സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/വിദ്യാർത്ഥികളുടെ രചനകൾ
1.ഒരു മുത്തശ്ശി അവലോകനം!
ഓ.. എന്നാ പറയാനാന്നേ.. ഈ കൊറോണ ഒരു ഒന്നൊന്നര ചെയ്തായി പോയി. ഇപ്പോ എന്നെ കണ്ടാ പൂരത്തിന് എഴുന്നള്ളിപ്പിന് നിർത്തിയ പോലുണ്ട്..
മുത്തശ്ശി മരമെന്നോ മാങ്ങേന്നോ തേങ്ങേന്നോ എന്തൊക്കെയൊ എന്റെ കർത്താവേ ആ കുട്ടിപ്പട്ടാളം എന്റെ മേത്ത് അഭിഷേകം ചെയ്തിരിക്കുകയാണ്. അവന്മാരുടെ കുറെ തോരണോം കുറെ കാട്ടുവള്ളികളും... ആ മൊബൈലും കുത്തിപ്പിടിച്ചിരുന്നവരാ... കൊറോണച്ചേട്ടൻ വെളിപാടും കൊണ്ടാണോ വന്നേന്ന് തമ്പുരാനേ അറിയൂ..
പരീക്ഷയെഴുതി പണ്ടാരടങ്ങിയിരിക്കുമ്പോഴാ ദൈവദൂതനെപ്പോലെ അവന്മാർക്ക് മുമ്പിൽ കൊറോണ വന്നിറങ്ങിയേന്ന് ഇന്നലെ ഈ സംഭവ വികാസങ്ങൾക്കിടയിൽ ഒരുത്തൻ പറേണകേട്ടു. എങ്കിലും എന്റെ കൊറോണ ചേട്ടാ നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു പള്ളിക്കൂടം ഉള്ളപ്പോ ഒന്നെങ്കി മൂന്നും ബുക്കിനു മുന്നി ( വെറുതെയങ്ങ് മിഴിച്ചു നോക്കിയിരുപ്പാ) അല്ലെങ്കി ചുണ്ണാമ്പു തേക്കണമാതിരി ആ മൊബൈലും കുത്തിപ്പിടിച്ചിരുന്നേനെ.. നിങ്ങള് മൊത്തത്തി ലോക്കിട്ടു പിടിച്ചിരിക്കണ കാരണം ഇവിടെ അനാഥ പ്രേതത്തെ പോലെ വളരണ എന്നെ നോക്കാൻ അവന്മാർക്ക് തോന്നീ ലോ.. എങ്കിലും പറയാതെ വയ്യ, ആ നോക്കലിത്തിരി കൂടി പോയി. നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെപ്പോലെയായി ഞാനിപ്പോ! ഞാനൊക്കെ എന്ത്? ഇതൊക്കെ നിസ്സാരം.. അവന്മാരിവിടെ തലകുത്തി നിന്ന് ചാക്യാർകൂത്ത് വരെ നടത്തുന്നു അപ്പഴാ ...
ഈ കുട്ടിപ്പട്ടാളത്തിന്റെ ലോക് ഡൗൺ അപാരതകളെ കുറിച്ച് ഇങ്ങനൊന്നും പറഞ്ഞാ പോരാ... അതിനാൽ നമ്മുക്ക് വിശദമായ ഒരു അവലോകനം അങ്ങ് നടത്തിക്കളയാം.എന്താ? എല്ലാരും ഒരു മീറ്റർ അകലമിട്ട് മാസ് കും കെട്ടിയ ങ്ങിരുന്നേ .. രണ്ട് ദിവസത്തിനു മുമ്പുള്ള ചരിത്രത്തീന്നങ്ങ് തുടങ്ങാം.. കൊറോണച്ചേട്ടൻ പള്ളിക്കുട മടച്ച് പൂട്ടി ലോക്കറി വെച്ചപ്പോ പൊട്ടന് ലോട്ടറിയടിച്ച മാതിരിയാ മൂന്നും കേറി വന്നേ പിന്നെന്തൊക്കെയായിരുന്നു... ഹൈദരാബാദ്,ഡൽഹി, മുംബൈ.... ഒരുത്തൻ വക... KFC , chicken 65, burgar ....
വേറൊരുത്തി ... എന്തായാലും സ്വപ്നങ്ങളൊക്ക അങ്ങ് വളർന്നു പന്തലിക്കണമുമ്പെ ടൂർ വന്ന കൊറോണ അതെല്ലാം ബോണസ്സായി കൂട്ടിയങ്ങെടുത്തു. പിന്നങ്ങ് മണിച്ചിത്രത്താഴിട്ടങ്ങ് പൂട്ടി. പൂട്ട് വീണപ്പ അവന്മാരുടെ മുഖമൊന്ന് കാണണമായിരുന്നു. അണ്ടി പോയ അണ്ണാ നെപ്പോലെ
അതുക്കും മേലെ ഒരു തീരുമാനം അവന്മാരുടെ അപ്പനും അമ്മയുമെടുത്തു. ഒരു കിടിലൻ അയിത്താചാരം!
ഫോൺ അന്നു മുതൽ നമ്മുടെ നായികാനായകന്മാർക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചു.കുട്ടിപ്പട്ടാളത്തിന്റെ നെഞ്ചിൽ ഇടിത്തീ വീഴണ മാതിരിയായിരുന്നു അത്. നല്ല ഒന്നാന്തരം പുസ്തക വിരോധികളായതിനാൽ ആ പരിസരത്തേക്കേ അണ്ണന്മാര് പോയില്ല. പിന്നെ ഗതികെട്ടാ പുലി പുല്ലും തിന്നണ മാതിരി എല്ലാം സഹിച്ചും ത്യജിച്ചും കുട്ടിപ്പട്ടാളം മുറ്റത്തോട്ടിറങ്ങി. പഴയ ഞൊണ്ടിക്കളിയുടെയും അക്ക് കളിയുടെയും പുതിയ വെർഷനുമായി.... .( അവന്മാർ ഇവന്മാർ എന്ന് വിളിക്കണത് മഹാബോറാണ് അതിനാൽ നമ്മുക്കിവരെ ഉണ്ണി, പാച്ചു, കുഞ്ചി എന്ന് വിളിക്കാം. എങ്ങനെ?)
രാവിലെ സ്വസ്ഥമായി ഒരു മൂലയ്ക്ക് നിന്ന എന്റെ മേത്തേക്ക് എന്തോ വന്ന് വീണു.നോക്കിയപ്പോഴതാ മുന്നിൽഏറ്റവും വലിയ കുട്ടിപ്പിശാചായ കുഞ്ചി കണ്ണിൽ കണ്ടതെല്ലാം എടുത്ത് തകൃതി എറിയലാണ് .ഏറ്റവും കുരുടാണെങ്കിലും ഈ വാനര സംഘത്തിന്റെ നേതാവ് അവളാണ്.പെട്ടന്നതാ ബാക്കി രണ്ട് അണ്ണന്മാരും കൂടി എന്റെ നേരെ വരുന്നു. എന്നിട്ട് എന്റെ മണ്ടേലോട്ട് ഒരു കേറ്റം. അവിടെങ്ങാണ്ടും സ്വസ്ഥമായി ഉറങ്ങിക്കിടന്ന മാങ്ങാ കുട്ടനാണ് അവന്റെ ലക്ഷ്യം. അവസാനം വിജയശ്രീലാളിതനായി ഇറങ്ങി വന്ന ശേഷം അവനൊരുപറച്ചില്" വണ്ടർലായിലെ റൈഡിനേക്കാളും കൊള്ളാമെടാ"
ഇത് കേട്ടപാതി കേക്കാത്ത പാതി മറ്റ് രണ്ടും കൂടി എന്റെ മണ്ടേലേക്ക്.. ആവേശമിത്തിരി കൂടിപ്പോയി.. ഒരുത്തൻ പെടച്ചു തല്ലി താഴെ.. പിന്നെ കരച്ചിലായി പിഴിച്ചിലായി. എങ്കിലും എന്നെ വിടാൻ വാനര സംഘത്തിന് മനസ്സില്ലെന്ന് പിന്നെയല്ലേ മനസ്സിലായേ.. കുറെ കമ്പും കഷണങ്ങളുമായി വീണ്ടുമെത്തി കുട്ടിപ്പട്ടാളം, പിന്നെ ഇരുന്നും കെടന്നും തലകുത്തി നിന്നും എറിയോടെറി...ഈക്കണ്ട കമ്പും കല്ലുമെടുത്ത് എന്റെ മണ്ടേലോട്ടിടാൻ ഞാനെന്താ ഇവരെ പിടിച്ചു കടിച്ചോന്ന് ഒന്നു സംശയിച്ചു കേട്ടോ .. പറയാതെ വയ്യ,പരാക്രമങ്ങൾക്കവ സാനം മഹാദുരന്തമായിരുന്നു... അതെങ്ങനാ .. തെക്കോട്ടെറിയണ്ടതിന് ഏമാന്മാർ തകൃതി എറിഞ്ഞ് പിടിപ്പിച്ചത് വടക്കോട്ടല്ലേ.? പിന്നെ യിടയ്ക്കിടെ ഒരുഗ്രൻ സീനുണ്ട്"ഒരു കൈ കഴുകൽയജ്ഞം" അലാറമടിക്കണപോലെ അരമണിക്കൂർ കൂടുമ്പോ ഓടും മൂന്നും, വാലിൽ തീപിടിച്ച മാതിരി പൈപ്പിൻ ചോട്ടിലേക്ക്... കൊറോണച്ചേട്ടൻ കാരണം അങ്ങനൊരു നല്ല ബുദ്ധിയുണ്ടായി എന്റ ണ്ണന്മാർക്ക്, ഇല്ലേ അമ്മേടെ വക ഡോസുണ്ട് അങ്ങനെ യജ്ഞത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാ നമ്മടെ കുഞ്ചിച്ചേട്ടത്തിക്ക് ബൾബ് കത്തിയത്. ഒരു മൂലയ്ക്ക് ചടഞ്ഞിരുന്ന പാള കുട്ടന്റെ പുറത്ത് ആസനസ്ഥയായി കേമത്തി.. അണ്ണന്മാരോട് വലിക്കാനാജ്ഞാപിച്ചു. പിന്നെ ജെറ്റ് വിമാനം പോയത് പോലായി മുറ്റം.. നമ്മടെ ഉണ്ണിക്കുട്ടിരുന്ന പ്പഴാ സംഗതി പാളി പോയത്. ചേട്ടനെ വലിക്കാൻ തലകുത്തി നിന്ന് ശ്രമിച്ചിട്ടും രണ്ട് പേർക്കും പറ്റിയില്ല. അവസാനം ആ ദുരന്തവുമേറ്റുവാങ്ങി മൂന്നും വീട്ടിലോട്ട് കാലെടുത്തു വച്ചതും അമ്മേടെ അലർച്ച.." കുളിച്ചിട്ട് കേറിയാ മതി" പിന്നെ മൂന്നും കൂടി കുളത്തിലേക്ക് ഒരു ചാട്ടമായിരുന്നു. ആനക്കൂട്ടം കരിമ്പിൻകാട്ടിൽ കേറിയപോലെയായി കുളം.
ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നടത്താനുള്ള ട്രയൽ റണ്ണിലായിരുന്നു കുട്ടിപ്പട്ടാളമെന്ന് ആരറിഞ്ഞു. യുദ്ധം തുടങ്ങീത് അടുത്ത ദിവസമാണ് .ന്യൂട്ടന്റെ തലേ വീണ പോലെ എന്തെങ്കിലും വീണെങ്കി ഐൻസ്റ്റീ നെപ്പോലെ വല്ലതും കണ്ടു പിടിക്കാമെന്ന് ചിന്തിച്ചിരിക്കയായിരുന്നു ഞാൻ. പെട്ടെന്ന് എന്തോ എന്റെ മണ്ടേലോട്ട് വീണു. പിന്നെ എവിടുന്നോ. ഡും,ഡും ഡും എന്ന ശബ്ദവുമായി ഉണ്ണിയേ മാൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു... "എടാ, ഇങ്ങോട്ടിറങ്ങിക്കേ.. ബോംബു പൊട്ടി നീ ചത്തു" ... ദൈവമേ....കൊച്ചിന്റെ തലേലെ കിളിയെല്ലാം പറന്ന് പോയോന്ന് ദീർഘനിശ്വാസം വിട്ട് ഞാനിരിക്കുമ്പോഴാ എന്റെ മണ്ടേന്ന് വേറൊരു ശബ്ദം" ഞാൻ ചത്തില്ല, എനിക്ക് ഷീൽഡുണ്ട്, ഞാൻ ക്യാപ്റ്റനമേരിക്കയാ..." താഴെ നിന്നവൻ തിരിച്ച്, "ഞാൻ തോറാ"... പിന്നെ കൈയ്യിലിരുന്ന കളി തോക്കും വച്ച് ,ചറപറാ വെടിവെപ്പ്.. പെട്ടെന്ന് ചോറിനേയും അമേരിക്കയേയും വെടിവച്ച് കൊണ്ട് വേറൊരുത്തി പ്രത്യക്ഷപ്പെട്ടു.. എന്നിട്ട് ഒരു ഡയലോഗും.. "അയൺമാനെ തോൽപിക്കാനാവില്ല മക്കളെ.".. നട്ടുച്ച നേരത്ത് അങ്ങോട്ടുമിങ്ങോട്ടും വെടിവച്ച് കളിക്കണ പിള്ളേരുടെ തലയിൽ ഒരു ചെമ്പരത്തി പൂ കൂടിയുണ്ടായിരുന്നേ കളറായേനേ.... എടയ്ക്കിടെ കബ്ജിന്നോ, പബ്ജിന്നോ ഏതാണ്ടൊക്കെയോ തൊള്ളതൊറക്കണുണ്ടായിരുന്നു... എല്ലാം കൂടി ഒരു ഭൂമികുലുക്കത്തിനുള്ള സാധ്യതയുണ്ടായിരുന്നു.. യുദ്ധം അവസാനിച്ചു കഴിഞ്ഞപ്പോ നമ്മുടെ അണ്ണന്മാർ പെട്ടെന്ന് കലാകാരന്മാരായി മാറി. ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തുണ മാതിരി എന്റെ അടിയിൽ കൊണ്ടുവന്ന് കലാകാരന്മാർ വീടും കുടും ഉണ്ടാക്കി.അതെല്ലാം മടുത്തപ്പോഴാ കുറെ ചായമെടുത്ത് അവന്മാർ എന്റെ മേത്ത് അഭിഷേകം നടത്തിയത്.അങ്ങനെയാണ് ഞാൻ ഈ അവസ്ഥയിൽ എത്തിയത്.... ഇന്നിനി എട്ടിന്റെ പണിയാണ് അപ്പനുമമ്മയും പൊന്നു മക്കൾക്ക് കൊടുത്തിരിക്കണത്.... കുറെ വിത്തുമായി ഇറങ്ങിയിട്ടുണ്ട് കുട്ടിപ്പട്ടാളം... തമ്പുരാനേ അതിനി ഹിരോഷിമാ നാഗസാക്കി യുദ്ധക്കളമാകുമോ എന്ന് വൈകാതെ അറിയാം..
ഞാൻ നേരത്തേ പറഞ്ഞില്ലേകൊറോണച്ചേട്ടൻ വേറെ ലെവലാ.. പുള്ളി വന്നേ പിന്നേ ഞങ്ങളൊക്കെ ഭയങ്കര റിച്ചാണ്. ആർക്കും വേണ്ടാതെ കിടന്ന മാങ്ങാ ക്കുട്ടനും പപ്പായ ക്കുട്ടനുമൊക്കെ എന്തൊരു ഡിമാന്റാണെന്നോ... ചക്കക്കുരു ഷെയ്ക്കാണ് താരം.. പാവം പിസയും ബർഗറും... ലോക്കറിലിരുപ്പായി പോയി... എനിക്കാണെങ്കി ഡബിൾ പ്രൊമോഷനല്ലേ കിട്ടിയെ... (കാട്ടാനയിൽ നിന്ന് എഴുന്നള്ളിപ്പിന്ചമഞ്ഞൊരുങ്ങിയ നാട്ടാന മാതിരിയായി) എന്തായാലും കൊറോണ ചേട്ടന്റെ പൂട്ടുപൊളിയുമ്പോ അപാരതകളൊന്നും അവസാനിക്കല്ലേയെന്ന് ഒടേതമ്പുരാനോട് അപേക്ഷ സമർപ്പിച്ചു കൊണ്ട് ഇന്നത്തെ അവലോകന യോഗം അവസാനിപ്പിക്കാം.. എന്താ.. ബാക്കി വരും ദിവസങ്ങളിൽ.. എല്ലാരും ഓടിപ്പോയി പത പതപ്പിച്ച് കൈ കഴുകിക്കേ... ഇല്ലേ കൊറോണച്ചേട്ടനങ്ങ് പെട്ടെന്നൊന്നും പോവില്ലാട്ടോ.....
രചന
മീനാക്ഷി സുജീവ് XB
2.ജ്വലിക്കുന്ന നാളം (കഥ )
പതിവില്ലാതെ മുറ്റത്ത് ഒരാൾക്കൂട്ടം, എന്തായിത്? ലക്ഷ്മിക്കുട്ടി ടീച്ചർ മുറ്റത്തേക്കിറങ്ങി. സുകുമാരാ, എന്തുപറ്റി, എല്ലാവരും എന്താ ഇവിടെ അത് പിന്നെ.... ടീച്ചറെ.... നമ്മുടെ...
കൊച്ചമ്മേ.... പിന്നിൽ നിന്ന് ജാനുവിന്റെ വിളി. കൊച്ചമ്മയിങ്ങ് പോര് അവര് വെറുതെ.... 'വെറുതെ ഇങ്ങനെ ആള് കൂടുമോ? ' കൊച്ചമ്മേ അത് ആ അയലത്തെ കുട്ടീടെ ബർത്ത്ഡേ പാർട്ടിക്ക് വന്നവരാ' അങ്ങനെയൊരു കള്ളം പറഞ്ഞു കൊണ്ട് ടീച്ചറെ ജാനു അകത്തേക്ക് കൊണ്ടുപോയി.
ജാനുവേ ആ വാർത്തയൊന്നു വച്ചേ. അൽപസമയത്തിനുശേഷം ടീച്ചർ പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ പറയുന്നത് അനുസരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളൂ.
' ലഡാക്കിൽ ചൈനീസ് ആക്രമണം. ഒരു മലയാളി ഉൾപ്പെടെ ധീരജവാന്മാർക്ക് വീരമൃത്യു'.
ഫോട്ടോ കണ്ട് ആ വൃദ്ധ നടുങ്ങി. അവർക്ക് തല ചുറ്റുന്നത് പോലെ തോന്നി. പതിയെ അവർ സോഫയിലേക്ക് ചാഞ്ഞു...
ഈ മണൽപ്പരപ്പിൽ പിച്ച വച്ച് നടന്ന അവന്റെ ഓർമ്മകളുമായാണ് ലക്ഷ്മിക്കുട്ടി ടീച്ചർ ഉണർന്നത്. 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തനിക്ക് കിട്ടിയ പൊന്മകൻ..... പഠിക്കാൻ മിടുക്കനായിരുന്നു സിദ്ധാർഥ്, ചെറുപ്പം മുതൽക്കുതന്നെ പട്ടാളത്തിൽ ചേരാൻ ആയിരുന്നു അവന് ആഗ്രഹം. ഒടുവിൽ വളർന്നപ്പോൾ അവന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പിനെ വകവയ്ക്കാതെ തന്നെ വൃദ്ധയായ അമ്മയുടെ സമ്മതം മാത്രം നേടിക്കൊണ്ട് അവൻ നാടു കാക്കാൻ പോയി. എന്നാൽ..... അടുത്തമാസം അവന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവന്റെ മനസ്സിൽ....
" ടീച്ചറെ..... ടീച്ചറിനെ കാണാൻ കളക്ടർ വന്നിട്ടുണ്ട്. സുകുമാരന്റെ വിളി കേട്ടാണ് അവർ ഓർമ്മകളിൽ നിന്നുണർന്നത്. കളക്ടറും രണ്ടു മൂന്ന് പോലീസുകാരും വീടിനുള്ളിൽ പ്രവേശിച്ചു.
വീരമൃത്യു വരിച്ച മേജർ സിദ്ധാർഥ് മേനോന്റെ അമ്മയെ അവർ അനുശോചനമറിയിച്ചു. നാളെ രാവിലെ എട്ടു മണിയുടെ ഫ്ലൈറ്റിന് മൃതദേഹം അവൻ പഠിച്ചിരുന്ന സ്കൂളിൽ കൊണ്ടുവരുമെന്നും അറിയിച്ചു. "തന്റെ കൈപിടിച്ച് അവൻ പിച്ച വച്ചു കയറിയ സരസ്വതീ വിദ്യാലയം, താൻ തന്നെ ആയിരുന്നു അവന്റെ ക്ലാസ് ടീച്ചർ. " ഒരു നിമിഷം ആ കാലഘട്ടത്തിലേക്ക് ആ അമ്മയുടെ ഓർമ്മകൾ പാഞ്ഞു...
***
ഇന്ന് അവനെ കൊണ്ടുവരികയാണ് അവന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക്.
ഇല്ല തന്റെ ധീര ദേശാഭിമാനിയായ മകന്റെ മുൻപിൽ ഈ അമ്മ തളരില്ല. നെഞ്ചിലെരിയുന്ന നെരിപ്പോടുമായി ആ അമ്മ തന്റെ മകന് അന്ത്യചുംബനം നൽകി.
സ്റ്റേഷൻ കമാൻഡറിന്റെ കയ്യിൽ നിന്ന് മേജർ സിദ്ധാർഥ് മേനോൻ എന്നു മുദ്രവച്ച അവന്റെ സാധനങ്ങൾ സ്വീകരിക്കുമ്പോൾ അമ്മയുടെ നയനങ്ങളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി കൊണ്ടിരുന്നു.....
അഖിയ ജി ഗോമസ് X B
3.പട്ടം ( കഥ)
മോളെ..... വേഗമാകട്ടെ അവരിങ്ങു എത്താറായി. അണിഞ്ഞൊരുങ്ങി അഞ്ജലി താഴേക്ക് വന്നു. അമ്മയുടെയും അച്ഛന്റെയും നിർബന്ധം കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു പെണ്ണുകാണൽ.അവൾക്കു അതിനോട് തീരെ ഇഷ്ടം ഇല്ല. പഠിച്ചു ഒരു ജോലി മേടിക്കണം എന്നാണ് അഞ്ജലിയുടെ ആഗ്രഹം. വന്ന ചെക്കനെ എല്ലാവർക്കും നന്നേ ബോധിച്ചു. അവൾ ഒഴികെ. എല്ലാവരും കല്യാണം ഉറപ്പിച്ചു. ഇങ്ങനെ പോയാൽ ശെരിയാവില്ല ഇന്ന് തോന്നിയ അവൾ പഠിക്കണം എന്ന് കടുംപിടുത്തം പിടിച്ചു. ഇല്ലെന്നു അച്ഛനും അമ്മയും.അങ്ങനെ ആ രാത്രി അവൾ വീട് വിട്ടിറങ്ങി എവിടെങ്കിലും നല്ലൊരു ചെറിയ ജോലി കണ്ടെത്തണം അതിൽ നിന്ന് കിട്ടുന്ന വരുമാനത്താൽ പഠിക്കണം. ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കാണ് പോകുന്നത്. നടക്കുന്നതിനിടയിൽ എത്ര കണ്ണുകൾ അവളെ തുറിച്ചുനോക്കി, എത്ര കണ്ണുകൾ മോശമായി നോക്കി. അവരെ തുറിച്ചു നോക്കികൊണ്ട് അവൾ ധൈര്യത്തോടെ നടന്നു. അതിനിടെ അമ്മ പറയുന്ന, അല്ല സമൂഹം പറയുന്ന പെൺകുട്ടികൾ പാലിക്കേണ്ട ആചാരങ്ങൾ അവൾ
ഓർത്തു.ഒരുവർഷം കടന്നുപോയി അഞ്ജലിക്ക് ഇപ്പൊ നല്ലൊരു ജോലി ഉണ്ട്. അവൾ വീട്ടിലേക്കൊന്നു പോയി. തന്നെ കണ്ടതും അമ്മ കെട്ടിപിടിച്ചു കരഞ്ഞു. അതിനു ശേഷമാണു അമ്മ കാര്യങ്ങൾ പറഞ്ഞത്. താൻ പോയത് കൊണ്ട് ചെക്കൻ കല്യാണത്തിൽ നിന്ന് പിന്മാറി പക്ഷെ തങ്ങളുടെ അഭിമാനം പോകുമെന്നോർത്ത് അനിയത്തിയെ അവർക്കു കെട്ടിച്ചുകൊടുത്തു. ആറുമാസത്തിനു ശേഷം അവൾ മരിച്ചു. മരണകാരണം ചെക്കന്റെ അടുത്തുനിന്നുള്ള മാനസികവും, ശാരീരികവും ആയ പീഡനം. അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു."തനിക്ക് ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലാരുന്നെന്നും , തനിക്ക് തനിച്ചു ജീവിക്കാൻ പറ്റും " എന്ന് അനിയത്തിയായ അഞ്ജന പറഞ്ഞുവെന്ന് അമ്മ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് അമ്മ തന്നോട് മാപ്പ് പറഞ്ഞുകൊണ്ട് ഇവിടെ താമസിക്കാൻ അപേക്ഷിച്ചു. അവൾ അത് സമ്മതിച്ചു. ഇപ്പോൾ അമ്മ വൈകിവന്നാൽ അവളെ ശാസിക്കില്ല. അമ്മ വളരെ മാറിയിരിക്കുന്നു. ഒരിക്കൽ അഞ്ജലി അമ്മയോട് അതിന്റെ കാരണം തിരക്കി. അമ്മയുടെ മറുപടി ഇതായിരുന്നു. "എന്റെ അനുഭവങ്ങളാണ് എന്നിൽ മാറ്റം സൃഷ്ടിച്ചത്. പട്ടത്തെ പറക്കാൻ അനുവദിച്ച് അതിന്റെ ചരട് മാത്രം കയ്യിൽ പിടിക്കുക.അല്ലാതെ പട്ടം പൊട്ടിപോകും എന്നോർത്ത് അതിനെ ഉയരത്തിൽ പറക്കാൻ അനുവദിക്കാതിരിക്കരുത്.". അമ്മയുടെ മറുപടി അവൾക്ക് പ്രചോദനവും, പ്രതീക്ഷയും നൽകി. പുഞ്ചിരിച്ചുകൊണ്ടവൾ ഓഫീസിലേക്ക് ഇറങ്ങി. അന്ന് വൈകി വരുമ്പോൾ അവളെ കാത്തു തുറിച്ചുനോട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളയുന്ന പുഞ്ചിരി നൽകി അവൾ നടന്നു."ഇനി ഈ ലോകം മാറും എന്ന് എനിക്ക് പ്രതീഷയില്ല. പക്ഷെ എന്നിൽ എനിക്ക് പ്രതീക്ഷയുണ്ട്. പട്ടത്തെ പോലെ ഉയരത്തിൽ പറക്കാൻ കഴയുമെന്ന് അഞ്ജലി മനസ്സിൽ പറഞ്ഞു.
നിവേദിത ചന്ദ്രൻ (8F)
4. ചത്തുപൊങ്ങുന്ന പരൽ മീനുകളുടെ അമ്മ
------------------------------------------
അമ്മയെ കണ്ടിട്ടുണ്ടോ ?
നീലയങ്കി പുതച്ച്
ചുരുൾ മുടിക്കെട്ടഴിച്ച്
തടവില്ലാത്ത പാട്ടുമായി
കണ്ണീർവീണ് ഉപ്പുണങ്ങിയ
കൈകൾ നീട്ടി
മക്കളെ തൊടാനണയുന്ന അമ്മയെ കണ്ടിട്ടുണ്ടോ?
ഇഴയുന്ന പകലിലും
നട്ടുച്ചവെയിലിലും
രാവിൻ തണുപ്പിലും
പേടികൂടാതമ്മ തൊട്ടു നീട്ടും വിരൽ പിടിച്ചിട്ടുണ്ടോ?
വൻസ്രാവുകൾ രാപ്പാർക്കും വഴികൾ താണ്ടി
വലിച്ചിടാൻ വെമ്പുന്ന ചുഴികൾ താണ്ടി
ചുരുൾമുടിക്കുള്ളിലൊളിച്ച്
പരൽമീനുകൾ നീങ്ങുമ്പോൾ
അമ്മ കാവലിരിക്കുന്നതെന്തിനെന്നറിയാമോ?
അവരുടെ വായിലകപ്പെട്ട്
അവരുടെ ഒറ്റാൽ കുരുക്കിൽ പെട്ട്
പരൽമീനുകൾ ചത്തുപൊങ്ങുമ്പോൾ
അമ്മ കാവലിരിക്കുന്നു
വന്നെത്തിനോക്കുന്നു
ഉപ്പുരസം മാറാത്ത വിരലുകൾ നീട്ടി
തടവിത്തലോടി ചെമ്മേയുണർത്താൻ.
🌊🌊🌊🌊
5.കൊറോണ കാലൻ
മാളോരെ നമ്മൾക്കായി വന്നൊരു ന്യൂജൻ കാലം ഇന്നിതാ മുന്നേറുന്നു കോവിഡാം ന്യൂജൻ കാലൻ
കണ്ടിടത്തെല്ലാം പറ്റും പോയിടത്തെല്ലാം നൽകും പഞ്ചേന്ദ്രിയങ്ങൾ തന്നെ ഈ വൈറലിൻകേളി നിലം
സീമകൾ കടന്നിങ്ങു വന്നൊരു ചൈന വ്യാധി പോർക്കിന്റെ ഉള്ളിൽ പേറി ജന്മമാണെന്നു കേൾവി
ഇന്നലെ കണ്ടോരെല്ലാം വല്ലോടോം ക്വാറൻ ടൈനിൽ ക്വാറൻഡൈൻ തീർന്നോരെല്ലാം നല്ല നിരീക്ഷണ്ണത്തിൽ
കൊച്ചെന്നൊ ടീനേജെന്നൊ മൈനറോ അടൽട്ടെന്നൊ ഒന്നുമില്ലെല്ലാപേർക്കും മൃത്യുവാണെന്നതോർക്ക
കാലനില്ലാത്ത കാലം കണ്ടൊരു മഹാകവി കുഞ്ചൻ നമ്പ്യാരെ നമ്മൾ വന്ദ്യമായി ഓർത്തീടുക
വേണ്ട നീ ഞെളിയേണ്ട കോവിഡാം മഹാകാല തിങ്കളിൽ പോയ മർത്യൻ നിന്നെയും ചുട്ടെരിക്കും
തിങ്കളിൽ പോയ മർത്യൻ നിന്നെയും ചുട്ടെരിക്കും.....
മിസ്ററി മരിയ ചാക്കോ
X:D