മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ഓറിയന്റേഷൻ ക്ലാസ്സ്
2025-26 അധ്യായനവർഷത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആയി ഒരു ഓറിയന്റേഷൻ ക്ലാസ്സ് മെയ് 29 ആം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഷാജി ജോൺ എണേകാട്ട് സി എം ഐ സ്വാഗതം ആശംസിച്ച ക്ലാസിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ ഹെഡ്മിസ് ട്രെസ് ശ്രീമതി ത്രേസ്യാമ്മ ആന്റണി നിർവഹിച്ചു. തുടർന്ന് IPCAI ട്രെയിനറായ റീന ജെയിംസ് ക്ലാസ് നയിച്ചു. മാതാപിതാക്കൾ കുട്ടികൾക്ക് മുന്നിൽ മികച്ച മാതൃകകൾ ആയിരിക്കണം എന്നും, കുട്ടികളെ സ്നേഹത്തോടെ ചേർത്തുനിർത്തി അവരുടെ വളർച്ചയിൽ പങ്കാളികളാകണമെന്നും ഓർമ്മപ്പെടുത്തി. കുട്ടികൾ അവസാനത്തെ മുന്നിൽ കണ്ടുകൊണ്ട് ആരംഭിക്കണമെന്നും (Begin with the end in mind).ചെറുപ്പത്തിലെ ലക്ഷ്യബോധം ഉള്ളവർ ആയിരിക്കണമെന്നും, വിജയിക്കുവാൻ സ്വഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും മിസ്സിസ്റീന ജയിംസ് രസകരമായ കഥകളിലൂടെയും ഗെയിമുകളിലൂടെയും കുട്ടികളെ ബോധ്യപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച സെക്ഷൻ ഉച്ചയ്ക്ക് 12:30 യോടു കൂടി അവസാനിച്ചു.മാതാ പിതാക്കളുടെ പ്രതിനിധി ക്ലാസിന്റെ ഫീഡ്ബാക്ക് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് മിനി വർഗീസ് ക്ലാസിന് നന്ദി പ്രകാശിപ്പിച്ചു.
പ്രവേശനോത്സവം 2025-26
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2025 26 വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്‌കൂൾ മാനേജർ റവ. ഫാ. പോൾ തുണ്ട് പറമ്പിൽ സിഎംഐ തിരുഹൃദയ പ്രതിഷ്ഠ ചൊല്ലി, സ്കൂളിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി. തുടർന്ന് ആഘോഷമായ പ്രവേശനോത്സവ പരിപാടികൾ സ്കൂളിന്റെ മുൻവശത്തുള്ള ഓപ്പൺ സ്റ്റേജിൽ നടത്തുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് മിനി വർഗീസ് കെ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സിപി ദിലീപ് അധ്യക്ഷ പ്രസംഗം നടത്തുകയും സ്കൂൾ മാനേജർ റവ. ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സന്ദേശം നൽകി. നവാഗതരായ കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വാർഡ് മെമ്പർ വിഷ്ണു വി, മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ ആന്റണി, മാനേജ്മെന്റ് പ്രതിനിധി ഫാ. ഷാജി ജോൺ എണേക്കാട്ട് സി എം ഐ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി രാജി എം നന്ദി അർപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉച്ചഭക്ഷണം നൽകി .പ്രവേശന ഉത്സവ പരിപാടികൾ ഉച്ചയ്ക്ക് 12 30ന് സമാപിച്ചു.
ജൂൺ 5പരിസ്ഥിതി ദിനാചരണം
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു.പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയും കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി.കുമാരി അൽഫോൻസ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിന്ത പങ്കുവെച്ചു,ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ ശ്രീലക്ഷ്മി കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.സുഗതകുമാരിയുടെ നാളേയ്ക്ക് വേണ്ടി എന്ന കവിതയുടെ നൃത്താവിഷ്കാരം ഒൻപതാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. റവ ഫാ ജോൺസൺ കാട്ടി പറമ്പിൽ സി എം ഐ പരിസ്ഥിതിദിന സന്ദേശം നൽകി.കുമാരി അമൃത മനോജ് പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകതയെ കുറിച്ചും ഈ വർഷത്തെ പ്രമേയത്തെക്കുറിച്ചും സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മെയ്മോൾ സ്കൂളിൽ അനുവർത്തിക്കേണ്ട പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നേരത്തെ നൽകിയിരുന്നു ചെടിച്ചട്ടിയിൽ പൂച്ചെടി നട്ട് അത് സ്കൂൾ ഉദ്യാനത്തിലേക്ക് കൈമാറി.ഇത് മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു.അസംബ്ലിക്ക് ശേഷം ഇക്കോ ക്ലബ് ,എൻ.സി.സി ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചേർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ ഫല വൃക്ഷം നട്ടുപിടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന ,ക്വിസ് കരകൗശല വസ്തു നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം - ബോധവൽക്കരണ ക്ലാസുകൾ
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 2025 -26 അധ്യായന വർഷത്തിൽ ജൂൺ 3 മുതൽ 13 തീയതി വരെയുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനായി നിർദ്ദേശിച്ചിരുന്നു. മേൽ നിർദേശപ്രകാരം മദർ തെരേസ സ്കൂളിൽ ജൂൺ മൂന്നാം തീയതി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ലഹരിവസ്തുക്കൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു ലഹരിയിൽ നിന്ന് വിട്ടു നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറയുകയും ആവശ്യമുള്ളവർക്ക് ലഹരിയിൽ നിന്നും മോചനം നേടുന്നതിനായി, സഹായം തേടുന്നതിനുള്ള വഴികളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ് അധ്യാപകരാണ് ഈ ക്ലാസ്സ് നയിച്ചത്
ജൂൺ നാലാം തീയതി ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കാൽനട ,സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ,വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ ,ട്രാഫിക് ചിഹ്നങ്ങളും സിഗ്നലുകളും തുടങ്ങിയ കാര്യങ്ങൾ ക്ലാസ്സിൽ ഉൾപ്പെടുത്തി .സുരക്ഷിതമായ ഒരു യാത്ര സംസ്കാരം കെട്ടിപ്പടുക്കുന്നതിനും ഭാവിയിൽ ഉത്തരവാദിത്വമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിനും ഇങ്ങനെയുള്ള ക്ലാസുകൾ ഉപകരിച്ചു.
ജൂൺ അഞ്ചാം തീയതി വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് എന്നീ വിഷയങ്ങളെക്കുറിച്ച് സ്കൂൾ സീനിയർ അസിസ്റ്റന്റ് കുട്ടികൾക്ക് പൊതുവായ ബോധവൽക്കരണം നടത്തി. ആരോഗ്യകരമായ ജീവിതത്തിന് വ്യക്തി ശുചിത്വവും ,പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു .മാലിന്യ സംസ്കരണവും ഹരിത ക്യാമ്പസ് എന്ന ആശയവും ഊന്നിപ്പറഞ്ഞു ക്ലാസ് വിദ്യാർത്ഥികളിൽ ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും വളർത്തുവാൻ സഹായിച്ചു.
ജൂൺ ഒമ്പതാം തീയതി ആരോഗ്യം ,വ്യായാമം ,കായിക ക്ഷമത എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിൽ ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ,ചിട്ടയായ വ്യായാമം എന്നിവയുടെ പ്രാധാന്യം ഊന്നി പറഞ്ഞു .പോഷക സമൃദ്ധമായ ഭക്ഷണം ,ലളിതമായ വ്യായാമമുറകൾ ,ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നിവ വിശദീകരിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ് അധ്യാപകരാണ് ഈ ക്ലാസ്സ് നയിച്ചത്.
ജൂൺ പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസിൽ ഓൺലൈൻ കാലത്ത് സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം സൈബർ സുരക്ഷാ ഭീഷണികൾ തിരിച്ചറിയൽ ഓൺലൈനിൽ പാലിക്കേണ്ട മര്യാദകൾ സ്ക്രീൻ സമയം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ ബോധവൽക്കരിച്ചു.
ജൂൺ പതിനൊന്നാം തീയതി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ പൊതുമുതൽ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് എല്ലാ കുട്ടികൾക്കുമായി ക്ലാസ് എടുത്തു. റോഡുകൾ, പൊതുസ്ഥാപനങ്ങൾ പാലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, പാർക്കുകൾ തുടങ്ങിയവയെല്ലാം പൊതുസ്വത്താണെന്നും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും വിശദീകരിച്ചു.
ജൂൺ പന്ത്രണ്ടാം തീയതി റാഗിംഗ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് അധ്യാപകർ സ്വന്തം ക്ലാസുകളിൽ കുട്ടികളെ ബോധവൽക്കരിച്ചു. വൈകാരിക നിയന്ത്രണം ഇല്ലായ്മ എങ്ങനെ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും, വികാരങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ പഠിപ്പിച്ചു. പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഒരുമിച്ചു പ്രവർത്തിച്ചാൽ നേട്ടങ്ങൾ കൈവരിക്കാമെന്നും സൗഹൃദപരമായ ഒരന്തരീക്ഷം വളർത്തണമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ പതിമൂന്നാം തീയതി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രവർത്തനങ്ങൾ വഴി കുട്ടികളിൽ ഉണ്ടായ ധാരണകളുടെ പൊതു ക്രോഡീകരണം നടത്തി. അന്നേദിവസം ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എ എസ് ഐ അനിൽകുമാർ മേൽ വിവരിച്ച വിഷയങ്ങളിൽ കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട പൊതു ധാരണകളെ കുറിച്ച് ക്രോഡീകരണം നടത്തി. കൂടാതെ ട്രാഫിക് ബോധവൽക്കരണവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും ക്ലാസ്സിൽ വിവരിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ എസ് ഐ യും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധിയുമായ ബിജു, ജനമൈത്രി പോലീസ് സോംജിത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ഡിജിറ്റൽ സാങ്കേതിവിദ്യയുടെ സഹായത്തോടെ നടത്തിയ ഈ ക്ലാസുകൾ എല്ലാം കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനും, ട്രാഫിക് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും, വ്യക്തിഗതമായ ഉത്തരവാദിത്വബോധം, പാരിസ്ഥിതിക കരുതൽ ,ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനും വളരെയധികം സഹായകമായി. വിദ്യാർത്ഥികളുടെ സമഗ്ര ഗുണമേന്മ വികാസനത്തിന് ഈ ക്ലാസുകൾ വളരെയധികം ഉപകരിച്ചിട്ടുണ്ട്.
വായനവാരാഘോഷം -വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
ജൂൺ 19 വ്യാഴാഴ്ച വായനദിനവും ,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. മെയ്മോൾ ജോസഫ് വായനദിനത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം നിർ വ്വഹിച്ചു. കുമാരി .കീർത്തന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കോഡിനേറ്റർ ശ്രീമതി. ജെയ്സമ്മ ജോസഫ് വായനദിനത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി.ക്ലാസ്സ് അസംബ്ലിയോടെ ആരംഭിച്ച മീറ്റിംഗിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി സാഹിത്യക്വിസ് , മികച്ച വായന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
കരാട്ടെ പരിശീലനം
8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി മദർ തെരേസ സ്കൂളിൽ 2025 ജൂൺ പതിമൂന്നാം തീയതി മുതൽ കരാട്ടെ ക്ലാസ്സുകൾ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ ക്ലാസിനു ശേഷം വൈകുന്നേരവും, അവധി ദിവസങ്ങളിലും ആയാണ് പരിശീലനം നടത്തുന്നത്.ആരോഗ്യ പരിപാലനത്തിനും സ്വയ സുരക്ഷയ്ക്കും ആത്മവിശ്വസം വളർത്താനും കരാട്ടെ പരിശീലനം ഉപകരിക്കുന്നു
PSC, CIVIL SERVICE FOUNDATION COACHING
2025 26 അധ്യായന വർഷം മദർ തെരേസ സ്കൂളിൽ 8, 9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി PSC,സിവിൽ സർവീസ് ഫൗണ്ടേഷൻ കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു. ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്രയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തുന്നത്.
Excellentia 2025
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ മെറിറ്റ് day- Excellentia 2025 , ജൂൺ 26, വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു . കോർപ്പറേറ്റ് മാനേജർ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് ആലപ്പുഴ ജില്ല ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. 2024 -25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയും ,എൻ എം എം എസ് സ്കോളർഷിപ്പിന് അർഹരായ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. പൂർവി വിദ്യാർത്ഥിയും എറണാകുളം റൂറൽ ഡി വൈ എസ്പിയുമായ വി ടി ഷാജൻ, സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ട് പറമ്പിൽ സി എം ഐ പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ് സി പി സ്കൂളിന്റെ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യമ്മ ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മെയ് മോൾ ജോസഫ് ചടങ്ങിന് നന്ദിയർപ്പിച്ചു.
പേവിഷബാധ ബോധവൽക്കരണം
30/06/25 തിങ്കളാഴ്ച കുട്ടികളുടെ സുരക്ഷ മുൻനിർത്തി പേ വിഷബാധ പ്രതിരോധത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി വിദ്യ ആണ് ക്ലാസ് നയിച്ചത്.വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തെക്കുറിച്ചും,പൂച്ച,നായ തുടങ്ങിയ ജീവികളുടെ കടി, മാന്തൽ എന്നിവ കിട്ടിയാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മാഡം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം എന്ന് അറിവ് കുട്ടികൾക്ക് ലഭിച്ചു.വിദ്യാർത്ഥികളുടെ പ്രതിനിധിയായി കുമാരി അനന്തലക്ഷ്മി നന്ദി അർപ്പിച്ചു.
അധ്യാപക - രക്ഷകർത്തൃ പൊതുയോഗം
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ അധ്യാപക രക്ഷകർത്തൃ പൊതുയോഗം ജൂലൈ 5 ന് 2.30 pm ന് സ്കൂൾ ഓപ്പണർ എയർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്കൂൾ ഗായകസംഘത്തിൻ്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനി വർഗീസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു 2024 -25 അധ്യയനവർഷത്തെ പിറ്റിഎ വാർഷിക റിപ്പോർട്ട് ശ്രീമതി രാജി എം. അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. പോൾ തുണ്ടുപറമ്പിൽ അധ്യക്ഷനായ യോഗത്തിൽ പി റ്റി എ പ്രസിഡൻറ് ശ്രീ ദിലീപ് സിപി പൊതുയോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് , എല്ലാ മാതാപിതാക്കൾക്കും ശ്രീമതി മഞ്ജു ജോസഫ് ബോധവത്ക്കരണ ക്ലാസ് നടത്തി. ക്ലാസ്സിനു ശേഷം. മാതാപിതാക്കളുടെ ഇടയിൽ നിന്ന് പിടിഎ എക്സിക്യൂട്ടീവിലേക്ക് രക്ഷകർത്തു പ്രതിനിധികളെ തെരഞ്ഞെടുത്തു. അനിൽ സാർ യോഗത്തിൽ വന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു തുടർന്ന് ചായ സൽക്കാരത്തിന് ശേഷം ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.
പോസ്റ്റർ നിർമ്മാണ മത്സരം
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്,(SPG) ജനമൈത്രി, ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നാശാമുക്തി അഭിയാൻ പോസ്റ്റർ രചന മത്സരത്തിൽ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മത്സരത്തിൽ വിജയികളായി തിരഞ്ഞെടുത്തവരിൽ നിന്നും സബ് ഡിവിഷൻ തലത്തിലേക്ക് ഒന്നാം സമ്മാനത്തിന് അർഹയായ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തേജസ്സി വിപിൻദാസ് അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ(ISO) ബഹുമാനപ്പെട്ട സംസ്ഥാന പോലിസ് മേധാവി ശ്രീ റവാഡ ആസദ് ചന്ദ്രശേഖർ ഐ പി എസിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ജൂലൈ 21 ചാന്ദ്രദിനാഘോഷം
2025 ജൂലൈ 21 തിങ്കളാഴ്ച ചാന്ദ്രദിന ആഘോഷങ്ങൾ നടത്തി. അന്നേദിവസം രാവിലെ 10 എ ക്ലാസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ,അതിന് കാരണക്കാരായ വ്യക്തികൾ തുടങ്ങിയവരെ കുട്ടികൾ പരിചയപ്പെടുത്തി. കൂടാതെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്ന ശുഭാശു ശുക്ലയും ആയിട്ടുള്ള ഒരു സങ്കൽപ്പിക അഭിമുഖം നടത്തി. കൂടാതെ റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിന ക്വിസ്, ചാർട്ട് നിർമ്മാണ മത്സരം തുടങ്ങിയവ നടത്തുകയും വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
CSiS സന്ദർശനം
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 23 ന് കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 .15 ന് പുറപ്പെട്ട സംഘം 9.30 ന് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 86 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു
സെമിനാർ ഹാൾ ഉദ്ഘാടനം
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ സമഗ്ര നടത്തിപ്പിനായി മാനേജ്മെന്റിന്റെ സഹായത്തോടെ ഒരു ഹൈടെക് സെമിനാർ ഹാൾ ജൂലൈ 29 ന് ഉദ്ഘാടനം ചെയ്തു. അന്നേദിവസം ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും അവിടെ വച്ച് നിർവഹിച്ചു. പിഎസ്‌സി കോച്ചിംഗ്, ഇംഗ്ലീഷ് ക്ലബ്ബിന്റെ പരിശീലനം , ക്ലാസ് പിടിഎ മീറ്റിങ്ങുകൾ, എന്നിങ്ങനെ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള പരിശീലനം ഇവിടെ സുഗമമായി നടത്താൻ സാധിക്കുന്നു.
ഹിരോഷിമ ദിനാചരണം
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ1945 ൽ ജപ്പാനിലെ ഹിരോഷിമയിൽ നടത്തിയ അണുബോംബ് സ്ഫോടനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാവർഷവും ഓഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിച്ചു വരുന്നത്.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ഹിരോഷിമയിൽ അന്ന് നടന്ന സംഭവങ്ങൾ വിവരിച്ച് സംസാരിച്ചു.യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല സമാധാനമാണ് കാംക്ഷിക്കേണ്ടത് എന്ന സമാധാന സന്ദേശം നൽകി.യുദ്ധക്കെടുതിയുടെ ഇരയായ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും സഡാക്കോ കൊക്കുകളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ സംസാരിച്ചു.സമാധാനത്തിന്റെ പ്രതീകമായി കുട്ടികൾ മെഴുകുതിരികൾ തെളിയിച്ചു.വിവിധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളേയും കുട്ടികൾ നിർമ്മിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
കേരളം ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2025 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് നടപ്പിലാക്കി. ഓഗസ്റ്റ് 14ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടപടിക്രമങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽസ് വിദ്യാർത്ഥികളും നേതൃത്വം കൊടുത്തു. ഇലക്ഷൻ വിജ്ഞാപനl പ്രകാരം ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്റിലേക്കുള്ള നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു. ഓഗസ്റ്റ് എട്ടിന് ഇവയുടെ സൂക്ഷ്മ പരിശോധന നടത്തുകയും ഓഗസ്റ്റ് 11ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് പതിനാലാം തീയതി നടന്ന വോട്ടെടുപ്പിൽ കുട്ടികൾ ഡിജിറ്റൽ വോട്ടിംഗ് മെഷീന്റെ സഹായത്താൽ വോട്ടുകൾ രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടന്നു. ഇതിലൂടെ കുട്ടികൾക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി മനസ്സിലാക്കുവാൻ സാധിച്ചു.
ലഹരി മുക്ത നാടിനായ് - സ്വാതന്ത്ര്യദിന റാലി
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്,റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് ക്ലബ്,കരാട്ടെ ടീം എന്നിവയിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 8. 30ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മെയ്മോൾ ജോസഫ് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. സമൂഹത്തെ വിനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശം നൽകുന്ന പ്ലക്കാഡുകളും ഏന്തി സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട് പറമ്പിൽ സി എം ഐ ഫ്ലാഗ് ഓഫ് ചെയ്ത സ്വാതന്ത്ര്യദിന സൈക്കിൾ റാലി ഹോസ്പിറ്റൽ ജംഗ്ഷൻ,മുഹമ്മ ജംഗ്ഷൻ എന്നിവ പിന്നിട്ട് മുഹമ്മ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ലൈസാദ് മുഹമ്മദ് റാലിയെ അഭിസംബോധന ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിന റാലി മുഹമ്മ ബസ്റ്റാൻഡിൽ എത്തിയപ്പോൾ നാഷണൽ എക്സ് സർവീസ്മെൻ മുഹമ്മ യൂണിറ്റ് കോഡിനേറ്റർ ശ്രീ. ജോണി കൂട്ടുങ്കൽ ലഹരിക്കെതിരെ സാമൂഹ്യ ബോധവൽക്കരണ സന്ദേശം നൽകി. തുടർന്ന് മുഹമ്മ ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ അനുഗ്രഹീത കലാകാരൻ ശ്രീ. തിലകൻ പുല്ലാംകുഴലിൽ ദേശഭക്തിഗാനം ആലപിച്ചു. ഇതിനുശേഷം ബോധവൽക്കരണ റാലി കാർമൽ ജംഗ്ഷൻ വഴി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
സ്നേഹദീപത്തിൽ പ്രകാശം പരത്താൻ മദറിന്റെ മക്കൾ
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 26 ന് ചൊവ്വാഴ്ച കഞ്ഞിക്കുഴി സ്നേഹദീപം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ സി ടി പരിശീലനം നൽകിക്കൊണ്ട് മദറിന്റെ മക്കൾ നാടിന് മാതൃകയായി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിക്കുക, ഐടി മേഖലയിൽ പരിശീലനം നൽകുക എന്ന കൈറ്റിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജി കോംപ്രിസ് ഉപയോഗിച്ചുള്ള എജുക്കേഷണൽ ഗെയിമുകൾ, ടെക്സ്റ്റ് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുക, തുടങ്ങിയ ഐസിടി പരിശീലനത്തിന്റ അടിസ്ഥാനപരവും ലളിതവുമായ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിലെ കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തിലേക്ക് ചേർത്തു നിർത്തുവാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു.
തിമിർപ്പ് 2K25
പകിട്ടാർന്ന പൂക്കളങ്ങളും പാറിപറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഓർമ്മകളുമായി മദർ തെരേസ കുടുംബത്തിന്റെ ഓണാഘോഷം - തിമിർപ്പ് 2K25 ഓഗസ്റ്റ് മാസം 27 -ാം തീയതി നടത്തുകയുണ്ടായി. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ വെരി. റവ. ഫാ. ആന്റണി ഇളന്തോട്ടം CMI അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് അരങ്ങ് സോഷ്യൽ ഫോറം രക്ഷാധികാരി ശ്രീ. സി. പി. ഷാജി അവർകളാണ്. വിഭവ സമൃദ്ധമായ ഓണാസദ്യയോടൊപ്പം കുട്ടികൾക്കായി ക്രമീകരികരിച്ച കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ട് തൊടീൽ, വടംവലി മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. സമ്മാനദാനത്തോടും കുട്ടികളുടെ നൃത്തതോടും കൂടി ഓണാഘോഷം അവസാനിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.
One day work shop on basic astronomy
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ മാസം ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഏകദിന ശാസ്ത്ര ശില്പശാല ചാവറ സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ്,പൂന ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സും ചേർന്ന് ഒരുക്കിയ ഈ ശില്പശാലയുടെ വിഷയം ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ എന്നതായിരുന്നു. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സയൻസ് ക്ലബ് അംഗങ്ങളായ 50 ഹൈസ്കൂൾ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.
ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ്
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു.
പഠന വിനോദയാത്ര
2025-26 വർഷത്തെ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠന വിനോദയാത്ര ഒക്ടോബർ 28 മുതൽ നവംബർ 1 വരെ മൈസൂർ, ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് നടത്തുകയുണ്ടായി. 140 കുട്ടികളും 12 അധ്യാപകരും ഈ വിനോദയാത്രയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് മാനസിക ഉല്ലാസത്തോടൊപ്പം ധാരാളം അറിവ് സംമ്പാദനത്തിനും ഈ യാത്ര ഉപകരിച്ചു.