"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ശുചിത്വപ്പെരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ശുചിത്വപ്പെരുമ എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ശുചിത്വപ്പെരുമ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വപ്പെരുമ

വിഷയം : ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.

ശുചിത്വം എന്നത് ഒരു സംസ്കാരമാണ്. "സ്വാതന്ത്രത്തേക്കാൾ പ്രധാനമാണ് പൊതു ശുചിത്വം" എന്ന ഗാന്ധിജിയുടെ വാക്കുകൾ ഞാനിവിടെ ഉണർത്തുന്നു. ശുചിത്വം നിലനിർത്തുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം അനാരോഗ്യവും ദുർഗന്ധവും അഴുക്കും മലിനജലവും മലിന വസ്തുക്കളും ഒഴിവാക്കുക എന്നതാണ്. സാധാരണയായി രണ്ടു തരത്തിലുള്ള ശുചിത്വമുണ്ട്. ഒന്ന് ശാരീരിക ശുചിത്വവും മറ്റൊന്ന് പരിസരശുചിത്വവും. ശാരീരിക ശുചിത്വം നമ്മെ പുറത്ത് വൃത്തിയാക്കുകയും നമുക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. പരിസര ശുചിത്വം നമ്മുടെ ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് പൂർവികർ തിരിച്ചറിഞ്ഞിരുന്നു. നല്ല ആരോഗ്യാവസ്ഥ നല്ല ശുചിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നും അവർ തിരിച്ചറിഞ്ഞിരുന്നു. ഇല്ലായ്മകളുടെ കാലത്ത് പോലും ശുചിത്വത്തിന്റെ കാര്യത്തിൽ അവർ ശ്രദ്ധ ചെലുത്തിയിരുന്നു എന്നതിന് പൂർവകാല ചരിത്രം സാക്ഷിയാണ്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് നാം അവകാശപ്പെടുമ്പോഴും പരിസര ശുചിത്വത്തിന്റയും പൊതുശുചിത്വത്തിന്റെയും കാര്യത്തിൽ നാം വേണ്ടത്ര പരിഗണന നൽകുന്നുണ്ടോ എന്ന് ഒന്നു കൂടെ വിചിന്തനം നടത്തേണ്ടതുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു ?

വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്. നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണിത്. ആരും കാണാതെ മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ കൊണ്ടുപോയി തള്ളുകയും ഒഴിഞ്ഞ പറമ്പുകളിൽ നിക്ഷേപിക്കുകയും നിരത്തുവക്കിൽ ഇടുകയും ചെയ്യുന്ന മലയാളി സമൂഹത്തിന്റെ അവസ്ഥ എത്ര ലജ്ജാവഹമാണ്. സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുകയും സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് എറിയുകയും ചെയ്യുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.

ഈയഅവസ്ഥ തുടർന്നാൽ "സുന്ദര കേരളത്തിന് " "മാലിന്യ കേരളം" എന്ന ബഹുമതിയിലേക്ക് എത്തി ചേരാൻ അധിക നാൾ വേണ്ടി വരില്ല. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മെ നോക്കി പല്ലിളിക്കുന്നു. ഇതിന്റെയെല്ലാം പരിമിത ഫലമാണല്ലോ ഇന്ന് നാം അനുഭവിക്കുന്ന പല രോഗങ്ങളും.

ലോക ജനതയെ ഒന്നടങ്കം വിറപ്പിക്കുന്ന മഹാമാരി ആണല്ലോ Corona Virus Disease (COVID 19). ഈ രോഗത്തിന് മരുന്ന് കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ അതിന്റെ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. എങ്ങുനിന്നോ വന്ന ഒരു വൈറസ് ഏവരിലും കയറി കൊല നടത്തി കുതിച്ചു പായുന്നു. മനുഷ്യരാശിയെ ധാരാളം പാഠം പഠിപ്പിച്ച് ഈ കൊലകൊമ്പൻ ശുചിത്വത്തിന്റെ മഹത്വം നമ്മെ അറിയിച്ചു. നിസ്സാരമായി കഴുകാറുള്ള നമ്മുടെ കൈകളെ ശുചിത്വ ബോധത്തോടെ എങ്ങനെ കഴുകണമെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു.

ശുചിത്വം ആരോഗ്യത്തിന്റെ പ്രശ്നമായ തിനാലാണ് നമ്മുടെ സർക്കാർ ഇതിനായി ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അതിലൊരു നാഴികക്കല്ലാണ് കേരള സർക്കാരിന്റെ ശുചിത്വ മിഷൻ. വിദ്യാർഥികളായ നമ്മളിൽ നിന്നു തന്നെ നല്ല ശുചിത്വശീലങ്ങൾ തുടങ്ങേണ്ടേ ?

അതിനാൽ ഈ മഹാമാരി പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ശുചിത്വ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ആരോഗ്യത്തോടെ നമുക്ക് മുന്നേറാം.

ഹിന എ. പി
6 D എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം