ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നിലനിൽക്കുന്നത് ചേർത്തലയുടെ ഹൃദയഭാഗത്ത് ആണ് ചരിത്രപരവും ഐതിഹ്യപരവുമായി ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണ് ചേർത്തലയുടെത് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-47 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

പേരിനു പിന്നിൽ


ഐതിഹ്യം

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്