ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം/ഭൂപ്രകൃതി
കാട്ടാക്കട താലൂക്കിലുൾപ്പെട്ട ഈ പ്രദേശത്തിന്റെ കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് കാട്ടാക്കട പട്ടണവും തെക്ക്കിഴക്കായി നെയ്യാറും സ്ഥിതിചെയ്യുന്നു.സംഘകാലത്തിലെ തിണകൾ വിശദമാക്കുന്ന പല കൃതികളിലും വീരണകാവിന് അനുയോജ്യമായ തരത്തിലുള്ള തിണകളെ കുറിച്ചുള്ള വിവരണങ്ങൾ കാണാൻ സാധിക്കും.കുറിഞ്ഞി,പാലൈ,മുല്ലൈ,മരുതം,നെയ്തൽ എന്നീ തിണകളിൽ കുറിഞ്ഞിയും മുല്ലൈയും മരുതവുമെല്ലാം ഉൾപ്പെടുന്ന തരത്തിലായിരുന്നു ഈ പ്രദേശത്തിന്റെ പ്രകൃതം.മലകളും കുന്നുകളും താഴ്വരകളും തണ്ണീർത്തടങ്ങളും വയലുമെല്ലാം ഇടകലർന്ന പ്രദേശമാണിത്.ഈ പ്രദേശത്തിന്റെ കിഴക്കായി കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതപ്രദേശമായ അഗസ്ത്യകൂടവും പടിഞ്ഞാറ് ഭാഗത്തായി തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ മൂക്കുന്നിമലയും സ്ഥിതിചെയ്യുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയെ മൂന്നായി തിരിച്ചിരിക്കുന്നു-മലനാട്,ഇടനാട്,തീരപ്രദേശം.ഇതിൽ മലനാടും ഇടനാടും കൂടികലർന്ന ഭൂപ്രദേശമാണ് വീരണകാവ്.സ്കൂൾ സ്ഥിതിചെയ്യുന്ന ആനാകോട് വാർഡിൽ ചെറിയ മലകളും താഴ്വരകളിൽ വയലേലകളുമായിരുന്നു.ഇന്ന് നെൽവയലുകൾ അന്യംനിന്നു പോയതായി കാണാം.എന്നാൽ പുതിയ തലമുറ പല സംഘടനകളിലൂടെ നെൽകൃഷി പുനരാരംഭിക്കാൻ ശ്രമിക്കുന്നുവെന്നത് പ്രതീക്ഷാകരമായ കാര്യമാണ്.