സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/ഉറവിട മാലിന്യ സംസ്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
ഉറവിട മാലിന്യ സംസ്കരണം: പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും

കേരളം നേരിടുന്ന അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നമാണ്  അനുനിമിഷം കുമിഞ്ഞ് കേരളത്തെ ആകെ മൂടിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങൾ .ഉപയോഗിക്കുക, ഉപേക്ഷിക്കുക എന്ന മലയാളിയുടെ മനോഭാവം ആണ് ഈ കൊടിയ വിപത്തിന് അടിസ്ഥാനം. ഉപഭോഗ സംസ്കാരത്തിന്റെ നീരാളിപ്പിടുത്തത്തിൽ അമർന്നിരിക്കുന്ന നമ്മെ ശ്വാസം മുട്ടിച്ച് ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന്റെ ഗൗരവവും പരിഹാരമാർഗ്ഗങ്ങളും പഠനവിധേയമാക്കുന്നതിനും പ്രായോഗിക പഥത്തിൽ എത്തിക്കുന്നതിനും ഇനിയും വൈകിക്കൂടാ .വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഏതൊരു വികസിത രാജ്യത്തെയും വെല്ലുന്ന പൂർണത നാം കൈവരിച്ചിട്ടുണ്ട് എങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ  ആശങ്കകൾ നിലനിൽക്കുന്നു . നവീന ജീവിതശൈലി ,ഉപഭോഗസംസ്കാരം ഭൂമിയുടെപരിമിതി , ജനസംഖ്യാവർദ്ധനവ് തുടങ്ങിയ പ്രശ്നങ്ങൾ കേരളത്തിന്റേതു മാത്രമല്ലെന്ന് സമ്മതിക്കുമ്പോഴും കേരളീയരുടെ ജീവിതരീതിയിലും മനോഭാവത്തിലും പെട്ടെന്നുണ്ടായ വീണ്ടുവിചാരം ഇല്ലായ്മ മാലിന്യ പ്രശ്നത്തെ അതിഭീകരം ആക്കിയിരിക്കുകയാണ്. വ്യക്തിശുചിത്വത്തിനും ഗൃഹ ശുചിത്വത്തിനും ഏറെ ശ്രദ്ധിക്കുന്ന മലയാളി പക്ഷേ പരിസരശുചിത്വവും സാമൂഹ്യ ശുചിത്വവും ശ്രദ്ധിക്കുന്നേയില്ല എന്ന് തന്നെ പറയണം. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അന്യന്റെപറമ്പിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ വലിച്ചെറിയാൻ ആണ് നമുക്ക് ഇഷ്ടം. മണ്ണിനെ മാത്രമല്ല  ജലാശയങ്ങളെയും വായുവിനെയും വിഷമയം ആക്കിയിരിക്കുകയാണ് നാം.  മനോഭാവത്തിലും  ജീവിതശൈലികളിലും മലയാളി  മാറ്റം വരുത്തിയാൽ മാത്രമേ  നവകേരള സൃഷ്ടി യാഥാർഥ്യമാകൂ.

         ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ പ്രതിഫലനമാണ്. കുമിഞ്ഞുകൂടുന്ന മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഇന്ന് ഗ്രാമ -നഗര വ്യത്യാസമില്ലാത്ത പ്രതിഭാസങ്ങൾ അല്ലേ? മാലിന്യപ്രശ്നങ്ങൾ ഇത്ര രൂക്ഷമാകാൻ പല കാരണങ്ങളുമുണ്ട്. ശുചിത്വത്തിലുള്ള അലസമനോഭാവം, മാലിന്യപ്രശ്നങ്ങളുണ്ടാക്കുന്ന വിപത്തുകളെ കുറിച്ചുള്ള അജ്ഞത, സ്വാർത്ഥത ,ആധുനിക യാന്ത്രിക ജീവിത ശൈലി തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് ഇതിന് പിന്നിൽ.താൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത്  മറ്റാരോ ആണെന്ന തെറ്റിദ്ധാരണ ആണ് നമുക്കൊക്കെ .തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ സംഘടനകളൊ ചെയ്യേണ്ട കാര്യം ആണ് ഇത് എന്നൊരു ധാരണയാണ് മലയാളിക്ക്. ഞാൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് ൻറെഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും കരുതണം. ഇതാണ് ഉറവിടത്തിൽ തന്നെ മാലിന്യങ്ങളെ സംസ്കരിക്കുന്ന രീതി. ഉറവിടമാലിന്യസംസ്കരണ രീതി അവലംബിക്കുമ്പോൾ മാത്രമേ കേരളം അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

 

                 മനുഷ്യൻ പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെടുന്ന വീടുകൾ , ഓഫീസുകൾ , വിദ്യാലയങ്ങൾ, ആശുപത്രികൾ ഹോട്ടലുകൾ ,കാറ്ററിങ് യൂണിറ്റ്കൾ, ചന്തകൾ, അറവുശാലകൾ കോഴിയിറച്ചി ഫാക്ടറികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങി സമൂഹത്തിൻറെ വിവിധ മേഖലകൾ മാലിന്യകേന്ദ്രങ്ങളായി മാറുകയാണ് .   മാലിന്യങ്ങളെ വേർതിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുകയും, ശേഖരിക്കുകയും, സംസ്കരിക്കുകയും ചെയ്യേണ്ടത് അതിപ്രധാനമാണ് . പ്ലാസ്റ്റിക് കൂടുകൾ, ഒറ്റത്തവണ ഉപയോഗിക്കാനുള്ള കപ്പുകൾ, പ്ലേറ്റുകൾ, ഫ്ലക്സ് ബോർഡ്കൾ തെർമോകോൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ നിർമാണസാമഗ്രികളുടെ അവശിഷ്ടങ്ങൾ, മലം, മൂത്രം, തുപ്പൽ ,ചപ്പുചവറുകൾ, ആഹാര അവശിഷ്ടങ്ങൾ, ഓടമാലിന്യങ്ങൾ മത്സ്യ- മാംസഅവശിഷ്ടങ്ങൾ, ആശുപത്രിമാലിന്യങ്ങൾതുടങ്ങിയയാണ് ഖരമാലിന്യങ്ങൾ    ഖരമാലിന്യങ്ങൾഉറവിടത്തിൽ വെച്ചുതന്നെ ജൈവ -അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സംഭരിക്കുക എന്നതാണ് മാലിന്യസംസ്കരണത്തിന്റആദ്യപടി.
                   ജൈവമാലിന്യങ്ങൾ ആയ ആഹാരഅവശിഷ്ടങ്ങൾ ,പച്ചക്കറി അവശിഷ്ടം,മത്സ്യം,മാംസാവശിഷ്ടം, ചത്തജന്തുക്കൾ ,പച്ചിലകൾ ,ഉണക്ക ഇലകൾ തുടങ്ങിയവ എയറോബിക് അല്ലെങ്കിൽ അൺ എയറോബിക് മാർഗങ്ങളിലൂടെ ജൈവവളമാക്കി മാറ്റാനും പാചകവാതകം നിർമ്മിക്കാനും കഴിയും. ഇതിനായി  കുഴി കമ്പോസ്റ്റിംഗ് ,മണ്ണിര കമ്പോസ്റ്റിംഗ് ,മൺകല കമ്പോസ്റ്റിംഗ് പൈപ്പ് കമ്പോസ്റ്റിംഗ് പ്ലാസ്റ്റിക് ബക്കറ്റ് കമ്പോസ്റ്റിംഗ് ബയോഗ്യാസ് പ്ലാൻറ് തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ അജൈവ മാലിന്യങ്ങൾ ആയ പ്ലാസ്റ്റിക് വസ്തുക്കൾ യാതൊരു കാരണവശാലും കത്തിക്കരുത്. അവ പുനരുപയോഗ പുനചംക്രമണ രീതികൾക്കായി ഉപയോഗിക്കണം 

                  ഗാർഹിക -നഗരമാലിന്യങ്ങൾ ഏറിയപങ്കും ഉറവിടത്തിൽതന്നെ ഓരോരുത്തർക്കും സ്വയം സംസ്കരിക്കാൻ കഴിയുന്നവയാണ് ജൈവമാലിന്യങ്ങൾ ജൈവവളമാക്കി ഊർജ്ജം ആക്കാനും മേൽപ്പറഞ്ഞതുപോലെ ശാസ്ത്രീയ മാർഗങ്ങളുണ്ട്. വ്യക്തികളും ഏജൻസികളും ഇത് ഫലപ്രദമായി ചെയ്താൽ  മാത്രം മതിയാകും.  ഫ്ലാറ്റുകളിലും കോളനികളിലും ശുചിത്വ മാലിന്യ സംസ്കരണ  സംവിധാനങ്ങൾ ഉറപ്പു വരുത്തണം. വ്യവസായശാലകളിൽ ഖര -ദ്രാവക മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ കർശനമായി പാലിക്കണം. ആശുപത്രികൾ അറവ്ശാലകൾ എന്നിവിടങ്ങളിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്നു എന്ന്  ഉറപ്പു വരുത്തേണ്ടത്  ആവശ്യമാണ്. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ  തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണം .നിയമ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുകയും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിൽ സർക്കാർ അലംഭാവം കാട്ടരുത് .ഗ്രാമസഭകൾകുടുംബശ്രീകൾ തുടങ്ങിയ ജനകീയ സംവിധാനങ്ങൾ അവരുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മാലിന്യ പ്രശ്നങ്ങളിൽ ഇടപെടുകയും ജാഗ്രത പാലിക്കുകയും പൊതുജനങ്ങളേയും അധികാരികളെയും ഇക്കാര്യത്തിൽ ശ്രദ്ധ ഉള്ളവർ ആക്കുകയും ചെയ്യേണ്ടതുണ്ട് .

                       ഉറവിട മാലിന്യ സംസ്കരണത്തിന് 90% വരെ സർക്കാർ സബ്സിഡി സഹായം നൽകി വരുന്നു.കമ്പോസ്റ്റിംഗ് രീതികൾക്ക്  90 ശതമാനം വരെയും, ബയോഗ്യാസ് യൂണിറ്റിന് 75 ശതമാനം വരെയും സർക്കാർ സഹായം അനുവദിക്കുന്നു .ഉറവിട മാലിന്യ സംസ്കരണത്തിന് ശുചിത്വമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രോജക്റ്റ് അടിസ്ഥാനത്തിലാണ് സബ്സിഡി തുക കൈമാറുന്നത്. ഉപഭോക്താക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആണ് ഇതിനായി സമീപിക്കേണ്ടത് . മേൽപ്പറഞ്ഞ മാലിന്യസംസ്കരണ രീതികളിൽ എല്ലാം പ്രായോഗികം ആണെങ്കിലും ഓരോന്നിനും അതിനേറെതായ പരിമിതികളും പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ട് .മാലിന്യം വലിച്ചെറിയുന്നത് പോലെയൊ ഒഴുക്കിവിടുന്നത്പോലെയോ അത്ര എളുപ്പമുള്ളതല്ല .മാലിന്യത്തിന്റെ അളവ് ,തരം, മണ്ണിൻറെ പ്രത്യേകത ലഭ്യമാകുന്ന സ്ഥലം, സമയം, ആദ്യം സ്ഥാപിക്കാനുള്ള ചെലവ്, ആവർത്തന ചെലവ് തുടങ്ങിയവ പരിഗണിച്ച് മാത്രമേ ഏതു രീതി വേണമെന്ന് നിശ്ചയിക്കാൻ കഴിയൂ.ആയതിനാൽ  മാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാനുള്ള ഉള്ള ഒരു നയം - മാലിന്യസംസ്കരണനയം തന്നെ സർക്കാർ ആവിഷ്കരിക്കേണ്ടത് ഉണ്ട് .ആയതിനാൽ കൃത്യവും വിശദവും പ്രായോഗികവുമായ ഒരു മാസ്റ്റർ പ്ലാൻ ഇതിനായ് സർക്കാർ രൂപീകരിച്ചേ മതിയാകൂ.

അർപ്പിത ആൻറണി
X B സെന്റ് മേരീസ് എച്ച്എസ് എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം