ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/2025-26
| Home | 2026-27 |
വായനാ ദിനം
നമ്മുടെ കുഞ്ഞു കൂട്ടുകാരുടെ മൂല്യങ്ങളെ, അവരുടെ ആശയങ്ങളെ എല്ലാം നല്ല രീതിയിൽ വാർത്തെടുത്ത് നന്മയും, മനുഷ്യത്വവും, സഹകരണ മനോഭാവമുള്ള പുതുതലമുറയെ സൃഷ്ടിക്കാൻ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് നൽകി കുട്ടികളെ കൊണ്ട് വായിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിൽ 2025 ജൂൺ 19-ന് വായനാദിനാചരണം നടത്തി. വായനാദിനത്തിൽ പ്രത്യേക അസംബ്ലിയോട് കൂടി പരിപാടികൾ ആരംഭിച്ചു. അസംബ്ലിക്ക് നേതൃത്വം നൽകിയത് വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ തന്നെയായിരുന്നു. വായനയുടെ മികവിനെ പ്രകീർത്തിക്കുന്ന വരികൾ അടങ്ങിയ ഈശ്വരപ്രാർത്ഥനയോടു കൂടിയാണ് പ്രത്യേക അസംബ്ലി ആരംഭിച്ചത്. തുടർന്ന് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് വേണ്ടി ചൊല്ലിക്കൊടുത്തത് ആറാം ക്ലാസിലെ വിദ്യാരംഗം കലാസാഹിത്യ ക്ലബ് സെക്രട്ടറി കൂടിയായ ദേവിക എ. ആയിരുന്നു. നാലാം ക്ലാസിലെ കുട്ടികൾ വായനാഗാനം അവതരിപ്പിക്കുകയുണ്ടായി. ശേഷം അഞ്ചാം ക്ലാസിലെ സിയാ സജി കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. തുടർന്ന് വായന ഒരു മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ആറാം ക്ലാസിലെ മേഘ എം.എൻ. വായനദിന സന്ദേശം നൽകി.
വായനയുടെ പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അവരവരുടെ രചനകൾക്ക് ജീവൻ നൽകിയത് നാലാം ക്ലാസിലേക്ക് എത്തിയ പവിത്ര, കീർത്തി അനൂപ്, ആറാം ക്ലാസിലെ ദേവിപ്രിയ എന്നിവർ അവർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ട് വരിക കൂടി ചെയ്തപ്പോൾ വായനാദിനം കൂടുതൽ മനോഹരമായി തീർന്നു...
ബഷീർ ദിനം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ചും അഞ്ചാം ക്ലാസിൽ നിന്നും സിയാസജി സംസാരിച്ചു. തുടർന്ന് അദ്രിജാ ശ്രീകുമാർ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയുണ്ടായി. ദേവിക എ. ബഷീറിന്റെ കൃതിയായ പാത്തുമ്മയുടെ ആടിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പോസ്റ്ററുകളും, പാത്തുമ്മ, നാരായണി തുടങ്ങിയ കഥാപാത്രങ്ങളുമായി കുട്ടികൾ വേഷമിട്ടതോടു കൂടി ബഷീർ ദിനം കൂടുതൽ വർണാഭമായി.