ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025(02-06-2025)
2025-26 അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
2025 വർഷത്തെ പഞ്ചായത്തു തല പരിസ്ഥിതി ദിനാഘോഷം ജി യു പി എസ് മടിക്കൈ ആലമ്പാടിയിൽ വച്ചു നടന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.
പഞ്ചായത്തു തല പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു .
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
ജൂൺ 9 നു രൂപീകരിച്ചു.നീലേശ്വരം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ശ്രീജിത്ത് രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.ഷീന പങ്കെടുത്തു.പി ടി എ പ്രസിഡന്റ്,മദർ പി ടി എ പ്രസിഡന്റ്, വാർഡ് മെമ്പർ, പ്രധാനാദ്ധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ,കോഓർഡിനേറ്റർ ശ്രീമതി രജിത ടീച്ചർ , എസ് ആർ ജി കൺവീനർ ശ്രീ പ്രശാന്ത് മാസ്റ്റർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനാവാരം (ജൂൺ 19 മുതൽ ജൂൺ 25 വരെ)
ജൂൺ 19 മുതൽ 25 വരെ നടന്ന വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.ജൂൺ 19 വായനാദിനം,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം എന്നിവ നാടൻ പാട്ട് കലാകാരൻ ശ്രീ പ്രവീൺ പൂങ്ങോട് നിർവഹിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ പി എൻ പണിക്കർ അനുസ്മരണം, പുസ്തകപ്രദർശനം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരം,ഗ്രന്ഥശാല സന്ദർശനം തുടങ്ങി നടന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി .
അന്താരാഷ്‌ട്ര യോഗാദിനം (21-06-2025)
അന്താരാഷ്‌ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് എരിക്കുളം ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ശ്രീ. ലെനിൻ സർ യോഗ ക്ലാസ് കൈകാര്യം ചെയ്തു.
ലഹരിവിരുദ്ധദിനം (26-06-2025)
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ നടന്ന അസ്സംബ്ലിയിൽ സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചു .എല്ലാ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബാലചന്ദ്രൻ സർ ഇതുമായി ബന്ധപ്പെട്ട് കുട്ടികളോട് സംസാരിച്ചു.തുടർന്ന് പോസ്റ്റർ രചനാ മത്സരം ,ലഹരിവിരുദ്ധറാലി തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുമേന്തി മുദ്രാവാക്യം വിളിച്ച് കുട്ടികളും അധ്യാപകരും റാലിയിൽ അണി നിരന്നു. പി ടി എ പ്രസിഡന്റ് ശ്രീ എം വി ബാബു റാലി ഫ്‌ളാഗ് ഓഫ് ചെയ്തു .
ബഷീർ ദിനം (05-07-2025)
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിവിധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ആചരിച്ചു.ബഷീർ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. പുസ്തകപ്രദര്ശനം, ക്വിസ്, ബഷീർ അനുസ്മരണ പ്രസംഗം എന്നീ മറ്റു പരിപാടികളും നടന്നു.
ജനസംഖ്യാദിനം (11-07-2025)
ജനസംഖ്യാദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. ലോകജനസംഖ്യാവർദ്ധനവിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു പ്രധാനാധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ക്ലബ്ബിലെ കുട്ടികൾ ജനസംഖ്യയെക്കുറിച്ച ലഘുവിവരണം തയ്യാറാക്കി അവതരിപ്പിച്ചു.
ചാന്ദ്രദിനം (21-07-2025)
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടന്നു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം,പോസ്റ്റർ രചന, പതിപ്പ് നിർമാണം ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം (ഓഗസ്റ്റ് 6 ,ഓഗസ്റ്റ് 9 )
പ്രത്യേക അസ്സംബ്ലിയിൽ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചു പ്രധാനാധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ കുട്ടികളുമായി സംസാരിച്ചു. സഡാക്കോ കൊക്ക് നിർമാണം, ക്വിസ് ,പോസ്റ്റർ രചന എന്നിവ നടന്നു.
സ്വാതന്ത്ര്യ ദിനം(2025 ആഗസ്ത് 15 )
സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15 )ഇന്ത്യയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പ്രധാനാധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.തുടർന്ന് നടന്ന പൊതുപരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു.മുൻ ബി പി സി യും അധ്യാപക അവാർഡ് ജേതാവുമായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ കെ കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ജേതാവായ കുട്ടികളെ അനുമോദിച്ചു .മികച്ച പഠിതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി.തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ ,1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ദേശഭക്തിഗാനാലാപനം,നൃത്താവിഷ്കാരം ,പ്രസംഗം എന്നിവയും നടന്നു. പി ടി എ യുടെ സഹായത്തോടെ നടന്ന പായസവിതരണത്തോടെ പരിപാടികൾ അവസാനിച്ചു
ഓണം 2025
2025-2026 അധ്യനവര്ഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. സ്കൂൾ
ഓഡിറ്റോറിയത്തിൽ ഏഴാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കി. തുടർന്ന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളുടെ ഓണക്കളികൾ നടന്നു.രക്ഷിതാക്കൾക്ക് കസേരകളി മത്സരവും നടത്തി. തുടർന്ന് പി ടി എ, മദർ പി ടി എ ,എസ് എം സി അംഗങ്ങളുടെ സഹായത്തോടെ വിഭവ സമൃദ്ധമായ സദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.മത്സാരാ വിജയികൾക്ക് അക്ഷയ എരിക്കുളം , മലഞ്ചരക്ക് വ്യാപാരം എരിക്കുളം തുടങ്ങിയ സ്ഥാപനങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.