സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക്‌ പദത്തിനും സാനിട്ടേഷൻ എന്ന ആംഗലേയ പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം. ഗ്രീക്ക്‌ പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ (Hygeia) യുടെ പേരിൽ നിന്നാണ്‌ ഹൈജീൻ എന്ന വാക്ക്‌ ഉണ്ടായിട്ടുളളത്‌. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്‌, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക്‌ ഉപയോഗിക്കപ്പടുന്നു. അതായത്‌ വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്‌, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക്‌ നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു.

ഉദാഹരണം: സമ്പൂർണ ശുചിത്വ പദ്ധതി (Total Sanitation Campaign)

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്‌. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്‌, സാർസ്‌ (SARS) വരെ ഒഴിവാക്കാം. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്‌. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച്‌ 20 സെക്കന്റ്‌ നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ്‌ ശരിയായ രീതി. ഇതു വഴി കൊറോണ, എച്ച്‌ ഐ വി, ഹെർപിസ്‌, ഇൻഫഹ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളേയും ചില ബാക്റ്റീരിയകളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്‌ ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മാസ്കോ തുവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കൈയിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക്‌ രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും. വായ, മൂക്ക്‌, കണ്ണ്‌ എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.

പകർച്ച വ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത്‌ ഒഴിവാക്കുക.രോഗബാധിതരിൽ നിന്ന്‌ ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാക്കിരിക്കുക.

ഉയർന്ന നിലവാരമുള്ള മാസ്ക്‌ (N 95) ഉപയോഗിക്കുന്നതിനും, ഹസ്തദാനം ഒഴിവാക്കുന്നതിനും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്‌ സാനിറ്റെസർ ഉപയോഗിച്ച്‌ കൈകൾ വ്ൃത്തിയാക്കുന്നതിനും കൊറോണ പോലെയുള്ള രോഗാണുബാധകൾ ചെറുക്കും. നഖംവെട്ടി വൃത്തിയാക്കുകയും, ദിവസവും സോപ്പിട്ട്‌ കുളിച്ച്‌ ശരീരശുദ്ധി വരുത്തുകയും ചെയ്യുന്നത്‌ ഗുണകരമായിരിക്കും.

മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്‌, ചീപ്പ്‌, ഷേവിങ്ങ്‌ സെറ്റ്‌, ബ്ലേഡ്‌ എന്നിവ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. രക്തം പുരണ്ട ഷേവിംഗ്‌ സെറ്റ്‌, ബ്ലേഡ്‌ എന്നിവ വഴി എച്ച്‌ ഐ വി തുടങ്ങിയ അണുബാധകൾ പകരാൻ സാധ്യതയുണ്ട്‌. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ്‌ സൂര്യപ്രകാശം. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും. ഇറുക്കം കുറഞ്ഞ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ്‌ പൗഡർ അല്ലെങ്കിൽ അണുനാശക ലായനിയിൽ മുക്കിയ ശേഷം കഴുകുക.

ഫാസ്റ്റ്‌ ഫുഡും, കൃത്രിമ ആഹാരവും ഒഴിവാക്കണം. ഉപ്പ്‌, പഞ്ചസാര, എണ്ണ, കൊഴുപ്പ്‌ എന്നിവ കുറയ്ക്കുക. പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച

പയറുവർഗങ്ങളും, പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യവും, മറ്റൂം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്‌ രോഗ

പ്രതിരോധശേഷി വർധിപ്പിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്‌. രാത്രി ഭക്ഷണം കുറയ്ക്കുക. ദിവസവും 2 ലിറ്റർ ( 10 ഗ്ലാസ്‌ ) വെള്ളം കുടിക്കണം. വ്യായാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ്‌ നല്ലത്‌. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക.

പുറം കളികളും സൈക്കിൾ യാത്രയും നല്ലത്‌. ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്‌. 30 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്‌.

മലമൂത്ര വിസർജനം സാനിട്ടറി കക്കൂസുകളിൽ മാത്രം. മല വിസർജനത്തിന്‌ ശേഷം കൈകൾ സോപ്പിട്ട്‌ കഴുകേണ്ടത്‌ അത്യാവശ്യമാണ്‌. സാനിട്ടരി പാഡുകളും മെൻസ്ട്രൽ കപ്പുകളും കൃത്യസമയത്ത്‌ മാറ്റി ഉപയോഗിക്കുക.

പുകവലി, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കുക.

ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്‌.

ബെറ്റ്സി ജെയിംസ്
9 ഡി സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 08/ 2024 >> രചനാവിഭാഗം - ലേഖനം