ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം/അമ്പാട്ട്
അമ്പാട്ട് തറവാട്
പാലക്കാടിന്റെ കാർഷിക തലസ്ഥാനമായ ചിറ്റൂരിലെ പ്രധാന നായർ തറവാടുകളിലൊന്നാണ് അമ്പാട്ട് തറവാട്. ചിറ്റൂരിന്റെ തട്ടകത്തമ്മയായ ചിറ്റൂർ ഭഗവതി ക്ഷേത്രത്തിനടുത്താണ് അമ്പാട്ട് തറവാട് സ്ഥിതി ചെയ്യുന്നത്. ഏകദേശം മുന്നൂറു വർഷങ്ങൾക്ക് മുമ്പ് അയിലൂരിൽ നിന്നും അമ്പാട്ട് രാമച്ചമേനോൻ എന്ന കാരണവരും കുടുംബവും കൂടി ചിറ്റൂരിൽ വന്നു താമസമാക്കി. അങ്ങനെയാണ് അമ്പാട് തറവാടിന്റെ പരമ്പര ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ചിറ്റൂരിനെ ആക്രമിക്കാനെത്തിയ കൊങ്ങുനാട്ട് പടയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിൽ അമ്പാട്ട്, പുറയത്ത്, എഴുവത്ത്, തച്ചാട്ട് എന്നീ നായർ കുടുംബങ്ങളും പങ്കെടുത്തിരുന്നു എന്നും മറ്റൊരു ഐതിഹ്യം പറയുന്നു. ഈ യുദ്ധത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷം ചിറ്റൂർ കൊങ്ങൻപട മഹോത്സവം നടത്തിവരുന്നത്. അയ്യായിരം ഏക്കറോളം നെൽകൃഷി ഉണ്ടായിരുന്നു. പക്ഷെ ഇവർ അറിയപ്പെട്ടിരുന്നത് കൊച്ചി രാജാവിന്റെ വിശ്വസ്തർ എന്നായിരുന്നു. ടിപ്പുവിന്റെ പടയാളികളെ തോൽപ്പിക്കാൻ പാലക്കാട്ടുശ്ശേരി രാജാവിനെ കൊച്ചി രാജാവ് സഹായിച്ചു. അതിന്റെ സ്നേഹ സൂചകമായി ചിറ്റൂർ പാലക്കാട്ടുശ്ശേരി രാജാവ് കൊച്ചി രാജാവിനു സമ്മാനിച്ചു. കൊച്ചി രാജ്യത്തിന്റെ ഖജാൻജിമാരായും, ഉപദേശകരായും കാലങ്ങളോളം അമ്പാട്ട് തറവാട്ടിലെ അംഗങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഈ കാണുന്ന അമ്പാട്ട് തറവാട് നാലുകെട്ടാണ്. പണ്ട് എട്ടുകെട്ടായിരുന്നു. മുന്നൂറുവർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. ശ്രീ.രാമച്ച മേനോൻ ആണ് ഈ തറവാട് നിർമ്മിച്ചത്. മുന്നൂറു വർഷങ്ങൾക്ക് മുമ്പ് നികുതി അടയ്ക്കാൻ കഴിയാതെ പ്രശ്നത്തിൽ പെട്ടുപോയ വാര്യത്ത് കാരണവരെ അമ്പാട്ട് രാമച്ചമേനോൻ നികുതി അടച്ചു രക്ഷപ്പെടുത്തി എന്നും, അതിന്റെ സ്നേഹോപഹാരമായി വാര്യത്ത് കാരണവരുടെ കയ്യിലുള്ള കുറ്റിപ്പട്ടം എന്ന് പേരുള്ള വല്ലിയ തൊടി (കാട്) രാമച്ചമേനോനു സമ്മാനിച്ചു. ആ കാട്ടിലെ മരങ്ങൾ കൊണ്ടാണ് തറവാട് നിർമ്മിച്ചിരിക്കുന്നത്. വാസ്തുവിദ്യയുടെ ഒരു തനതായ ശൈലി ഈ തറവാട്ടിൽ കാണാം. പൂമുഖത്ത് തൂണുകളും, അതിലെ കൊത്തുപണികളും വളരെ വ്യത്യസ്മാണ്. കൽക്കിയും, ശിവകുടുംബവും, നരസിംഹവും, ശ്രീരാമനും ലക്ഷ്മണനും, ദേവിയും ഭീമനും ഹനുമാനും , വേട്ടയ് കൊരുമകനും, ചിറ്റരമ്മയും , ബലരാമനും , കാളിയമർദ്ദനവും എല്ലാം പൂമുഖത്തെ തൂണുകളിൽ കാണാം. എല്ലാം കൊത്തുപണികൾ തന്നെ. വീടിനു താങ്ങായി അനവധി തൂണുകളുണ്ട്. പൂമുഖത്തെയും മറ്റും പതിച്ചിരിക്കുന്ന കരിങ്കൽ പാളികൾ വലിയ കൗതുകം തന്നെയാണ്. വലിയ നടുമുറ്റവും , ഭീമമായ വാതിലുകളും, രണ്ട് നിലകളിലായി 32 റൂമുകളും ഉൾപ്പെടുന്നതാണ് ഈ തറവാട്. പലറൂമുകളിലും ഡബിൾ റൂം സംവിധാനവും, മരങ്ങളാൽ നിർമ്മിച്ച രഹസ്യ അറകളും എല്ലാ മുറികളിലും ഓവുകളുമുണ്ട്. പഴയക്കാലത്തെ വാസ്തുവിദ്യ ഗംഭീരം തന്നെ! നാലുകെട്ടിന്റെ പ്രധാനവാതിലിനടുത്തുള്ള തട്ടിൽ മരത്തിൽ കൊത്തുപണികൾ കൊണ്ട് തീർത്ത പൂക്കൾ കാണാൻ അതി മനോഹരമാണ്. അതിന്റെ കളർ പച്ചിലകളാൽ ഉണ്ടാക്കിയതാണു. നാലുകെട്ടിനോട് ചേർന്നു മൂന്നു പത്തായപ്പുരകളും വല്ലിയ കുളവും, ശങ്കരനാരായണ ക്ഷേത്രവും, മനോഹരമായ പടിപ്പുരയും, ആനകൾക്കു വരാനായി ആനപ്പടി എന്ന ഒരു കവാടവുമുണ്ട്. പണ്ടിവിടുത്തെ അറുപതു വയസ്സിനു മുകളിൽ ഉള്ളവർ മരിച്ചാൽ അവരെ ദഹിപ്പിക്കാനായി ശ്മശാനവുമുണ്ടായിരുന്നു. ഈ അമ്പാട്ട് തറവാട് വാസ്തുവിദ്യയുടെ ഒരു മനോഹര ലോകമാണു. അമ്പാട്ട് തറവാട്ടുകാർ സമൂഹത്തിന്റെ നന്മയ്ക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കൊച്ചി രാജവംശവുമായി നല്ല ബന്ധമുള്ളതിനാൽ രാജഭരണക്കാലത്തു ഒരുപാട് ജനങ്ങൾക്ക് ജോലിയും, മറ്റു സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനായി നാലുകെട്ടിനോട് ചേർന്ന് ഒരു സത്രം നിർമ്മിച്ച് അവിടെ എന്നും കഞ്ഞിപ്പകർച്ചയും നടത്തിയിരുന്നു. അമ്പാട്ട് തറവാട്ടുകാരുടെ പേരിലായി അമ്പാട്ട് ബാങ്ക് എന്നൊരു ബാങ്ക് ഉണ്ടായിരുന്നു. അമ്പാട്ട് പത്‌മനാഭമേനോൻ ആയിരുന്നു ആ ബാങ്ക് സ്ഥാപിച്ചത്. ആദ്യം കുടുംബാംഗങ്ങൾക്ക് വേണ്ടി ആയിരുന്നെങ്കിലും പിന്നീട് ആ ബാങ്ക് പൊതുജനങ്ങൾക്ക് ചെറിയ പലിശ നിരക്കിൽ കാർഷികലോണും മറ്റും നൽകിയിരുന്നു. നാട്ടുകാർക്ക് വലിയ ഒരു സഹായമായിരുന്നു അമ്പാട്ട് ബാങ്ക്. ഒടുവിൽ 1963 ൽ അമ്പാട്ട് ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്കുമായി ലയിച്ചു ചേർന്നു.
പ്രമുഖ ഗാന്ധിയനും, കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ മെമ്പറും, ആദ്യത്തെ ചിറ്റൂർ മുനിസിപ്പാലിറ്റി ചെയർമാനുമായിരുന്ന അമ്പാട്ട് ഈച്ചരമേനോൻ, അദ്ദേഹത്തിന്റെ പ്രതിമ ചിറ്റൂർ മുനിസിപ്പൽ ഓഫീസിനു മുന്നിൽ സ്ഥാപിച്ചുട്ടുണ്ട്. പ്രമുഖ ഡോക്ടറും, സാമൂഹ്യപ്രവർത്തകനും, തൃശൂർ, പാലക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ ആയിരുന്ന ആദ്യത്തെ കേരള മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും, ആയിരുന്നു ഡോ. അമ്പാട്ട് രാവുണ്ണി മേനോൻ. മദ്രാസ് ഹൈക്കോർട്ടിലെ പ്രമുഖ വക്കീലും, കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറും ആയിരുന്നു അഡ്വക്കേറ്റ് അമ്പാട്ട് ശിവരാമ മേനോൻ. ഇദ്ദേഹം കൊച്ചി സംസ്ഥാനത്തിൽ 1938 ഇൽ മന്ത്രിയായി. വോട്ടെടുപ്പിലൂടെ ആദ്യമായ ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ മന്ത്രിയായ ആദ്യ വ്യക്തി അമ്പാട്ട് ശിവരാമമേനോൻ ആണ്. ദീർഘകാലം ചിറ്റർ തത്തമംഗലം മുനിസിപ്പൽ ചെയർമാൻ ആയിരുന്ന അമ്പാട്ട് ശേഖരമേനോൻ, ഇന്ത്യയിലെ പ്രമുഖ സിനിമാട്ടോഗ്രാഫർ ആയ, നിരവധി പുരസ്കാരങ്ങൾ നേടിയ മധു അമ്പാട്ട്, പ്രമുഖ മലയാള സിനിമാ നടിയും ടിവി ഷോ അവതാരകയുമായ വിധുബാല എന്നിവരും അമ്പാട്ട് തറവാട്ടിലെ അംഗങ്ങളാണ്.