കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശത്തോടെ ജീവിക്കാനുള്ള ഇടമാണ് ഭൂമി .എല്ലാ പ്രാണികൾക്കും ജീവിക്കാൻ അനുയോജ്യമായ കാലാവസ്ഥയും ആവാസവ്യവസ്ഥകളും ഇവിടെ ഉണ്ട്. പ്രകൃതിയുടെ നിലനില്പ്പിന്റെ അടിസ്ഥാന ഘടകം വായുവും ജലവുമാണ്. ഭൂമിയെന്ന ഗ്രഹം മറ്റേത് ഗ്രഹത്തിൽ നിന്നും വ്യത്യസ്തവും അനുഗ്രഹീതവുമായിത്തീർന്നത് ഈ ഘടകങ്ങൾ ഉള്ളതു കൊണ്ടു തന്നെ 'ഇവിടെ പ്രകൃതി അനുഗ്രഹിച്ചു നൽകിയിട്ടുള്ള വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്.ഇത് ചിലർ സ്വന്തമാക്കാനോ നശിപ്പിക്കാനോ ശ്രമിക്കുമ്പോഴാണ് ഇതിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്നത് ' ഭൂമിയുടെ സവിശേഷ ഗുണങ്ങളുടെ ഉപഭോക്താവ് മനുഷ്യനാണ്. മറ്റു പ്രാണികളെ അപേക്ഷിച്ച് മനുഷ്യനു മാത്രമായി ചില കഴിവുകളുണ്ട്. സംസാരം, ചിരി ,എഴുത്ത്, വായന തുടങ്ങിയവ .അതിനാൽ മനുഷ്യ ജന്മം വളരെ ശ്രേഷ്ഠമാണെന്നാണ് പറയപ്പെടുന്നത് . ഇന്ന് ഭൂമിയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഭൂമിയിലെ വിഭവങ്ങൾ എല്ലാം മനുഷ്യൻ ചൂഷണം ചെയ്യുന്നു.കാലം കഴിയുന്തോറും മനുഷ്യന്റെ സ്വാർത്ഥ ചിന്താഗതിയും സുഖഭോഗാസക്തിയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ തിക്തഫലം ജന്തുക്കളും സസ്യങ്ങളും വരും തലമുറയും അനുഭവിക്കേണ്ടി വരുന്നു. ഈ ഭൂമി തനിക്കു മാത്രമുള്ളതല്ലെന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടാകേണ്ടിയിരിക്കുന്നു. കാരണം പ്രകൃതി നിയമങ്ങൾ ലംഘിക്കുന്നതും പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതും കൊള്ളയടിച്ച് നശിപ്പിക്കുന്നതും മനുഷ്യൻ മാത്രമാണ് ' മറ്റൊരു പ്രാണിയും പ്രകൃതിക്ക് നാശം സംഭവിക്കുന്ന യാതൊന്നും ചെയ്യുന്നില്ല. മനുഷ്യ ജീവൻ നിലനിർത്താൻ മനുഷ്യവർഗ്ഗം മാത്രം നിലനിന്നാൽ പോരാ. പ്രാണവായുവും ആഹാരവും കിട്ടണ മെങ്കിൽ സസ്യ ലോകം അത്യന്താപേക്ഷിതമാണ്. സസ്യ ലോകമില്ലാത്ത ഒരു ജന്തുലോകം സങ്കല്പ്പിക്കാനാവില്ല .ഒന്നിന്റെ നാശം മറ്റൊന്നിന്റെ നാശത്തിന് വഴിവെയ്ക്കുന്നു. അതിനാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നാം കാത്തു സൂക്ഷിച്ചേ മതിയാവൂ. പരിസ്ഥിതിയുടെ നാശത്തിന് കാരണമായവയാണ് ജലമലിനീകരണം, വായുമലിനീകരണം,മണ്ണ് മലിനീകരണം, ശബ്ദമലിനീകരണം തുടങ്ങിയവ. ഇതിന്റെ എല്ലാം കാരണക്കാർ മനുഷ്യരാണ്. പരിസ്ഥിതി സംരക്ഷണം ഒരു സാമൂഹിക ബാദ്ധ്യതയായി ഏറ്റെടുത്ത് എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സ്വമേധയാ പങ്കാളികളാവണം. ഇത്തരം ബോധം നമുക്കുണ്ടായാൽ നമ്മുടെ ആവാസവ്യവസ്ഥ നശിക്കാതെ ആനന്ദവും ആരോഗ്യകരവുമായ ഒരു ജീവിതം നയിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കും'

ഭാഗ്യലക്ഷമി .എം .ജെ
9B കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം