Schoolwiki സംരംഭത്തിൽ നിന്ന്
ലോകഹിതമാണെന്റെ ലക്ഷ്യം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. പരിസ്ഥിതി നശീകരണം മൂലം നമ്മുടെ കൊച്ചു കേരളവും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്.
ഇന്ന് നാം ഏറ്റവും കൂടുതൽ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നത് പരിസ്ഥിതിയെയാണ്. ഭൂമി നമ്മുടെ പൊതു ഭവനമാണ്. ഭൂമിയുടെ മാറിൽ തലചായ്ച്ചുറങ്ങുന്ന നമ്മൾ നമ്മുടെ ഏവരുടെയും അമ്മയായ പ്രകൃതിയെ ക്രൂരമായി കൊല്ലുകയാണ്. മനുഷ്യർ സ്വകാര്യ ലാഭത്തിനു വേണ്ടി ചതുപ്പുനിലങ്ങൾ നികത്തുകയും അവിടെ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുകയും ചെയ്യുമ്പോൾ നാം പല കാര്യങ്ങളും വിസ്മരിക്കുന്നു. ഭൂമിയുടെ ജല നിധിയിലാണ് നാം കൈ വെക്കുന്നതെന്ന് മറന്ന് പോകുന്നു. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോ ദിവസം കൂടും തോറും ഏറിവരികയാണ്. പ്ലാസ്റ്റിക് 400 വർഷത്തോളം അഴുകാതെ ഭൂമിയിൽ കിടക്കും. ഇത് ഭൂമിയിൽ ജലം താഴ്ന്നിറങ്ങുന്നത് തടയും. ഭൂമിക്ക് ജലം ആഗിരണം ചെയ്യാനുള്ള കഴിവ് കുറയും. പ്ലാസ്റ്റിക് ചൂടിന്റെ തീവ്രത കൂട്ടും. 2016-ൽ കേരളത്തിൽ ഏറ്റവും കുറച്ചു മഴ പെയ്ത വർഷമാണ്. അതുപോലെ 2018-ൽ വേനൽക്കാലത്തെിലെ അതി കഠിനാമായ ഉഷ്ണം മലയാളികൾക്ക് വിസ്മരിക്കാനാവില്ല. ജല ക്ഷാമം കാരണം ലോറികളിൽ വരുന്ന വെള്ളത്തെ ആശ്രയിച്ചവരാണ് മിക്ക മലയാളികളും. നമ്മുടെ നാശത്തിലേക്കുള്ള വഴി നാം തന്നെ തിരഞ്ഞെടുക്കുകയാണ് എന്നത് ഏറെ സങ്കടകരമായ കാര്യമാണ്.
എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആഘോഷിക്കാറുണ്ട്. എന്നാൽ ആ ആഘോഷത്തിനിടയിലും പരിസ്ഥിതിയുടെ പ്രാധാന്യത്തെ ഉൾകൊള്ളാൻ നമ്മൾ ആരും മനസറിഞ്ഞു ശ്രമിക്കാറില്ല എന്നതാണ് സത്യം. ചിന്തിക്കാൻ കഴിവുള്ള ഏക ജീവിയാണ് മനുഷ്യൻ, എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മറ്റു ജീവികളേക്കാൾ പുറകിലാണ് മനുഷ്യർ. പ്രകൃതിയെ കൊല്ലുന്ന ഏക ജീവിയാണ് മനുഷ്യർ. നാം കാരണം മറ്റു ജീവികളുടെ നിലനില്പും ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സമൂഹത്തിന് നൽകണം. നമ്മൾ ഉപയോകിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തിരിച്ചു വാങ്ങിച്ചു റീസൈക്കിൾ ചെയ്ത് വീണ്ടും പുനരുപയോഗിക്കാനുള്ള ടെക്നോളജി നാം വികസിപ്പിക്കണം ഭൂമിയിൽ നിന്നും നമ്മുടെ ഇന്ത്യയിൽ നിന്നും തന്നെ പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നടപടികൾ ആവിഷ്കരിക്കണം.ഇല്ലെങ്കിൽ ഓസോൺ പാളിക്ക് ഉണ്ടാവുന്ന വിള്ളലും അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതും നമ്മൾക്കു വലിയ ആഘാതങ്ങൾ സൃഷ്ട്ടിക്കും.
ഇന്ത്യയിലും കേരളത്തിലും വാനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്നു. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴിമാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ.
ഇന്ന് ലോകത്ത് 92% ജനങ്ങളും മലിന വായുവാണ് ശ്വസിക്കുന്നത്. വായു മലിനീകരണം കൊണ്ട് നിരവധിയായ രോഗങ്ങളും, ജനങ്ങൾ മരിക്കുന്ന സാഹചര്യവും ഉണ്ടാവുന്നു. വർധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സക്കായി ഓരോ രാജ്യത്തിനും കോടിക്കണക്കിനു തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. മലിനീകരണം ഒഴിവാക്കിയാൽ അത് മൂലം ഉണ്ടാകുന്ന രോഗങ്ങളും തന്നെ മാറും. പരിസ്ഥിതിയെ കുറിച്ചും, വായു മലിനീകരണത്തെ കുറിച്ചും, വന സംരക്ഷണത്തെ കുറിച്ചും ബോധവാന്മാരായ ഒരു തലമുറയെ നമ്മുക്ക് വളർത്തിയെടുക്കണം. അതുവഴി പരിസ്ഥിതിയെയും, ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ നമുക്ക് കഴിയണം.
നാം ചെയ്തുകൊണ്ടിരിക്കുന്ന ദൂഷ്യപ്രവർത്തികൾക്കെതിരെ ഇന്ന് പ്രകൃതി പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. തന്നെ വേട്ടയാടുന്ന മാനവർക്കുമുന്നിൽ പ്രകൃതി തന്റെ രൗദ്ര ഭാവം കാണിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ് നാം ഇന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ.
"കൊറോണ " എന്ന മഹാവിപത്ത് മനുഷ്യനെ ഇന്ന് വേട്ടയാടിക്കൊണ്ടിരിക്കുന്നു. ജീവൻ മരണ പോരാട്ടത്തിലൂടെയാണ് മാനവവിഭാഗം ഇന്ന് കടന്നുപോകുന്നത്. ഈ സങ്കടകരമായ നിമിഷത്തിലും കേരളജനതയ്ക്ക് ആശ്വാസകരമാവുന്നത് കേരളത്തിലെ ആരോഗ്യസംവിധാനമാണ്. പ്രകൃതിയിലുണ്ടായ ചില മാറ്റങ്ങളാണ് കോറോണപോലുള്ള സാംക്രമിക രോഗങ്ങൾക്ക് കാരണമാവുന്നത്. വവ്വാലുകളുടെ ആവാസ സ്ഥലങ്ങളിലേക്ക് മനുഷ്യർ കടന്നുകയറിയതാണ് കോവിഡ് -19 എന്ന വൈറസ് മനുഷ്യരിലെത്താൻ കാരണമയത് എന്നും പറയപ്പെടുന്നു. പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങളാണ് ജന്തുജന്യങ്ങളായ എല്ലാ സാംക്രമിക രോഗങ്ങളും പടർന്നു തുടങ്ങിയത്.
ഇതുപോലെയുള്ള സാംക്രമിക രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ നമ്മളെ രക്ഷിക്കുന്നത് വ്യക്തിശുചിത്വമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഇനിയും ഒരുപാട് മുന്നോട്ട് വരേണ്ടതായുണ്ട്. വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും പ്രാധാന്യം കല്പിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനെ കൈ വരും. നമ്മൾ പൊതു സ്ഥലത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളുടെ അളവ് നിയന്ത്രിച്ചാൽ തന്നെ പരിസര ശുചിത്വം നിലനിർത്താം
ജപ്പാനിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമാവാൻ കാരണം അവരുടെ നല്ല ശീലങ്ങളാണെന്ന് ചുണ്ടിക്കാട്ടപ്പെടുന്നു. അവർ കൈകൊടുകാറും, കെട്ടിപിടിക്കാറുമില്ല മറിച്ച് ഉപചാരം പ്രകടിപ്പിക്കുന്നത് തലകുനിച്ചാണ്. ഈ രോഗം വരുന്നതിന് മുമ്പും അവർ സാനിറ്റിസർ ഉപയോഗിച്ചു കൈ കഴുകുന്ന ശീലമുണ്ടായിരുന്നു. നമ്മൾ വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ അവരെ മാതൃകയായി സ്വികരിക്കാം. നമ്മുടെ പ്രതിരോധത്തിന്റെ പ്രധാന വിജയം "ബ്രേക്ക് ദി ചെയിൻ " ഫലപ്രദമായി നടപ്പിലാക്കിയതാണ്. ഈ പദ്ധതി മൂലം പൊതു സ്ഥലങ്ങളിൽ കൈ കഴുകാനുള്ള സാമഗ്രികൾ എത്തിക്കുകയും, ആളുകളെ ശുചിത്വത്തെ പറ്റി ബോധവാന്മാരാക്കുകയും ചെയ്തു.
നാം ഇന്ന് ഏറെ പ്രാധാന്യം നൽകേണ്ട മേഖലയാണ് രോഗപ്രധിരോധ മേഖല. ഒറ്റക്കെട്ടായി നിന്ന്കൊണ്ട് രോഗങ്ങളെ തുരത്തുവാനുള്ള മാർഗമാണ് ഏറ്റവും നല്ലത്. രോഗം വന്നതിന് ശേഷം ചികിത്സ ലഭ്യമാക്കുന്നതിനേക്കാൾ ഏറെ നല്ലത് രോഗം വരാതെ പ്രധിരോധിക്കുന്നതാണ്.
കേരളത്തിൽ നിപ പടർന്ന കാലത്ത് ഒട്ടേറെ മരങ്ങൾ വവ്വാലുകൾ ചേക്കേറുന്നതാണെന്ന് പറഞ്ഞു വെട്ടി നശിപ്പിക്കുകയുണ്ടായി. ഇത്തരം രോഗങ്ങൾ തടയാനെന്ന പേരിൽ പരിസ്ഥിതി നശീകരണം നടത്തുന്നത് ശരിയല്ല. അത് അവരുടെ വാസസ്ഥലങ്ങൾ ഇല്ലാതാക്കുകയും, വവ്വാലുകൾ മനുഷ്യരുടെ വാസസ്ഥലങ്ങളിലേക്ക് ചേക്കേറുകയും ചെയ്യും അത് രോഗം പടരുന്നതിന് കൂടുതൽ സാധ്യതയുണ്ടാക്കും. ഇതുപോലുള്ള രോഗങ്ങൾ പടരുന്നത് ചെറുക്കാൻ, പരിസ്ഥിതിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും, ഈ ജീവജാലങ്ങളുടെ ആവാസസ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്യണം, അത് വഴി മനുഷ്യരുമായി അവയ്ക്കുള്ള സമ്പർക്കം കുറയുകയും ചെയ്യും. അങ്ങനെ രോഗം മനുഷ്യരിലേക്ക് രോഗം പടരുന്നത് തടയാൻ പറ്റും.
"ലോകാസമസ്ത : സുഖിനോ ഭവന്തു : " എന്ന വേദവാക്യം മനസ്സിൽ കുറിച്ചിട്ടുകൊണ്ട് നമുക്ക് രോഗങ്ങളെ പ്രതിരോധിക്കുവാൻ സാധിക്കണം. പണത്തിനും, പദവിക്കും, ജാതിക്കും, മതത്തിനും, കക്ഷിരാഷ്ട്രീയത്തിനും പുറമെ പരിസ്ഥിതിക്കും ശുചിത്വത്തിനും രോഗപ്രധിരോധത്തിനും ആയിരിക്കണം നാം മുൻതൂക്കം നൽകേണ്ടത്. ലോകഹിതമായിരിക്കണം നമ്മുടെ ലക്ഷ്യം ; ലോകാരോഗ്യമായിരിക്കണം നമ്മുടെ സന്ദേശം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|