ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

കുറുമ്പിക്കായൽ
ഉളവയ്പ്പ് കായൽ

കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ പട്ടണത്തിൽ നിന്നും 36 കിലോമീറ്റർ വടക്കും കൊച്ചി നഗരത്തിൽ നിന്നു 27 കിലോമീറ്റർ തെക്കുമായി എൻ എച്ചിൻറെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കോടംതുരുത്ത് ഗ്രാമം മികവിന്റെ പട്ടികയിൽ ഉൾപ്പെട്ടതാണ് . ചേർത്തല താലൂക്കിലുള്ള പ്രകൃതി മനോഹരമായ ഈ പഞ്ചായത്തിൻറെ വടക്ക് എഴുപുന്ന പഞ്ചായത്തും തെക്ക് കുത്തിയതോട് പഞ്ചായത്തും കിഴക്ക് വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലും പടിഞ്ഞാറ് എറണാകുളം ജില്ലയുടെ ഭാഗമായ ചെല്ലാനവും അതിരുകൾ പങ്കിടുന്നു .അരൂർ അസംബ്ലി മണ്ഡലത്തിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത് .15 വാർഡുകളുള്ള 10.81 ച :കി :മീ ഉള്ള ഈ പഞ്ചായത്തിൽ 2011 ലെ സെൻസസ് പ്രകാരം 10365 പുരുഷന്മാരും 10930 സ്ത്രീകളും ഉൾപ്പെടെ 21295 ആണ് ജനസംഖ്യ.

ഈ ഗ്രാമത്തിൽ 6 ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത് .ഇവയിൽ നാലെണ്ണം സർക്കാർ വിദ്യാലയങ്ങളും രണ്ടെണ്ണം എയിഡെഡ് വിദ്യാലയങ്ങളുമാണ് .ഇതിൽ ഗവ :വി വി എച്ച് എസ് എസും ,ഇ സി ഇ കെ യൂണിയൻ എച്ച് എസ്സും,കോടംതുരുത്ത് ഗവ: എൽ പി എസ്സും നാഷനൽ ഹൈ വേയുടെ ഓരത്ത് സ്ഥിതി ചെയ്യുന്നു . യൂ പി സ്കൂളുകളായ ഗവ :ചങ്ങരം യൂ പി എസ്സും ,സെൻറ് മാർടിൻ യൂ പി എസ്സും സെൻറ് ആൻറണീസ് ഗവ :എൽ പി എസ്സും പഞ്ചായത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു .

പഞ്ചായത്തിലാകെ19 അംഗന വാടികൾ പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ തലം കഴിഞ്ഞു ഉപരി പഠനത്തിനുതകുന്ന പ്രൊഫഷണൽ ,ടെക്ക്നിക്കൽ സ്ഥാപനങ്ങളൊന്നും ഈ പഞ്ചായത്തിലില്ല

പേരിൻറെ ചരിത്രം -

വല്ലേത്തോട്

കോടം തുരുത്തിൻറെകിടപ്പ് വളഞ്ഞും പുളഞ്ഞുമാണ് .ഈ പ്രത്യേകതയെ 'കോടിയ'എന്ന വാക്കുപയോഗിച്ചാണ് വ്യവഹരിച്ചു പോന്നത് .

വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലിൻറെയും പടിഞ്ഞാറ് കുറുമ്പിക്കായലിൻറെയും വല്ലേത്തോട്,പൊഴിത്തോട് ,കരേത്തോട് ,തയ്യിൽത്തോട് തുടങ്ങിയവയുടെ ഉള്ളിലേയ്ക്ക് വളഞ്ഞുംപുളഞ്ഞും കയറിക്കിടക്കുന്ന ഭൂപ്രദേശമായത്തിനാൽ ഇതിനെ കോടിയതുരുത്ത് എന്നാണ് ഈ നാടിനെ പഴമക്കാർ വിളിച്ചിരുന്നത് .ഈ പേര് പിന്നീട് കോടംതുരുത്ത് ആയി മാറുകയാണുണ്ടായത് എന്നു പറയപ്പെടുന്നു .

കൂടാതെ മറ്റൊരു ചരിത്രവും പറയപ്പെടുന്നുണ്ട് .പണ്ടുകാലത്ത് എട്ടുവീട്ടിൽ കർത്താക്കന്മാരുടെ വീടുകളിലേയ്ക്ക് തയ്യിൽ തോട് വഴി ആഴ്വാഞ്ചേരി തമ്പ്രാക്കൾ എത്തിയിരുന്നു .പള്ളിയോടങ്ങളിലായിരുന്നു ഇവരുടെ സഞ്ചാരം .അങ്ങനെ പള്ളിയോടങ്ങളിൽ വന്നിരുന്നതിനാൽ ഓടം തുരുത്ത് എന്നറിയപ്പെടുകയും പിന്നീടത് കോടംതുരുത്ത് ആയി മാറുകയും ചെയ്തു എന്നു പറയപ്പെടുന്നു .

കരപ്പുറം എന്ന പേരിലാണ് ചേർത്തല താലൂക്ക് അറിയപ്പെട്ടിരുന്നത് .മൂത്തേടത്ത് ,ഇളയേടത്ത്എന്ന രണ്ടു നാടുകൾ ഇവിടെ ഉണ്ടായിരുന്നു .ഇതിൽ മുട്ടം കേന്ദ്രമാക്കി ഭരിച്ചിരുന്ന മൂത്ത കൈമളിൻറെ നാട്ടുരാജ്യത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത് .

പ്രാദേശിക ചരിത്രം

തിരുവനന്തപുരം , കൊല്ലം ,കോട്ടയം , വൈക്കം എന്നിവിടങ്ങളിൽ നിന്നു ചരക്ക് കയറ്റിയ വലിയ വള്ളങ്ങൾ അഥവാ കേവ് വള്ളങ്ങൾ കടന്നുപോയിരുന്നു . വേമ്പനാട്ടു കായലിന്റെ കൈവഴിയായ ഉളവയ്പു കായലിൻ്റെ ഒാള്ങ്ങളിലുടെയുാണ് കടന്നുപോയിരുന്നുത് .ഉളവയ്പിൽ നിന്ന് വടക്കോട്ടുള്ള യാത്രയിൽ കാറ്റും കോളും വള്ളങ്ങൾക്ക് ഭീഷണി ആയി.ഇതുമൂലം കൊച്ചിയിലെത്താൻ കാലത്താമസം നേരിട്ടു. ഇത് വ്യാപാരത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് മാറ്റൊരു ജലമാർഗത്തേക്കുറിച്ച് ചിന്തിച്ചത്. കൈതപ്പുഴ കായലിന്റെ കൈവഴി പടിഞ്ഞാറൻ മേഖലയിലൂടെ കടന്ന് പോകുന്നതായി തിരിച്ചറിഞ്ഞ് അധികാരികൾ തോടു കുത്തിയുണ്ടക്കി കായലുകളെ ബന്ധിച്ചു . ചരക്കു വള്ളങ്ങളുടേയും യാത്രാകാരെ കയറ്റുന്ന വള്ളങ്ങളുടേയും യാത്ര പിന്നീട് " കുത്തിയതോട് "വഴിയായി.

പ്രധാന കേന്ദ്രങ്ങൾ

പഞ്ചായത്തിൻറെ ആസ്ഥാനവും ,പ്രധാന പട്ടണവും ,വാണിജ്യ കേന്ദ്രവുമായി അറിയപ്പെടുന്ന കുത്തിയതോട് .ജലഗതാഗതത്തിന് ഉതകുന്ന തരത്തിൽ ഉളവയ്പ്പിനെയുംകുറുംബിക്കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് വേണ്ടി കുഴിച്ച തോടിൽ നിന്നാണ് ആ പേരുണ്ടായത് .ഒരു കാലത്ത് ആലപ്പുഴ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഇത് .പ്രസിദ്ധമായ വിളഞ്ഞൂർ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു .

കോടംതുരുത്തിൻറെ കാർഷികകേന്ദ്രമായ വല്ലേത്തോട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ് .ജലഗതാഗതത്തിനായി വല്ലയിൽ കുടുംബക്കാരുടെ ഭൂമി മുറിച്ച് മാറ്റിയ തോടാണു വല്ലേത്തോടെന്നും അതിൽ നിന്നാണ് ആ പേരുണ്ടായതെന്നും പറയപ്പെടുന്നു .ക്രെഡിറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കും ,പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവിടെയുണ്ട് ..

പഞ്ചായത്തിലെ പുരാതനമായ ദേവീക്ഷേത്രവും ,ആദ്യത്തെ ഹൈ സ്കൂളും ,ഏക കളിസ്ഥലവും ,ചമ്മനാട് മാർക്കറ്റും ഇവിടെയാണുള്ളത് .കോടം തുരു ത്തിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ ഈ പ്രദേശത്തിന് വലിയ സ്ഥാനമുണ്ട് .

പഞ്ചായത്തിൻറെ വടക്ക് പടിഞ്ഞാറ് മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കരുമാഞ്ചേരി .പുരാതനമായ സെയിൻറ് ആൻറണീസ് ക്രൈസ്തവ ദേവാലയം ഇവിടെയാണുള്ളത് .ചേർത്തല -കുമ്പളങ്ങി എം സി റോഡ് ഈ പ്രദേശത്തിൻറെ മധ്യത്തുകൂടി കടന്നു പോകുന്നു .

ചരിത്ര സ്മാരകങ്ങൾ

തിരുവിതാംകൂർ- കൊച്ചി നാട്ടുരാജ്യങ്ങളുടെ അതിർത്തി ഗ്രാമത്തെ സൂചിപ്പിക്കുന്ന ചൌക്ക (ചെക്ക് പോസ്റ്റ് )ഇവിടെയായിരുന്നു .രാജഭരണത്തിൻറെ ബാക്കി പത്രമായി ഇന്നത് ജീർണാവസ്ഥയിൽ കുത്തിയതോട് മാർക്കറ്റിൻറെഅടുത്ത് ഇപ്പൊഴും കാണപ്പെടുന്നു .

രാജഭരണത്തിൻറെ സ്മരണകളെ ഉണർത്തുന്ന അതിർത്തിശില (തിരുവിതാംകൂർ -കൊച്ചി )7ആം വാർഡിൽ ഇപ്പൊഴും ഉണ്ട് .

ഗ്രാമത്തിലെ ചന്തയുടെ ഒരു പഴയ ദൃശ്യം

രാജഭരണകാലത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ച് കെട്ടുന്നതിനായി സ്ഥാപിച്ച പൌണ്ട് എന്ന കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾ കാണാം .

ഭൂപ്രകൃതി

കോടംതുരുത്ത് ഗ്രാമത്തിൻറെ വടക്ക് അക്ഷാംശം 09* .44 ലും കിഴക്ക് രേഖാംശം 076*.20 ലും സ്ഥിതി ചെയ്യുന്നു .ഈ നാടിൻറെ ഭൂപ്രകൃതി തികച്ചും വൈവിധ്യ മാർന്നതാണ് .ഒരുകാലത്ത് തിരുവല്ല ,ചങ്ങനാശ്ശേരി ,കോട്ടയം എന്നീ താലൂക്കുകളുടെ പടിഞ്ഞാറ് അതിർത്തിയോളം കയറിക്കിടന്നിരുന്ന അറേബ്യൻ കടൽ പിൻവാങ്ങിയാണ് ഈ പ്രദേശം ഉൾക്കൊള്ളുന്ന ചേർത്തല താലൂക്ക് ഉണ്ടായതെന്ന് ഭൂ വി ജ്ഞാനികൾ പറയുന്നു .ഒരു ഭൂകമ്പത്തിൻറെ ഫലമായാണ് ഈ പ്രദേശത്തിൻറെ കിഴക്കേ അതിർത്തിയായ ഉളവയ്പ്പ് കായൽ ഉണ്ടായതെന്നും കരുതപ്പെടുന്നു .ഈ പ്രദേശം ഒരുകാലത്ത് സമുദ്രാക്രമണത്തിന് ഇരയായിരുന്നു എന്നതിന് തെളിവാണ് ഇവിടെ ധാരാളമായി കാണുന്ന കക്കകൾ .വേമ്പനാട്ടു കായലിൻറെ തീരമൊഴിച്ചുള്ള ഭാഗം മനാൽപ്പരപ്പാണ്.കായൽ തീരം ചെളിപ്രദേശവും .

കാലാവസ്ഥ

ഈ പ്രദേശത്ത് പൊതുവേ മൺസൂൺ കാലാവസ്ഥയാണുള്ളത്. കാലവർഷവും തുലാവർഷവും ഇവിടെ നല്ല രീതിയിൽ ലഭിക്കുന്നു .കൂടാതെ സമുദ്ര തീരപ്രദേശത്തെ അപേക്ഷിച്ച് സമീകൃതമായ ആര്ദ്രോഷ്ണാ വസ്ഥയും ഇവിടെ അനുഭവപ്പെടുന്നു .മാത്രമല്ല ഫെബ്രുവരി മുതൽ മേയ് പകുതിവരെ ശക്തമായ ചൂടും ഇവിടെ ലഭ്യമാണ് .ചുരുക്കിപ്പറഞ്ഞാൽ കാർഷിക വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഈ പ്രദേശത്തുള്ളത് .

മണ്ണ്

തീരപ്രദേശത്തുള്ള എക്കൽ മണ്ണാണ് ഇവിടെയുള്ളത് .ഈ മണ്ണിൽ അമ്ലത്വം കൂടുതലാണ്

കാർഷിക ഗ്രാമമായ ഈ പ്രദേശത്തെ പ്രധാന കൃഷി നെല്ലും ,നാളികേരവുമാണ് .

ഇന്ന് ചെമ്മീൻ കൃഷി വ്യാപകമായതോടെ നെൽകൃഷി ഗണ്യമായി കുറഞ്ഞു .

പയർ,പച്ചക്കറികൾ,കവുങ്ങ് ,കശുമ്മാവ് ,വാഴ ,മരച്ചീനി എന്നീ കൃഷികളും ഈ പ്രദേശത്തുണ്ട് .

തൊഴിൽ

ചങ്ങരം കരിയിലെ കൃഷി

കൃഷി ,കന്നുകാലി വളർത്തൽ ,മത്സ്യ ബന്ധനം,തുടങ്ങിയവയായിരുന്നു പ്രധാന തൊഴിലുകൾ. നാടിൻറെ പുരോഗമനത്തിനനുസൃതമായി മറ്റ് പല തൊഴിലുകളിലും നാട്ടുകാർ ഏർപ്പെടുന്നുണ്ട് .

വൈദ്യശാസ്ത്ര പാരമ്പര്യം

വൈദ്യശാസ്ത്രം -കൃഷ്ണൻ വൈദ്യൻ ,പത്മനാഭൻ വൈദ്യൻ ,അച്യുതൻ വൈദ്യൻ ,വിത വൈദ്യർ ,(ആയുർവേദം)

യൂസഫ് വൈദ്യൻ (യുനാനി )

സുരേന്ദ്ര പ്പണിക്കർ -വിഷവൈദ്യം

കോന്തി വൈദ്യർ ,കുഞ്ഞുണ്ണി വൈദ്യർ -ബാലവൈദ്യം

വി എൻ മുകുന്ദൻ -അലോപ്പതി

ഖാലിദ് വൈദ്യർ -മാനസികാരോഗ്യം ,സിദ്ധവൈദ്യം

കലാപരമ്പര്യം

ചങ്ങരത്ത് നീലകണ്ഠ പ്പണിക്കർ -നാടകം

കുരീത്തറനാണു-കഥകളി

പൈങ്ങൻഅയ്യപ്പൻ -ചെണ്ട

സ്വാതന്ത്ര്യ സമര സേനാനികൾ

വി എ ഗോപാലൻ നായർ

ചങ്ങരത്ത് കുമാരപ്പണിക്കർ

എസ് കുമാരൻ (വയലാർ സമരം )

കെ എൻ ഗോപാലൻ (വയലാർ സമരം )

പൊതു സ്ഥാപനങ്ങൾ

പഞ്ചായത്ത് ഒഫ്ഫീസ്

വില്ലേജ് ഓഫീസ്

കൃഷി ഭവൻ

പോസ്റ്റ് ഓഫീസ്

എസ് ബി ഐ

കെ എസ് ഐ ബീ ഓഫീസ്

പോലീസ് സ്റ്റേഷൻ

ഗവ വി വി എച്ച് എസ് ,ഇ സി ഇ കെ യൂണിയൻ എച്ച് എസ് ,ചങ്ങരം യൂ പി എസ് ,സെൻറ് മാർടിൻ യൂ പി എസ് ,ജി എൽ പി എസ്,സെൻറ് .ആൻറണീസ് എൽ പി എസ് ,

മതവിഭാഗങ്ങൾ

ഹിന്ദു ,ക്രിസ്ത്യൻ ,ഇസ്ലാം മതങ്ങളിൽ പെട്ടവരാണ് .ഹിന്ദുക്കളിൽ പട്ടിക ജാതിയിൽ പെട്ട പുലയൻ ,വേലൻ എന്നീ വിഭാഗങ്ങൾക്കാണ് മുൻ തൂക്കം .പട്ടികവർഗത്തിൽ ഉള്ളാടൻമാർ മാത്രമേയുള്ളൂ

എട്ടുവീട്ടിൽ കർത്താക്കന്മാർ ,തട്ടാരി ,കരുമാഞ്ചേരി ,കുരീത്തറ എന്നീ ജന്മി കുടുംബങ്ങളായിരുന്നു പ്രതാപികൾ .

ചടങ്ങുകൾ ,ആചാരങ്ങൾ

പണ്ട് കാലത്ത് കെട്ടുകല്യാണം ,തിരണ്ടു കല്യാണം എന്നിവ സജീവമായിരുന്നു .ചില സമുദായങ്ങളിൽ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തുന്ന ചടങ്ങുമുണ്ടായിരുന്നു .

സർപ്പം തുള്ളൽ ,കളമെഴുത്ത് പാട്ട് ,അറുകുല തുള്ളൽ ,ഗന്ധർവൻ പാട്ട് ,അയ്യപ്പൻ പാട്ട് ,ഉടുക്ക് പാട്ട് ,പുള്ളുവൻപാട്ട് എന്നിവയും ഉണ്ട്

ക്ഷേത്രങ്ങളോടനുബന്ധിച്ച് ക്ഷേത്രകലകൾ , പറയ്ക്കെഴുന്നള്ളിപ്പ് ,താലപ്പൊലി ,വെളിച്ചപ്പാടിൻറെ ഗൃഹ സന്ദർശനം എന്നിവയുമുണ്ട്

മേടം പത്തിന് അവസാനിക്കുന്ന പത്താമുദയം ,ഉദയംപൂജ ഇവിടുത്തെ പ്രധാന ചടങാണ്.ആഴ്ചകളോളം ഉള്ള പ്രതിഷ്ടാനുഷ്ഠാനങ്ങളോടെ പൂജപ്പാടങ്ങളിലും ,അമ്പലമുറ്റങ്ങളിലും ഇത് നടക്കുന്നു .അപ്പം ഉണ്ടാക്കി സൂര്യന് നേദിക്കുക എന്നതാണു പ്രധാന ചടങ്ങ് .

ഓണാഘോഷം വളരെ പ്രധാന്യ മുള്ള ഒന്നാണ് .കരപ്പാടങ്ങളിലെ ഓണമുട്ടൻ കൊയ്ത്തോട് ക്കൂടി ഇതാരംഭിക്കുന്നു .വട്ടക്കളി ,ചുവടുകളി ,കോലുകളി ,കിളിത്തട്ടുകളി ,തുമ്പ പത്രം കളി ,കുമ്മിയടി ,ഊഞ്ഞാലാട്ടം ,ബോറുകളി ,പുഞ്ച കെട്ടിക്കളി ,വട്ടുകളി,,എട്ടുകളി,കല്ലുകളി ,കുഴിപ്പന്തുകളി ,കബഡി കളി ,കുട്ടിയും കോലും കളി ,ഗോലികളി ,ഓലപ്പന്തുകളി ,വള്ളം കളി ,പുലികളി ,വടംവലി ,വാഴയിൽ കയറ്റം ,മുടിയാട്ടം ,തുടങ്ങിയ വിനോദങ്ങൾ ഈ അവസരത്തിനു മാറ്റ് കൂട്ടുന്നു .വിഷു ,തിരുവാതിര ,ദീപാവലി എന്നിവയും ആഘോഷിക്കുന്നു .

ക്രിസ്ത്യൻ വിഭാഗങ്ങളുടെ പെരുന്നാളുകൾ മാർഗം കളി ,പരിചമുട്ട് എന്നീ വിനോദങ്ങളാലും ആഘോഷിക്കുന്നു .കരോൾ ,കുരുത്തോല പെരുന്നാൾ ,പാതിരാകുർബാന എന്നിവയും പ്രധാനപ്പെട്ടതാണ് .

ബക്രീദ് ,റംസാൻ തുടങ്ങിയ ആഘോഷങ്ങൾ പള്ളിയുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്നു .വ്രതാനുഷ്ഠാനങ്ങൾ ,സക്കാത്ത് ,മൃഗബലി നടത്തി പാവങ്ങൾക്കുള്ള ഇറച്ചി വിതരണം എന്നിവയും ഒപ്പന ,കോലുകളി തുടങ്ങിയ വിനോദങ്ങളും ഈ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നു .

നാടൻ കലകൾ

തിരുവാതിര ,കുമ്മിയടി ,കോലുകളി വട്ടക്കളി ,കൈകൊട്ടിക്കളി

കരകൌശലം

തഴപ്പായ നെയ്ത്ത്,ഓല മെടയൽ ,കൂട്ട വട്ടി,പൂട്ടിൽ ,മുറം മുതലായവയുടെ നിർമാണം

വാരിക്കുട്ട ,വള്ളിക്കുട്ട ,ചകിരിമാല,കയർ നിർമാണം ,വലനെയ്ത്

വീടുകൾ തനി കേരളീയ ശൈലിയിൽ നിർമിച്ചവയാണ്

അരിവാൾ ,പൂട്ട് എന്നിവ നിർമിക്കുന്ന കൊല്ലൻമാർ ഇവിടെയുണ്ട് .വിവിധ സമുദായങ്ങളിൽ പെട്ട വള്ളം പണിക്കാർ ഇവിടെയുണ്ട് ഉള്ളാട സമുദായക്കാരാണ് ഈ ജോലിയിൽ വിദഗ്ധർ .

നാലുകെട്ടുകൾ ,എട്ടുകെട്ടുകൾ എന്നിവ ഗ്രാമത്തിന്റെ വാസ്തു വിദ്യാ വൈദഗ്ദ്ധ്യത്തിന് മാതൃകയാണ് .

വെറ്റിലചെല്ലം,കാൽപ്പെട്ടി ,ആഭരണപ്പെട്ടി തുടങ്ങിയവയുടെ നിർമാണവും പരിമിതമായി ഇവിടെ ഉണ്ടായിരുന്നു .