾപോലെ ഗുഹാക്ഷേത്രങ്ങൾ അത്രയധികം കണ്ടെത്തിയിട്ടില്ല കേരളത്തിൽ. പക്ഷേ കേരളത്തിൽ കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലുണ്ടാവും തിരുവനന്തപുരം വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം. പാറതുരന്നു നിർമ്മിച്ച ഒരു അറമാത്രമുള്ള ക്ഷേത്രം. ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠയുണ്ടിവിടെ. ശിവപാർവ്വതിമാരുടെ ശിൽപ്പവുമുണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണിപ്പോൾ ഈ ക്ഷേത്രം
കോവളം കവികൾ
കണ്ണശ്ശ കവികളുടെ കാലത്തിനു മുമ്പ് രചിക്ക പ്പെട്ട കാവ്യമാണ് രാമകഥാ പാട്ട്. കോവളം കവികൾ എന്നറിയപ്പെടുന്ന അയ്യപ്പിള്ളയും അയ്യനപ്പിള്ളയും വെങ്ങാനൂരിന്റെ സമീപപ്രദേശമായ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കോവളത്തിന്റെ സൃഷ്ടികളാണ്. കോവളം ലൈറ്റ് ഹൗസിന്റെ സമീപം കോവളം കവികൾ സ്മാരകം' കാണാം. ഇന്നിത് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇന്നീ സ്മാരകം പിൻ തലമുറക്കാരുടെ ഉപാസന മൂർത്തികളാണ്.
മതേത രത്ത്വത്തിന്റെ നാട്
വിവിധ മതസ്ഥരുടെ സമന്വയവും അവരുടെ സൗഹാർദ്ദവും വെങ്ങാനൂർ എന്ന ഈ നാടിനെ സമ്പന്നമാക്കുന്നു. ഒരു സമയത്ത് ജാതീയമായ ഉച്ച നീചത്ത്വങ്ങൾ നിലനിന്നിരുന്ന കേരള ഭൂമിക്ക് ഇന്ന് അഭിമാനത്തിന് വകയുണ്ട്. ശ്രീ നീലകേശി ക്ഷേത്രം, സി എസ് ഐ പള്ളി, വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി എന്നിവിടങ്ങളിൽ ഉത്സവങ്ങൾക്ക് ജാതിയും മതവും ബാധിക്കുുന്നേയില്ല.
പ്രതിഭകളെ സൃഷ്ടിച്ച നാട്
മികവുറ്റ പ്രതിഭകളുടെ കഥ വെങ്ങാനൂർ എന്ന നാടിന് പറയാനുണ്ട്. വി പി എ സിൽ ൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഘലകളിൽ സേവന മനുഷ്ഠിച്ചതും, അതുപോലെ മികവുറ്റ അധ്യാപനം കാഴ്ച്ച വച്ച അധ്യാപകരുൾപ്പടെ ധാരാളം മഹാൻമാരെ ഈ നാട് സൃഷ്ടിച്ചു. സ്കൂൾ സ്ഥാപകൻ ശ്രീ വിക്രമൻ പിള്ള, അധ്യാപനത്തിന് ദേശീയ അവാർഡു നേടിയ ശ്രീ രാമകൃഷ്ണൻ നായർ, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, ഫിലിം ഡയറക്ടർ സതീഷ് വെങ്ങാനൂർ, മുപ്പതോളം വർഷം ഹെഡ് മാസ്റ്റർ സേവന മനുഷ്ടിച്ച പരമേശ്വരൻ നായർ സാർ, സ്കൂൾ മാനേജരായിരുന്ന ശ്രീ ഗോപകുമാർ സാർ, വെങ്ങാനൂർ ഗേൾസ് സെക്കന്ററി സ്കൂൾ മാനേജരായിരുന്ന ശ്രീചന്ദ്രശേഖരൻ നായർ എന്നിങ്ങനെ ധാരാളം പ്രതിഭകൾ ഈ നാടിന്റെ കൈമുതലാണ്.