2024-25 പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 വളരെ ആഘോഷപൂർവ്വം കൊണ്ടാടി.നവാഗതരായ കുഞ്ഞുങ്ങളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു കൊണ്ടു പോയി.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സർവ്വമത പ്രാർത്ഥന നടത്തി.ഹൈസ്കൂൾ പ്രധാന അധ്യാപിക റവറന്റ് സിസ്റ്റർ മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. പാദുവാപുരം സെയിന്റ് ആന്റണീസ് ചർച്ച് സഹ വികാരി ഫാദർ ബിബിൻ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഗായകൻ കൂടിയായ ഫാദർ ബിബിൻ കുട്ടികൾക്കായി മനോഹരമായ ഒരു ഗാനമാലപിച്ചു. എച്ച് എസ് എസ് പ്രധാന അധ്യാപിക സിസ്റ്റർ മോളി ദേവസിയാണ് അധ്യക്ഷപദം അലങ്കരിച്ചത്. കൗൺസിലർ ശ്രീമതി ഷീബ ഡോറോം എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ മേരി സക്കറിയ, എച്ച് എസ് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. എൻ എം എം എസ്, യുഎസ്എസ്, എൽ എസ് എസ്, വിജയികളെ ആദരിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ശ്രീമതി യൂഫ്രേസിയ പി വില്യം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.എൽ പി പ്രധാനഅധ്യാപിക സിസ്റ്റർ റീന, സിസ്റ്റർ ആനന്ദി സേവിയർ,  എഡ്യൂക്കേഷൻ കരസ്പോണ്ടൻസ് സിസ്റ്റേഴ്സ് എൽസി ജോസഫ്, എൽപി പിടിഎ പ്രസിഡന്റ് ശ്രീ ജോഷി വിൻസൺ  എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ശ്രീമതി ബിനു ജോൺ(അദ്ധ്യാപിക )ഏവർക്കും നന്ദി അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു. തുടർന്ന് കുട്ടികൾ പോവുകയും അധ്യാപകർ അവർക്ക് മധുരം നൽകുകയുംപരിചയപ്പെടുത്തുകയും ചെയ്തു. 12 30ന് ഉച്ചഭക്ഷണത്തോടെ ക്ലാസ്സ് അവസാനിച്ചു.

ലോക പരിസ്ഥിതി ദിനാചരണം 2024-25

2024-25 വർഷത്തെ പരിസ്ഥിതി ദിനാചരണം ഒ.എൽ.സി.ജി.എൽ.പി. എസിൽ സമുചിതമായി ആഘോഷിച്ചു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ജൂൺ അഞ്ചാം തീയതി നടത്തിയ സമ്മേളനത്തിൽ പ്രധാന അധ്യാപിക സിസ്റ്റർ റീന അധ്യക്ഷപദം അലങ്കരിച്ചു. എലിസബത് ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ബുൾബുൾ സംഘടനയിലെ കൊച്ചു കൂട്ടുകാർ ആക്ഷൻ സോങ് അവതരിപ്പിച്ചു. ഓരോ ഡിവിഷനിലെയും അധ്യാപികയും വിദ്യാർത്ഥി പ്രതിനിധിയും ചേർന്ന് പലതരത്തിലുള്ള പൂച്ചെടികൾ എച്ച് എം സിസ്റ്റർ റീനയ്ക്ക് നൽകുകയും സ്കൂൾ ഉദ്യാനത്തിൽ നടുകയും ചെയ്തു. ആറു വർഷങ്ങൾക്കു മുമ്പ് പരിസ്ഥിതി ദിനത്തിൽ നട്ട പ്ലാവിൽ ഉണ്ടായ ചക്ക അധ്യാപകരും കുട്ടികളും ചേർന്ന് അന്നേദിവസം വിളവെടുത്ത് ഏറെ സന്തോഷപ്രദമാക്കി. അസംബ്ലി മധ്യേ ഇത് കുട്ടികളെ പരിചയപ്പെടുത്തുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും എച്ച് എം സിസ്റ്റർ  റീന കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തു. ശേഷം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുപറയുകയും ചെയ്തു. മത്സരത്തിൽ നാലാം ക്ലാസിലെ എറീക്കാ പേരേര ഒന്നാം സ്ഥാനവും അൽഫോൻസ ഇവാഞ്ചൽ, ഹിബ ഷബീർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനം നടത്തി. ക്രിസ്റ്റീന ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിലും ചെടികൾ നടുകയും പരിപാലകുകയും ചെയ്തു പോരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ദിവസത്തിലോ ആഴ്ചയിലേക്കോ ഒതുക്കാതെ തുടർന്നുകൊണ്ട് പോകുവാൻ കുട്ടികളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

വായന ദിനം

എസ്.ആർ.ജി.യിൽ മുൻകൂട്ടി തീരുമാനിച്ചതിനനുസരിച്ച് ജൂൺ 19 വായനാദിന പ്രവർത്തനങ്ങൾ രണ്ടാം ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. അന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളെ കൂടുതൽ ബോധ്യപ്പെടുത്തുന്നതിനായി കേരള സാഹിത്യകാരുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ പോസ്റ്റർ വിദ്യാലയ വരാന്തയിലുടനീളം അലങ്കരിച്ചുകൊണ്ട് കുട്ടികളെ വായന അനുഭവങ്ങളിലേക്ക് ആകർഷിച്ചു.

ജൂൺ 19ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയോടുകൂടി വായനദിനാചരണ പൊതുപരിപാടികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി റോസ്‌മി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രീമതി ഷിൽജ ടീച്ചർ ദിനത്തിന്റെ പ്രാധാന്യം ലളിതമായി കുട്ടികളെ ബോധ്യപ്പെടുത്തി. ശേഷം പ്രധാന അധ്യാപികയായ സിസ്റ്റർ റീന വായനയുടെ പ്രാധാന്യവും മികച്ച വായനയിലൂടെ കൈവരിക്കാൻ സാധിക്കുന്ന കഴിവുകളും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തി. പുസ്തകങ്ങളാണ് നമുക്ക് ലഭിക്കുന്ന നല്ല ചങ്ങാതികൾ എന്നും നല്ല വായന സാധ്യമാകണമെങ്കിൽ അക്ഷരങ്ങളും ചിഹ്നങ്ങളും നമുക്ക് പരിചിതമായിരിക്കണമെന്നും ഇതിന് ഏവരെയും പ്രാപ്തരാകുവാൻ വിദ്യാലയം ഏറ്റെടുത്തു നടത്തുവാൻ ആഗ്രഹിക്കുന്ന ഒരു പഠന പ്രവർത്തന പ്രോജക്ട് ആണ് "അക്ഷരമരം" എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രോജക്ട് ഉചിതമായി മുന്നോട്ടുപോയി വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉച്ചാരണശുദ്ധിയോടു കൂടിയുള്ള മികച്ച വായന ശീലം ഉള്ളവരാക്കുവാൻ "വളരുന്ന അക്ഷരമരം" പ്രോജക്ട് വിനിയോഗിക്കണമെന്ന് എല്ലാ അധ്യാപകരോടും നിർദ്ദേശിച്ചു.

തുടർന്ന് ഒന്നാം ക്ലാസിൽ നിന്നും കുമാരി എയ്ഞ്ചലീന  ജി. ശങ്കരക്കുറുപ്പിന്റെ സുന്ദരമായ ചെറുകവിത ആലപിച്ചു. രണ്ടാം ക്ലാസിൽ നിന്നും ഗ്രിസൽ മറിയ കാക്കയും പരുന്തും കഥാപാത്രങ്ങളായ ഒരു ഗുണപാഠ കഥ അവതരിപ്പിച്ചു. മൂന്നാം ക്ലാസ്സിൽ നിന്ന് വൈഗ മധുരമായ കവിതാലാപനം നടത്തി. നാലാം ക്ലാസിൽ നിന്ന് ആൻവിയ ഒ.എൻ.വി കുറുപ്പിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശേഷം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക എല്ലാ അധ്യാപകർക്കും ലൈബ്രറി പുസ്തകം വിതരണം ചെയ്തു.

തുടർന്നുള്ള ദിനങ്ങളിൽ അധ്യാപകരും കുട്ടികളും പുസ്തകം വായിച്ച് വായിച്ച ഭാഗത്തെ അടിസ്ഥാനമാക്കി പഠന പ്രവർത്തനങ്ങൾ നടത്തുവാനും ചുമതലപ്പെടുത്തി. ഈ ദിവസത്തെ പ്രവർത്തനങ്ങൾ കൂടാതെ ഓരോ ക്ലാസിലും വായന മൂലകൾ ഒരുക്കുവാനും ഓരോ കുട്ടിയും ഒരു കൊച്ചു കഥ പുസ്തകം ലൈബ്രറിയിൽ സൂക്ഷിക്കുവാനും തുടർ വായന നടത്തുവാനും തീരുമാനിച്ചു. കൂടാതെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തുവാനും നിർദ്ദേശം നൽകിക്കൊണ്ട് വായനദിനാചരണ പ്രവർത്തനങ്ങൾ മാസാചരണമായി നടത്തുവാൻ തീരുമാനിച്ചു.

തുടർന്ന് ശ്രീമതി സിനു ടീച്ചർ വായനദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. മൂന്നരയോടെ ദിനാചരണ പ്രവർത്തന പൊതുപരിപാടികൾക്ക് സമാപനം നടത്തിക്കൊണ്ട് ശ്രീമതി ഡാർലി ടീച്ചർ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

രക്ഷാകർതൃ പരിശീലനം 2024 2025

സമഗ്രശിക്ഷ കേരളം 2024- 2025 സ്കൂൾ പ്രവേശനോത്സവദിനവുമായി ബന്ധപ്പെട്ട് നടത്തുവാൻ ആവശ്യപ്പെട്ടിരുന്ന രക്ഷാകർത്യ പരിശീലനം ജൂൺ 3 തിങ്കളാഴ്ച ഒ. എൽ. സി. ജി. എൽ.പി.എസ് പള്ളുരുത്തിയിലെ സ്‌കൂൾ അങ്കണത്തിൽവെച്ച് ശ്രീമതി യൂഫ്റേഷ്യ വില്ല്യം ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

പ്രസ്തുത ക്ലാസ്സിൽ കുട്ടിയെ അറിയുക, കുട്ടിയുടെ അവകാശങ്ങളും, ജാഗ്രതാനിയമങ്ങളും കാലത്തിന്നൊപ്പം കൂട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത സമീപനം, സ്‌നേഹവീട് എങ്ങനെയായിരിക്കണം, രക്ഷിതാവ് ആർജിക്കേണ്ട നൈപുണികൾ, വിദ്യാലയവും രക്ഷിതാവും എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

അധ്യാപകരും കുട്ടികളും മാത്രം വിചാരിച്ചാൽ വിദ്യാഭ്യാസം പൂർണമാകില്ല. രക്ഷിതാക്കൾ അധ്യാപകർ, വിദ്യാർത്ഥികൾ, വിദ്യാലയം, സമൂഹം എന്നീ ഘടകങ്ങൾ ശാസ്‌സ്ത്രീയമായി വിദ്യാഭ്യാസപ്രക്രിയയിൽ ഇടപെടുമ്പോഴാണ് സാമൂഹികമാറ്റം സാധ്യമാകുന്നത്. അതുവഴി സമൂഹത്തിൽ പിന്തള്ളപ്പെടുന്ന കുട്ടികൾക്ക് പഠനപിന്തുണ നൽകി സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ എത്തിക്കുകയാണെന്ന മാനവിക മുഖമാണ് രക്ഷാകർതൃത്വവിദ്യാഭ്യാസം വിഭാവനം ചെയ്യുന്നത്.

രക്ഷിതാവെന്ന നിലയിൽ മികച്ച കാഴ്ചപ്പാടോടെ കുട്ടികളെ നയിക്കുന്നതിന് ഏറ്റവും ആവശ്യമായ ഘടകം കട്ടിയെ അറിയുക എന്നതാണ്. (പായാനുസൃതമായ വികസന ഘട്ടങ്ങൾ, അവരുടെ താല്പര്യങ്ങൾ, ശേഷികൾ എന്നിവ മനസിലാക്കി അംഗീകരിക്കലിന്റെയും തുറന്നു പറച്ചിലിന്റെയും വേദികൾ വീടുകളിൽ ഒരുക്കണമെന്നും, കുട്ടികളുടെ അവകാശങ്ങളും അവരുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളും മാതാപിതാക്കൾ മനസിലാക്കിയിരിക്കണമെന്നും ഓർമിപ്പിച്ചു.

സാങ്കേതികവിദ്യയുടെ പുരോഗതി തുടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ നിരന്തരം പുതു അറിവുകൾ സ്വയത്തമാക്കണമെന്നും, പഠനത്തെയും, പരീക്ഷയെയും പേടിക്കാതെ കുട്ടിയുടെ താല്പര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ പഠനശൈലികൾ തിരഞ്ഞെടുക്കുന്നതിന് കൂട്ടികളെ പ്രാപ്തരാക്കണമെന്നും അതിനായി രക്ഷിതാക്കളും അധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കം ഉണ്ടായിരിക്കണമെന്നും മാതാപിതാക്കളെ ബോധവൽക്കരിച്ചു.

കുട്ടികൾക്ക് ആത്മീയ പിന്തുണ, തുറന്ന ആശയവിനിമയം, പോക്ഷകമായ അന്തരീക്ഷം എന്നിവ നൽകുന്ന വീട്ടുപരിസരം മാതാപിതാക്കൾ നല്ലൊരു ശ്രോതാവായിരിക്കുന്ന അവസ്ഥ, പ്രോത്സാഹനം, സ്നേഹം, കരുതൽ എന്നിവ ഭാവനങ്ങളിൽ ഉറപ്പാക്കി സ്നേഹവീടുകളാക്കി മാറ്റുവാൻ ആവശ്യപട്ടു.

തുടർന്ന് മാതാപിതാകൾക്ക് സംശയങ്ങൾ ചോദിക്കുവാൻ അവസരം നൽകി. O. L. C. G. L. P. S. ലെ PTA പ്രസിഡന്റ് ശ്രീമാൻ ജോഷി വിൻസൻ്റ കാസ്സിലെ  വിഷയങ്ങളല്ലാം കാലാനുസൃതമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് അദ്ദേഹം നന്ദി രേഖപ്പെടുത്തികൊണ്ട് രക്ഷാകർതൃപരിശീലനം അവസാനിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

2024- 2025 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 18.07. 2024 ന് പ്രധാന അധ്യാപിക സിസ്റ്റർ റീനയുടെ നേതൃത്വത്തിൽ S R G യോഗം കൂടുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തേണ്ട മത്സരങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും എല്ലാ ക്ലാസ്സുകാർക്കും പ്രസംഗ മത്സരം, ക്വിസ് മത്സരം, എന്നിവ നടത്താമെന്നും 1-ാം ക്ലാസിന് പതാക വരക്കൽ, 2-ാം ക്ലാസിന് പതാക നിർമ്മാണം, 3, 4 ക്ലാസുകാർക്ക് ചുവർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്താമെന്നും തീരുമാനിച്ചു.

           തുടർന്ന് 30.7. 2024 ന്  പി.ടി.എ കൂടുകയും S R G യിൽ തീരുമാനിച്ച വിവരങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്തു. പിടിഎ യുടെ അഭിപ്രായപ്രകാരം മുഖ്യാതിഥിയായി മുൻ സബ് ഇൻസ്പെക്ടറും നിലവിൽ കേരള പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമാൻ. ജോസഫ് സ്റ്റാൻലിയെ ക്ഷണിക്കുവാനും തീരുമാനിച്ചു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അവബോധം ഉണ്ടാകുന്നതിനായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 14ന് നടത്തുവാനും പിടിഎ തീരുമാനിച്ചു. അന്നേദിവസം കുട്ടികൾക്ക് ലഡു വിതരണം ചെയ്യണമെന്നും പിടിഎ അഭിപ്രായപ്പെട്ടു.

മുൻ നിശ്ചയിച്ച പ്രകാരം 8-ാം തീയതി ക്വിസ് മത്സരം, 9 -ന്  പ്രസംഗം മത്സരം, 12 ന് പതാക വരക്കൽ, പതാക നിർമ്മാണം, ചുവർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു. 13.08.24 ന് അധ്യാപകരും പിടിഎ കമ്മിറ്റി അംഗങ്ങളും ചേർന്ന് വേദി അലങ്കരിക്കുകയും സ്കൂളും പരിസരവും മോടിപിടിപ്പിക്കുകയും ചെയ്തു.

14.08.24 ന് കൃത്യം 10 10 മണിക്ക് തന്നെ ആഘോഷ പരിപാടികൾ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. പ്രധാന അധ്യാപിക റവ. സിസ്റ്റർ റീന സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് മുഖ്യാതിഥിയായ ശ്രീമാൻ. ജോസഫ് സ്റ്റാൻലി ആഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ് ,ഡ്രിൽ എന്നിവ വേദിയെ കൂടുതൽ മനോഹരമാക്കി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്  ബുൾബുൾ വിഭാഗം സംസ്ഥാനതല സർട്ടിഫിക്കറ്റ് ആയ ഹിരക് പങ്ക് ബാഡ്ജിന് നമ്മുടെ സ്കൂളിലെ 13 കുട്ടികൾ അർഹരായി. അവരെ മുഖ്യാതിഥി സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ശേഷം പിടിഎ  വൈസ് പ്രസിഡൻറ് ശ്രീമതി. അനില സേവ്യർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ. ഗ്രിഫിൻ തോമസ് , HM സി. റീന എന്നിവർ സമ്മാനദാനം നടത്തി. ശ്രീമതി.യൂഫ്രേസിയ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.

കാവ്യോത്സവം.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും കാവ്യാസ്വാദനം ആശയ ഗ്രഹണം അവതരണം എന്നിവയിൽ മികവു ഉണ്ടാവുന്നതിനായി ആവിഷ്കരിച്ച ഇടപെടലാണ് കാവ്യോത്സവം.

2024 - 25 അധ്യായന വർഷത്തിൽ 23/8/2024 വെള്ളിയാഴ്ച ഒ.എൽ.സി.ജി.എൽ.പി സ്കൂളിൽ കാവ്യോത്സവം സംഘടിപ്പിച്ചു. ജൂലായ് മാസം ക്ലാസ് തലത്തിൽ ആരംഭിച്ച കാവ്യോത്സവം സ്കൂൾതലത്തിൽ അവതരിപ്പിച്ചു. ബഹുമാന്യയായ ഹെഡ്മിസ്സ്‌ട്രെസ് സിസ്റ്റർ റീന എം.ഡി കാവ്യോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു.

ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ നാലാം ക്ലാസിൽ പഠിച്ച കവിതകളുടെ ആലാപനവും അവതരണവും ആണ് നടന്നത്. സ്റ്റാൻഡേർഡ് ഫോർ എ "ഹരിതം" എന്ന പാഠഭാഗത്തിലെ പച്ചക്കിളിയുടെ കവിത ആലപിക്കുകയും തിരുവാതിര രൂപത്തിൽ ദൃശ്യാവിഷ്കരിക്കുകയും ചെയ്തു. കുട്ടികൾ കവിത ആസ്വദിക്കുകയും.

സ്റ്റാൻഡേർഡ് ഫോർ ബി യിലെ കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പി മധുസൂദനന്റെ "എത്ര കിളിയുടെ പാട്ട് അറിയാം" എന്ന കവിതയാണ് അവതരിപ്പിച്ചത്. പാഠപുസ്തകത്തിലെ വരികൾക്ക് ഒപ്പം കൂടുതൽ വരികൾ കൂട്ടിച്ചേർത്ത് ആലപിച്ചുകൊണ്ട് അവതരണ മികവ് പുലർത്തി. വിവിധ പക്ഷികളുടെയും മരങ്ങളുടെയും പഴങ്ങളുടെയും മാതൃകകൾ നിർമ്മിച്ച കവിതയ്ക്ക് മിഴിവേകി.

സ്റ്റാൻഡേർഡ് ഫോർ സി യിലെ കുട്ടികൾ പ്രശസ്ത കവി ഒ.എൻ.വി കുറുപ്പിന്റെ "കുടയില്ലാത്തവർ" എന്ന കവിതയാണ് ആലപിച്ചത്. അവതരണ ശൈലി രക്ഷിതാക്കളെയും കുട്ടികളെയും വിദ്യാലയം തുറന്നപ്പോൾ ഉള്ള പെരുമഴക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നമ്മുടെ ആരുമല്ലാത്തവരെയും സ്നേഹിക്കാൻ കഴിയണമെന്ന് സന്ദേശം ഈ കവിതയുടെ അവതരണത്തിലൂടെ പകർന്നു നൽകാൻ കഴിഞ്ഞു.

സ്റ്റാൻഡേർഡ് ഫോർ ഡിലെ കുട്ടികൾ "വെണ്ണക്കണ്ണൻ" എന്ന കവിതയുടെ ആവിഷ്കാരവും അവതരണവും ആണ് നടത്തിയത്. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടുള്ള കവിതാലാപനം വ്യത്യസ്തത പുലർത്തി. കൃഷ്ണനും അമ്മയും ഏറെ കൗതുക ഉണർത്തുന്ന കാഴ്ചയായിരുന്നു.

തുടർന്ന് ഫോർ ഡിലെ ഭിന്നശേഷി വിദ്യാർഥിനി കുമാരി ഇസബെൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വ്യക്തിഗതമായി കവിത അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ റീന കുട്ടികളെയും അധ്യാപകരെയും അനുമോദിച്ചു. തുടർന്നുള്ള പാഠഭാഗങ്ങൾ ഇതുപോലെ അവതരിപ്പിക്കാനുള്ള അവസരം തുടർന്നുള്ള മാസങ്ങളിലും നൽകണമെന്ന് ഓർമിപ്പിച്ചു. എല്ലാ നാലാം ക്ലാസിലെയും രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തങ്ങളുടെ കുട്ടികളുടെ അവതരണവും ആലാപനവും രക്ഷിതാക്കൾക്ക് ഏറെ പ്രിയങ്കരമായി. കുട്ടികളെ ഒരുക്കിയതിന് അധ്യാപകർക്ക് നന്ദി അറിയിച്ചു. തുടർന്ന് ശ്രീമതി മോറ ടീച്ചർ നന്ദി പറഞ്ഞു. പാട്ടുകളും കവിതകളും കൂട്ടുകാർക്ക് ഏറ്റു ചൊല്ലാവുന്ന തരത്തിൽ ഈണവും താളവും പാലിച്ച് എഴുതാനും പാടാനും കാവ്യോത്സവം സംഘടിപ്പിക്കുന്നതിലൂടെ നേടാൻ കഴിഞ്ഞു.

90-ാം സ്കൂൾവാർഷികം (16-01-2025)

ഔവർ ലേഡീസ് കോൺവെൻറ് വിദ്യാലയസമുച്ചയത്തിൽ തൊണ്ണൂറാമത് സ്കൂൾ വാർ ഷീക ദിനവും സർവീ സിൽ നിന്നും വിരമിക്കു ന്ന അധ്യാപകരുടെ യാ ത്രയയപ്പു യോഗവും ജനുവരി 16-ാം തിയതി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.സിസ്റ്റർ എൽസി ജോസഫ് അധ്യക്ഷത വഹിച്ചു. കൊച്ചി എം.എൽ.എ., കെ.ജെ. മാക്സി നവതി ആഘോഷത്തിന്റെ ഉദ്ഘാടനവും നവതി ലോഗോ പ്രകാശനവും നിർവഹിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കോട്ടയം ബസേലിയോസ് കോളേജ് റിട്ട. അസോസിയേറ്റ് പ്രൊഫ. ഡെയ്സി സക്കറിയ ആയിരുന്നു അധ്യക്ഷ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി സ്വാഗതം ആശംസി ക്കുകയും ഹൈസ്കൂൾ, എൽ.പി. സ്കൂൾ പ്രധാന അധ്യാപികമാരായ  സിസ്റ്റർ മിനി ആന്റണി, സിസ്റ്റർ റീന  എന്നിവർ വിദ്യാലയത്തിലെ മികവുകൾ  ഉൾപ്പെടുത്തിയ 2024-25 ലെ സ്കൂൾ വാർഷിക  റിപ്പോർട്ട്  അവതരിപ്പിക്കുകയും ചെയ്തു. വാർഡ് കൗൺസിലർ ഷീബ ഡ്യൂറോം, ഫാദർ പോൾ കല്ലൻ ഒ.എഫ്.എം., പി.ടി.എ. പ്രസിഡൻറ് റോണി റാഫേൽ, എച്ച്.എസ്. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ അധ്യയന വർഷം സേവന രംഗത്തു നിന്നും വിരമിക്കുന്ന അധ്യാപികമാരായ എലിസബത്ത് നിഷ, ലില്ലി പോൾ, സാലി ടി.വി., സുനിത പി.എ., ഗ്രെയ്‌സ് തോമസ്, ട്രീസ സുജ എൻ.ജെ.എന്നിവർക്ക് അധ്യാപകപ്രതിനിധി ഷാലിമ ജോർജ് ആശംസകൾ അർപ്പിച്ചു.വിരമിക്കുന്ന അധ്യാപകരെ പി.ടി. എ. പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. രാവിലെ പത്തരക്ക് ആരംഭിച്ച പൊതുയോഗം ഒരു മണിയോടു കൂടി അവസാനിക്കുകയും തുടർന്ന് നഴ്സറി, എൽ.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ടി.ടി.ഐ. എന്നീ വിഭാ ഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിൽ എല്ലാ ക്ലാസ്സിൽ നിന്നും പഠനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ  നൽകുകയുണ്ടായി. കൂടാതെ സംസ്ഥാന, ദേശീയ തലങ്ങളിൽ വിജയം വരിച്ച കുട്ടികൾക്ക് മെമെന്റോകൾ   നൽകി അവരെ അനുമോദിക്കുകയും ചെയ്തു.

പഠനോത്സവം

OLCGLPS Palluruthy

പഠനോത്സവം സംസ്ഥാന സർക്കാരിന്റെ സമഗ്രഗുണമേന്മൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാന വിദ്യാഭ്യാസ ഉത്സവങ്ങളിലൊന്നാണ്. 2024-25 അധ്യയന വർഷത്തിൽ OLCGLPS Palluruthy-യിൽ പഠനോത്സവം മികച്ച  രീതിയിൽ ആഘോഷിച്ചു. കുട്ടികൾ ആർജിച്ചെടുത്ത  പഠനശേഷികൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും, അവരുടെ മികവുകളും വളർച്ചാവസരങ്ങളും തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമായി ഈ ഉത്സവം മാറി.

2025 മാർച്ച് 6-ന് OLCGLPS Palluruthy-യിൽ പഠനോത്സവം വളരെ അർത്ഥവത്തായി ആചരിച്ചു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.കുമാരി ഹിബ ഫാത്തിമ  ഏവർക്കും ഹൃദ്യമായി സ്വാഗതം ആശംസിച്ചു . തുടർന്ന്, ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ Durom പഠനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. H. M Rev. Sr. Reena M. D ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ച്  സംസാരിച്ചു. സ്കൂൾ പിടിഎ പ്രതിനിധിയായ ശ്രീമതി അനില ആശംസകൾ നേർന്നു.  ശ്രീമതി യൂഫ്രേസിയ പി. വില്യം ടീച്ചർ ഔദ്യോഗികമായി നന്ദി പ്രകാശനം നടത്തി.

ഒന്നാം ക്ലാസിലെ കുരുന്നുകൾ പരിസര പഠനം, ഗണിതം, ഭാഷ എന്നിവ ഉൾച്ചേർന്നുകൊണ്ടുള്ള മനോഹരമായ നാടക അവതരണം നടത്തി. രണ്ടാം ക്ലാസിലെ കുട്ടികൾ റീഡേഴ്സ് തിയേറ്റർ, മലയാളം ആശയഗ്രഹണം, പദ വികസനവുമായി ബന്ധപ്പെട്ട on the spot പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മൂന്നാം ക്ലാസിലെ കുട്ടികൾ പരിസര പഠന പരീക്ഷണങ്ങൾ, കേരളത്തിലെ ജില്ലകളിലൂടെയുള്ള യാത്ര,മ്യൂസിക്കൽ ഡ്രാമ, ക്ലോക്കിൽ സമയം സെറ്റ് ചെയ്യൽ എന്നീ പ്രായോഗിക പ്രവർത്തനങ്ങൾ നടത്തി. നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ജ്യാമിതീയ രൂപങ്ങളുമായി ബന്ധപ്പെട്ട ഗണിത പ്രവർത്തനം, ഇംഗ്ലീഷ് readers തിയേറ്റർ, കവിതയുടെ ദൃശ്യ ആവിഷ്കാരം, "Properties of Air" എന്ന വിഷയത്തിൽ പരീക്ഷണങ്ങൾ എന്നിവ അവതരിപ്പിച്ചു.

സ്കൂളിലെ ഭിന്നശേഷി കുട്ടികളായ Aadhiya A.S, Esabell Rejoy, അദ്വിത കെ. എൽ എന്നിവരും വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. പഠനോത്സവവുമായി ബന്ധപ്പെട്ട ഗണിതം, പരിസര പഠനം, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ വിദ്യാഭ്യാസ കോർണറുകൾ ഒരുക്കിയതോടൊപ്പം, ഈ വർഷം കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ, ശേഖരണങ്ങൾ, പതിപ്പുകൾ, മോഡലുകൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു.

പഠനോത്സവത്തോടനുബന്ധിച്ച് EVS കോർണറിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ നാടൻ പലഹാരങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് പാചകവാസന വളരുവാനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ  പ്രാധാന്യം മനസ്സിലാക്കാനും, പ്രാദേശിക വൈവിധ്യം തിരിച്ചറിയാനുമുള്ള അവസരം ലഭിച്ചു.

പഠനോത്സവ റീൽ: അഭിമാനനേട്ടം

പഠനോത്സവത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി തയ്യാറാക്കിയ റീൽ ബിആർസിയിൽ സമർപ്പിച്ചപ്പോൾ, അതിന് സംസ്ഥാനതലത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടാനും തിരഞ്ഞെടുക്കപ്പെടാനും കഴിഞ്ഞത് സ്കൂളിനും കുട്ടികൾക്കും അഭിമാനകരമായ നേട്ടമായി. ഇത് വിദ്യാലയത്തിന്റെ പഠനോത്സവം കൂടുതൽ ആഴത്തിൽ പൊതുസമൂഹത്തെ എത്തിക്കാൻ സഹായകമായി.

പഠനോത്സവം വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ, പഠന താത്പര്യങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള മികച്ചൊരു വിദ്യാഭ്യാസ പരിപാടിയായി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, പഠനത്തിന്റെ സൗന്ദര്യബോധം വളർത്തുകയും ചെയ്ത ഈ ആഘോഷം സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുവാൻ സഹായകമായി.

ഈ അധ്യയന വർഷത്തെ പഠനോത്സവം പ്രധാന അധ്യാപിക Sr. Reena യുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണവും കുട്ടികളുടെ സജീവ പങ്കാളിത്തവും വഴി വിജയത്തിലെത്തിക്കുവാൻ കഴിഞ്ഞു.