ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം/കോവിഡ് ലോക് ഡൌണിനപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ലോക്ക്ഡൗണിനപ്പുറം

ലോകത്തെ പിടിച്ചുകുലുക്കിയ മൂന്നക്ഷരമാണ് ' കൊറോണ '. കോവിഡ് 19 വൈറസ് വ്യാപനം വഴി ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കിഴടങ്ങിയിരിക്കുന്നു. അനേകം പേർ കൊറോണ ഭീതിയിൽ അകപ്പെട്ടിരിക്കുന്നു. ഇതുവരെ ശാസ്ത്രലോകം ഗൗനിക്കാത്ത 'ഒരിത്തിരി കുഞ്ഞൻ ' ഇന്നിന്റെ സ്വാർത്ഥ താല്പര്യങ്ങളെ സ്രവിക്കാൻ വാ പിളർന്നു നിൽക്കുന്നു.

വെറുപ്പിന്റെയും അത്യാഗ്രഹത്തിന്റെയും കാപട്യത്തിന്റെയും വിശേഷണങ്ങളായി മനുഷ്യൻ മാറിയപ്പോൾ, പ്രകൃതിയെ താറുമാറാക്കിയപ്പോൾ, ഭൂമി തന്ന ഒരു മുന്നറിയിപ്പാണ് കൊറോണക്കാലം. കോവിഡ് പ്രതിരോധ മുന്നേറ്റങ്ങളിൽ ലോകശ്രദ്ധ ആർജിക്കാൻ 'ഭാരതത്തിനും 'അതിലുൾപ്പെട്ട 'കൊച്ചു കേരളത്തിനും 'സാധിച്ചു എന്ന വസ്തുത ചൂണ്ടിക്കാട്ടുന്നത് കഴിവുറ്റ ഇവിടുത്തെ ഭരണകൂടത്തെയും ഉർജ്ജസ്വലരായ ഉദ്യോഗവൃന്ദങ്ങളെയും നിയമങ്ങൾ പാലിച്ചു സംയമനത്തോടെ നിന്ന ജനതയെയുമാണ്. ലോക്ക്ഡൗൺ പശ്ചാത്തലം വഴി കോവിഡ്19 അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എങ്കിലും അതുണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങളും അതുപോലെ ആകാതിരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.നട്ടെല്ലിനടിയേറ്റ സമ്പദ്‌വ്യവസ്ഥയും മൂല്യമിടിഞ്ഞു താഴ്ന്ന വിപണിയും ജീവനറ്റ പോലെയുള്ള ഒരു ജനതയുമാണ് കോവിഡിന് ശേഷം ബാക്കി നിൽക്കുന്നത്.

അടച്ചിടൽ കോവിഡിനെതിരെയുള്ള പരിപൂർണ്ണ പരിഹാരമല്ലെങ്കിൽ കൂടി അതുവഴിയുള്ള അകലം പാലിക്കൽ, ആളുകൾ ഒത്തുകൂടിയുള്ള ചടങ്ങുകൾ ബഹിഷ്കരിക്കൽ തുടങ്ങിയവ ഒരു പരിധിവരെ രോഗവ്യാപനം തടയാൻ സഹായിച്ചിട്ടുണ്ട്. മാസ്ക് ധരിക്കൽ, ഹാൻഡ്‌വാഷ് ഉപയോകം, പൊതു സ്ഥലത്ത് തുപ്പാതിരിക്കൽ തുടങ്ങിയവ ഈ കാലയളവിൽ നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇവ കോവിഡിന് ശേഷവും പിന്തുടർന്നാൽ വൃത്തിയുള്ള സമൂഹവും, പകർച്ചവ്യാധി നിയന്ത്രണവും സാധ്യമാകും. ഏറ്റവും ഭീതിപൂർണ്ണമായ ഈ സാഹചര്യം നമ്മുടെ ചിന്താരീതികളെ വിമലീകരിച്ച് നവ ആശയങ്ങൾ ഉരുത്തിരിയാൻ ഉപയോഗപ്രദമാക്കേണ്ടതാണ്.

കോവിഡ് നമുക്കേകിയ ആഘാതം വളരെ വലുതാണെങ്കിൽ കൂടി പ്രകൃതിക്കും മറ്റുപല കാര്യങ്ങൾക്കും അത് ഉപകാരപ്രദമാകുകയും ചെയ്തു. ഏറെക്കാലമായി ചർച്ചാവിഷയമായി തീർന്ന ഓസോൺ പാളിയിലെ വിള്ളലുകൾ മനുഷ്യന്റെ ഇടപെടൽ കുറഞ്ഞതുമൂലം അപ്രത്യക്ഷമായി. ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾക്ക് പുതുജീവൻ വച്ചു മനുഷ്യനൊഴികയുള്ള മറ്റു ജീവജാലങ്ങൾക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരമുണ്ടാക്കി. പ്രകൃതിക്ക് പുതിയ താളം തന്നെ ചമച്ചു. കോവിഡ് തീർത്ത പ്രതിസന്ധികളെ അവസരങ്ങളായി കണ്ട് പുതിയ ബോധത്തോടെ ഒരു ജനത തന്നെ ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. ഇതിനായി ഭരണകൂടവും ഉദ്യോഗസ്ഥ നേതൃത്വവും ശ്രദ്ധ കൊടുക്കേണ്ടതാണ്.

മാളവിക ആർ കെ
8 ഇ ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠാപുരം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം