ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2019-20
അമ്മമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി - ലിറ്റ്ൽ കൈറ്റ്സ്
മക്കൾ അമ്മമാർക്ക് അക്ഷരം ചൊല്ലി കൊടുത്തും കൈ പിടിച്ചെഴുതിച്ചും പുത്തനറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ച ഏറെ വേറിട്ടതായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് നൽകിയ സൗജന്യ കമ്പ്യൂട്ടർ പരിശീലന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്. മക്കൾ കമ്പ്യൂട്ടർ കീബോഡിലെ അക്ഷരങ്ങൾ ചൂണ്ടിക്കാട്ടി കീ അമർത്തിച്ചപ്പോൾ മോനിട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു, ഒപ്പം അമ്മമാരുടെ മുഖത്ത് പുഞ്ചിരിയും. മക്കൾ അക്ഷരങ്ങൾക്ക് നിറവും വലുപ്പവും കൂട്ടാനുള്ള വിദ്യകൾ പറഞ്ഞ് കൊടുത്തപ്പോൾ അമ്മമാരുടെ പുഞ്ചിരി അത്ഭുതമായി വളർന്നു. മക്കളായ ഗുരുക്കന്മാരിൽനിന്ന് അമ്മമാർ കമ്പ്യൂട്ടർ ടൈപ്പിങും, ഇമേജ് എട്ടിറ്റിങും, ഇന്റർനെറ്റ് ഉപയോഗിക്കാനുമെല്ലാം പഠിച്ചാണ് ക്ലാസ് അവസാനിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ ആദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രെസ് ജി ലീലാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എസ് ഐ ടി സി ഗോപികൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹൻ, ലക്ഷ്മി ജി ആർ എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം മാളവിക വി എസ് അമ്മമാർക്ക് കമ്പ്യൂട്ടർ ഉപകരണങ്ങളെ പരിചയപ്പെടുത്തി.ആദിത്യ പി, ഫർസാന, ദേവിക കൃഷ്ണൻ, അഖില, പ്രീത, അഞ്ജന, അർച്ചന, ശ്രുതി, നഹദ എന്നിവർ പരിശീലനം നയിച്ചു
പൂതിയ കൂട്ടുകാർക്ക് ലിറ്റിൽ കൈറ്റ്സിൽ അംഗമാകാം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള അംഗത്വത്തിന് 24 വരെ അപേക്ഷിക്കാം. ഹൈടെക് സൗകര്യങ്ങളുള്ളതും തെരഞ്ഞെടുക്കപ്പെട്ടതുമായ 2060 ഹൈസ്കൂളുകളിലെ എട്ടാം ക്ലാസുകാർക്ക് അതത് സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കാം. സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ക്ലബ് സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഉണ്ട്. നിലവിൽ ഒൻപതാം ക്ലാസിലെ 56,544 കുട്ടികൾ ഉൾപ്പെടെ 1.15 ലക്ഷം കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. അപേക്ഷിക്കുന്നവരിൽനിന്ന് 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകത്തെയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റെയും അടിസ്ഥാന ത്തിൽ 28 ന് അഭിരുചി പരീക്ഷ നടത്തിയാണ് അംഗത്വം നൽകുകയെന്ന് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. സർക്കുലറും സ്കൂളുകളുടെ ലിസ്റ്റും www.kite.kerala.gov.in ൽ ലഭിക്കും
