ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുന്നൂർക്കോട്

പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ലയിലെ അനേക താലൂക്കുകളിലൊന്നായിരുന്നു വള്ളുവനാട്.വള്ളുവനാടു താലൂക്കിലുൾപ്പെട്ട എളേടത്തു മാടമ്പ് അംശത്തിലെ ഒരു ദേശമാണ് മുന്നൂർക്കോട്.മൂന്നുറവകൾ ഒന്നിച്ചു ചേരുന്ന നാടാണത്രേ മുന്നൂർക്കോട്.മുന്നൂർക്കോട്,കീഴൂർ,ആറ്റാശ്ശേരി എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു എളേടത്തു മാടമ്പ് അംശം.അന്ന് അംശങ്ങളുടെ ഭരണത്തലവന്മാർ അധികാരിമാരായിരുന്നു.അധികാരിയെ സഹായിക്കാനായി അംശം മേനോനും കോൽക്കാരുമുണ്ടായിരുന്നു.പാരമ്പര്യമനുസരിച്ചയിരുന്നു പണ്ടിവരെ നിയമിച്ചിരുന്നത്.

പൂക്കോട്ടുകാവു പഞ്ചായത്ത്

കേരളസംസ്ഥാനരൂപീകരണത്തിനുശേഷം എളേടത്തു മാടമ്പ് അംശവും സമീപഗ്രാമമായ തൃക്കടേരിയുംസംയോജിപ്പിച്ചു തൃക്കടേരി വില്ലേജ് നിലവിൽ വന്നു.വള്ളുവനാടു വിഭജിച്ച് ഒറ്റപ്പാലം താലൂക്കും രൂപീകൃതമായി.ഒറ്റപ്പാലം താലൂക്കിൽ തൃക്കടേരി വില്ലേജിലെ പൂക്കോട്ടുകാവു പഞ്ചായത്തിലാണ് ഇന്ന് മുന്നൂർക്കോട് ഉൾപ്പെടുന്നത്.സമീപ പഞ്ചായത്തുകളായ അമ്പലപ്പാറ,ശ്രീകൃഷ്ണപുരം,വെള്ളിനേഴി എന്നിവിടങ്ങളിൽ നിന്ന് കുറച്ചു ഭാഗങ്ങൾ അടർത്തിയെടുത്തും തൃക്കടെരി പഞ്ചായത്തിലുള്ള മുന്നൂർക്കോട്, വാഴൂർ എന്നിവ ചേർത്തും രൂപികരിച്ച പുതിയ പഞ്ചായത്താണ് പൂക്കോട്ടുകാവ്.

ജനങ്ങളും ഉപജീവന മാർഗ്ഗവും

നായർ സമുദായവും പട്ടികജാതിസമുദായവുമാണ് ജനസംഖ്യയിൽ കൂടുതൽ.മുസ്ളീങ്ങൾ ന്യൂനപക്ഷമാണ്.നമ്പൂതിരിസമുദായം നാമമാത്രവും.കർഷകത്തൊഴിലാളികളാണ് ഭൂരിഭാഗം ജനങ്ങളും.ഭൂപരിഷ്കരണ നിയമം വരുന്നതിനുമുമ്പ് ജന്മി,കാണക്കുടിയാൻ,കൈവശക്കുടിയാൻ എന്നിങ്ങനെ മൂന്നു തട്ടുകളുണ്ടായിരുന്നു.ജന്മി പാടത്തിന്റെ യഥാർത്ത ഉടമയും കാണക്കുടിയാൻ കൈവശക്കുടിയാന്റെ മദ്ധ്യവർത്തിയുമായിരുന്നു.പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ ജന്മി കാണാവകാശം പുനർചാർത്തിക്കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.

പ്രധാന റോഡ്

തൃക്കടേരി പൂക്കോട്ടുകാവു റോഡാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രധാന റോഡ്.പണ്ട് തൃക്കടേരിയിൽ നിന്ന് മുന്നൂർക്കോട് എലിമെന്ററി സ്കൂൾ വരെ മാത്രമേ റോഡുണ്ടായിരുന്നുള്ളു‘.1953-ൽ ഈ റോഡ് പൂക്കോട്ടുകാവു വരെ നിർമ്മിച്ചു.പാടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നാട്ടുകാർ സൌജന്യമായി നൽകിയിട്ടാണ് ഈ റോഡ് ഉടലെടുത്തത്.

തപാലാപ്പീസ്

1949-നു ശേഷമാണ് മുന്നൂർക്കോട് തപാലാപ്പീസ് വന്നത്.കുളങ്കര ശങ്കരൻ നായർ മാസ്റ്ററായിരുന്നു അന്നത്തെ പോസ്റ്റുമാസ്റ്റർ.മുന്നൂർക്കോട് എൽ.പി.സ്കൂളിന്റെ ഒരു സൈഡ് റൂമിലായിരുന്നു ഈ ബ്രാഞ്ച് പോസ്റ്റോഫീസ് ആദ്യം പ്രവർത്തനമാരംഭിച്ചത്.തപാൽ ശിപായിയും അഞ്ചലോട്ടക്കാരനുമുണ്ടായിരുന്നു അന്ന്.മുന്നൂർക്കോട്ടെ ആദ്യത്തെ അഞ്ചലോട്ടക്കാരൻ ഒരു കൃഷ്ണൻ നായരും തപാൽ ശിപായി ഒരു കുഞ്ഞുണ്ണി നായരുമായിരുന്നു.1949-നു മുമ്പ് മുന്നൂർക്കോട്ടേക്കുള്ള തപാലുരുപ്പടികൾ തൃക്കടേരി ബ്രാഞ്ച്തപാലോഫീസിൽ നിന്നും ശിപായിമാർ കൊണ്ടുവരുകയായിരുന്നു പതിവ്.ഇപ്പോഴിവിടെ ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും രണ്ടു ശിപായിമാരുമുണ്ട്.

വായനശാലയും മറ്റും

ശ്രീകുമാരൻ നമ്പൂതിരിപ്പാട് സ്മാരക വായനശാലയാണ് ഇവിടെ പണ്ട് ഉണ്ടായിരുന്നത്.പിന്നീടത് ലോക്കൽ ലൈബ്രറി അതോറിറ്റി ഏറ്റെടുക്കുകയും ജവഹർ ജ്യോതി ആർട്സ്@ സ്പോർട്സ് ക്ലുബായി മാറുകയും ചെയ്തു.ഒരു കുടുംബക്ഷേമ കേന്ദ്രവും ഇവിടെയുണ്ട്.കുറക്കത് ഈച്ചരൻ നായർ സൌജന്യമായി കൊടൂത്ത സ്ഥലങ്ങളിലാണ്ഈ രണ്ടു സ്ഥാപനങ്ങളൂം പ്രവർത്തിക്കുന്നത്.ഒരു ക്ഷീരവിപണന കേന്ദ്രവും ഏതാനും അംഗൻ വാടികളും കുടുംബശ്രീയൂണിറ്റുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.

വിദ്യാലയങ്ങൾ

കുളങ്കര മാധവൻ നായർ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ഇവിടെ ആദ്യമുണ്ടായിരുന്നത്.പിന്നീടത് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.അയ്യങ്കാളി ദളിത് വിദ്യാർത്ഥികളെ പഠിപ്പിക്കാനായി ആരംഭിച്ചതാണ് പഞ്ചമം സ്കൂളുകൾ.ഇത്തരത്തിലൊരു പഞ്ചമം സ്കൂൾ മുന്നൂർക്കോട്ടും ഉണ്ടായിരുന്നു.വള്ളുവനാട് താലൂക്കു ബോർഡ് സ്ഥാപിച്ചതായിരുന്നു ഈ പഞ്ചമം സ്കൂൾ.മപ്പാ‍ട്ടുമനക്കാർ കൊടുത്ത വാടകക്കെട്ടിടത്തിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.സാധാരണ സ്കൂളുകളിൽ ജാതിമത ഭേദമെന്യേ കുട്ടികൾക്കു പ്രവേശനം കൊടുത്തുതുടങ്ങിയതോടെ പഞ്ച്അമം സ്കൂൾ നാമാവശേഷമായി.