ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണവും മാനവ കാഴ്ചപ്പാടും

പ്രകൃതി സംരക്ഷണവും മാനവ കാഴ്ചപ്പാടും     

പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യൻറെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യൻറെ പ്രവർത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ  വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽനിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായങ്ങൾ ത്വരിതപ്പെടുന്നതിൻറെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലീമസമായിത്തീരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തിൻറെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിനാവശ്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിൻറെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട്. ഇതിനു പുറമേ മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പിൽ വരുത്തലും വർധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകുന്നു.

ഭവ്യ എം എസ്
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം