സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മീനുക്കുട്ടിയുടെ കൊറോണാക്കാലം !

Schoolwiki സംരംഭത്തിൽ നിന്ന്
മീനുക്കുട്ടിയുടെ കൊറോണാക്കാലം !

പട്ടണത്തിലെ പൊതുവിദ്യാലയത്തിൽ ആണ് മീനുക്കുട്ടി പഠിക്കുന്നത്. രണ്ടാം ക്ലാസിൽ മീനുകുട്ടിക്ക് ധാരാളം കൂട്ടുകാരൊക്കെ ഉണ്ട്. പെട്ടെന്നാണ് കൊറോണയും ലോക്ഡൗണും എല്ലാം മീനുക്കുട്ടിയുടെ പട്ടണത്തിലുമെത്തിയത്. പക്ഷേ, ലോക്ഡൗൺ എത്തിയപ്പോഴേക്കും മീനുക്കുട്ടി വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വീട്ടിൽ എത്തിയിരുന്നു കേട്ടോ !
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മീനുക്കുട്ടി വലിയ സന്തോഷത്തിലാണ്. കളിക്കാൻ സ്കൂളിലെ കൂട്ടുകാർ ഇല്ലെന്നേയുള്ളൂ. വല്യപ്പച്ചനും വല്യമ്മച്ചിയും ആണ് മീനുക്കുട്ടിയുടെ ഇപ്പോഴത്തെ കൂട്ടുകാർ. മീനുക്കുട്ടിക്കൊരു സംശയം.
"വല്യപ്പച്ചാ,ആരെയും ഇപ്പോൾ പുറത്ത് കാണുന്നില്ലല്ലോ ,അതെന്താ ? " "മോളെ , അത് നാട്ടിലെങ്ങും കൊറോണാ വൈറസ് പടർന്നിരിക്കുകയല്ലേ . അത് പകരാതിക്കുവാനാണ് എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുന്നത് " " അങ്ങനെ പറഞ്ഞാൽ മോൾക്ക് മനസ്സിലാകുമോ ? ഈ കൊറോണാ വൈറസ് എന്ന് പറഞ്ഞാൽ എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കു" അമ്മച്ചി പറഞ്ഞു. "പറയാം. ഒരു കുഞ്ഞൻ വൈറസാണ് കൊറോണ എന്ന് പറയുന്നത്. കുഞ്ഞൻ ആണെങ്കിലും ആളൊരു വില്ലനാണ് . "
"വില്ലനോ ? അതെന്താ അങ്ങനെ പറഞ്ഞത് ?" മീനുക്കുട്ടിയുടെ സംശയം. "പറഞ്ഞുതരാം മോളെ "വല്യപ്പച്ചൻ പറഞ്ഞു തുടങ്ങി.
"നമ്മുടെയൊക്കെ ശരീരത്തിനുള്ളിൽ കയറി ആക്രമിച്ച് അവസാനം നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കുവാൻ ശേഷിയുള്ളവനാണ് ഈ വില്ലൻ വൈറസ് ." മീനുക്കുട്ടിയുടെ സംശയം തീർന്നില്ല ! "വല്യപ്പച്ചാ, അപ്പോൾ ഈ കോവിഡ് -19 എന്ന് പറഞ്ഞാൽ എന്താ ?"
" അതോ ? മുമ്പ് പറഞ്ഞ കൊറോണാ വൈറസ് മൂലമുണ്ടാകുന്ന രോഗത്തെയാണ് കോവിഡ് -19 എന്നു പറയുന്നത്. " മീനുക്കുട്ടിയ്ക്ക് പേടിയാകുവാൻ തുടങ്ങി. പതിയെ വല്യമ്മച്ചിയുടെ മടിയിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു.
" വല്യമ്മച്ചി , നമുക്കും കോവിഡ് -19 രോഗം വരുമോ ?" "അതോ, കോവിഡ് -19 രോഗം ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന ശ്രവത്തിലൂടെ ആണ് ഈ വൈറസ് പകരുന്നത്. "
വല്യപ്പച്ചൻ ഇടപെട്ടു...
"മോള് പേടിക്കണ്ട, കോവിഡ് -19 രോഗം വരാതിരിക്കുവാൻ എന്തുചെയ്യണമെന്ന് അപ്പച്ചൻ പറഞ്ഞു തരാം. മീനുക്കുട്ടി അക്കാര്യങ്ങൾ ചെയ്താൽ മതി.

1. ആൾക്കാരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കണം
2. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.
3. കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകണം.
4. മൂക്കിലും കണ്ണിലും മുഖത്തുമൊക്കെ അനാവശ്യമായി തൊടുന്നത് ഒഴിവാക്കണം. "

"അത് മാത്രം പോര കേട്ടോ, രോഗ പ്രതിരോധ ശേഷി കൂട്ടുന്ന നല്ല ഭക്ഷണം കഴിക്കുകയും വേണം " വല്യമ്മച്ചി കൂട്ടിച്ചേർത്തു. അൽപസമയം മീനുകുട്ടി എന്തോ ചിന്തിച്ചിരുന്നു. വല്യപ്പച്ചൻ ചോദിച്ചു
"എന്താ മോളെ ?" "വല്യപ്പച്ചാ, പൊതുഇടങ്ങളിൽ തുപ്പരുത് എന്ന് രണ്ടാം ക്ലാസിലെ മലയാളം പുസ്തകത്തിലെ കുട്ടിപ്പുര എന്ന പാഠത്തിൽ, വൃത്തിയുള്ള പരിസരം എന്ന പാഠഭാഗം ടീച്ചർ പഠിപ്പിച്ചത് ഓർക്കുകയായിരുന്നു. " മീനുക്കുട്ടി പറഞ്ഞു നിർത്തി.

സാന്ദ്ര ഷോബിൻ
2 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ