ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും.

സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. ബാഡ്ജുകൾ

1.പ്രവേശ് സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.

2.പ്രഥമ സോപാൻ പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.

3.ദ്വിതീയ സോപാൻ പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.

4.തൃതീയ സോപാൻ ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.

5.രാജ്യപുരസ്കാർ തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.

6.പ്രൈംമിനിസ്റ്റർ ഷീൽഡ് പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.

രാഷ്ട്രപതി അവാർഡ് സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ചരിത്രത്തിലൂടെ

സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell )ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക(South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു.

തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽപെട്ട പട്ടണമായിരുന്നു മെഫെകിങ്. ബോവർ വർഗക്കാർ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ഈ പട്ടണത്തിനു നേരെ ഉപരോധമേർപ്പെടുത്തി. 217 ദിവസം നീണ്ട ഉപരോധത്തിൻെറ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെവന്നു. മുന്നണിത്താവളങ്ങളിലേക്ക് യുദ്ധം ചെയ്യാൻ മുതിർന്നവർ നിയോഗിക്കപ്പെട്ടപ്പോൾ പട്ടണത്തിലെ ആഭ്യന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഒരുകൂട്ടം ബാലന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി. ബേഡൻ പവ്വലിൻെറ സുഹൃത്തായ എഡ്വേർഡ് സെസിൽ (Edverd Sesil)ആണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകി. മെഫെകിങ്ങിലെ അനുഭവങ്ങൾ അദ്ദേഹത്തെ കുട്ടികൾക്കുവേണ്ടിയുള്ള പരീശീലകനാകാമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൌൺസി ഐലൻറിൽവെച്ച് ജീവിതത്തിൻെറ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. 1908ൽ ബേഡൻ പവ്വൽ ‘സ്കൗട്ടിങ് കുട്ടികൾക്ക്’ എന്ന പുസ്തകം വായിച്ച് സ്വയം ‘പ്രട്രോളുകൾ’ സംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. സ്കൗട്ട് നിയമം

   ഒരു സ്കൗട്ട് വിശ്വസ്തനാണ്
   ഒരു സ്കൗട്ട് കൂറുള്ളവനാണ്.
   ഒരു സ്കൗട്ട് എല്ലാവരുടെയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിൻെറയും സഹോദരനുമാണ്.
   ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്.
   ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.
   ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതൽ സംരക്ഷിക്കാൻ സഹായിക്കുന്നവനുമാണ്.
   ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്.
   ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്.
   ഒരു സ്കൗട്ട് മനസ്സാ, വാചാ, കർമണാ ശുദ്ധിയുള്ളവനാണ്.