ഗവ. എച്ച് എസ് കുപ്പാടി/പ്രവർത്തനങ്ങൾ/2026-27
NMMS വിജയിയെ ആദരിച്ചു
NMMS 2025 പരീക്ഷ എഴുതി സ്‌കോളർഷിപ്പിന് അർഹനായ അഭിരാം SJ യെ ഹെഡ്മിസ്ട്രെസ്സിന്റെയും അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ ആദരിച്ചു. അളകനന്ദ മനോഷ് , അജയ് കൃഷ്‌ണ , എൽസ ബിജോയ് , വൈഷ്ണവി KV , അനിഘ TS എന്നീ കുട്ടികൾ NMMS പരീക്ഷ ക്വാളിഫൈഡ് ആകുകയും ചെയ്തു.

SSLC പരീക്ഷയിൽ 100% വിജയം
SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയവുമായി കുപ്പാടി. 100% ത്തിന് പുറമെ മികച്ച ഗ്രേഡുകളും മുൻവർഷത്തേത് പോലെ ആവർത്തിച്ചു.ബത്തേരി മുനിസിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും ഇത്തവണ100% കരസ്ഥമാക്കി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അദ്ധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ അഭിനന്ദിച്ചു.

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഒന്നാം ഘട്ട യൂണിറ്റ് ക്യാമ്പ് 19/05/2026 ന് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചു രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. ഗവ. ഹൈസ്കൂൾ ബീനാച്ചിയിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീ. ദിലീപ് MD യാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീത്താമ്മ ജോർജ് നിർവഹിച്ചു. കുപ്പാടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി അഖില AK സ്വാഗതം പറഞ്ഞു.


CM KIDS Scholarship Examination (LP)
2025-26 വർഷം നടത്തിയ LP,CMKid Scholarshipപരീക്ഷയിൽഉന്നതവിജയംകരസ്ഥമാക്കി,കുപ്പാടി സ്കൂളിൻ്റെഅഭിമാനമായി മാറിയ ലിയാണ്ടർ സന്തോഷ്, അദ്വൈത് AV, റിസമെഹ്റിൻ എന്നിവരുടെ വീടുകൾ ഹെഡ് മിസ്ട്രസ് റീത്ത ടീച്ചറുടെനേതൃത്വത്തിൽ അധ്യാപകർ സന്ദർശിക്കുകയും കുട്ടികളെയുംരക്ഷിതാക്കളേയുംഅനുമോദിക്കുകയും യ്തു.ഗോത്രവിഭാഗക്കാരായ കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന കുപ്പാടി ഗവ.ഹൈസ്കൂളിൽ കുട്ടികളുടെ വിവിധ കഴിവുകൾപരിപോഷിപ്പിക്കുന്നതിനായി വിവിധതരത്തിലുള്ള പല പ്രോഗ്രാമുകളും നടത്തുന്നുണ്ട്. സിഎം കിഡ്എക്സാമിനേഷനുവേണ്ടി കുട്ടികളെ വർഷത്തിന്റെ ആദ്യം തന്നെകണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനം സ്‌കൂൾ തുറക്കുമ്പോൾ തന്നെ ആരംഭിക്കുകയും ചെയ്യുന്നു .അധ്യാപകർഅവധിദിവസങ്ങളിലും ഈ കുട്ടികൾക്ക് പരിശീലനംകൊടുക്കുന്നുണ്ട്. നിരന്തരമായ പരിശീലനത്തിന്റെ മികവുകൊണ്ട് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു കുട്ടിക്ക് ഉൾപ്പെടെ സ്കോളർഷിപ്പ് നേടാൻ സാധിച്ചു.



സ്കൂൾ പ്രവേശനോത്സവം 2026-27
2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു. സുൽത്താൻബത്തേരി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സംഷാദ് പി. ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീത്താമ്മ ജോർജ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. നവാഗതരായ കുരുന്നുകൾക്ക് വിദ്യയുടെ ആദ്യാക്ഷരം കുറിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു.വാർഡ് കൗൺസിലർമാരായ ശ്രീ. അനിൽ, ശ്രീ. വിനോദ്, ശ്രീമതി ബിൻസി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. "നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ ചേർത്തുപിടിക്കാം" എന്ന സന്ദേശമാണ് മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവെച്ചത്.ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ, മുതിർന്ന കുട്ടികൾ അക്ഷരത്തൊപ്പിയും പൂക്കളും നൽകി പുതിയ കുട്ടികളെ വരവേറ്റത് ഹൃദ്യമായ കാഴ്ചയായി. സ്കൂൾ കവാടത്തിൽ ഒരുക്കിയിരുന്ന വർണ്ണാഭമായ സെൽഫി കോർണർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ കൗതുകമുണർത്തി. പുതുതായി സ്കൂളിലെത്തിയ ഓരോ കുട്ടിക്കും പഠനോപകരണങ്ങൾ അടങ്ങിയ കിറ്റും മധുരപലഹാരങ്ങളും സമ്മാനമായി നൽകി. പി.ടി.എ കമ്മിറ്റിയുടെ വകയായി എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി, ഇത് ആഘോഷത്തിന് മധുരം കൂട്ടി. പ്രവേശനോത്സവത്തിന്റെ വിജയത്തിനായി തലേദിവസം മുതൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ക്ലാസ് മുറികൾ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചും, ചുമർചിത്രങ്ങൾ വരച്ചും സ്കൂളിനെ ഉത്സവാന്തരീക്ഷത്തിലാക്കിയത് ഈ കൂട്ടായ്മയാണ്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സിന്ധു എ ചടങ്ങിന് നന്ദി പറഞ്ഞു.


ലോക പരിസ്ഥിതി ദിനാചരണവും ബോധവൽക്കരണ ക്ലാസും
"നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം" (Our Earth, Our Responsibility) എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജി.എച്ച്.എസ്. കുപ്പാടി സ്കൂളിൽ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതിസംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി ബോധവൽക്കരണത്തെക്കുറിച്ചും ആഴത്തിലുള്ള അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങും പരിസ്ഥിതി ദിന സന്ദേശവും
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികൾ ബഹുമാനപ്പെട്ട സ്കൂൾ മാനേജിംഗ് കമ്മിറ്റി (SMC) ചെയർമാൻ ശ്രീ.രാധാകൃഷ്ണൻഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും, വിദ്യാലയ അന്തരീക്ഷം പച്ചപ്പുള്ളതാക്കി മാറ്റാൻ കുട്ടികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് "ഒരു തൈ, ഒരു ജീവൻ, ഒരു ഭാവി" എന്ന ആപ്തവാക്യം മുൻനിർത്തി സ്കൂൾ പരിസരത്ത് പ്രകൃതിദത്തമായ രീതിയിൽ തൈ നടീൽ കർമ്മം നിർവ്വഹിച്ചു.
പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ്
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക "പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ്" സംഘടിപ്പിച്ചു. വയനാട് ഡയറ്റിലെ റിട്ടയേർഡ് സീനിയർ ലക്ചററായ ശ്രീമതി. മോളി ജോസഫ് ക്ലാസ്സിന് നേതൃത്വം നൽകി. പരിസ്ഥിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ലളിതവും എന്നാൽ ശാസ്ത്രീയവുമായ രീതിയിൽ അവർ കുട്ടികളോട് സംവദിച്ചു. ഭൂമിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്താൻ ഈ ക്ലാസ്സിന് സാധിച്ചു.
കുട്ടികൾക്കായുള്ള മത്സരങ്ങൾ
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും പരിസ്ഥിതി അറിവും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പ്രധാന വിഭാഗങ്ങളിലായി വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചു:
റീൽസ് നിർമ്മാണം: പരിസ്ഥിതി ദിനത്തെക്കുറിച്ച് സന്ദേശം നൽകുന്ന തരത്തിൽ രണ്ട് മിനിറ്റിൽ കവിയാത്ത മനോഹരമായ വീഡിയോകൾ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ടീച്ചർമാർക്ക് സമർപ്പിച്ചു. ഇത് കുട്ടികളിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സന്ദേശം എത്തിക്കാനുള്ള കഴിവ് വർദ്ധിപ്പിച്ചു.
പോസ്റ്റർ നിർമ്മാണം: വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്നും പരിസ്ഥിതി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ നിർമ്മിച്ച് വിദ്യാലയത്തിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ സർഗ്ഗാത്മകമായ ആശയങ്ങൾ പോസ്റ്ററുകളിൽ പ്രതിഫലിച്ചു.
ക്വിസ് കോമ്പറ്റീഷൻ: പരിസ്ഥിതിയും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാലയത്തിൽ വെച്ച് ക്വിസ് മത്സരം നടത്തി. കുട്ടികളുടെ പൊതുവിജ്ഞാനം അളക്കുന്നതിനും പുതിയ അറിവുകൾ നേടുന്നതിനും ഇത് ഏറെ സഹായകമായി.

