സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു പി ടി എ യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള മികച്ച അപ്പർ പ്രൈമറി സ്കൂൾ ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്. സംഗീതപരിശീലനം, ഡാൻസ്, പ്രീമിയർ പരിശീലന പരിപാടി ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. 'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.