ഗവ. എച്ച് എസ് എസ് പനമരം/പഠനാനുബന്ധ പ്രവർത്തനങ്ങൾ/പഠനാനുബന്ധ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗുരുകുലം പദ്ധതി ആമുഖം

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ പനമരം ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിന്റെ തനത് മാതൃകയാണ് ഗുരുകുലം പദ്ധതി. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഗുണമേന്മയുള്ള വിദ്യാഭാസവും പാഠ്യാനുഭവങ്ങളും വിദ്യാലയത്തിലെ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്നതിന്റെ ലക്ഷ്യസാഷാത്കാരമാണ് ഈ പദ്ധതി. ഇലട്രോണിക്‌ ഉപകരണങ്ങളുടെയും മറ്റു നവമാധ്യമങ്ങളുടെയും ലഭ്യത കുറവ് വിദ്യാർത്ഥികൾക്ക് വിജ്ഞാനവിനിമയത്തിനു തടസ്സമാകാൻ പാടില്ല എന്നലക്ഷ്യം മുൻനിർത്തി ഉണ്ടായ ചിന്തകൾക്ക് സ്കൂൾ ഹെഡ് മാസ്റ്ററും സീനിയർ അധ്യാപകരും ദീർഘകാലത്തെ അവരുടെ അനുഭവവും അറിവും സമന്വയിപ്പിച്ചുസ്‌കൂളിലെ മറ്റ്‌ അധ്യാപകരുടെയും, പി .ടി .എ യുടെയും സഹകരണത്തോടെ പ്രാവർത്തികമാക്കിയ കോവിഡ് കാല ബദൽ വിദ്യാഭാസപദ്ധതിയാണ് ഗുരുകുലം .

ഹൈ സ്കൂൾ ,യു പി ,വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ ഉള്ള വയനാട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി .എച് .എസ്‌ .എസ് പനമരം .ഈ കുട്ടികളിൽ 600 ഇന് അടുത്ത് പേർ ഗോത്ര വിഭാഗത്തിൽ പെട്ടവർ ആണ്. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഗോത്ര വർഗ്ഗ വിഭാഗം കുട്ടികൾ ഉള്ളത് പനമരം ഹൈ സ്‌കൂളിലാണ്. വിക്‌ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ കാണാനും ,സ്കൂളിലെ അധ്യാപകർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന google meet ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും ഉപകരണ പരിമിതിമൂലം ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് പുറമെ സാമൂഹികമായും സാമ്പത്തീകമായും പിന്നിൽ നിൽക്കുന്ന പൊതു വിഭാഗത്തിലേയും കുട്ടികൾക്കും സാധിച്ചിരുന്നില്ല .ഇതിനു പുറമെ സ്മാർട്ട് ഫോൺ ഉള്ള രക്ഷിതാക്കൾ പലരും ജോലിക്കു പോകുമ്പോൾ അവ കൊണ്ടുപോകുന്നതിനാൽ കുട്ടികൾക്ക് ഫോൺ ലഭ്യമാകാത്ത സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഗാഡ്ഗറ്റ് കളുടെ ഉപയോഗം പരമാവധി ഒഴുവാക്കികൊണ്ടു ,സാമൂഹിക സാമ്പത്തീക പരിമിതികൾ മറികടന്ന് എല്ലാവരിലേക്കും വിജ്ഞാനം എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള അന്വേഷണം അവസാനിച്ചത് ഗുരുകുലം പദ്ധതിയിലാണ് .

ഗുരുകുലം പദ്ധതി

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിശാലമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് .കോവിഡ് മഹാമാരി കാലത്തു കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തിച്ചേരാനുള്ള സാഹചര്യം ഇല്ല. ഉപകരണ പരിമിതിമൂലം ഓൺലൈൻ വിദ്യാഭാസം എല്ലാവരിലേക്കും എത്തിക്കാനും കഴിയുന്നില്ല ഈ സാഹചര്യത്തിൽ കുട്ടികൾ പഴയ ഗുരുകുലങ്ങളിലേതുപോലെ വീട്ടിൽ തന്നെ ഇരുന്ന് പഠിക്കുകയും അധ്യാപകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ വിദ്യാർത്ഥികളുടെ വീട്ടിൽ എത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും രക്ഷിതാക്കൾ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു . കുട്ടികൾ അവരുടെ വീട്ടിലെ വായു സഞ്ചാരവും പ്രകാശലഭ്യതയുമുള്ള ഒരു ഭാഗത്തു അവരുടെ പഠനമുറി തയാറാക്കുന്നു. ഇവിടെ ഏറ്റവും ആവശ്യമുള്ള വസ്തു പാഠപുസ്തകമാണ് ,ഒരു മേശയും കസേരയും ഉണ്ടെങ്കിൽ നല്ലത്. വൃത്തിയുള്ള തറയിലോ ,നിലത്തു പുല്പായവിരിച്ചോ ഇരിക്കാം. പകൽ സമയം ആയതിനാൽ കറന്റ് പോലും നിർബന്ധം ഇല്ല .കുട്ടി രാവിലെ 10 മണിക്ക് തന്നെ കുളിച്ചു റെഡി ആയി പറ്റുമെങ്കിൽ സ്കൂൾ യൂണിഫോം ധരിച്ചു പുസ്തക വായന തുടങ്ങണം. പഠിക്കേണ്ട വിഷയങ്ങൾ ഏതെന്ന് മുൻകൂട്ടിയുള്ള ടൈം ടേബിൾ സ്കൂളിൽ നിന്നും നൽകിയിട്ടുണ്ട്. 10 മുതൽ 12 മണിവരെ യെങ്കിലും കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. അതാതു ദിവസം പഠിച്ച കാര്യങ്ങളെക്കുറിച്ചു ലഘു വിവരണവും സംശയം ഉള്ള ഭാഗങ്ങളും പ്രതേക ഡയറിയിൽ എഴുതി സൂക്ഷിക്കണം. സംശയങ്ങൾ ഫോൺ മുഖാന്തരം കുട്ടികൾക്ക് അധ്യാപകരോട് ചോദിക്കുകയോ ,അധ്യാപകർ പദ്ധതിയുടെ ഭാഗമായി ഭവന സന്ദർശന സമയത്തു നിവാരണം നടത്തുകയോ ചെയ്യാം .

രക്ഷിതാക്കൾക്ക് പ്രതേകിച്ചു മാതാവിന് ഇവിടെ കാര്യമായ ഉത്തരവാദിത്തം ഉണ്ട് . കുട്ടികൾ രാവിലെ നിശ്ചിത സമയത്തു പഠന പ്രവർത്തനങ്ങളിൽ ഏർപെടുന്നുണ്ടോ എന്ന് നോക്കണം ഒപ്പം അവർക്കു ആവശ്യമായ മറ്റു പിന്തുണ നൽകുകയും വേണം. വീട്ടിൽ മാതാ പിതാക്കൾ ഇല്ലങ്കിൽ ഈ ചുമതല വീട്ടിലെ മുതിർന്ന മറ്റ് ആർക്കെങ്കിലും നിർവഹിക്കാം. അധ്യാപകർ കുട്ടികളും രക്ഷിതാക്കളുമായി ഫോൺ വഴി നിരന്തരമായി ബന്ധപെടുകകയും നിശ്ചിത ഇടവേളകളിൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ പഠന പിന്തുണ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ സ്കൂളിലെ കായിക ,കലാ അധ്യാപകരുടെ പിന്തുണയോടെ കുട്ടികളുടെ ശാരീരികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പിന്തുണയും നൽകിവരുന്നുണ്ട് .

മൂല്യ നിർണ്ണയം

ഏതൊരു പഠനപ്രക്രിയയുടെയും അവിഭാജ്യഘടകമാണ് മൂല്യനിർണ്ണയം. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെതികച്ചും ശിശു സൗഹൃദമായ രീതിയിലുള്ള മൂല്യനിർണ്ണയ ഉപാധികൾ ഇവിടെ പ്രയോഗത്തിൽ വരുത്തുന്നു. ലഘു വർക്ക് ഷീറ്റുകൾ ,യൂണിറ്റ് ടെസ്റ്റുകൾ ,ചിത്ര രചന,ഭാഷ വിഷയങ്ങളിൽ പുസ്തക പാരായണം ,ശാസ്ത്രവിഷയങ്ങളിലെ പരീക്ഷണങ്ങൾ ചെയ്തുകാണിക്കാൻ ആവശ്യപെടുക ,ക്വിസ് എന്നിവ ഉൾപ്പെട്ടതാണ് മൂല്യ നിർണ്ണയം. പ്രത്യേകം തയാറാക്കിയ മൂല്യനിർണ്ണയ ഉപാധികൾ സ്കൂളിൽ നിന്നും പ്രിന്റ് എടുത്തു മെൻറ്റർ ടീച്ചേർസ് ,ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ കൈവശം നൽകിയും ,സ്കൂളിലെ അധ്യാപകർ ഭവന സന്ദർശന സമയത്തും കുട്ടികൾക്ക് എത്തിച്ചുനൽകുന്നു. അധ്യാപകരുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഇവ പൂർത്തീകരിച്ചു മൂല്യനിർണ്ണയം നടത്തുന്നു. ഓരോ കുട്ടിയുടെയും പഠന പുരോഗതി ,മറ്റുകുട്ടികളുമായി പങ്കുവെക്കാതെ പ്രതേകം സൂക്ഷിക്കുകയും ,ആവശ്യമുള്ളവർക്കു പരിഹാര ബോധന പ്രവർത്തനങ്ങൾ നൽകി പഠന മികവ് ഉറപ്പുവരുത്തുകയും ചെയുന്നു .

പാരന്റ് ഹവേഴ്സ്

ഗുരുകുലം പദ്ധതിയുടെ മറ്റൊരു സവിശേഷത പാരന്റ് ഹവേഴ്സ് ( രക്ഷിതാക്കൾക്കായി ഒരു മണിക്കൂർ ) എന്ന പേരിൽ ഉള്ള നൂതനമായ ക്ലാസ് പി ടി എ കളാണ്. ഈ പി ടി എ മീറ്റിംഗുകളിൽ കൂടുതൽ സംസാരിക്കുന്നതു രക്ഷിതാക്കൾ ആയിരിക്കും ,ഗുരുകുലം പദ്ധതിയുമായി ബന്ധപ്പെട്ടതും ,കുട്ടിയുടെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രക്ഷിതാക്കൾക്ക് വിശദമായി സംസാരിക്കാൻ അവസരം നൽകുന്നു. ഇവിടെ ക്ലാസ് അധ്യാപകൻ നല്ലൊരു കേൾവിക്കാരനായി മാറുന്നു. അമ്മ അനുഭവം എന്നപേരിൽ അമ്മമാർക്ക് ഗുരുകുലവുമായി ബന്ധപെട്ടു കുട്ടിയുടെ പഠനഅനുഭവങ്ങൾ പങ്കുവെക്കാൻ പ്രതേക അവസരവും ഈ മീറ്റിംഗിൽ ഉണ്ട്. പാരന്റ് ഹവേഴ്സിൽ ലഭിക്കുന്ന രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു ഗുരുകുലത്തിൽ കലാനുസൃതമായ മാറ്റങ്ങളും വരുത്തുന്നതാണ് . ഗുരുകുലം പദ്ധതി നൂതനാശയങ്ങൾ ഉൾകൊണ്ടു മുന്നോട്ടു പോകുന്ന ,കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ വരാൻ കഴിയുന്നത് വരെ ഒരു പക്ഷെ അതിനു ശേഷവും നടത്തിക്കൊണ്ടു കൊണ്ടുപോകേണ്ട ചലനാത്മകമായ പരിപാടിയാണ്. രക്ഷിതാക്കളുടെ മാനസീക പിരിമുറുക്കങ്ങൾ ലഘുകരിക്കുന്നതിനായി രക്ഷിതാക്കൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളും പാരന്റ് ഹാവേഴ്സിന്റെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്. ഇവക്കു പുറമെ കുട്ടികളുടെ സർഗശേഷി വർധിപ്പിക്കുന്നതിനും,പഠന വിരസത അകറ്റുന്നതിനും മാസത്തിൽ ഒരിക്കൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കുട്ടികളുടെ കലാപരിപാടികളും ഇതിന്റെ ഭാഗമാക്കുന്നതാണ് .

പാരന്റ് ഹവേഴ്സിന്റെ ഔപചാരിക ഉൽഘാടനം 16 / 8 / 21 വൈകുന്നേരം ഓൺലൈൻ ആയി നടത്തി. ബഹു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി ടി എ പ്രസിഡന്റുമായ ശ്രീ. മഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചപരിപാടി ,ബഹു. വയനാട് ജില്ലാ വിദ്യാഭാസ ഉപഡയറക്ടർ ശ്രീമതി. കെ .വി .ലീല മാഡം ഉൽഘാടനം ചെയ്തു. ബഹു. വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു പ്രകാശ് ,വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. സി കെ സുനിൽകുമാർ സർ എന്നിവർ മുഘ്യഅതിഥികൾ ആയ പ്രസ്തുത പരിപാടിയിൽ ബഹു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. സജേഷ് സെബാസ്റ്റിയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ കുമാർ അവറുകൾക്കൊപ്പം ,പനമരം സ്കൂൾ എച്. എം ,അധ്യാപകർ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. രക്ഷിതാക്കൾ അവരുടെ കുട്ടികളിൽ ഗുരുകുലം പദ്ധതി തുടങ്ങിയതിനു ശേഷം ഉള്ളഗുണപരമായ മാറ്റങ്ങളും അവരുടെ കുട്ടികളെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകളും പങ്കുവച്ചു. അവർ പനമരം സ്കൂളിലെ അധ്യാപരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. രക്ഷിതാക്കൾ പ്രത്യേകിച്ചു കുട്ടികളുടെ അമ്മമാർ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടിയിൽ മാപ്പിളപ്പാട്ട് ,ഓണപ്പാട്ട് ,ലളിതഗാനം ,കവിത ,സിനിമാഗാനം എന്നിവ ഉണ്ടായിരുന്നു.പരിപാടി കോവിഡ് കാല ഒറ്റപെടലുകൾക്കും ,മാനസീക പിരിമുറുക്കങ്ങൾക്കും തെല്ലൊരാശ്വാസമായിമാറി. ബഹു .ഡി ഡി ഇ ,ഡി ഇ ഒ എന്നിവരുടെ പ്രസംഗം രക്ഷിതാക്കളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതും ,ആത്മവിശ്വാസം പകരുന്നതുമായിരുന്നു. പാരന്റ് ഹവേഴ്സ് പരിപാടിയിൽ പങ്കെടുത്തവർക്ക് അത് വ്യത്യസ്തമായ അനുഭവംതന്നെ ആയിരുന്നു. എല്ലാവരും ഇത്ര മനോഹരമായ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചതിനു പനമരം സ്കൂളിന് നന്ദി അറിയിച്ചു .

ഗുരുകുലം പദ്ധതി ആപ്തവാക്യം

എന്റെ വീട് എന്റെ വിദ്യാലയം ,എന്റെ 'അമ്മ എന്റെ അധ്യാപിക

ഉൽഘാടനം

  പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം 5 / 7 / 2021  ഇന് വൈകുന്നേരം പനമരം ഗവഃ  ഹയർ സെക്കണ്ടറി സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ അഭിനവിന്റെ  കൂടോതുമ്മലിൽ ഉള്ളവീട്ടിൽ വെച്ച്  ബഹു .വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. സംഷാദ്  മരക്കാർ നിർവഹിച്ചു. പി .ടി .എ പ്രസിഡന്റും  ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ ബഹു. മഞ്ചേരി കുഞ്ഞമ്മദ് അദ്ധ്യക്ഷം വഹിച്ച പ്രസ്തുത പരിപാടിയിൽ ബഹു .പനമരം ജി .എച് .എസ് .എസ് ,ഹൈ സ്കൂൾ വിഭാഗം പ്രധാനാധ്യാപകൻ ശ്രീ വി. മോഹനൻ സർ പദ്ധതി വിശദീകരിക്കുകയും ,ബഹു. ജില്ലാപഞ്ചായത്തു ഡിവിഷൻ മെമ്പർ ശ്രീമതി. ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തുകയും ,വാർഡ് മെമ്പർമാരായ ശ്രീ. സുനിൽകുമാർ ,ശ്രീമതി. സരിത എന്നിവർ സംബന്ധിക്കുകയും ചെയ്തു .ഇവർക്ക് പുറമെ സാമൂഹിക ,വിദ്യാഭാസ ,സാംസ്കാരികമേഖലയിലെ പ്രമുഖൻമാരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു .

ഗുരുകുലം പദ്ധതി മേൽ നോട്ട കമ്മിറ്റി

1 .ശ്രീ. വി.മോഹനൻ മാസ്റ്റർ -- ഹെഡ് മാസ്റ്റർ ജി .എച് .എസ് .എസ് .പനമരം

2 .ശ്രീ .മഞ്ചേരി കുഞ്ഞുമുഹമ്മദ് --പി .ടി .എ പ്രസിഡന്റ്

3 .ശ്രീമതി.റീത്താമ്മ ജോർജ് -- എസ് ആർ ജി കൺവീനർ ഹൈസ്കൂൾ വിഭാഗം

4 .ശ്രീമതി സിനി കെ വി -- എസ് ആർ ജി കൺവീനർ യു പി വിഭാഗം

5 ശ്രീ .ഷിബു എം .സി -- സ്റ്റാഫ് സെക്രട്ടറി

6 .ശ്രീ .ടി .ടി ജെയിംസ് -- സീനിയർ അസിസ്റ്റന്റ്

7 .ശ്രീ .വി ഡി ശ്രീകുമാർ -- നോഡൽ ഓഫീസർ

പദ്ധതി മുന്നോട്ടുള്ള പ്രയാണം

ഗുരുകുലം മേൽനോട്ട സമിതിയുടെയും ,പി ടി എ ,ക്ലാസ് ടീച്ചേർസ് ,മറ്റ് അധ്യാപകർ ,എം പി ടി എ ,സാംസ്‌കാരിക വിദ്യാഭാസ പ്രവർത്തകർ എന്നിവരുടെയും ത്രിതല പഞ്ചായത്തംഗങ്ങളുടെയും സഹകരണത്തോടെ പനമരം സ്കൂളിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ തിരഞ്ഞെടുത്ത കുട്ടികളുടെ വീടുകളിൽ വെച്ച് വാർഡ് തല ഉൽഘാടനങ്ങൾ നടത്തുകയും പദ്ധതി വിഭാവനം ചെയുന്ന ഉദ്ദേശ്യ ,ലക്ഷ്യങ്ങൾ പരമാവധി കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ,പൊതു സമൂഹത്തിലേക്കും എത്തിക്കുന്നതിനുള്ള ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്. തുടർ ദിവസങ്ങളിൽ അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളുടെ വീടുകൾ സന്ദർശിച്ചു രക്ഷിതാക്കളോടും കുട്ടികളോടും വിശദീകരിച്ചു അവരുടെ വീടുകളിൽ പദ്ധതി ആരംഭിക്കുകയും ,ഇതിൽ രക്ഷിതാക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി ആരംഭിച്ച വീടുകളിൽഗുരുകുലം എന്ന തലക്കെട്ടിനു പുറമെ പദ്ധതിയുടെ ആപ്തവാക്യമായ 'എന്റെ വീട് എന്റെ വിദ്യാലയം എന്റെ അമ്മ എന്റെ ടീച്ചർ' എന്നും കുട്ടിയുടേയും അമ്മയുടെയും പേരും മറ്റു വിവരങ്ങളും അടങ്ങിയ ചാർട്ട് പേപ്പർ കുട്ടി തന്നെ തയാറാക്കിയത് എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവും . പദ്ധതിയുടെ തുടർന്നുള്ള രണ്ടു മൂന്ന് ആഴ്ചക്കാലം പരമാവധി വീടുകൾ സന്ദർശിച്ചു ആ വീടുകളിൽ ഗുരുകുലം നടപ്പാക്കിയുട്ടുണ്ട്. 1500 ഓളം കുട്ടികൾ പഠിക്കുന്ന പനമരം സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളിലും കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്തു പെട്ടന്ന് എത്തിച്ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുമുള്ളതിനാൽ അടിയന്തിര ഇടപെടൽ എന്ന നിലയിൽ മുഴുവൻ ക്ലാസ്സ് പി ടി എ കളും ഓൺലൈൻ ആയി വിളിച്ചുചേർത്തു പദ്ധതിയെക്കുറിച്ചു രക്ഷിതാക്കളോടും കുട്ടികളോടും വിശദീകരിക്കുകയും എല്ലാവീടുകളിലും ഗുരുകുലം ആരഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു .

കുട്ടികളുടെ ഏറ്റവും നല്ല പഠനസഹായി അധ്യാപകരും പുസ്തകങ്ങളുമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഗുരുകുലം പദ്ധതി ആരംഭിക്കുന്നതുതന്നെ. കോവിഡ് മഹാമാരി അറിവ് നേടാനും വിവിധശേഷികൾ കൈവരിയ്ക്കാനും ഉള്ള കുട്ടികളുടെ അവകാശത്തിനു തടസ്സമാകാൻപാടില്ല എന്ന ഉൾബോധത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നിട്ടിറങ്ങാൻ അധ്യാപകർ തീരുമാനിച്ചത്. കുട്ടികളുടെ വീടുകളിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ സന്ദർശനം നടത്തുന്നതു ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വീട് സന്ദർശന സമയത്തു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതുപോലെ കുട്ടി പഠന സമയത്തു എഴുതിവച്ചിട്ടുള്ള ഡയറി പരിശോധിച്ചു കുട്ടിയുമായി സംവദിച്ചു സംശയനിവാരണം നടത്തുന്നു .കൂടാതെ കുട്ടിക്ക് ആവശ്യമായ പഠന പിന്തുണയും ,രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവിശ്യമായ മാനസീക പിന്തുണയും ആത്മവിശ്വാസവും പകർന്നു നല്കുന്നു. മുൻ കാലങ്ങളിൽ കുട്ടികൾ വിദ്യക്കായി വിദ്യാലയത്തിലേക്ക് വന്നതെങ്കിൽ ഇവിടെ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റിക്കൊണ്ട് ഗുരുനാഥന്മാർ കുട്ടികളുടെ വീടുകളിലേക്ക് എത്തുന്നു. അങ്ങനെ വീട് തന്നെ ഒരു വിദ്യാലയം ആയിമാറുന്നു. പഴയ ഗുരുകുല സമ്പ്രദായം മഹാമാരിക്കിടയിൽ പുനർജനിച്ചിരിക്കുന്നു .

പദ്ധതിക്കുള്ള പിന്തുണ

ഗുരുകുലം പദ്ധതിയുടെ സാമൂഹിക പിന്തുണ നാൾക്കുനാൾ വർധിച്ചുവരികയാണ്. പനമരം ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മോഹനൻ സാറിന്റെ മനസ്സിൽ ഉദിച്ചു കർമ്മനിരതരായ അധ്യാപകരുടെ ,പി ടി എ യുടെ ,ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ മുന്നോട്ടുപോകുന്ന ,പനമരം സ്കൂളിന്റെതനതു കോവിഡ് കാല ബദൽ വിദ്യാഭാസപരിപാടി രക്ഷിതാക്കളും ,കുട്ടികളും പൊതു സമൂഹവും നെഞ്ചിലേറ്റിക്കഴിഞ്ഞു. അതിനുള്ള തെളിവാണ് വീടുകൾസന്ദർശിക്കുന്ന സമയത്തു കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടായ മാറ്റം ,കോവിഡ് കാല ഒറ്റപ്പെടലുകൾക്കും ,സാമൂഹിക ,സാമ്പത്തീക പരിമിതിക്കിടയിൽ തങ്ങളുടെ ഭാവിയിലെ പ്രതീക്ഷകളായ കുട്ടികളുടെ പഠനകാര്യം പ്രതിസന്ധിയിലാവുമോ എന്നുള്ള രക്ഷിതാക്കളുടെ ആശങ്കകൾക്ക് തെല്ലൊരു അറുതിവരുത്തുവാൻ ഗുരുകുലം പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. അധ്യാപകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെ കൂട്ടായി വീട്ടിലേക്കു വന്നു കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കുന്നതും ,കുട്ടികളെ പഠന പ്രവർത്തനത്തിൽ സഹായിക്കുന്നതും ഇവരിൽ തെല്ലൊന്നുമല്ല ആത്മവിശ്വാസം വളർത്തിയിട്ടുള്ളത്. ഒറ്റപെട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ചേർത്ത് പിടിക്കാൻ അധ്യാപകർക്കായി. അവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരിയും ആത്മവിശ്വാസവും അതിനുള്ള തെളിവാണ് .

കോവിഡ് പ്രതിസന്ധി സമൂഹത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും പനമരം സ്കൂളിലെ അധ്യാപകരെ സംബന്ധിച്ചോളം ഇത്രയധികം കുട്ടികളുടെ വീടുകളിൽ പോകാനും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും ,രക്ഷിതാക്കളുമായി അവരുടെ വീടിന്റെ സ്നേഹോഷ്മളമായ കൊച്ചു വരാന്തകളിൽ മിഥുനം ,കർക്കിടക മാസത്തിലെ ചാറ്റൽ മഴയുടെ ചെറു തുള്ളികൾ ഏറ്റുണ്ടായ തണുപ്പിൽ ആഥിത്യമര്യാദയുടെ ചുടു കട്ടൻചായ കുടിച്ചുകൊണ്ട് വിശേഷങ്ങൾ പങ്കുവെക്കാനും കുട്ടികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ഇതിനു മുൻപ് എങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. പ്രതിസന്ധികൾ അവസരമായി മാറുന്ന നിമിഷങ്ങൾ. നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് പനമരം സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ഇവിടെ സമ്പന്നർ ഉണ്ട് ,മധ്യ വർഗവും ,വളരെ സാധാരണക്കാരുമുണ്ട്. കുട്ടികളുടെ സാമൂഹിക ,സാമ്പത്തീക അവസ്ഥകൾ നേരിട്ടു മനസ്സിലാക്കാനും ഗുരുകുലം ഉപകാരപ്രദമായി .

വിശ്രുത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ -ഡോണ്ട് ജഡ്ജ്- എന്ന ഷോർട്ട് ഫിലിമിൽ ക്ലാസ്സിൽ പതിവായി താമസിച്ചു വരുന്ന വിദ്യാർത്ഥിയെ ശിക്ഷിക്കുകയും അവനെ മറ്റുകുട്ടികളുടെ മുൻപിൽ വെച്ച് കളിയാക്കുകയും ചെയുന്ന അധ്യാപകൻ ,അധ്യാപകന്റെ സ്കെയിൽ കൊണ്ടുള്ള അടിയേക്കാൾ ആ കുഞ്ഞു മനസ്സ് വേദനിച്ചതിന് മറ്റ് എന്തോ കാരണം ഉണ്ടായിരുന്നു. ക്ലാസ്സിലെ മറ്റുകുട്ടികൾക്കു മുന്പിൽ അവൻ മടിയനും കൃത്യനിഷ്ഠയില്ലാത്തവനുമായിരിന്നു. എന്നാൽ ഒരുനാളിൽ ഇ കുട്ടിയുടെ വീടിനു സമീപത്തു കൂടി കടന്നുപോയ അധ്യാപകൻ കുട്ടി താമസിച്ചു സ്കൂളിൽ എത്തുന്നതിന്റെ കാരണം മനസിലാക്കുന്നു. ഭിന്നശേഷിക്കാരനായ തന്റെ മുതിർന്ന സഹോദരനെ വീൽ ചെയറിൽ കയറ്റി വീൽ ചെയർ ഉന്തിക്കൊണ്ടു കുറേ ദൂരം സഞ്ചരിച്ചു സഹോദരനെ സ്കൂള്ബസ്സിൽ കയറ്റി വിട്ടതിനു ശേഷമാണു ഈ കൊച്ചുപയ്യൻ ഓടി മടുത്തു സ്കൂളിൽ എത്തുന്നത്. ഈ ദിവസവും ക്ലാസ്സിൽ താമസിച്ചു വരുന്ന കുട്ടി പതിവ് പോലെ കുനിഞ്ഞ ശിരസ്സുമായി തല്ലുവാങ്ങുന്നതിനായി അധ്യാപകന്റെ നേരെ കൈനീട്ടുന്നു ,ക്ലാസ്സിലെ മറ്റുകുട്ടികൾ അവനെ കളിയാക്കി ചിരിക്കാൻ തുടങ്ങുന്നു. കണ്ണടച്ച് അടിവാങ്ങാനായി നീട്ടിയ ആ കൊച്ചുകൈയിലേക്കു അധ്യാപകൻ അവനെ സ്ഥിരമായി തല്ലാൻ ഉപയോഗിച്ചിരുന്ന സ്കെയിൽ വച്ചുകൊടുത്തു തന്നെ തല്ലാൻ ആവശ്യപ്പെട്ടുകൊണ്ടു അവന്റെ മുൻപിൽ കുനിഞ്ഞിരുന്ന് മാപ്പ് അപേക്ഷിക്കുന്നു.അധ്യാപരും വിദ്യാർത്ഥികളും യാഥാർത്യം മനസ്സിലാക്കുന്ന സമ്മോഹന നിമിഷം. അധ്യാപകനും കുട്ടിയും ആസ്വാദകരുടെ മനസ്സിൽ ഉദാത്തവൽക്കരിക്കപ്പെടുന്നു.ആദ്യ ഭാഗത്തു കുട്ടി മടിയനാണ് എന്ന് കരുതുന്ന പ്രേക്ഷകന്അവനോട് ചെറിയ നീരസം ഉണ്ട് ,എന്നാൽ കുട്ടിയുടെ യാഥാർഥ്യം മനസ്സിലാക്കുന്ന നിമിഷം ആ നീരസം അധ്യപകനോടായി മാറുന്നു. എന്നാൽ യാഥാർഥ്യം മനസ്സിലാക്കിയ അധ്യാപകന്റെ മാപ്പിരക്കലിൽ പ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ,ബഹുമാനവും കൂടുന്നു. കുട്ടികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നിടത്താണ് അധ്യാപകൻ വിജയിക്കുന്നത് .

മുകളിൽ പറഞ്ഞ ഷോർട് ഫിലിമിൽ പറഞ്ഞ തരത്തിലുള്ള പലകാര്യങ്ങളും ഗുരുകുലം ഭവനസന്ദർശനത്തിന്റെ ഭാഗമായിപനമരം സ്കൂളിലെ അധ്യാപകർക്ക് ബോധ്യം വന്നിട്ടുണ്ട്. കുട്ടികൾക്ക് നോട്ട് ബുക്ക് ഇല്ലാത്തതിന് ,താമസിച്ചു എത്തുന്നതിനു ,പരീക്ഷയിൽ മാർക്ക് കുറയുന്നതിന്റെ പുറകിൽ ഇത്തരത്തിലുള്ള സാമൂഹിക സാമ്പത്തീക പ്രശ്നങ്ങൾ ഉണ്ട് എന്ന തിരിച്ചറിവ് ഗുരുകുലം പദ്ധതിയിൽ കൂടി കൂടുതലായി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില കുട്ടികളെയും രക്ഷിതാക്കളെയും സാമ്പത്തീകമായി സഹായിക്കാനും ,പഠന ഉപകരണങ്ങൾ നൽകാനും അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. അധ്യാപകർ സ്വന്തം വാഹനത്തിൽ നല്ലറോഡുകളിലൂടെ കുട്ടികളുടെ വീട്ടിൽ എത്തിചേർന്നിട്ടുണ്ട് ,ഇതിനു പുറമെ പുഴകടന്നു മരങ്ങൾക്കിടയിലൂടെ ,നാട്ടുവഴികളിലൂടെ സഞ്ചരിച്ചു ,നിറഞ്ഞ തോടുകളും ,കയ്യാലയും വേലികളും കടന്ന് ,നാട്ടുമരങ്ങൾ നിഴൽവിരിച്ച ,പച്ചത്തവളയും ,വെള്ളത്തിലാശാനും നീന്തിത്തുടിക്കുന്ന വെള്ളം കെട്ടികിടക്കുന്ന മൺ റോഡിലൂടെ ,തെന്നിവീഴാൻപോയി ,ചെളിആയ വസ്ത്രങ്ങളുമായാണ് പലകുട്ടികളുടെയും വീടുകളിൽ ശ്രമപ്പെട്ടു എത്തിച്ചേർന്നത്. ഈ ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചാണ് വീടുകളിൽ എത്തിച്ചേരുന്നത് എങ്കിലും അവിടെ എത്തുമ്പോൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുഖത്തുള്ള സന്തോഷവും സുരക്ഷിത ബോധവും ,ആത്മ വിശ്വാസവും കാണുമ്പോൾ എല്ലാ കഷ്ടപ്പാടുകളും മറക്കുന്നു. അവരുടെ മുഖത്തുള്ള ഈ സ്നേഹവും ,സന്തോഷവും ,ആത്മവിശ്വാസവും തന്നെയാണ് ഗുരുകുലത്തിനുള്ള ഗുരുദക്ഷിണ .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം

ഗുരുകുലം പദ്ധതിയുടെ വിജയകരമായ പ്രയാണത്തിൽ ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ പങ്ക് വളരെ വലുതാണ്. ഉൽഘാടന സമയം മുതൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഈ സ്ഥാപനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകളും ,സഹായസഹകരണവും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദർശനത്തിലും,പദ്ധതിയുടെലക്ഷ്യങ്ങൾ രക്ഷിതാക്കളിലുംകുട്ടികളിലും എത്തിക്കുന്നതിലും,കുട്ടികളുടെ വീട്ടിൽ പദ്ധതിനടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾഅധ്യാപകർക്ക്ഒപ്പംഉണ്ടായിരുന്നു.കൂടാതെപദ്ധതി നടത്തിപ്പിന് എല്ലാവിധ പ്രോൽസാഹനവും നൽകിവരുന്നുണ്ട്. ഇതോടൊപ്പം തന്നെ പനമരം സ്കൂളിന്റെ കീഴിൽ വരുന്ന വിവിധ പഠനകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കിത്തരുന്നതിലും ഇവർ ബദ്ധശ്രദ്ധരാണ് .

വിദ്യാഭാസ അധികാരികളുടെ പിന്തുണ

ഗുരുകുലം പദ്ധതിയുടെ വിജയകരമായ പ്രയാണത്തിന് ജില്ലാ വിദ്യാഭാസ അധികാരികൾ തന്ന പ്രോത്സാഹനവും ,പിന്തുണയും വിലമതിക്കാനാവാത്തതാണ്. ബഹു. വയനാട് ജില്ലാ വിദ്യാഭാസ ഉപഡയറക്ടർ,ജില്ലാ വിദ്യാഭാസ ഓഫീസർ എന്നിവർ പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആവിശ്യമായ മാർഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയിട്ടുണ്ട് .

സംഗ്രഹം

പനമരം പ്രദേശത്തു വീഴുന്ന ഓരോ മഴത്തുള്ളിയും ചെറു കൈവഴികളായി ,പിന്നീട് തോടുകളായി ,പനമരം പുഴയായി ,കബനി നദിയായി,കാവേരിയെന്നമഹാനദിയായിസഞ്ചരിക്കുന്ന വഴിയിലുടനീളം ആളുകൾക്ക് സമ്പൽ സമൃദ്ധിയും പച്ചപ്പും പ്രധാനം ചെയ്തു അവസാനം ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ മഹാ സാഗരത്തോടു ചേരുന്നു. ഒരു മഴത്തുള്ളിയുടെ യാത്ര ഇങ്ങനെയാണ് പൂർണ്ണമാകുന്നത്. നമ്മുടെ കുട്ടികളുടെയും വളർച്ച ഇങ്ങനെ ആവണം നല്ല അറിവ് നേടി അവർ സഞ്ചരിക്കുന്ന വഴിയിൽ ഉള്ളവർക്ക് കൈത്താങ്ങും ആശ്വാസവും ആയിമാറാൻ കുട്ടികൾക്ക് കഴിയണം അതിനുഅവർക്കു അറിവ് പകരണം ,നേർവഴി കാണിച്ചുകൊടുക്കണം.പനമരം സ്കൂളിലെ ഗുരുക്കന്മാർ ശിഷ്യഗണങ്ങളുടെ വീടുകൾ കയറി വിജ്ഞാന വിനിമയം നടത്തിക്കോണ്ടേയിരിക്കുന്നു ,ഗുരുകുലം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു .