പ്രവേശനോത്സവം (02-06-2025)

2025 - 2026 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം 2/6/25ന് ഒ എൽ സി ജി എച്ച് എസ് അങ്കണത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. സ്കൂൾ വരാന്തകളും ക്ലാസ് മുറികളും പൊതുവേദിയും പലനിറത്തിലുള്ള ബലൂണുകളും കുരുത്തോലയും ഉപയോഗിച്ച് വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതർക്ക് അക്ഷരങ്ങൾ എഴുതിയ കടലാസ് പൂക്കൾ നൽകി സ്വീകരിച്ചു. സ്കൂൾ മാനേജർ Rev.Sr. എൽസി ജോസഫ് അധ്യക്ഷപദം അലങ്കരിച്ച യോഗത്തിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് Rev.Sr. മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. കൊച്ചി എം എൽ എ ശ്രീ. കെ.ജെ മാക്സി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലർ ശ്രീമതി. ഷീബ ഡ്യൂറോം, പി ടി എ പ്രസിഡന്റ് ശ്രീ.റോണി റാഫേൽ Our Lady's സമുച്ചയത്തിലെ മറ്റ് പ്രധാന അധ്യാപികമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ മനോഹരമായ നൃത്തവും SPC കുട്ടികളുടെ ലഹരി വിരുദ്ധ സ്കിറ്റും എല്ലാവരും ആസ്വദിച്ചു. എൽ എസ് എസ് മത്സരപരീക്ഷയുടെ വിജയികൾക്ക് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് Rev. Sr. റീന എം.ഡി സമ്മാനം നൽകി അഭിനന്ദിച്ചു. യു.എസ്.എസ്,സംസ്കൃത സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികൾക്ക് എം എൽ എ ശ്രീ. കെ.ജെ മാക്സി സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ പുരസ്കാരം നേടിയ കുട്ടികൾക്ക് പി ടി എ പ്രസിഡന്റ്‌ സമ്മാനദാനം നിർവഹിച്ചു. നവാഗതർക്ക് ലഡു വിതരണം ചെയ്യുകയുണ്ടായി. എൽ എസ് എസ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകരെ യോഗത്തിൽ ആദരിച്ചു. സ്കൂൾ ലീഡർ കുമാരി ഉമ്മുസലൈമ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. ഉച്ചഭക്ഷണ വിതരണത്തിനു ശേഷം ഉച്ചയ്ക്ക്  

ഒരുമണിയോടെ ക്ലാസ്സ്അവസാനിച്ചു

 
1





ലഹരി വിരുദ്ധ ദിനാചരണം(26/6/25 )

എസ് ആർ ജിയിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 26/6/25 വ്യാഴാഴ്ച രാവിലെ അസംബ്ലിയോട് കൂടി ലഹരിവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. ഒന്നാം ക്ലാസിലെ അധ്യാപകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും, മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്ക് (ലഹരിക്കെതിരെ ഞാനും ഉണ്ട് ) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം മത്സരവും നടത്തുകയുണ്ടായി. അന്നേ ദിനം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടി പൊതു പരിപാടികൾ ആരംഭിച്ചു. കുട്ടികളെല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ കൈകളിലേന്തി ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് റാലിയിൽ അണിചേർന്നു. തുടർന്ന് നടന്ന പരിപാടിയിൽ പ്രധാന അധ്യാപിക ബഹുമാനപ്പെട്ട സിസ്റ്റർ റീന അധ്യക്ഷപദം അലങ്കരിച്ചു. ശ്രീമതി രാജി ടീച്ചർ ലഹരി വിരുദ്ധ ദിനത്തെ കുറിച്ചുള്ള ഒരു അവബോധം കുട്ടികൾക്ക് നൽകി. തുടർന്ന് പാമില ടീച്ചർ എന്താണ് ലഹരി, ലഹരി വരുത്തുന്ന അപകടം എന്നിവയെക്കുറിച്ച് ലളിതമായി കുട്ടികളോട് സംസാരിച്ചു. ലഹരി എന്ന മഹാവിപത്തിനെ കുറിച്ച് കുട്ടികൾ ആഴത്തിൽ മനസ്സിലാക്കി സ്വയം വഴികൾ സൂക്ഷിക്കണം എന്ന ആശയം ഉൾക്കൊള്ളുന്ന മനോഹരമായ ഒരു ചെറുനാടകം മൂന്നാം ക്ലാസിലെ കുട്ടികൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ശേഷം ബുൾബുൾ സംഘടനയിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള ഒരു സന്ദേശ ഗാനം വളരെ നന്നായി ആലപിച്ചു. ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. ആരോഗ്യമുള്ള മനസ്സും ശരീരവും ജീവിതത്തിന് അനിവാര്യം. ഇത്തരം ചിന്തകൾ ലഹരിക്കെതിരെ നടക്കുവാൻ നമ്മെ സഹായിക്കും, എന്ന് ആശയവിക് നൽകിക്കൊണ്ട് സുംബാ ഡാൻസ് അധ്യാപകരും കുട്ടികളും ചേർന്ന് പരിശീലിച്ചു. ശ്രീമതി അമല റോസ് ടീച്ചർ നന്ദി അർപ്പിച്ചതോടെ പരിപാടികൾ സമാപിച്ചു

*യോഗാദിനം 2025- 2026*

19.06.2025 വ്യാഴാഴ്ച ചേർന്ന എസ് ആർ ജി യോഗത്തിൽ യോഗാദിനാഘോഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ശനിയാഴ്ച ആയതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ 23 തിങ്കളാഴ്ച യോഗ ദിനം ആചരിക്കാമെന്നും യോഗ പരിശീലകയും നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ അമ്മയുമായ ശ്രീമതി. നാദിയയെ ക്ഷണിക്കാമെന്നും  തീരുമാനിച്ചു. സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിപാടികൾ നടത്താമെന്നും കുട്ടികളോട് സ്പോർട്സ് ഡ്രസ്സും യോഗാമാറ്റും കൊണ്ടുവരണമെന്ന് നിർദ്ദേശിക്കാം എന്നും തീരുമാനിച്ചു.

മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തന്നെ യോഗാ ദിന പരിപാടികൾ ആരംഭിച്ചു. ശ്രീമതി. അമല ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാന അധ്യാപിക റവ. സിസ്റ്റർ. റീന യോഗ ദിനത്തെക്കുറിച്ച് സംസാരിക്കുകയും പരിശീലകയായ നാദിയയെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ശ്രീമതി നാദിയ കുട്ടികൾക്ക് യോഗ ചെയ്യുന്നതിൻ്റെ പ്രാധാന്യം വിശദീകരിക്കുകയും കുട്ടികളും യോഗ ദിനചര്യ ആക്കുന്നതിനെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. ശരീരത്തിന് വഴക്കവും ബലവും നൽകുന്നതിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും യോഗ സഹായിക്കുന്നു. തുടർന്ന് ശ്രീമതി നാദിയ കുട്ടികളെ വ്യത്യസ്ത യോഗാസനങ്ങൾ പരിശീലിപ്പിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗ പരിശീലനം ഉണ്ടായിരുന്നു. കുട്ടികൾ ഏറെ താല്പര്യത്തോടെ ഏകാഗ്രതയോടും കൂടെ യോഗ പരിശീലനത്തിൽ പങ്കെടുത്തു.

ശ്രീമതി ഡാർലി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.