"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മാവിൻചുവട്ടിലെ കുളിർക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:32, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മാവിൻചുവട്ടിലെ കുളിർക്കാലം / മുഹമ്മദ് സിനാൻ ആർ.കെ

തുരുമ്പടിച്ച ഇരുമ്പിൻ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ. മുന്നിൽ നടു നിവർത്തി നിൽക്കുന്ന മുത്തശ്ശിമാവും അതിന്റെ വിശാലമായ തണലും. ഒരു പക്ഷേ മാക്കൂട്ടത്തിലെ അവസാന കണ്ണി ഇവനായിരിക്കില്ലേ, ഞാനോർത്തു. പണ്ടെന്നോ തന്റെ മടിത്തട്ടിലൂടെ പോയ ഒരു നടപ്പാതയല്ലേ ഇന്നീ പടുകൂറ്റൻ വാഹനങ്ങളോടുന്ന ദേശീയ പാതയായി മാറിയത്. എന്റെ മനസ്സ് മിന്നൽ വേഗതയിൽ അലഞ്ഞുകൊണ്ടേയിരുന്നു. നിർത്താതെ ഉത്തരങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്ന സഹപാഠികളുടെ ശബ്ദം ഒരു പുകപടലം പോലെ മാത്രം. ചീറിപ്പായുന്ന വാഹനങ്ങൾ ചിറകടിച്ചു പറക്കുന്ന ചെറുപ്രാണികളെപ്പോലെയും.

പെട്ടെന്ന് കവിളത്തുകൊണ്ട ഒരു ചോക്കിൻ കഷ്ണം എന്നെ ദിവാസ്വപ്നങ്ങളിൽ നിന്ന് തിരികെ വിളിച്ചു. നോക്കിയപ്പോൾ ഇരുകൈകളും നടുവിന് കൊടുത്ത് എന്റെ നേരെ നിൽക്കുന്ന ടീച്ചർ. പെട്ടെന്നുണ്ടായ ഒരു നിശബ്ദതയോടെ ചുറ്റുമുളള കുട്ടികൾ എന്നെ നോക്കുന്നു. ഞാനെന്തോ വലിയ കുറ്റം ചെയ്തപോലെ. അതെന്നെ ഒട്ടും അലട്ടിയില്ല. പക്ഷേ ആഴക്കടലിനോളം സ്‌നേഹം തരുന്ന ഒരു അദ്ധ്യാപികയെ ഒരു തുളളിക്ക് പോലും വിഷമിപ്പിക്കരുതല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ ആവർത്തിച്ചു മുഴങ്ങിയത്. ടീച്ചർക്ക് എന്നോടുളള സ്‌നേഹവും വാത്സല്യവും കൊണ്ടാവും ഒരു വേള എന്റെ ശ്രദ്ധ തെറ്റിയപ്പോൾ ടീച്ചറെ ചൊടിപ്പിച്ചത്. ക്ലാസ്സിന്റെ കോണിൽ സ്ഥിരതാമസമാക്കിയ ഒരു കുഞ്ഞൻ ബ്ലാക്ക് ബോർഡിൽ നിറയെ ചതുരങ്ങളും ത്രികോണങ്ങളും പിന്നെ വെണ്ടക്കാ അക്ഷരത്തിൽ എഴുതിവെച്ച ഒരു ചോദ്യവും. വിസ്തീർണ്ണം കണ്ടുപിടിക്കുക. നോട്ട്ബുക്കും പേനയുമെടുത്ത് ഞാൻ ഉത്തരങ്ങൾ എഴുതിത്തുടങ്ങിയപ്പോഴും ടീച്ചറുടെ നോട്ടം എന്റെ നേരെത്തന്നെയുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട ടീച്ചറെ വിഷമിപ്പിച്ചതിന്റെ കുറ്റബോധം ഉണ്ടായിരുന്നു എനിക്ക്. അപ്പോഴാണ് രക്ഷയുടെ കാഹളം മുഴങ്ങുന്നത് പോലെ ഇടവേളയുടെ നീണ്ട ബെല്ലടിച്ചത്. കുതിച്ചുയർന്ന ഹൃദയമിടിപ്പ് മെല്ലെ അതിന്റെ താളം തിരികെപ്പിടിച്ചു വരികയായിരുന്നു. സിനാൻ, ഒന്നിങ്ങോട്ടു വന്നേ..., ടീച്ചറുടെ മധുര ശബ്ദം. ക്ലാസിൽ ഈയിടെയായി ശ്രദ്ധ കുറയുന്നുണ്ട്, ഞാൻ വാപ്പച്ചിയോട് പറയണോ വേണ്ട, ഒരു നിറപുഞ്ചിരിയോടെ ഞാനാ ചെറുശകാരത്തെ മറികടന്നു. നാളത്തെ മത്സരത്തിന് തയ്യാറല്ലേ നീ, പ്രൈസടിക്കണം. ഓ...... ഞാൻ ശ്രമിക്കാം, ടീച്ചർ. കുറച്ചു നേരത്തേക്ക് കുറച്ചിലോടെയുളള ഒരു കളളച്ചിരിയായിരുന്നു എന്റെ മുഖത്ത്.

വിശാലമായ ഒരു ഹാളിൽ വെച്ചായിരുന്നു മത്സരം. പ്രശ്‌നോത്തരി നയിക്കുന്ന അദ്ധ്യാപകൻ മത്സരത്തിന്റെ നിയമങ്ങൾ വായിച്ചുതുടങ്ങി. പിന്നെ ചോദ്യങ്ങൾ ഓരോന്നോരോന്നായി. അവസാന ചോദ്യവും കഴിഞ്ഞപ്പോൾ സന്തോഷം ഒരു വൈദ്യുതി തരംഗം പോലെ എന്നിലൂടെ പ്രവഹിച്ചു. ഒന്നാം സ്ഥാനം! ദൈവം അനുഗ്രഹിച്ചു. ഹാളിന്റെ പുറകുവശത്തായി എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ടീച്ചർ. ഞാൻ തിരിഞ്ഞു നോക്കി. പ്രകാശം പരത്തുന്ന ഒരു പുഞ്ചിരിയോടെ ടീച്ചർ എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഒന്നാം സ്ഥാനക്കാരന്റെ ട്രോഫിയുമായി ഞാനും ടീച്ചറും സ്‌കൂൾ മുറ്റത്ത് ബസ്സിറങ്ങിയപ്പോൾ ഇരുകൈകളും നീട്ടി എന്നെ സ്വീകരിക്കാൻ ഞാൻ മാതൃ തുല്യം സ്‌നേഹിച്ച മറ്റൊരധ്യാപിക അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മാവിൻചുവട്ടിലെ മധുരസ്മൃതികൾ മുകിലോളം മനോഹരം.