സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധം -

Schoolwiki സംരംഭത്തിൽ നിന്ന്
  പ്രതിരോധം   

ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി. രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധസംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. ഏകകോശജീവികൾ മുതൽക്കുള്ള ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം. ബാക്ടീരിയകളെപ്പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾക്കുപോലും ബാക്ടീരിയോഫേജ് ഇനത്തിൽ പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കാൻ പോന്ന ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും (enzyme) സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റുതരം രോഗപ്രതിരോധവ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുകികളിൽ ഇന്ന് കാണുന്ന അതിവിദഗ്ദ്ധമായ പ്രതിരോധസംവിധാനത്തിന്റെ പൂർവ്വരൂപങ്ങളെ ദർശിക്കാം. അണുബാധകളെ തടയുന്ന മാംസ്യങ്ങളായ ഡിഫെൻസിനുകളും, ആന്റീമൈക്രോബിയൽ പെപ്റ്റൈഡുകളും ഹാനികാരകങ്ങളായ കോശങ്ങളെയും അന്യവസ്തുക്കളെയും “വിഴുങ്ങി” നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷകകോശങ്ങളും (phagocytes) മുതൽ രോഗാണുക്കൾക്കെതിരേ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധാനുപൂരകങ്ങൾ (complement) വരെ പ്രതിരോധ ആയുധശേഖരത്തിലെ സങ്കേതങ്ങളാണ്.


Vaishnav V S
- VI L സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം