അകന്നിരിക്കാം നമുക്കിനി
അടുത്തിരിക്കാൻ വേണ്ടി
അകൽച്ചയുടെ ആഴങ്ങളിൽ
മിഴിപ്പൂക്കൾ നനയാതെ
പകർന്നിരിക്കാം ആശ്വാസ ഗീതികൾ
വിരൽത്തുമ്പിലൂടഗ്നിനാളങ്ങളെ
പകർത്താതിരിക്കാൻ
കഴുകിക്കളയാം വിഷബീജങ്ങളെ
വിരലിലൂടെ ശ്വാസ കണികയിലൂടെ
ജീവനെ പറിച്ചെടുക്കാതെ
കരുതലായ് തുണയായ് നിലകൊള്ളാം
ഒരുപോരാളിയെപ്പോലെ...
വിരൽ തൊടും സൗഹൃദങ്ങളെ
തൊഴുകൈപ്പൂക്കളാക്കുക
കനൽക്കാറ്റുപോലെ മരണം വിതച്ച്
മഹാമാരി പെയ്തിറങ്ങുമ്പോൾ
വെളുപ്പിൻ പടച്ചട്ടയണിഞ്ഞ്
ആർദ്രമാം മിഴികളുമായ്
ജീവനു കാവൽ നിൽക്കും
മാലാഖമാരേ
കൂപ്പാം കരങ്ങൾ
നിങ്ങൾക്കായ്
ചൊരിയാം പ്രാർഥനപ്പൂക്കൾ
അതിദൂരെയല്ല പ്രഭാതം