ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം
വാകേരി സ്കൂൾ വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച വിവിധ നാടോടിവിജ്ഞാനശകലങ്ങൾ
കുറിച്യ പദകോശം
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യർ. ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ അരിക്കല്ല് എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്.
അക്ക - ഏട്ടത്തി
അങ്ങ് - അവിടെ
അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
അടക്കകിരി - അടയ്ക്കാപക്ഷി
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്തായം - അത്താഴം
അന്നം - മൈന
അയ് ന് - അത്
അരിക്കത്തി - അരിവാൾ
അരിക്കല്ല് - ആലിപ്പഴം
അരിക്കുമ്മായം - ഉപ്പുകൂണ്
അറിമ്പാറ – അമ്മിക്കല്ല്
ആപ്പൻ - ഇളയച്ചൻ
ആല – തൊഴുത്ത്
ഇങ്ങോട്ട് വാ - ഇവിടെ വരിക
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
ഇവന്ത് - അവന്റെ
ഇവളത് - അവളുടെ
ഈങ്ങക്കായ് - ഇഞ്ചക്കായ്
ഈയ്യാംപാറ്റ – ഈയൽ
ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
ഉപ്പേരിക്കറി - തോരൻകറി
ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
ഉറായെ - എട്ടുകാലി
ഉറുമാങ്കായ് - പേരയ്ക്ക
ഊടെ -ഇവിട
ഊടെത്തന്നെ - അടുത്ത്
എന്താകുന്നു - എന്തു ചെയ്യുന്നു?
എരക്കോട് - നെല്ലുകുത്തുന്ന പുര
എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
എറ്ക്ക് - ഉറുമ്പ്
എല – ഇല
എലക്ക - ഉലക്ക
എലുമ്പ – കഴുകുക
ഏക്ക് - എനിക്ക്
ഏച്ച് ല് - വെട്ടിമരം
ഏണിക്ക് - എഴുന്നേൽക്കുക
ഏരുകെട്ട് - നിലമുഴൽ
ഏര് - കാള
ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
ഒറക്കം -ഉറക്കം
ഓടെ - എവിടെ
കങ്ങ്മ്പാള – കവുങ്ങിൻപാള
കടച്ചക്ക – പൈനാപ്പിൾ
കടച്ചൽ – കടച്ചിൽ, വേദന
കടച്ചല് – വേദന
കണ്ടം - വയൽ
കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
കപ്പിലാണ്ടി - കശുമാങ്ങ
കയ്പ – പാവയ്ക്ക
കയ്പ്പക്ക - പാവക്ക
കരള് - നെഞ്ച്
കറപ്പ - കറുവ (എടന)
കറുമൂസ് - പപ്പായ
കല്യാണചെക്കൻ - വരൻ
കല്യാണത്തി - വധു
കളളി - ഇല്ലിക്കൂമ്പ്
കള് വ് - കഴുക്കോൽ
കാട്ടി - കാട്ടുപോത്ത്
കായൽ - മുള
കാരക്കുണ്ട് - ഉണ്ണിയപ്പം
കാറ്റ് - വായു
കാലിചോള - കവളംകാളി(ഒരുപക്ഷി)
കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
കിര് - കുരു, വിത്ത്
കുടുക്ക – മൺകലം
കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുട്ടി - തീരെ ചെറിയ കുട്ടി
കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
കുമ്മായം - കൂണ്
കൂമൻ - മൂങ്ങ
കൂളി - പ്രേതം
കെച്ച – കൊക്ക് (കൊക്കു പക്ഷി)
കെനിയാണം - കല്യാണം
കെരയ് - കരച്ചിൽ
കെരള് - കഴുത്ത്
കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
കൈയില് - തവി
കൈയ്യെലുമ്പ - കൈകഴുകുക
കൊടല് - കുടൽ
കൊട്ട – കുട്ട
കൊമ്പൻ - മുയൽ
കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
കൊവ് - കഴുകൻ
കോയി - കോഴി
ക്ലാസ് - ഗ്ലാസ്
ചക്കക്കിര് - ചക്കക്കുരു
ചടയ്ക്കുംബട്ടി - മരവാഴ
ചളി – ചെളി
ചിമ്മിണി - മണ്ണെണ്ണ
ചിരി - ചുണ്ട്
ചീക്ക് - ചീപ്പ്
ചീരപറിങ്കി - കാന്താരിമുളക്
ചീരാപ്പ് – ജലദോഷം
ചീല് - ചൂല്
ചെക്കൻ - ചെറുപ്പക്കാർ
ചെപ്പടം - ചെമ്പുകുടം
ചെറവ - ചെരവ
ചേട്ടൻ -അണ്ണൻ
ചേര – ചോര
ചേറപ്പാമ്പ് - ചേരപ്പാമ്പ്
ചേല് – തോൾ
ചൊടി വരത് - ദേഷ്യം വരുന്നു
ചൊമര് - ഭിത്തി
ഞറമ്പ് - ഞരമ്പ്
ഞെണ്ട് - ഞണ്ട്
ഞേഞ്ഞല് - കലപ്പ
ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
തക്കുക – അടിക്കുക
തടിയൻമീന് - വലിയമീൻ
തമ്മന്തി - ചമ്മന്തി
തല ഈര– തലചീകുക
തലകെട്ടുക – മുടികെട്ടുക
തലനാറ് - തലമുടി
താക്കോൽ - താഴ്
താള് - ചേമ്പ്
തിന്ന് – തിന്നുക
തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
തൂമ്പ - കൈക്കോട്ട്
തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
തോല് - തോൽ, ത്വക്ക്
തോള - കക്ഷം
ദായിക്ക്ന്നത - ദാഹം
ദീരത്ത്- ദൂരത്ത്
ധായിലെ - രാവിലെ
ധാവ് - രാത്രി, അന്തി
നങ്ങള് – ഞങ്ങൾക
നാരങ്ങ – ഓറഞ്ച്
നാവ് - നാക്ക്
നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
നെനയ്ക്കുക – തുണി അലക്കുക
നെരി - കടുവ
നൊകം - നുകം
നോക്ക് - നോക്കുക
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പച്ചബെള്ള – പച്ചവെള്ളം
പടഞ്ചക്ക - കൂഴച്ചക്ക
പടോലം - പടവലം
പരള് - ചെറിയ ഒരിനം മീൻ
പറങ്കി - മുളക്
പാപ്പൻ - ഇളയച്ചൻ
പായ്ക – ഓടുക
പാറ്റ - പൂമ്പാറ്റ
പാൽചൊരം - പാദസരം
പിട്ട് - പുട്ട്
പിയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പിറ്റ് കൂണ് -പെരുങ്കൂണ്
പിലാവ് - പ്ലാവ്
പില്ല് - വൈക്കോൽ
പീച്ചത്തി - പിശ്ശാത്തി
പീടിയ - അങ്ങാടി, കട
പുള്ള് - പക്ഷി
പുവുത്തടക്ക – പഴുത്ത അടക്ക
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെടച്ചി - പിടക്കോഴി
പെരപൊതയ്ക്ക്യ – പുരമേയുക
പേയ – പുഴ
പേറ് - പയർ
പൈക്കുട്ടി - പശുക്കുട്ടി
പൈയ്യ് - പശു
പൊകല – പുകയില
പൊത്ത് - മാളം
പോക്കാളെ - കാട്ടുപൂച്ച
പോന്ന് - പോകുക
പൗത്ത്കൊല – വാഴപ്പഴം
പ്രാക് - പ്രാവ്
ബന്ന് - വന്നു
ബരിക്ക ചക്ക – വരിക്ക ചക്ക
ബാക്കത്തി - വെട്ടുകത്തി
ബെരള് - വിരൽ
ബൈതിനി - വഴുതന
ബൊള്ളം - വെള്ളം
മച്ചിച്ചി - നാത്തൂൻ
മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ്
മച്ചുനൻ - ഭർത്താവിന്റെ അനിയൻ
മട്ടില് - മടൽ
മതില് - മുറ്റത്തിനു ചുറ്റും നിരമ്മിക്കുന്ന മൺതിട്ട
മധുരകേങ്ങ് - മധുരകിഴങ്ങ്
മറത്തൈ - തൈ
മാമൻ - അമ്മാവൻ
മാളെ - പെൺക്കുട്ടി
മിരിക്ക് - മുരിക്കുമരം
മിറ്റം - മുറ്റം
മിറ്റം - വീട്
മിറ്റം - വീട്
മിളി - വയൽ വരമ്പ്
മിഷി - മുഷി (ഒരിനം മത്സ്യം)
മീട് - മുഖം
മീൻകൊത്തി - പൊൻമാൻ
മുട്ടില് - ഇത്തിൾകണ്ണി
മുട്ടില് - വാൽമാക്രി
മെത്തി - ഞെട്ട്
മെളഞ്ഞി- മുളഞ്ഞിൽ
മെളഞ്ഞിക്കോൽ - പശക്കോൽ
മെവ്ക- മെഴുകുക
മേല് - ശരീരം
മോണി - വാഴച്ചുണ്ട്
മോനെ – ആൺക്കുട്ടി
വട്ടി - വയർ
വർത്താനം - വർത്തമാനം
വളം - ചാണകം
വാതലു - വാതിൽ
വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ)
വില്ല്യച്ഛൻ - മുത്തച്ഛൻ
വില്ല്യമ്മ – മുത്തശ്ശി
വെണ്ണി - ചാരം
വെള്ളറമ്പ് - പുളിയുറുമ്പ്
വൈനേരം - വൈകുന്നേരം
വൊള്ളക്കറി - സാംമ്പാർ
സ്വാസം വിടുന്നോ - ശ്വസിക്കുക
മുള്ളക്കുറുമരുടെ കഥകളി
Author: കെ. കെ. ബിജു .
വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1
മറ്റ് ആദിവാസിഗോത്രജനതയിൽ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമർക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങൾക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോൽക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകൾ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.
മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവർക്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പെ ഇവർ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടർന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളിൽ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തിൽ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമർ.
മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകൾക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാൽ മുള്ളക്കുറുമർക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളിൽ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരിൽ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.
മുൻകാലങ്ങളിൽ ധാരാളം ഗ്രന്ഥക്കെട്ടുകൾ തങ്ങളുടെ കുടികളിൽ ഉണ്ടായിരുന്നതായി ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തിൽ നഷ്ടപ്പെട്ടു. ഒരാൾ മരിക്കുമ്പോൾ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയിൽ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകൾ നഷ്ടപ്പെട്ടത്. പഴയ വീടുകൾ പൊളിച്ച് പുതിയവീടു പണിയുമ്പോൾ താളിയോലകൾ കളഞ്ഞതായും ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്.
മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു. രാമൻ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആൾക്കാര്...കാർന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളിൽ എഴുതി സൂക്ഷിക്കും. അച്ഛൻ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാൾക്കെടുക്കാൻ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളിൽ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചൻ (85) : പാട്ടുകൾക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാർന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ. പുരാണകൃതികളെ അവലംബമാക്കി പാട്ടുകൾ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമർ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാൽ ഈ പാട്ടുകൾ പുരാണ കഥാസന്ദർഭങ്ങളുടെ തനിയാവർത്തനം അല്ല. പുരാണ കഥാസന്ദർഭങ്ങളെ അപനിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ട് ഈ പാട്ടുകളിൽ. മഹാഭാരതകഥാസന്ദർഭത്തെ അപനിർമ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.
മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകൾ ഉൾപ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടൻ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയിൽ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റർ നീളവും 43.8 സെന്റീമീറ്റർ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങൾ വീതം ഓലകൾക്കുണ്ട്. പലകപ്പാളികൾ ഇരുവശത്തും വെച്ച് നൂലിൽ കോർത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളിൽ ഓരോ ഖണ്ഡം കഴിയുമ്പോൾ നമ്പരിനായി തമിഴ് അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലർത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികൾ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്. മുള്ളക്കുറുമർ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങൾ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലർച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകർ ഇത്തരത്തിലാണ് പറഞ്ഞുതന്നത്. ചെറുമൻ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്. ചൂച്ചൻ (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും. കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികൾ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിർത്തി അതിനുമുകളിൽ കൽവിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദർഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാൾ കഥാസന്ദർഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാർ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോൾ പാട്ടുപാടി ചുവടുകൾ വച്ച് കളിക്കുന്നു. ഒരാൾ പാടുകയും മറ്റുള്ള കളിക്കാർ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകൾ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോൾ അടുത്ത കഥയും പാട്ടും എന്ന ക്രമത്തിൽ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു. കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങൾക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തിൽ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്. ഒരു ദിവസം തന്നെ പല കഥകൾ കളിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കഥകൾ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടൻ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദർഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയിൽ നിന്നും വളരെ വ്യത്യാസം പുലർത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.
കാട്ടുനായ്ക്കരുടെ പദകോശം
കാട്ടുനായ്ക്കർ വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.
അക്ക - ഏടത്തി
അക്കനഗണ്ട -ചേച്ചിയുടെ ഭർത്താവ്
അഗ്ഗ – കയർ
അങ്കാഡി -പിടിക
അടെ - അപ്പം
അട്ക് -പുഴുക്ക്
അണ്ണനാദ് - അണ്ണന്റെ
അണ്ണെ -ഏട്ടൻ
അമ – അവൻ
അളദ് - കരച്ചിൽ
അളസക്കായ് - ചക്ക
അളെ - തലമുടി
അവ്വ- അമ്മ
ആമെ - ആമ
ആല - തൊഴുത്ത്
ആലെ -തൊഴുത്ത്
ആള് -ജനം
ആൾകൂടത് - ആളുകൂടൽ
ആവൂ - പാമ്പ്
ഉഗുറു-നഖം
ഉച്ചയദ് - മൂത്രം
ഉടു - ഉടുമ്പ്
ഉതക്ക - കരി
ഉപ്പു - ഉപ്പ്
ഉരുവിളിക്കക്കായ് - ഉറുവിളിക്ക
ഉളുവ് -പുളുവ്
എത്തത് - പെററു
എത്തിബറദ് -കൊണ്ടുവരൽ
എൻതി - പന്നി
എരഡ് - രണ്ടു
എരു ഗെട്ടദ് - ഉഴുക
എറു - ഉറുമ്പ്
എല തിനാദ് - മുറുക്കുക
എലെ -വെറ്റില
എല്ലിറത് - എവിടെ
എല്ലെ - എവിടെ
എശറു - പേര്
ഏകെ -നാത്ത
ഏനു - പേൻ
ഏള് - ഏഴ്
ഒത്തരെ-രാവിലെ
ഒന്തു - ഒന്നു
ഒപ്പര - ഒപ്പം
ഒറള് - ഉരൽ
ഓടാത് - ഓടുക
ഓയ്തു് - അഞ്ച്
ഓര്ൾ- ഉലക്ക
ഓലെ - കമ്മൽ
കച്ചദ്- കടിക്കുക
കടൽ - കട്ടിൽ
കട്ടെ - മുള
കണ്ട – ഭർത്താവ്
കണ്ണ് - മിഴി
കദ്യ് തിന്നദ് - കട്ടു തിന്നുക
കപ്പലാണ്ടി - കശുമാങ്ങ
കപ്പെ - തവള
കമ്മൾ - കമ്മൽ
കയി - കയ്യ്
കറട്ട - ചിരട്ട
കറുതി - കരടി
കൽക്ക് - കല്ല്
കാടു– കാടു്
കാളെ - കാള
കിമി - ചെവി
കിമി – കടുക്കൻ
കിര്നൊരികയ് - ഉള്ളിനാരങ്ങ
കിവി - ചെകിട്
കീപ്പക്ക് - തൊക്ക്, തൊലി
കീരെ - വീട്
കുങ്കയ് - മത്തങ്ങ
കുടിയത് -കുടിക്കുക
കുടുക - അരിവാൾ
കുന്നി - തേനീച്ച
കുപ്പായ - കുപ്പായം
കുമപാളെ - കമുങ്ങിൻ പാള
കുമ്പളക്കായ് - മത്തങ്ങ
കുയ് വത് - തല്ലുക
കുറ്റിഹിട്ട് - പുട്ട്
കുളച്ചക്ക - പളച്ചക്ക
കുളിപ്പത് - ഇരിക്കുക
കുള്തിനലെഇറമടക്കെ - ചോറുകഴിക്കാനുള്ള മൺപാത്രം
കുസു -കുട്ടി
കൂകാത് -കൂവുക
കൂള് – ചോറ്
കെത്തുട്ക്ക് - കിളയ്ക്കുക
കെമ്മൾ - ജലദോഷം
കെള്ളി - കള്ളി
കേളത് - കേൾക്കുക
കേളി - പശക്കോൽ
കൊച്ചെ – കൊക്ക്
കൊടദ് - കൊടുക്കൽ
കൊടുവൻ - വേഴാമ്പൽ
കൊടെ - കുട
കോളി - കോഴി
ക് ത്ത് - കഴുത്ത്
ക് രി - കരി
ക് രിമന്ത് - കരിമരുത് (ഒരു മരം)
ക് ല്ല് - കല്ല്
ഗഞ്ചി- കഞ്ഞി
ഗണ്ട് - ആൺ
ഗണ്ട്മക – ആൺകുട്ടി
ഗണ്ട്മാങ്ങ - ചെറുപ്പക്കാർ
ഗദ്ദെ - വയൽ
ഗാളി വീശദ് - കാറ്റ് വീശുന്നു
ഗാസ് - കിഴങ്ങ്
ഗിണ്ടി -കിണ്ടി
ഗുളി -കുളി
ഗൂന്തലി - തൂമ്പ
ഗൂമെ - മൂങ്ങ
ഗെഞ്ചി - കഞ്ഞി
ഗെദ്ദെ കിയ്യാദ് - കൊയ്യുക
ഗെസല് - ചിതൽ
ഗൊദമ്മ - വാൽമാക്രി
ചടെ - കോർത്ത (മീൻ പിടിക്കാനുള്ള കൂട)
ചാടത് -തുള്ളുക
ചികപ്പൻ - ഇളയച്ഛൻ
ചിണ്ണക്കൊട - ചെറിയകുടം
ചിന്ന മിൻ - ഒരിനംചെറിയ മീൻ
ചീക്കെ - വിറക്
ചീക്കെ ഹ്ട്പ് ല് ആക്കത് –വിറക് അടുപ്പിൽവെക്കുക
ചൂര്യെ- പിശ്ശാത്തി
ചെറ്പ്പ് - ചെരുപ്പ്
ചേബു - ചേമ്പിൻ താള്
ചേല - തുണി
ചേല്ല - ചേല
ജഗളാടാത് - ചിത്തപറയുക
ജന - ആളുകൾ
ജീർമക്കെ -ചീരമുളക് (കാന്താരി)
ജേനു് - തേൻ
തകപാല് - മുളഞ്ഞിൽ
തട്ട് - മച്ച്
തിനദ് - തിന്നുക
തുപ്പദ് - തൂപ്പല്, ഉമിനീരു്
തുമ്മദ് - തുമ്മുക
തുർസാദ് – ചൊറിയുക
തൂശി- സൂചി
തെങ്കെ-പെണ്ണുങ്ങൾ
തെങ്ങിനക്കായ് - തേങ്ങ
തെറ്ത്തത് - മുറിഞ്ഞു
തൊപ്പ് - തണല്
തൊളെയാത് - കഴുകുക
തോത്തയ് - തോത്തക്ക
തോൾപ്പ്ഗ് -തോർത്ത്
ദണ്ടെ - അടുത്ത്
ദന – പശു
ദന മർക്ക - പശുക്കുട്ടി
ദാരി - റോഡ്, വഴി
ദാവുഹത്തദ് -ദാഹം, ദാഹിക്കുക
ദീരെ - ധൈര്യം
ദൊഠ മീന് - വലിയമീൻ
ദൊഠക്കത്തി - വെട്ടുകത്തി
ദൊഠ്പ്പ – മൂത്തപ്പൻ
ദോശെ - ദോശ
ധന - കന്നുകാലി
നഗിവദ് - ചിരി
നങ്ക മനെ- എന്റെ വീടു്
നടിപത് - നടക്കുക
നന്ന്ക് - എനിക്ക്
നായ് - പട്ടി
നാറ് നടത് - ഞാറുനടുക
നിങ്ക - നിങ്ങൾ
നിറ – നിറം
നില്ലി - ഇവിടെ
നീന്നാക് – നിനക്ക്
നീര് - വെള്ളം
നീര് മിയത് -കുളി
നീർമിയാത് - കുളിക്കുക
നെടയാത് - നടക്കുക
നെട് - തോൾ
നെരി - കടുവ
നോടത്-നോക്കുക
നോവ് - വേദന
പർലെ -പരള് (ഒരിനം മീൻ)
പുളി - നാരങ്ങ
പൂജെ - പൂജ
പൂമ്പാറ്റെ - പൂമ്പാറ്റ
പൂളെ - പൂള, മരച്ചീനി
പേദെ -കുറുവ
പേയി - പ്രേതം
പൊത്ത് - മാളം
പോകത് - പോകുക
പോക്കെ - തവള
പോത്തു - പോത്ത്
ഫൂ - പൂവ്
ബങ്കായ – ഉള്ളി
ബട്ട – മല
ബണക്ക് - വിളക്ക്
ബതെണെക്കായ – വഴുതിനിങ്ങ
ബത്ത – നെല്ല്
ബത്ത ഹുല്ല്ല്ല് -വൈക്കോൽ
ബത്തക്കുത്താത് – നെല്ല് കുത്തുക
ബപ്പക്കായ് - പപ്പായ
ബപ്പട – പപ്പടം
ബർല് - ചൂൽ
ബറാത് – വരുക
ബറ്റടെ - ചപ്പുചവർ (വേസ്റ്റ്)
ബറ്ള് - കുറുന്തോട്ടി ചൂല്
ബള - ചാണകം
ബളി - വെളിച്ചം
ബളെ - വള
ബാക്കാദ് – ഒഴിക്കുക
ബാല് - വാല്
ബാളക്കായ് - വാഴക്ക
ബാൾ മോന്തെ- വാഴചുണ്ട്
ബിക്കിബെട്ടി - തീപ്പെട്ടി
ബിജ്ജ് - പരുന്ത്
ബിര്ന്ത് - വിരുന്ന്
ബില്ലു - വില്ല്
ബൂതി - ചാരം
ബൂതിക്കായ് -കുമ്പളങ്ങ
ബെണ്ടി - വണ്ടി
ബെന്ന് - ശരീരം
ബെല്ല – ശർക്കര
മക്ക - മക്കൾ
മഞ്ഞ ഹ്ക്കി - ഒരുതരം മഞ്ഞനിറത്തിലുള്ള പക്ഷി
മടക്കെ - കലം
മണസ്, മണസക്കായ് - മുളക്
മണ്ണെണ്ണെ - മണ്ണെണ്ണ
മത്താടത്-മിണ്ടുക
മദറ - മധുരം
മധുരഗൾസ് - മധുരക്കിഴങ്ങ്
മന – വീട്
മനെ - വീട്
മന്താരി -പായ്
മന്തേന– ഉച്ച
മന്ത് - മരുന്ന്
മറ - മരം
മളെ - മഴ
മാനി ബർല് - മാനിച്ചൂല്
മാമ - അമ്മാവൻ
മാമി - അമ്മായി
മാമ്പളക്കായ് - പേരക്ക
മാലെ-മാല
മാവുക്കായ് - മാങ്ങ
മാവുമറ - മാവ്
മീന് - മീൻ
മീൻഹിടിപ്പത് - മീൻപിടുത്തം
മുകുബട്ടു - മൂക്കുത്തി
മുണ്ട് ഉടാത് – മുണ്ടുടുക്കുക
മുദന്മാർ – വയസൻ
മുന്താക്ക് - ഇറച്ച
മുള്ളു - മുള്ള്
മൂട്ടെ - മൂട്ട
മൂറു - മൂന്ന്
മൃഗത്ത്ർമക്ക് - മൃഗങ്ങളുടെ കുട്ടി
മെദെഗണ്ട് - വരൻ
മെരി - മൃഗങ്ങളുടെ കുട്ടി
മൊക്ക - മുഖം
മൊട്ടെ - മുട്ട
മൊദുക്കത്തി - വയസ്സത്തി
മൊറ – മുറം
മോതറെ - മോതിരം
മ്ദെണ് - വധു
രസ – സ്വാദ്
റാഗി - മുത്താറി
വട്ടവൻ - വട്ടോൻ, (ഒരിനം മീൻ)
വറത് - വരുക
വായ്സദ് - വായിക്കുക
വെസർപ്പ് - വിയർപ്പ്
വ്ള്ളി - വള്ളി
ശികപ്പ - അച്ഛന്റെ അനുജൻ
ശിക്കവെ - അമ്മായി
ശീത്ത -കുളിര്
ശൂളെമക - തേവിടിശ്ശി
സണ്ണതു - ചെറുത്
സണ്ണമക്ക - ചെറിയ മക്കൾ
സണ്ണവൻ - ചെറിയവൻ
സന്തെ - രാത്രി
സന്തെ - വൈകുന്നേരം
സന്ധെ – രാത്രി
സപ്പെ കാപ്പി - മധുരമില്ലാത്ത കാപ്പി
സറയ - കള്ള്
സാക്ക് - ചാക്ക്
സാർസാദ് - മെഴുകുക
സിടിൽ - ഇടിമിന്നൽ
സൂക്കേട് -അസുഖം
സെട്ടുക - തവി
സെർക്ക-പുളിയുറുമ്പ്
സേളി - ചെളി
സേള് - തേള്
സൊമർ - ചുമര്, ഭിത്തി
സൊളളെ - കൊതുക്
സൊവുദെ ഒടയദ് - വിറക് വെട്ടുക
സ്വല്പ – ശകലം, അല്പം
ഹകല് - പകല്
ഹണ - പണം
ഹാങ്ക്ക്കായ് – കയ്പ്പക്ക
ഹാങ്ക്ലക്കായ് - പാവയ്ക്ക.
ഹാറ – മരപ്പട്ടി
ഹാറത് - ചാടുക
ഹാളെ - ഇല
ഹ്ക്കി - അരി
ഹ്ക്കി - പക്കി, പക്ഷി
ഹ്ച്ചി - മുത്തശ്ശി
ഹ്ട്ടി - മുറ്റം
ഹ്ൺമക - പെൺ കുട്ടി
ഹ്ളെമക്ക -പേരമക്കൾ
ഹ്ൾസ്മറ - പ്ലാവ്
ഹ്ശി - വിശപ്പ്
ഊരാളിക്കുറുമരുടെടെ പദകോശം
അടിയരുടെ പദകോശം
മുള്ളക്കുറുമരുടെ പദകോശം
പണിയരുടെ പദകോശം
ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും (ലേഖനം)
Author: കെ. കെ. ബിജു .
ഗോത്രവിദ്യാർത്ഥികളും മലയാളഭാഷാപഠനവും
കേരളത്തിൽ പ്രൈമറിതലത്തിൽ പഠിക്കുന്ന ഗോത്ര വിദ്യാർത്ഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനായി ഗോത്രവിഭാഗക്കാരായ അധ്യാപകരെ സ്കൂളുകളിൽ നിയമിക്കു കുകയും അവർ ഗോത്രവിഭാഗക്കാരായ വിദ്യാർത്ഥികളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിൽ ഗോത്രവിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിടുന്ന ഭാഷാപ്രശനങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. നാളിതുവരെ കേരളീയ സമൂഹം പരിഗണിക്കാ തെപോയ ഗോത്രജനതയുടെ മലയാളഭാഷാപഠനത്തിലെ പ്രതിസന്ധികളാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.
ഗോത്രജനത ഇന്നു മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക സാംസ്കാരികതലങ്ങളിലെല്ലാം വലിയ പരിവർത്തനങ്ങൾ ആദിവാസികൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സർക്കാരും സന്നദ്ധ സംഘടനകളും ആദിവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോഴുള്ള മാറ്റമെന്നു പറയാം. (ആദിവസിക്കുടികളിലെ പട്ടിണി മരണങ്ങളും ചൂഷണങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്) സാമൂഹികമായി അവരെ സംസ്കരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഈ ഏജൻസികൾ നിർവ്വഹിച്ചത്. ഈ പ്രക്രിയയുടെ ഫലമായി തനതു സംസ്കാരവും ജീവിതത്ത നിമയും നഷ്ടമായ ഇവർ ഇന്നു വലിയൊരു സ്വത്വപ്രതിസന്ധിയിലാണ് എത്തി നിൽക്കുന്നത്.
ആദിവാസികളുടെ സാംസ്കാരിക നഷ്ടത്തിൽ പ്രധാനപ്പെട്ടത് അവരുടെ ആവാസ വ്യവസ്ഥ യാണ്. കൂട്ടമായി താമസിച്ചിരുന്ന അവരുടെ വാസസ്ഥാനങ്ങൾ പലകാരണങ്ങളാൽ കൈമോശം വന്നിരിക്കുന്നു. സർക്കാർതലത്തിൽ നടപ്പാക്കപ്പെട്ട പല പദ്ധതികളും അവരെ അന്യവൽക്കരിക്കാ നാണ് ഉതകിയത്. കൂട്ടായ്മയുടെ സുരക്ഷിതത്വം മാത്രമല്ല ഇതിലൂടെ അവർക്കു കൈമോശം വന്നത്. പാരമ്പര്യമായി പിന്തുടർന്നുപോന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങി സംസ്കാരവും ഭാഷയും ഉൾപ്പെടെ തനിമകൾ എന്നവകാശപ്പെടാവുന്ന സർവ്വവും ഇനിയൊരതിജീവന ത്തിന് അസാധ്യമാംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് ആദിവാസി ഭാഷകളാണ്. പുതുതലമുറയ്ക്ക് സ്വന്തം ഭാഷ അന്യമായിരിക്കുന്നു എന്നു തന്നെ പറയാം. അവരെല്ലാം മലയാളം പഠിക്കാനും പറയാനും നിർബ്ബന്ധിക്കപ്പെടുന്നവരാണ്. ഗോത്ര ഭാഷയിൽ സംസാരിക്കുന്ന ഒരുവനോട് ഇതെന്തു ഭാഷ, ഇങ്ങനെയാണോ മലയാളം പറയേണ്ടത് എന്നു ചോദിച്ച് പൊതുസമൂഹ ത്തിലുള്ളവർ കളിയാക്കുമ്പോൾ സ്വന്തം ഭാഷ ഉപേക്ഷിക്കാൻ നിർബന്ധിതരായി തീർന്നിരിക്കുക യാണിവർ. കാരണം പൊതുസമൂഹം അവജ്ഞയോടെയാണ് ആദിവാസി ഭാഷകളെ വീക്ഷിക്കുന്നത്. മലയാളത്തിൽ അനേകം ഭാഷാഭേതങ്ങൾ സംസാരിക്കുന്നുണ്ട്, പാലക്കാടൻ മലയാളം, കോഴിക്കോടൻ മലയാളം, തൃശൂർ മലയാളം, തിരുവനന്തപുരം മലയാളം അങ്ങനെ നിരവധി പ്രാദേശിക ഭേദങ്ങൾ. ഇവയെല്ലാം മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്. കഥകളും കവിതകളും നോവലുകളും ഈ ഭാഷകളിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ആദിവാസി ഭാഷകളൊന്നും തന്നെ പ്രാദേശിക ഭാഷ എന്നനിലയിൽ മുഖ്യധാരയിലേയ്ക്കു കടന്നു വന്നിട്ടില്ല. കാരണം അവയുടെ സൗന്ദര്യമില്ലായ്മയല്ല പകരം കീഴാളത്വമാണ് അവയെ പൊതുവ്യവഹാരത്തിൽ നിന്നു മാറ്റി നിർത്താൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. ആദിവാസി ഭാഷകളെ പൊതുവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. കാരണം ഈ ഭാഷകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നുംതന്നെ നടക്കുന്നില്ല എന്നതാണ് പ്രശ്നം. ആദിവാസി ജീവിതം പ്രമേയമാക്കി സാഹിത്യം രചിച്ചവർ ആദിവാസികളുടെ തനതു ഭാഷയല്ല ഉപയോഗിച്ചത്, പകരം ആദിവാസി ഭാഷയും മലയാളവും ഇടകലർത്തിയാണ് പ്രയോഗിച്ചത്. (കെ ജെ ബേബിയുടെ മാവേലിമന്റം ഉദാഹരണം) ഒരു സിനിമയിലാകട്ടെ (ബാംബു ബോയ്സ്) ആദിവാസി ഭാഷയെ വികലമായി ഉച്ചരിച്ച് പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരം അപക്വമായ ഇടപെടലുകളാണ് മുഖ്യധാരയിലേക്കു കടന്നുവരുന്നതിന് ആദിവാസി ഭാഷകൾക്കുള്ള പ്രധാന തടസ്സം. മലയാളത്തിന്റെ പ്രാചീനത ഇന്നും സംരക്ഷിക്കുന്നത് ആദിവാസി ഭാഷകളാണ്. വിശദമായി പരിശോധിക്കുകയാണെങ്കിൽ പല വാക്കുകളുടെയും പൂർവരൂപം ആദിവാസി ഭാഷകളിൽ നമുക്ക് കാണാൻ കഴിയും. ഉദാ: മലയാളത്തിൽ കൂറ എന്നതിന് മുള്ളക്കുറുമഭാഷയിൽ കൂർവ്വ എന്നാണ് പറയുന്നത്.(ഏ കെ നമ്പ്യാർ) ഇതാണ് മലയാളത്തിന്റെ പൂർവ്വരൂപം. സൂചിക്ക് തൂസി എന്നാണ് പണിയഭാഷയിൽ പറയുന്നത്. പ്രാചീനത തൂസിയ്ക്കാണ്. (ടി ബി വേണുഗോപാലപ്പണിക്കർ) ഇങ്ങനെ മലയാളത്തിലെ പല വാക്കുകളുടേയും പൂർവരൂപം ആദിവാസിഭാഷകളിൽ നമുക്ക് കാണാൻ കഴിയും. പറഞ്ചാളു - അവൾ പറഞ്ഞു, പറാവേൻ - ഞാൻ പറയാം ഇത്തരത്തിൽ പുരുഷ പ്രത്യങ്ങൾ ചേർന്ന രൂപം പണിയഭാഷയിൽ കാണാവുന്നതാണ്. അതായത് മലയാളഭാഷാ പരിണാമത്തിന്റെ അടയാളമായി ഏ ആർ ചൂണ്ടിക്കാണിക്കുന്ന ആറ് നയങ്ങളിലൊന്നാണ് പുരുഷപ്രത്യയ നിരാസം. എന്നാൽ ഏ ആറിന്റെ നിരീക്ഷണത്തെ നിരാകരിക്കുംവിധം ആ പ്രത്യയത്തെ പല ആദിവാസി ഭാഷകളും സംരക്ഷിച്ചു നിർത്തിയിരിക്കുന്നു എന്നു ചുരുക്കം. പഴമയിൽ മാത്രമല്ല സൗന്ദര്യത്തിലും ആദിവാസി ഭാഷ മുന്നിലാണ്. ഇതിന് ചില പദങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും അരിക്കല്ല് - ആലിപ്പഴം, കുറുപ്പാട്ടി - പൂമ്പാറ്റ, കൊന്തൻ - ഓന്ത്, കോലിക്കൻ - എട്ടുകാലി, ബെന്ന് - ശരീരം, കുന്നി - തേനീച്ച, കുടുക – അരിവാൾ, നീരിഞ്ചി - കൊതുക്, സിടിൽ - ഇടിമിന്നൽ, മിന്നു - നക്ഷത്രം, പുല്ലി - വിറക്, കുങ്കായ് - മത്തങ്ങ, കീരാങ്കീരി - ചീവീട്, കൊമ്പെ- മുയൽ, കേല – തുപ്പൽ, കിലാടി - ദുഷ്ടൻ, അരിക്കുമ്മായം - ഉപ്പു കൂൺ ഈ പദങ്ങളൊക്കെ ഭാഷാ സൗന്ദര്യത്തേയും ജീവിത ലാളിത്യത്തേയും പ്രതിഫലിപ്പിക്കുന്നവയാണ്. പണിയഭാഷയിൽ പോവുക എന്നതിന് പോകിഞ്ചോ എന്നാണ് പറയുന്നത്. 'മോനേ നിന്റെ പേരെന്താണ്? എന്നതിന് 'ചൂച്ചാ നിന്ന പേരെന്തയി' എന്ന് ചോദിക്കാം. വീട് എവിടെയാണെന്ന് അന്വേഷിക്കാൻ 'നിന്ന പിര ഏടെ' എന്നും, എന്നെ ഇഷ്ടമായോ?' എന്നതിന് 'എന്നെ ഇട്ടാത്തോ' എന്നും പറയും. കാട്ടുനായ്ക്ക ഭാഷയിൽ 'നിന്ന എശറുയാന' (നിന്റെ പേരെന്താണ്?) നന്നഗ് നീറ് ബേക്ക് ( എനിയ്ക്കു വെള്ളം വേണം) നാ മനഗ് ഓഗത് (ഞാൻ വീട്ടിലേക്ക് പോകുന്നു) നാ നിന്നെ ഉയ് വത് ഇല്ലെ (ഞാൻ നിന്നെ അടിക്കില്ല) നീ ഗഞ്ചി തിന്റെവ? (നീ ചോറു തിന്നോ?) ഇതുപോലെത്തന്നെ മറ്റാദിവാസി ഭാഷകളിലും ഇത്തരം ലാളിത്യവും താളാത്മകതയും കാണാം.
പൊതുധാരണയിൽ ആദിവാസി ഭാഷ കർണ്ണാടക, തമിഴ് , മലയാളം എന്നിവയുടെ സങ്കലനമാണെന്നാണ്. ഈ ധാരണ ഒരു പരിധിയോളം തെറ്റാണ്. ആദിവാസി ഭാഷകളിൽ ഏറിയ പങ്കും മലയാളം തന്നെയാണ്.പണിയ ഭാഷയെക്കുറിച്ച് പഠനം നടത്തിയ പി. സോമശേഖരൻ നായർ പറയുന്നത് പണിയ ഭാഷയിൽ 75% പദങ്ങളും മലയാളം തന്നെയാണെന്നാണ്. ഇവയിലെ മലയാളം 75% എന്നു പറയുമ്പോൾ മറ്റാദിവാസി ഭാഷകളിൽ മലയാളം ഇതിനേക്കാൾ അധികമാണെന്ന് പറയേണ്ടിവരും. മുള്ളക്കുറുമഭാഷ മലയാളത്തിന്റെഒരു ഭേതമാണ്. കുറിച്ച്യഭാഷ മലയാളം തന്നെയെ ന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടിയ ഭാഷ, ഊരാളിക്കുറുമരുടെ ഭാഷ, കാട്ടുനായ്ക്കരുടെ ഭാഷ ഇവിയിലൊക്കെ കന്നട പദങ്ങൾ ചെറിയ അളവിൽ കാണാം. ബാക്കിയൊക്കെ തനതു പദങ്ങളാണ്, മലയാളത്തിന്റെ ഭേതങ്ങളാണ്. പ്രയോഗത്തിലെ ഊന്നൽ, ഈണം , താളം ഇവയെല്ലാമാണ് മലയാളത്തിൽ നിന്ന് ഗോത്രഭാഷകളെ മാറ്റിനിർത്തുന്ന ഘടകങ്ങൾ.
ഇവയൊക്കെ സൂചിപ്പിക്കുന്നത് ഭാഷ ഒരു സാംസ്കാരികോപാധികൂടിയാണെന്നാണ്. അതിന്റെ പ്രത്യക്ഷമായ പ്രകടനമാണ് ആദിവാസി കലകൾ. തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ആദിവാസികൾ കലാപ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഈ കലകളുടെ ജീവവായു അവയുടെപാട്ടുകളാണ്. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ആദിവാസികൾക്കുണ്ട്. വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഇവയ്ക്കുള്ളത്. ഒരു വിഭാഗത്തിന്റെ പാട്ടുകൾ മറ്റൊരു വിഭാഗം ഉപയോഗിക്കാറില്ല. കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിൽ മാത്രം പിന്നാക്കം പോകുന്നതിന്റെ കാരണമെന്താണ്? വിദ്യാഭ്യാസ മേഖലയിൽ ഗോത്രവിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥപ്രശ്നം ഭാഷപരമാണ്. സ്കൂളിലെത്തുന്നതുവരെ അവരുടേതായ തനതു ഭാഷാലോകത്താണ് ഓരോ കുട്ടിയും വളരുന്നത്. ഒർത്ഥത്തിൽ സ്കൂളിലെത്തുമ്പോഴാണ് അവർ ആദ്യമായി മലയാളം കേൾക്കുന്നത്. യാതൊരു മുന്നൊ രുക്കവുമില്ലാതെയാണ് മലയാളഭാഷാപഠനത്തിന് ഈ കുട്ടികൾ നിർബ്ബന്ധിക്കപ്പെടുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തുനു നൽകുന്ന അതേ ശ്രദ്ധയും പരിശീലനവും മലയാളം പഠിക്കാൻ ശ്രമിക്കുന്ന ഗോത്രവിദ്യാർത്ഥികൾ ക്കും പ്രൈമറി ക്ലാസുകളിൽ നൽകേണ്ടതാണ്. വാക്കുകളും വാചകങ്ങളും പറഞ്ഞു കൊടുത്ത് പരിചയപ്പെടുത്തി വേണം മലയാളം പഠിപ്പിക്കാൻ. കാരണം ഗോത്ര വിഭാഗം കുട്ടികൾക്ക് തികച്ചും അന്യമായ പുതു ഭാഷയാണ് മലയാളം. ഊരാളിഭാഷയിൽ 'അമ്മൻ' എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ്. അമ്മ എന്നതിന് 'അബ്ബെ' എന്നും പറയുന്നു. സ്കൂളിൽ വച്ച് അമ്മ എന്ന പദം ആദ്യമായി കേൾക്കുന്ന ഊരാളിവിഭാഗത്തിലെ കുട്ടിക്ക് അമ്മ എന്നതിനു് അച്ഛൻ എന്ന അർത്ഥബോധമാണ് സ്വാഭാവികമായും ഉണ്ടാവുക. അടിയർ അവ്വെ എന്നാണ് അമ്മയെ കുറിക്കാനായി ഉപയോഗിക്കുന്ന വാക്ക്. ഇവിടെയൊരിക്കലും അബ്ബെയ്ക്കും അവ്വെയ്ക്കും സമാനമായ പദമാണ് അമ്മ എന്ന് ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഒരധ്യാപകനും വിവരിച്ചു കൊടുക്കാറില്ല. പണിയർ അച്ഛൻ എന്ന പദം അവരുടെ സ്വന്തം പിതാവിനെ സംബോധന ചെയ്യാനല്ല. മറിച്ച് ഉയർന്ന ജാതിയിൽപെട്ട പുരുഷന്മാരെ സംബോധന ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബാരിഞ്ചേ (വാരുക) എന്ന പദം എന്തങ്കിലും വാരുകയല്ല, കൊയ്തിട്ട നെല്ല് വയലിൽ നിന്നും വാരി ജന്മിയുടെ വീട്ടിലെത്തിക്കുന്ന തൊഴിലിനെയാണ് കുറിക്കുന്നത്. നിപ്പുപണെ - അടിമപ്പണിക്കുള്ള കൂലിയാണ്. ഇവിടെ പണം എന്നതിനു ക്രയവിക്രയം ചെയ്യാനുള്ള കാശ് എന്നല്ല പണിയർക്ക് അർത്ഥം, ഒരു വർഷത്തേയ്ക്കുള്ള അടിമപ്പണിയുടെ മുൻകൂർ വിലയാണ്. വീട്ടിലു (വീട്ടിൽ) എന്ന പദം ഇവർ ഉപയോഗിക്കുന്നത് സ്വന്തം വീടിനെ കുറിക്കാനല്ല, ജൻമിയുടെ ഭവനത്തെ സൂചിപ്പിക്കാനാണ്, പാടി എന്നാണ് സ്വന്തം പുരയെ ഇവർ വിശേഷിപ്പിക്കുന്നത് തടെ - കഞ്ഞികുടിക്കാൻ വാഴപ്പോള ചതുരത്തിൽ കെട്ടുന്നത് അതിൽ ഇല വാട്ടിവെക്കും, അതിലാണ് കഞ്ഞിയൊഴിക്കുന്നത്. എന്തിനെയെങ്കിലും തടയാനുള്ളതല്ല ഇവർക്കു തടെ. ഇതുപോലെ ഓരോ മലയാളപദങ്ങളും ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് അന്യമായ അർത്ഥബോധമാണ് ഉണ്ടാക്കുക. കുട്ടികൾക്കു മാത്രമല്ല, മുതിർന്ന വരിലും അർത്ഥബോധം സൃഷ്ടിക്കൽ എളുപ്പമല്ലെന്നതിനുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. മുമ്പ്, സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് ആദിവാസികളെ പഠിപ്പിക്കുമ്പോൾ പ്രേരക് മാരിലൊരാൾ ഇലയുടെ ചിത്രം കാണിച്ചുകൊണ്ട് ഇല എന്നു പറഞ്ഞുകൊടുത്തപ്പോൾ ആദിവാസികളിലൊരാൾ പറഞ്ഞത്രേ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും". (ചപ്പിന്റെ പടം കാണിച്ചു തന്നു ഇതിന് ഇല എന്നാണണത്രേ പറയുന്നത്) ആദിവാസികൾ ഇല എന്നല്ല, ചപ്പ് എന്നാണു പറയാറ്. ആലിപ്പഴം അരിക്കല്ലാണ്. പഴം പൊളമാണ്. കുട്ടികൾ മക്കയാണ്. എഴുത്ത് ഒള്ളതായി ബെരിയാണ്. പൊതുസമൂഹം ഉപയോഗിക്കുന്ന പദങ്ങളല്ല പൊതുവെ ഗോത്രജനത വ്യവഹരിക്കുന്നത്. ഈ വ്യതിയാനം ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു വിവരിച്ചു കൊടുത്തെങ്കിൽ മാത്രമേ അവരെ മലയാള ഭാഷാപഠനത്തിനു പ്രാപ്തരാക്കാൻ കഴിയുകയുള്ളൂ. ആദിവാസി ഭാഷകളുടെ മറ്റൊരു പ്രധാന സവിശേഷത പദാദിയിലെ സ്വനിമ മാറ്റമാണ്. വ – ബ, ശ – സ, ശ – ച, സ- ച ഇപ്രകാരമുള്ള സ്വനിമ മാറ്റം കാണാവുന്നതാണ്. വനം - ബനം, വാല് - ബാല്, സ്വാദ് - ചാദ്, വെള്ളം - ബൊള്ളം, സാധിക്കാ - ശാതിക്കാ, സമ്മാനം – ചമ്മാന ഇത്തരത്തിൽ പരസ്പരമുള്ള സ്വനിമ മാറ്റം സംഭവിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് പദാദിയിൽ സ്വരം ചേർക്കുന്നതും. കല്ല് - കെല്ല്, കരി -കെരി സ്വനിമ വ്യതിയാനം വരുന്ന പദങ്ങളധികവും ആദിവാസികളുടേതല്ല, അവ ഏറെയും തൽഭവങ്ങളാണെന്നു കണാവുന്നതാണ്. ഇതിനു കാരണം പരിമിതമായ സ്വനിമങ്ങൾ മാത്രമാണ് ആദിവാസി ഭാഷകളിലുള്ളത്. 22 സ്വനിമങ്ങളാണ് പണിയ ഭാഷയിലുള്ളതെന്ന് പി സോമശേഖരൻ നായർ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ആദിവാസി ഭാഷകളിലും ഇത്രത്തോളം സ്വനിമങ്ങളേ ഉള്ളൂ. പരിമിതമായ സ്വനിമങ്ങൾ ഉപയോഗിച്ച് അന്യഭാഷാപദങ്ങൾ തങ്ങളുടെ തനിമയിലേക്കു സ്വീകരിക്കുകയാണ് ഇവർ പൊതുവെ ചെയ്തിട്ടുള്ളത്. അതിനാലാണ് സ്വനിമ മാറ്റം സംഭവിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യം തന്നെയാണ് പദാദിയിൽ ഏതെങ്കിലും സ്വരം ചേർക്കുന്നതിന്റേയും കാരണം. ഇങ്ങനെയുള്ള ഉച്ചാരണ സന്ദർഭങ്ങളിൽ ആദിവാസികൾ പരിഹാസത്തിന് ഇരയാവുന്നതാണ് പൊതുവെ കാണാൻ കഴിയുക. ക്ലാസ്സ് മുറിയിലാണെങ്കിലും സമൂഹമധ്യത്തിലാണെങ്കിലും ഇവരെ പരിഹസിക്കാനാണ് അധ്യാപകരും സമൂഹവും ഈ സ്വനിമവ്യതിയാനത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ടി. പത്മനാഭന്റെ 'ബാലൻ' എന്ന ചെറുകഥ അധ്യാപകൻ ആദിവാസിക്കുട്ടിയെ ഉച്ചാരണത്തിന്റെ പേരിൽ പരിഹസിക്കുന്നതിന് ഉദാഹരിക്കൻ കഴിയും. വനം എന്നതിനു ബനം എന്ന് എഴുതിയ കുട്ടിയെ പരിഹസിച്ചു ക്ലാസിനു വെളിയിലാക്കുന്ന അധ്യാപകന്റേത് കേവല പരിഹാസം മാത്രമല്ല, കുട്ടിയുടെ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുന്ന തായാണ് കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇതാണ് പച്ചയായ യാഥാർത്യവും. പൊതു സമൂഹം ആദിവാസികളുടെ ഉച്ചാരണഭേതങ്ങളെ പരിഹസിച്ചിട്ടുള്ളത് മറ്റൊരു രീതിയിലാണ്. തങ്ങളുടെ വീടുകളിൽ ക്ലോസറ്റുള്ള കക്കൂസും ട്യൂബ് ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെ ന്നാവശ്യപ്പെട്ടുകൊണ്ട് പണിയർ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചർക്കാറെ" ഈ മുദ്രാവാക്യത്തെ പരിഹാസ്യമായി വയനാട്ടിൽ അവതരിപ്പിക്കാറുണ്ട്. മുമ്പൊക്കെ വയനാട്ടിലെ മിമിക്രി കലാകാര ന്മാരുടെ ഒരൈറ്റം ഇവരുടെ ഇത്തരം പദങ്ങളെ പരിഹസിക്കലായിരുന്നു. ഇങ്ങനെ പരിഹസിക്കപ്പെ ടേണ്ടതാണോ ആദിവാസിഭാഷകൾ? ഇവിടെയാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയേണ്ടിവരുന്നത്
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശങ്ങളെ ഇങ്ങനെ നിർവ്വചിച്ചിരിക്കുന്നു.
"എല്ലാമനുഷ്യേരുടേയും അർഹതയായി കരുതെപ്പടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനഷ്യാവകാശം എന്നറിയെപ്പെടുന്നത്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുമ്പിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ളഅവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്ക പ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്. എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം" ഇവിടെ പരാമർശിക്കുന്ന മനുഷ്യാവകാശങ്ങളൊന്നും തന്നെ ആദിവാസികൾക്കു ലഭിക്കുന്നില്ല എന്നുള്ളതാണ്. മനുഷ്യാവകാശം വാഗ്ദാനം ചെയ്യുന്ന ആശയ വിനിമയത്തിനുള്ള അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ്. എങ്ങനെയെന്നാൽ ആശയവിനിമയത്തിന് അന്യഭാഷയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പൊതു സമൂഹത്തോടു സംവദിക്കേണ്ടി വരുമ്പോൾ, തങ്ങൾക്കു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ, സ്കൂളിൽ, അങ്ങനെ സ്വന്തം വീട്ടിലൊഴികെ മറ്റെല്ലായിടത്തും ആദിവാസികൾ അന്യഭാഷസംസാരിക്കാൻ നിർബന്ധിക്കക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത്തരമൊരു പ്രതിസന്ധി ഭാഷാന്യൂനപക്ഷങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്തെന്നാൽ എല്ലാവിധ ഭരണഘടനാപമായ പരിഗണനയും അവർക്കു ലഭിക്കുന്നു എന്നുള്ളതാണ് കാരണം. ഇന്ത്യൻ ഭരണ ഘടന മൗലികാവകാശങ്ങൾ വിവരിക്കുമ്പോൾ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ പറയുന്നിടത്ത് ഭരണഘടന ഭാഷാപരമായ ന്യൂനപക്ഷങ്ങളുടെ അവകാശവും അനുശാസിക്കുന്നു. അതിങ്ങനെയാണ് "ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരിൽ ഭിന്നമായ ഒരു ഭാഷയോ, ലിപിയോ സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്". മറ്റൊന്ന് "ഒരു മുൻസിപ്പൽ ടൗണിലോ, അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകൾ വ്യത്യസ്ഥമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടങ്കിൽ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം" വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കുവേണ്ടി തമിഴ്, കന്നട മീഡിയം സ്കൂളുകളുണ്ട്. പക്ഷേ കേരളത്തിലെവിടയും ആദിവാസിഭാഷ മാധ്യമായി സ്വീകരിച്ചിട്ടുള്ള ഒരു സ്കൂൾ പോലുമില്ല. ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലോ ആദിവാസി മേഖലകളായ അട്ടപ്പാടി, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ഒരിടത്തുപോലും ആദിവാസി ഭാഷകളിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്ല. കേരളത്തിലെ ജനസംഖ്യയുടെ 1.45 ശതമാനം അതായത് 484839ആണ് ആദിവാസി ജനസംഖ്യ. ഇവരിൽ സാക്ഷരരായവർ 75.8 ശതമാനമാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട്ടിലെ ആദിവാസി ജനസംഖ്യ 151443. മൊത്തം ജനസംഖ്യയുടെ 18.53 ശതമാനമാണിത്. അതേ സന്ദർഭത്തിൽ ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ എണ്ണം ഒരുശതമാനത്തിൽ താഴെയാണ്. എങ്കിലും അവർക്കായി തമിഴ് മീഡിയം സ്കൂളുകളുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം, എണ്ണമല്ല മറ്റുചില താൽപര്യങ്ങളാണ് ഗോത്രവിദ്യാർത്ഥികളെ നിർബന്ധിച്ചു മലയാളം പഠിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയമെന്ന്. വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയെ മുൻനിർത്തിയാണ് നാം പലപ്പോഴും മാതൃഭാഷയെ നിർവ്വചിക്കാറുള്ളത്. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ പഠനമാധ്യമം എന്തായിരിക്കണമെന്ന് ഈ കവിത ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്. ഏതൊരു കാവ്യവുമേതൊരുശാസ്ത്രവും ഏതൊരു വേദവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
വൿത്രത്തിൽ നിന്നുതാൻ കേൾക്കവേണം.
പഠന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്ന ആധുനികമായ കാഴ്ചപ്പാടിനു തുല്യമാണ് വള്ളത്തോൾ മുന്നോട്ടുവയ്ക്കുന്ന ആശയവും. ശാസ്ത്രമായാലും സാഹിത്യമാണെങ്കിലും തത്വചിന്ത യാണെങ്കിലും ആശയഹ്രഹണത്തിന് അത് മാതൃഭാഷയിൽത്തന്നെ പഠിക്കണമെന്നാണ് കവിത ഓർമ്മപ്പെടുത്തുന്നത്. വിദ്യാഭ്യാസ അവകാശം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലും പഠന മാധ്യമം മാതൃഭാഷയാക്കേണ്ടതാണ്. എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിയമം അനുശാസിക്കുന്നത്. അതായത് അധ്യാപകന്റെ വിനിമയഭാഷയല്ല കുട്ടികളുടെ വ്യവഹാര ഭാഷയായിരിക്കണം സ്കൂളുകളിലെ പഠന മാധ്യമം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നൽകുന്നത്. ഇത്രത്തോളം അവകാശം കുട്ടികൾക്കു വിദ്യാഭ്യാസനിയമം നൽകു മ്പോഴാണ് ഗോത്രവിദ്യാർത്ഥികൾ മാതൃഭാഷയല്ലാത്ത മലയാള മാധ്യമത്തിൽ പഠിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അതിലുപരി ഈ വിഭാഗം വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ ഇല്ലാ എന്നുള്ളതാണ് യാഥാർത്ഥ്യം.ഇവിടെയാണ് മനുഷ്യാവകാശ ധ്വംസനം നടക്കുന്നത്. മനുഷ്യാവകാശധ്വംസനം "മനഷ്യാവകാശധ്വംസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും അടിസ്ഥാന പരരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണ്". ഇത് 11 ഇനങ്ങളായി ഐക്യരാഷ്ട്രസഭ നിർവ്വചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ പരാമർശിക്കുന്നു. 1.ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ 2.വിദ്യാഭ്യാസം നിഷേധിക്കപ്പെടുക സാധാരണ പൗരന് ലഭിക്കുന്ന പരിഗണനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷ സംസാരിക്കാനും മാതൃഭാഷയിൽ പഠനം നടത്താനുമുള്ള അവകാശം. മാതൃഭാഷയിൽ ആദിവാസികൾ സംസാരിക്കുന്നത് അവരുടെ കുടികളിൽ അവരുടെ കൂട്ടായ്മയിൽ മാത്രമാണ്. പൊതുസമൂഹത്തോട് സംവദിക്കുന്നത് മലയാളത്തിലാണ്. ഇതിന്റെ മറ്റൊരു വശമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പ്രായോഗികതലത്തിൽ ഒരു ആദിവാസിക്കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്നില്ലെന്നു പറയാം. വിദ്യാഭ്യാസവകുപ്പിന്റെ രേഖകൾ പ്രകാരം അഞ്ചുവയസ്സു കഴിയുന്ന എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു. കുറേക്കാലം അവർ ക്ലാസുകളിൽ ഇരിക്കുന്നു പിന്നെ പതുക്കെ പഠനം നിർത്തുന്നു. മലയാളവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവർ മാത്രം പഠനം പൂർത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആദിവാസി സമൂഹത്തിൽ വളരെ കുറവാണെന്നുകാണാം. മാതൃഭാഷയിൽ പഠിക്കാൻകഴിയാത്തതാണ് വലിയൊരളവോളം ഇതിന്റെ കാരണം. ഇവിടെ മാതൃഭാഷയുടെ നിഷേധവും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഒന്നുതന്നെ എന്നുപറയാം. കാരണം ലോകബോധത്തെ രൂപപ്പെടുത്തുന്നത് മാതൃഭാഷയാണ്. ലോകബോധത്തിന്റെ വളർച്ച തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ചിന്തയുടെമാധ്യമം, അപഗ്രഥനത്തിന്റെമാധ്യമം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മാതൃഭാഷയെ ആണ്. ചിന്തിച്ചും അപഗ്രഥിച്ചുമാണ് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. മാതൃഭാഷയിലല്ലാതെ പഠിക്കേണ്ടിവരുന്നതുകൊണ്ടാണ് ചിന്താശേഷിയും പ്രതികരണവും കുറഞ്ഞവരായി ഇവർ മാറുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും അവർ നേടുന്ന വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടാണ് ഭാഷാതലത്തിൽ മനുഷ്യാവകാശധ്വംസനം ആദിവാസികൾക്കിടയിൽ നടക്കുന്നു എന്നു പറയേണ്ടിവരുന്നത്. സ്കൂളുകളിൽ, ഗോത്രവിദ്യാർത്ഥികളെ അവരുടെ മാതൃഭാഷകളിൽ പഠിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ക്ലാസ്സ് മുറികളിൽ അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, മലയാളം മനസ്സിലാകാത്ത ഗോത്ര വിദ്യാർത്ഥികളെ പരിഹസിക്കാനാണ് പലപ്പോഴും അധ്യാപകർ മുതിരാറ്. മനസിലാകാത്ത ഭാഷാലോകവും പരിഹാസവുമാണ് ക്ലാസ് മുറികളിൽ ഗോത്രവിദ്യാർത്ഥികളുടെ ഒറ്റപ്പെടലിന്റേയും തുടർന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും യഥാർത്ഥ കാരണം. കഴിഞ്ഞവർഷം വയനാടു ജില്ലയിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം SSAയുടെ കണക്ക് പ്രകാരം 1185 അണ്. ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഇങ്ങനെയാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 100 കുട്ടികളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നത് 13.9 ശതമാനം മാത്രമാണ്. കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ കുട്ടികൾ +2പഠനം പൂർത്തിയാക്കുന്നുണ്ടെന്നു പറയാം. ഇത്തരം കൊഴിഞ്ഞുപോക്കിനു പരിഹാരം കാണണമെങ്കിൽ ആദിവാസി സംസ്കാരവും കലകളും സാഹിത്യവും ഭാഷയും ക്ലാസ് മുറികളിലെങ്കിലും അവഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപത്തിനിരയാകുന്നില്ലെന്നും ഉറപ്പുണ്ടായാൽ മതി. അതിനു മുൻകൈയ്യെടുക്കേണ്ടവർ അധ്യാപകർ തന്നെയാണ്. ആദിവാസിക്കഥകളും പാട്ടുകളും ഭാഷയും ക്സാസ് മുറിയിൽ മുഴങ്ങുമ്പോൾ തന്റേതായ ഇടം ഉപേക്ഷിച്ചോടിപ്പോകാൻ ഒരു ഗോത്രവിദ്യാർത്ഥിയ്ക്കും കഴിയില്ല. അതിനുള്ള സാഹചര്യമാണ് ഗോത്രവിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടത്. ആദിവാസി കുട്ടികൾക്കായി മാത്രം നടത്തുന്ന MRS സ്കൂളുകളിൽ പോലും അവിടുത്തെ വിദ്യാർത്ഥികളുടെ ഭാഷയിലല്ല പഠിപ്പിക്കുന്നത്. പകരം അധ്യാപകന്റെ ഭാഷയിലാണ്. കുറഞ്ഞത് പ്രൈമറി തലത്തിലെങ്കിലും ഗോത്രവിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടാകണം. എങ്കിലെ ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന കോടികൾകൊണ്ട് അവർക്കു പ്രയോജനം ഉണ്ടാവുകയുള്ളു. ഈയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സന്മനസ് ഗോത്രബന്ധു അധ്യാപകർ പ്രകടിപ്പിച്ചാൽ മാത്രമേ ഗോത്രബന്ധു എന്ന് അവരെ വിശേഷിപ്പിക്കാൻ കഴിയൂ.