സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ വർഷവും വ്യത്യസ്തവും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന മതിലകം സെന്റെ് ജോസഫ്സ് ഹൈസ്ക്കൂൾ ഇത്തവണ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള ട്രോഫി കരസ്ഥമാക്കി. പി.ടി.എ യുടേയും മലയാളം വിഭാഗം അധ്യാപകരുടേയും കൂട്ടായ ചർച്ചയിലൂടെയാണ് വായനാ പക്ഷാചരണത്തിന്റെ പരിപാടികൾ ആസൂത്രണം ചെയ്തത്. കുട്ടികൾ‍ക്ക് അറിവ് പകരുന്നതിനും വായനയിലേക്കു ആകർഷിക്കുന്നതുമായ പരിപാടികളാണ് ഈ വർഷം LP, UP, HS, വിഭാഗങ്ങൾ ആസൂത്രണം ചെയ്തത്. കഥാകൃത്തും, റിട്ടയേഡ് അധ്യാപകനുമായ ശ്രീ.വസന്തൻ മാസ്റ്റർ ഈ വർഷത്തെ വായനാപക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വായനാ പക്ഷാചരണത്തിന്റെ ഏറ്റവും ആകർഷകമായ പ്രവർത്തനം HS, UP വിഭാഗം ക്ലാസ്സ് തലത്തിൽ തയ്യാറാക്കിയ പുസ്തകത്തൊട്ടിലുകളാണ്. പുസ്തകത്തൊട്ടിലിന്റെ ഉദ്ഘാടനം പി.ടി.എ പ്രസി‍ഡന്റെ് ശ്രീ. എം. എസ്. ദിലീപ് നിർവ്വഹിച്ചു. കുട്ടികൾ വളരെ വാശിയോടെയും ആകർഷകവുമായാണ് തൊട്ടിലുകൾ സജ്ജീകരിച്ചത്. കുട്ടികളിലെ സർഗ്ഗശ്ശേഷി വികസിപ്പിക്കുന്നതിനായി സ്ഥാപിച്ച സാഹിത്യപ്പെട്ടിയുടെ ഉദ്ഘാടനം എച്ച്. എം ശ്രീ. മുജീബ് റഹ്മാൻ നിർവ്വഹിച്ചു. ഇംഗ്ളീഷ് രചനകൾക്കും, മലയാളം രചനകൾക്കുമായി രണ്ട് പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. UP, HS വിഭാഗങ്ങളിലെ കുട്ടികൾക്കായി സാഹിത്യകാരനായ ശ്രീ. സുധീഷ് അമ്മവീട് നടത്തിയ സാഹിത്യ നിരൂപണശാല കുട്ടികൾക്ക് വായനയുടെ ലോകത്തെ പുത്തൻ ഉണർവ്വിന് കാരണമായി.

വായനയുടെ പ്രാധാന്യ മുൾക്കൊള്ളുന്ന വാക്യങ്ങളോ, കവിതാ ശലകങ്ങളോ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ അസംബ്ളിയിൽ അവതരിപ്പിക്കുന്ന കവിതാലാപനം, കഥ പറച്ചിൽ, പുസ്തകാസ്വാദനം, തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കളേയും കുട്ടികളേയും ഒരുപോലെ ആകർഷിക്കുന്നതായിരുന്നു. രക്ഷിതാക്കൾക്കായി നടന്ന വായനാമത്സരവും ശ്രദ്ധേയമായിരുന്നു.

അനശ്വര സാഹിത്യക്കാരൻ പൊൻകുന്നം വർക്കി അനുസ്മരണം ജൂലൈ 2 ന് ക്ലാസ്സ് തലങ്ങളിൽ നടന്നു. 3500 കുട്ടികൾക്ക് ഒരേ സമയം ബഷീർകൃതികൾ പരിചയപ്പെടുത്തികൊണ്ടുളള ബഷീർ അനുസ്മരണം ശ്രദ്ധേയമായി. ഇങ്ങനെ വായനാപക്ഷാചരണത്തിൽ ഒരു വായനാവസന്തം തന്നെ തീർക്കാൻ സെന്റ് ജോസഫിന് കഴിഞ്ഞു.