ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/നദികൾ നാടിൻറെ ജീവനാഡികൾ

Schoolwiki സംരംഭത്തിൽ നിന്ന്
നദികൾ നാടിൻറെ ജീവനാഡികൾ

ജലം ജീവൻറെ അമൃതാണ്, നദികൾ ഒരു രാജ്യത്തിൻറെ രക്തധമനികളും. ലോകമെമ്പാടുമുള്ള നാഗരികതകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നദികൾ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. എല്ലാ പുരോഗമന നാഗരികതകളും നദീതീരങ്ങളിൽ രൂപംകൊണ്ട അഭിവൃദ്ധി പ്രാപിച്ചവയാണ്. സസ്യങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുൻറെയും നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ശുദ്ധജലം നദികളിൽ സമൃദ്ധമായി ലഭിക്കുന്നു. ഇന്നും കാർഷിക പ്രവർത്തനങ്ങൾ ഒരു വലിയ അളവുവരെ നദീജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജലത്തിനുപുറമേ നദികൾ വഹിച്ചുകൊണ്ടുവരുന്ന വളക്കൂറുള്ള മണ്ണ് ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു.

നദികൾ ഒരു രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നു. ഊർജ്ജ ഉൽപാദനവും ഗതാഗതവും എളുപ്പമാക്കുന്നതിൽ നദികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജലഗതാഗതം ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത മാർഗമാണ്. നദികൾ ഒരു ഭൂവിഭാഗത്തിന് സൗന്ദര്യവും വൈവിധ്യവും നൽകുന്നു. നദി തീരങ്ങളിൽ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് ഹൃദ്യമായ ഒരു അനുഭവമാണ്. നദികളുടെ പ്രാധാന്യം നാം തിരിച്ചറിയുന്നില്ല എന്നത് ദുഃഖകരമാണ്. ഇന്ന് നദീജലങ്ങളിൽ കീടനാശിനികളും രാസപദാർത്ഥങ്ങളും ഫാക്ടറികളിൽ നിന്നുള്ള വിഷം കലർന്ന മാലിന്യങ്ങളും ധാരാളം കാണാം. നദികൾ സംരക്ഷിക്കപ്പെടണം. സർക്കാർ ഇടപെടൽ കാത്തുനിൽക്കാതെ ജനങ്ങൾ സ്വയം മുൻകൈയ്യെടുത്ത് നദികളെ വൃത്തിയാക്കി സംരക്ഷിക്കാൻ തയ്യാറാകണം. പ്രകൃതിയുടെ അമൂല്യമായ സംഭാവനകളിലൊന്നാണ് നദി. നമ്മളെല്ലാവരും നദികളെ വൃത്തിയായി സംരക്ഷിക്കാൻ വേണ്ടി പരിശ്രമിക്കണം.

മേരി അധീന
6 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം