രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം

അവധിക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷിക്കുന്നവരാണ് ഞങ്ങൾ കുട്ടികൾ. എന്നാൽ പതിവിനു വിപരീതമായി ഞങ്ങൾക്ക് കിട്ടിയ ഈ കൊറോണ അവധികാലം നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്. മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തി നമ്മെ ആർക്കും നശിപ്പിക്കാൻ കഴിയില്ലെന്ന അഹങ്കാരത്തിൽ നിൽക്കുന്ന ഒരവസരത്തിലാണ് കൊറോണ യുടെ വരവ്. അങ്ങ് ചൈനയിൽ നിന്ന് വന്ന കൊറോണ ഇന്ന് ലോകരാജ്യങ്ങളിലാകെ വ്യാപിച്ചിരിക്കുകയാണ്. ദിവസങ്ങൾ കഴിയുംതോറും ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളും ലക്ഷങ്ങളും ആയി മാറുകയാണ് മരണക്കണക്കുകൾ.

ഇങ്ങനെ ഒരു അവധിക്കാലത്തു വീട്ടിനുള്ളിൽ പുറത്തിറങ്ങാനോ കൂട്ടുകാരോടൊത്തു കളിക്കാനോ ബന്ധുവീടുകളിൽ പോകാനോ സാധിക്കുന്നില്ലെങ്കിലും കൊറോണ എന്നാ മഹാമാരിയിൽ നിന്ന് നമ്മുടെ സമൂഹത്തെ, രാജ്യത്തെ, ലോകത്തെ രക്ഷിക്കാൻ വേണ്ടി സാമൂഹിക അകലം പാലിച്ചു കൊണ്ട് നമ്മൾ എല്ലാവരും സഹകരിക്കുകയാണ്.

എന്നാൽ വീട്ടിനുള്ളിലെ അവധി ദിനങ്ങൾ നമുക്ക് പല രീതിയിൽ ഉപയോഗിക്കാം. നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും പുറത്തെടുക്കേണ്ട സമയമാണിത്. കഥകളും കവിതകളും ചിത്രങ്ങളും കാർട്ടൂണുകളും ലേഖനങ്ങളും എന്ന് വേണ്ട ഇത്തരത്തിലുള്ള പല പ്രവൃത്തികളും ചെയ്തു ഈ ഒഴിവു ദിവസങ്ങൾ നമുക്ക് ഉപയോഗിക്കാം.

വന്നു ചേർന്ന ഈ അവസ്ഥയെ ശപിക്കാതെ പുതിയ പല ശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാനുള്ള സമയമാണിത്. ഈ ഒരവസരം നല്ല രീതിയിൽ ഉപയോഗിച്ച് കൊണ്ട് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ജാതി മത വർണ വർഗ വിവേചനമില്ലാതെ മനുഷ്യൻ മനുഷ്യനെ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന ഈ കാഴ്ചകൾ നമ്മുടെ അകക്കണ്ണിൻ നിന്ന് ഒരിക്കലും മായാതിരിക്കട്ടെ. ഈ ഒരനുഭവത്തിൽ നിന്ന് മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കാനും സംരക്ഷിക്കാനും ഉള്ള ഒരു മാനസിക അവസ്ഥയിലേക്ക് എല്ലാവർക്കും ഉയരാൻ സാധിക്കട്ടെ....

കുട്ടികളായ നമുക്ക് കൂട്ടുകൂടി കളിച്ചു നടക്കാൻ കഴിയുന്ന അനേകം അവധിക്കാലങ്ങൾ ഇനിയും ഉണ്ടാവണമെങ്കിൽ നമ്മൾ ഇത്തിരിക്കാലം അകലങ്ങളിൽ ഇരുന്നേ മതിയാകൂ. ഈ അകലം മനുഷ്യർ തമ്മിലുള്ള അടുപ്പം കൂട്ടാൻ സഹായിക്കും എന്നാണ് എന്റെ പ്രതീക്ഷ.... കൊറോണ ഇല്ലാത്ത ഒരവധിക്കാലം.... ഒന്നല്ല ഒരായിരം അവധിക്കാലങ്ങൾ നമുക്ക് ഇനിയും ലഭിക്കും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം

അനുശ്രീ ഇ
10 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം