സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ തിരിച്ചുപിടിക്കണം ജീ വിതം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുപിടിക്കണം,നമുക്ക് ജീവിതം ഓരോ ചുവടിലും


മനുഷ്യവംശം ഇന്നോളം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരികളിലൊന്നിന്റെ പിടിയിലാണ് ലോകം. ഈ മഹാമാരി ഒരിക്കലും ആദ്യത്തേതെന്നോ അവസാനത്തേതെന്നോ നമുക്ക് പറയാനാവില്ല. കാരണം ഇത്തരം ദുരന്തങ്ങൾ പല രൂപങ്ങളിലായി പല കാലഘട്ടങ്ങളിൽ ഇവിടെ സംഭവിച്ചിട്ടുള്ളതും ഇനിയും സംഭവിക്കാൻ സാധ്യതയുള്ളതുമാണ്. പക്ഷേ ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ,സകലമനുഷ്യരെയും കിടുകിടാവിറപ്പിക്കുന്നത് ഒരു കുഞ്ഞൻ വൈറസാണ്.ചൈനയിൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന് അനുമാനിക്കപ്പെടുന്ന 'സാർസ്-കോവ്-2' എന്ന പുതിയ കൊറോണ വൈറസ് ആണ് വില്ലൻ! അതു വരുത്തുന്ന 'കൊറോണ വൈറസ് രോഗം-19' കാട്ടുതീപോലെ പടരുന്നതിനുമുന്നിൽ പലരാജ്യങ്ങളും നിസ്സഹായരാകുന്ന കാഴ്ച നമ്മൾ കണ്ടു,കാണുന്നു. രാജ്യത്തെ ആക്രമിക്കാനെത്തുന്ന ശത്രുക്കൾക്കെതിരെ കോടാനുകോടികൾ മുടക്കി ആവനാഴിയിൽ ആയുധങ്ങൾ സ്വരുക്കൂട്ടിയ പലരാജ്യങ്ങളും ഒരു യഥാർത്ഥ ശത്രുവിനു മുന്നിൽപെട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്ന സ്ഥിതിയാണ്. മിസൈലുകളോ ബോംബുകളോകൊണ്ട് കൊറോണവൈറസിനെ നേരിടാൻ പറ്റില്ലല്ലോ. ഈ പടയോട്ടത്തിൽ ശരിക്കുള്ള യുദ്ധോപകരണം ആയുധങ്ങളുടെ പട്ടികയിൽ ഒരിക്കലും ഇടം പിടിച്ചിട്ടില്ലാത്ത,അങ്ങനെ ആരും ഇതുവരെ കരുതാത്ത വെന്റിലേറ്ററുകൾ ആണെന്ന തിരിച്ചറിവിനു മുന്നിൽ ഇറ്റലിയും അമേരിക്കയും പോലുള്ള രാജ്യങ്ങൾ പകച്ചുപോയത് ലോകം കണ്ടു. ഇന്ന് ലോകമെമ്പാടും ഈ ശത്രുവിനെ തളർത്താൻ ഒറ്റക്കെട്ടായി വീടുകളിൽ അടച്ചിരിപ്പാണ്. സാമൂഹിക അകലംപാലിച്ച് ചെറുക്കാൻ കഴിയാതെ വന്നാൽ നിലവിലെ സൂചനകൾ പ്രകാരം ലോകജനസംഖ്യയിൽ 25 മുതൽ 80% വരെ പുതിയ കൊറോണ വൈറസ് ബാധിക്കാം എന്ന് വിലയിരുത്തുന്നു. ശാസ്ത്രലോകത്തിനു മേൽ വലിയ സമ്മർദ്ദമാണ് ഇത്തരം മഹാമാരികൾ ചെലുത്തുന്നത്. പിടികൊടുക്കാതെ പായുന്ന വൈറസിനെ നിലയ്ക്കുനിർത്തുവാൻ ഔഷധമോ വാക്സിനോ വരുന്നതും കാത്ത് ഗവേഷണലാബുകളിലേലേക്ക് അക്ഷമയോടെ കണ്ണുംനട്ടിരിപ്പാണ് ലോകം. പക്ഷേ ഈ വൈറസിനെ മെരുക്കുക അത്ര എളുപ്പമല്ല. വൈറസിനെതിരെയുള്ള യുദ്ധത്തിൽ വൈദ്യശാസ്ത്രം പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.അതേസമയം പൂർണ്ണമായി കീഴ്പ്പെടുത്താനാകാത്ത വൈറസുകളും ഉണ്ട്. കോവിഡ്- 19ന്റെ കാര്യത്തിലും ഈ രണ്ട് സാധ്യതകളും പരിഗണിക്കേണ്ടതുണ്ട്. അതിനാൽ യാഥാർത്ഥ്യം ഉൾക്കൊള്ളുക, സാമൂഹിക അകലം പാലിക്കുക, താമസിക്കുന്ന സ്ഥലത്തുതന്നെ സുരക്ഷിതരായിരിക്കുക,കൈകൾ സോപ്പും വെള്ളവും കൊണ്ട് ഇടയ്ക്കിടെ കഴുകുക, മാസ്ക് ഉപയോഗിക്കുക, കൈകൊണ്ട് മുഖത്ത് തൊടാതിരിക്കുക,എന്നീ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുക. ഓർക്കുക നമ്മൾ നേരിടുന്നത് അദൃശ്യനായ ഒരു കൊലയാളിയെയാണ്. ഇന്ന് ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും കോവിഡ് ഭീതിയിൽ ലോക്ഡൗണിലാണ്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും മനുഷ്യൻറെ നിത്യജീവിതത്തെയും താളം തെറ്റിന്നതുപോലെയാണ് ലോക്ഡൗൺ നീണ്ടു പോകുമ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ മരുന്നോ മറ്റു മാർഗങ്ങളോ കണ്ടെത്താത്തിടത്തോളം ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നിഷ്കർഷിക്കുന്ന ഈ നിയന്ത്രണങ്ങൾ നമ്മൾ പാലിച്ചേ മതിയാവൂ. ഈ അവസരത്തിൽ നമുക്ക് ഊർജ്ജം പകരുന്ന ഒരു സംഭവ കഥ ഇവിടെ ഉദ്ധരിക്കട്ടെ. 1960 കാലഘട്ടത്തിൽ ലണ്ടനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നഗരം കത്തിച്ചാമ്പലായി. നഗരത്തിലെ ഒരു വ്യാപാരി അടുത്ത ദിവസം തന്റെ വ്യാപാരസ്ഥാപനം തുറക്കാൻ ചെന്നപ്പോൾ കണ്ടത് തലേദിവസം രാത്രിയിലെ തീപിടുത്തത്തിൽ ചാരമായ വ്യാപാര സ്ഥാപനമാണ്. അവിടെയുണ്ടായ സകലവസ്തുക്കളും കത്തിച്ചാമ്പലായിരുന്നു. ഇത് കണ്ട വ്യാപാരി കുറച്ചുനേരം അമ്പരന്നിരുന്നെങ്കിലും അവിടെനിന്ന് ഒരു കരിക്കട്ട എടുത്ത് ആ കടയുടെ ചുവരിൽ എഴുതിവച്ചു; ഞാനീ കട രണ്ടുവർഷംകൊണ്ട് തുറന്നു പ്രവർത്തിപ്പിക്കും, അതുപ്രകാരം അദ്ദേഹം പ്രാവർത്തികമാക്കുകയും ചെയ്തു. അത്തരമൊരിച്ഛാശക്തി നമ്മളിൽ ഉണ്ടെങ്കിൽ എന്തുതന്നെയായാലും ഈ ഒരു പ്രതിസന്ധിയെ നമ്മൾ അതിജീവിക്കും തീർച്ച. പ്രതിസന്ധിഘട്ടങ്ങളിൽ പകച്ചു നിൽക്കുകയല്ല, തരണം ചെയ്യുകയാണ് വേണ്ടത്.രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ അണുബോംബ് വർഷിച്ചപ്പോൾ ആ രാഷ്ട്രം പൂർണമായും തകർന്നുവെന്നും അടുത്തകാലത്തൊന്നും അത് ഉയർത്തെഴുന്നേൽക്കില്ല എന്നും കരുതിയിരുന്നത് പിന്നീട് അവർ അവരുടെ പ്രവർത്തനം കൊണ്ടും ഇച്ഛാശക്തി കൊണ്ടും തിരുത്തി എഴുതി.ഈ ഘട്ടത്തിൽ ഈ ഒരു ചിന്ത നമുക്ക് ഓരോരുത്തർക്കും ഉയർത്തെഴുന്നേൽപ്പിന്റെ പാഠമാണ്.

വരദ
10 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം