ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മൾ ഓരോരുത്തരും പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, എച്ച് ഐ വി, ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ അകറ്റാൻ കഴിയും.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മാസ്ക്കോ തുവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും.

വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.

പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.

പയറുവർഗങ്ങളും, പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യവും, മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ ,കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. ഇറുക്കം കുറഞ്ഞ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനിയിൽ മുക്കിയ ശേഷം കഴുകുക.ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന മാരകമായ കൊറോണയിൽ നിന്നും രക്ഷപെടാൻ സാധിക്കും..

ആൽജിൻ റോസ്
7C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം