സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2025-26
| Home | 2025-26 |
*തിളക്കം 2K25* - ഉന്നത വിജയികളെ അനുമോദിച്ചു
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K25* എന്ന ചടങ്ങിൽ ആദരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗവൺമെന്റ് കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് മുഖ്യപ്രഭാഷണവും ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വേളംകോട് സ്കൂളിൽ നിന്നും കോളേജിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പെരുമാറ്റത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 2025 തായ്‌വാനിലെ ചൈനീസ് തായ്‌പെയിൽ വച്ച് നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ 50+ കാറ്റഗറിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനും വെങ്കല മെഡൽ ജേതാവും, 35+, 45+ ഹാൻഡ് ബോൾ ടീം മാനേജറും, കോടഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടുമായ റോബർട്ട് അറയ്ക്കലിനെ സ്കൂൾ മാനേജ്മെന്റും പിടിഎയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മൊമെന്റോ ആദരിച്ചു. ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തുകയും ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സി. സുധർമ്മ എസ് ഐ സി, കൊമേഴ്സ് അധ്യാപിക ബിനി കെ, വിദ്യാർത്ഥി പ്രതിനിധി സഞ്ജയ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു. 2024- 25 ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും മെമന്റോ നല്കി ആദരിച്ചു. ഉന്നതവിജയികളായ അഞ്ജന പ്രസാദ്, ലിയ ജോസഫ്, എന്നിവർ തങ്ങളുടെ വിജയപടവുകളിലെ ഓർമ്മകൾ പങ്കുവെക്കുകയും സ്കൂളിനും അധ്യാപകർക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനികളായ ഗ്രാഫിൻ മരിയ ബിനോയ്, സാറ വർഗീസ് എന്നിവർ ചടങ്ങിന് അങ്കറിങ് നടത്തി. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി രാജി ജോസഫ് നന്ദി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷയിൽ അഭിമാന നേട്ടം കൊയ്തെടുത്ത സീനിയർ വിദ്യാർത്ഥികൾ കൊണ്ടുവന്ന മധുരം സ്കൂളിൽ വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ സന്തോഷം ഏവരുമായി പങ്കുവെച്ചു.
വരവേൽപ്പ് 2025 പ്ലസ് വൺ ഫ്രഷേഴ്‌സ് ഡേ സംഘടിപ്പിച്ചു
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ ഗ്രന്ഥങ്ങൾ സീനിയർ വിദ്യാർത്ഥികൾ ചടങ്ങിൽ ഏവർക്കുമായി വായിച്ചു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തുകയും പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് വെളിച്ചത്തിന്റെ, അറിവിന്റെ പ്രതീകമായ കത്തിച്ച മെഴുകുതിരികൾ പകർന്നു നൽകുകയും പുതിയ അധ്യയന വർഷത്തെ മികവിനായി ഏവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തിരുവമ്പാടി അൽഫോൻസ് കോളേജ് പ്രിൻസിപ്പലും, ജെ സി ഐ മാസ്റ്റർ ട്രെയിനറും, മികച്ച വാഗ്മിയുമായ ഡോ. ഷിജു ഏലിയാസ് മുഖ്യപ്രഭാഷണവും സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അനുഗ്രഹ പ്രഭാഷണവും നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സീനിയർ വിദ്യാർത്ഥി ക്രിസ്റ്റീന വിജോയ്, പ്ലസ് ടു വിദ്യാർത്ഥിനി ജാനിയ ലൈജു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒന്നാം വർഷം ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കമ്പ്യൂട്ടർ അദ്ധ്യാപകൻ റോഷൻ ചാക്കോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് വേദിയിൽ നവാഗതർക്ക് സ്വാഗതമോദി പാട്ടും നൃത്ത ശിൽപ്പവും അവതരിപ്പിച്ചു. സീനിയർ വിദ്യാർത്ഥികൾ പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് ആശംസാ കാർഡുകളും മധുര പലഹാരവും ചായയും നല്കി വരവേൽപ്പ് ഗംഭീരമാക്കി.