ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/ഇന്നലെകളെ സ്നേഹിച്ചവൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെകളെ സ്നേഹിച്ചവൾ

ഇന്നലെകളെ സ്നേഹിച്ച പെൺകിടാവേ ,
ഇഷ്ടമായെനിക്ക് നിന്റെ "ഇന്നലെകൾ" .
നീ മറന്നില്ല ,
നിനക്കു ജന്മമേകിയോരിന്നലെ ,
നിന്നെ ഋതുമതിയാക്കിയോരിന്നലെ ,
നിന്നെ ഭർത്യമതിയാക്കിയോരിന്നലെ ,
നിന്നെ മാതാവാക്കിയോരിന്നലെ ,
നീ മറന്നില്ല ,
നിനക്കനുഭവമേകിയോരിന്നലെകൾ
നിനക്കു പാഠമായോരിന്നലെകൾ
നിന്നെ വഴി നടത്തിച്ചോരിന്നലെകൾ
നിന്നെ നീയാക്കിയോരിന്നലെകൾ
നീ ഓർക്കണം,
ഇന്നലെകളെ വിസ്മരിക്കുന്നോർക്കും ,
നാളെകളെ മാത്രം കിനാവു കാണുന്നോർക്കും ,
ഇല്ലനുവാദം നുകരാനിന്നിന്റെ സൗന്ദര്യം ,
ഇല്ലവകാശം നുണയാനിന്നിന്റെ മാധുര്യം.
നീ അറിയണം ,
ഇന്നലെകൾ നിന്റെ അമ്മയല്ലയോ-
അമ്മയെ മറക്കാൻ കഴിയുന്നതെങ്ങനെ ?
ഇന്നലെകളെ സ്നേഹിച്ച പെൺകിടാവേ ,
ഇഷ്ടമായ് എനിക്കേറെ നിന്റെ "ഇന്നലെകൾ" , ഞാ-
നിന്നലെ വായിച്ച നിന്റെ "ഇന്നലെകൾ"

മറീന ഫിഗറസ്
U P S T ഗവ. ഹൈസ്കൂൾ , മഞ്ഞപ്ര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത