കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്

ആശ്ചര്യചൂഢാമണി - നാടക നിരൂപണം
-ആർ.പ്രസന്നകുമാർ.
ക്ഷിണേന്ത്യയിലെ ആദ്യത്തെ നാടകമാണ് ആശ്ചര്യചൂഢാമണി. നാടകകൃത്ത് അക്കാര്യം സ്ഥാപനയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതൊരു സംസ്കൃത നാടകമാണ്.
ആശ്ചര്യചൂഢാമണിയുടെ പ്രതിപാദ്യം വാല്മീകി രാമായണത്തിലെ ആരണ്യകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള കഥയാണ്.അയോദ്ധ്യാകാണ്ഡത്തിലെ കൈകേയി സംഭവത്തിന്റെ ഇതിവൃത്തബന്ധവും മുഖ്യകഥാപാത്രങ്ങളിൽ അതുളവാക്കുന്ന വിഭിന്ന പ്രതികരണങ്ങൾക്കും സസൂക്ഷ്മം ഒന്നാമങ്കത്തിൽ തന്നെ അവസരമൊരുക്കിയിരിക്കുന്നു.
ഈ നാടകത്തിന് ഏഴ് അങ്കങ്ങൾ ഉണ്ട്. ആദ്യത്തെ ആറങ്കങ്ങൾക്ക് പേരുണ്ട്. അവ പർണ്ണശാല, ശൂർപ്പണഖ, മായാസീത, ജടായുവധം, അശോകവനിക, അംഗുലീയം എന്നിങ്ങനെയാണ്. ഏഴാമത്തെ അങ്കത്തിന് പേരു നൽകാൻ നാടകകൃത്ത് എന്തു കൊണ്ടോ മറന്നിരിക്കുന്നു. ചിലപ്പോൾ വാമൊഴി - വരമൊഴി ഘട്ടത്തിൽ നഷ്ടപ്പെട്ടതാകാം. ചില വിവർത്തകർ അവരുടെ സ്വാതന്ത്രത്തിൽ നാമകരണം നടത്തിയിട്ടുണ്ട്.
മൂലകഥയിൽ നിന്നുള്ള ഔചിത്യം തുളുമ്പുന്ന വ്യതിയാനങ്ങൾ ഈ നാടകത്തിന്റെ മാറ്റു കൂട്ടുന്നു. പ്രധാനമാറ്റങ്ങൾ ഇവയാണ്. അനസൂയയുടെ വരദാനം ആദ്യത്തെ മാറ്റമാണ്. മൂലകഥയിൽ അഗ്നിപ്രവേശത്തിന്റെ ഹേതു രാവണസന്നിധിയിലെ സീതയുടെ വാസമാണ്. എന്നാൽ നാടകത്തിലാകട്ടെ വിരഹവ്യഥ തെല്ലുമില്ലാതെ, മലർതിങ്ങും കാർകൂന്തലോടെ, ചന്ദനലേപവും ചുണ്ടിൽ മന്ദഹാസവും ചൂടിയ സീതാദർശനമാണ് കാരണം. സ്വാഭാവികമായ ഈ കാരണം കഥയ്ക്ക് കൂടുതൽ ശക്തി പകരുന്നു.
മൂലകഥയിൽ പ്രസ്താവിച്ചിട്ടുള്ളതാണ് ആശ്ചര്യചൂഢാമണിയും അംഗുലീയവും. പക്ഷേ അവ മാമുനിപ്രസാദലബ്ധമോ നിശാചരമായാഗുപ്തമോ അല്ല. നാടകകൃത്തിന്റെ ഈ സമീപനം ഇതിവൃത്തത്തിനാകെ ഊർജ്ജം പകർന്നിരിക്കുന്നു.
സീതാപഹരണമാകട്ടെ സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്നു. രാവണൻ സീതയെ സമീപിക്കുന്നത് ഭിക്ഷുവായിട്ടല്ല, മറിച്ച് രാമനായിട്ടു തന്നെയാണ്. സൂതൻ ലക്ഷമണരൂപവും സ്വീകരിച്ചിരിക്കുന്നു. സീതയ്ക്ക് ഈ മാറ്റങ്ങൾ രാമവേഷം കെട്ടിയ രാവണനിൽ വലിയ വിശ്വാസ്യത നൽകി. സീതയെ കൂട്ടിക്കൊണ്ടു പോകാൻ മായാരാമൻ നിരത്തിയ കാരണമാകട്ടെ അതീവ വിശ്വസനീയമാണ്. ഭരതന് ശത്രുഭയം വന്നുപെട്ടിരിക്കുന്നെന്ന് മാമുനികളുടെ ദിവ്യദൃഷ്ടിയാൽ മനസ്സിലായെന്നും ഉടൻ അയോദ്ധ്യയിൽ മടങ്ങുവാൻ ഒരു ദിവ്യരഥം അവർ അനുഗ്രഹിച്ച് തന്നുവെന്നും മായാരാമൻ മൊഴിയുമ്പോൾ സീത സംശയമേതുമില്ലാതെ രഥമേറി.
ഇതേ സമയത്ത് കാടിന്റെ മറ്റൊരിടത്ത് ശൂർപ്പണക സീതാവേഷം പൂണ്ട് രാമനെ സമ്മോഹിപ്പിക്കുന്നു. ശൂർപ്പണകയുടെ മോഹിനീവേഷം ലക്ഷ്മണനിലുണ്ടാക്കുന്ന അനുരാഗതാപാങ്കുരങ്ങളും പിന്നീട് സ്വയം വിമർശനത്തിലൂടെ നേടുന്ന സാത്വികതയും വളരെ മനോഹരമായി, അതി സൂക്ഷ്മമായി നാടകകൃത്ത് സന്നിവേശിപ്പിക്കുന്നു. സീതാരാമന്മാരുടെ പുനസ്സമാഗമം പൂർണ്ണമാകുന്നത് നാരദമുനിയുടെ പ്രവേശത്തോടെയാണ്. തുടർന്ന് നാടകം മംഗളപര്യവസായി മാറുന്നു.
നാടകരചയിതാവിന്റെ ശരിയായ കഴിവ് വെളിവാകുന്നത് പാത്രസൃഷ്ടിയിലാണ്. മൂലകഥയിലെ പ്രധാനകഥാപാത്രങ്ങൾക്ക് മങ്ങലേൽക്കാതെ, തീർത്തും അപ്രധാനങ്ങളായിരുന്ന വർഷവരൻ, മാരീചൻ, അമാത്യൻ, സൂതൻ, മണ്ഡോദരി മുതലായ കഥാപാത്രങ്ങൾക്ക് സൂര്യതേജസ്സ് പകർന്നത് ശക്തിഭദ്രനു മാത്രം കിട്ടിയ ദിവ്യത്വമാണ്. അതിലും രസം അപ്രധാനികളൊക്കെ രാവണപക്ഷക്കാരായിരുന്നിട്ടുകൂടി ധർമ്മനീതി കൈവിടാത്തവരുമാണ്. ദാസി, വ്രദ്ധതാപസൻ, ഋഷികുമാരൻ, ജാംബവാൻ തുടങ്ങിയ മിന്നാമിനുങ്ങുകളൊക്കെ ഇതിൽ രജത താരകങ്ങളായി പ്രേക്ഷകഹൃദയാബംരത്തിൽ ചിരം വിളങ്ങി നിൽക്കുന്നു.
ആശ്ചര്യചൂഢാമണിയിലെ മുഖ്യരസം വീരം തന്നെയാണ്. കാരണം രാമാവതാരലക്ഷ്യം പോലും രാക്ഷസകുലനാശമാണ്. രാമന്റെ ഉള്ളിലാകെ നാവുനീട്ടി നിന്നത് വീരത്തിന്റെ ഘോരസർപ്പങ്ങളാണ്. പക്ഷേ മറ്റൊരു രസം കാണാതെ വയ്യ, അദ്ഭുതം.
നാടകത്തിലുടനീളം അദ്ഭുതദൃശ്യങ്ങളും സംഭവഗതികളും മുത്തുമാല പോലെ കോർത്തിണക്കിയിരിക്കുന്നു. ഖരദൂഷണന്മാരുടെ ശല്യമൊഴിവാക്കിക്കൊടുത്തതിനാൽ മുനിമാർ മൂന്നു സമ്മാനങ്ങൾ നൽകി. അതിൽ ലക്ഷ്മണനു കിട്ടിയ 'ശരരക്ഷാകവചം' (ശരീരത്തിലെ മർമ്മങ്ങളെ രക്ഷിക്കുന്നത്) നാടകത്തിൽ പ്രസക്തമായി ഉപയോഗിച്ചിട്ടില്ല. എന്നാൽ രാമനു കിട്ടിയ 'അംഗുലീയവും' സീതയ്ക്ക് കിട്ടിയ 'ചൂഢാരത്നവും' നന്നായി വിളങ്ങുന്നുണ്ട്. കവചധാരിയായി, ക്ഷാത്രതേജോബിംബം പോലെ ലക്ഷ്മണൻ അംഗുലീയവും ചൂഢാരത്നവും കൊണ്ടുവന്ന് സീതാരാമന്മാരെ കാട്ടുന്നതുമുതൽ പ്രേക്ഷകമനസ്സിനെ ഒരു മായാനഗരിയിലേക്ക് ആനയിക്കുവാനും തുടർന്ന് നിരവധി സംഭവപരമ്പരകളിലൂടെ ആ വിഭൂതി ഉടനീളം നിലനിർത്തുവാനും നാടകകൃത്തിന് അനായാസം കഴിഞ്ഞു.
അനസൂയ (അത്രിമുനിയുടെ പത്നി) തന്റെ ആശ്രമവാടത്തിൽ നിന്ന് വിട നൽകവെ സീതയ്ക്ക് നൽകിയ വരമാണ് 'ഭർത്താവിന്റെ ദൃഷ്ടിയേൽക്കവെ എല്ലാം അലങ്കാരമായി ഭവിക്കും നിനക്ക് ' എന്നത്. നാടകത്തിലുടനീളം നിന്ന ഈ മിത്ത് അതിന്റ പരമകാഷ്ഠയിലെത്തുന്നത് അഗ്നിപ്രവേശത്തിനുശേഷം നാരദമുനിയുടെ പ്രഖ്യാപനത്തോടെയാണ്. അതോടെ രാമന്റെ സംശയങ്ങൾ അകന്നു, ഹൃദയം സീതയോടുള്ള അനുകമ്പയാൽ നിറഞ്ഞു. ഈ വരത്തിന്റെ ഫലമാണ് പതിവൃതാരത്നമായിരുന്ന സീതയുടെ അഗ്നിപ്രവേശത്തിന്റെ അരങ്ങേറ്റം എന്ന് നിസ്സംശയം പറയാം.
അത്ഭുത മായാപ്രകടനങ്ങളുടെ ഘോഷയാത്രകൾ നിറഞ്ഞതാണ് മായാസീതാങ്കവും ജടായുവധാങ്കവും. മാരീചൻ സ്വർണ്ണമാനായി വന്ന് പിന്നീട് രാമനായി മാറുന്നു. രാവണനാകട്ടെ സാക്ഷാൽ രാമവേഷത്തിലെത്തി സീതയെ രഥത്തിലേറ്റുന്നു. സൂതൻ ലക്ഷ്മണവേഷധാരിയായി കൂടുതൽ വിശ്വാസ്യത പകരുന്നു. ഇതേ സമയം ശ്രീരാമസന്നിധിയിൽ ശൂർപ്പണക സീതാവേഷമായി രാമനെ മതിപ്പിക്കുന്നു. അങ്ങനെ ഈ നാടകത്തിൽ രാമന്മാർ മൂന്നാണ്. ഭൂമിയിലും വിമാനത്തിലുമായി രണ്ടു ജോഡി സീതാരാമന്മാരെ അവതരിപ്പിച്ച് പരസ്പരം വിഭ്രമപൂരം തീർക്കുന്നതോടൊപ്പം കാണികളെ അത്ഭുതസ്തംബ്ധരാക്കുകയും ചെയ്യുന്നു.
ശൂർപ്പണകയുടെ മോഹിനീരൂപവും ലക്ഷ്മണനെ കിട്ടില്ലെന്നു വന്നപ്പോൾ ഘോരരൂപമെടുത്തതും വിസ്മയകരം തന്നെ. ദശമുഖനായ രാവണന്റെ മുന്നിൽ സീതയ്ക്കു കിട്ടിയ അസാധാരണ ധൈര്യവും അത് രാവണസഹോദരിയായ മണ്ഡോദരിയിൽ തീർത്ത ഞെട്ടലും അത്ഭുതത്തിന്റെ ഭാഗം തന്നെ. അലറിവിളിക്കുന്ന സമുദ്രം താണ്ടി ഹനുമാൻ ലങ്കയിലെത്തിയത് സീതയുടെ മറ്റൊരു അത്ഭുതമാണ്.
ആശ്ചര്യചൂഢാമണിയിലെ മകുടം അഗ്നിപ്രവേശമാണ്. പ്രവേശസമയത്ത് സംഭവിക്കുന്ന അത്ഭുതപരമ്പരകൾ അത്ഭുതത്തെ തന്നെയും അത്ഭുതപ്പെടുത്തുന്നതാണ്. ലക്ഷ്മണജിഹ്വയിലൂടെയാണ് രാമൻ ഇതൊക്കെ അറിയുന്നത്. അഗ്നിദേവൻ സീതാസമേതം പ്രത്യക്ഷമാകവെ ദേവകളുടെ മലർമാരി ആരെയും കോരിത്തരിപ്പിക്കുന്ന പര്യവസാനമാണ്. ഇന്ദ്രൻ, നാരദമുനി, വസുക്കൾ, അശ്വനീദേവതകൾ, പിതൃക്കൾ തുടങ്ങിയ ദിവ്യതേജസ്സുകളുടെ ആഗമനം രംഗത്തിന് കൊഴുപ്പേകുന്നു. തുടക്കം മുതൽ ഒടുക്കം വരെ മായാഭരിതമായ അന്തരീക്ഷം ഒരുക്കി നാടകകൃത്ത് നമ്മേ അതിശയിപ്പിക്കുന്നു, നാടകത്തിന്റെ നാമം പോലെ തന്നെ. ഈ അതിശയച്ചരട് പൊട്ടുന്നത് സീതാരാമന്മാർ ഒരുമിച്ച് അംഗുലീയവും ചൂഢാമണിയും പരിശോധിച്ച് അവ മായയല്ലെന്ന് ബോധ്യപ്പെടുമ്പോഴാണ്. കാണികളിലേക്ക് അതു പകർന്നു കിട്ടുമ്പോൾ നിർവൃതിയുടെ അഭൗമലാവണ്യം എങ്ങും നിറയുന്നു.
ആശ്ചര്യചൂഢാമണി കേവലം ഒരു സംസ്കൃതനാടകം എന്നതിലുപരി പിൽക്കാലത്ത് തോലകവിയുടെ 'ആട്ടപ്രകാരത്തിൽ' ഗണ്യമായ പരിഗണനയ്ക്കു വിധേയമാവുകയും ചെയ്തു. വൃഥാസ്ഥൂലത നിറഞ്ഞ സംസ്കൃതനാടകക്കളരിയിൽ ലക്ഷണയുക്തമായ ഒരു സമ്പൂർണകൃതി പിറക്കുക എന്നത് മറ്റൊരു ആശ്ചര്യമാണ്.
താളിയോലത്താളിൽ നിന്നും 1893 ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പകർന്നു തന്ന ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയുടെ ആദ്യ മലയാള പരിഭാഷ എന്തുകൊണ്ടും മഹോന്നതമാണ്. കാലത്തിന്റെ തമസ്സിൽ നിന്നും വരും തലമുറയ്ക്കായി തമ്പുരാൻ കൊളുത്തിയത് ഉൽകൃഷ്ടവും ഉദാത്തവുമായ മൺചെരാതാണ്. 1926 ൽ നാടകരൂപത്തിൽ പ്രിന്റു ചെയ്യപ്പെട്ടു. പിന്നീട് പലരും ഇത് പരിഭാഷിതമാക്കി.
അതേ ... തിരിയിൽ നിന്ന് കൊളുത്തിയ തിരി പോലെ ശക്തിഭദ്രനും അദ്ദേഹത്തിന്റെ ആശ്ചര്യചൂഢാമണിയും പ്രഭ ചൊരിയുന്നു .... ഒപ്പം കൊടുമൺ എന്ന ഈ ഗ്രാമവും. 27..12..2009