എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2024-25
| Home | 2026-27 |
ലിറ്റിൽ കൈറ്റ്സ് അവാർഡ്
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാനം!!
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
8, 9, 10 ക്ലാസുകളിൽ 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിച്ച മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ, കൈറ്റ് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് ഇടയാറന്മുള എ.എം.എം സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ഈ നേട്ടത്തിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ 2 ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.
2024 ജൂലൈ 6ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് യുണിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ട് യുണിസെഫ് ഇന്ത്യ എഡ്യൂക്കേഷൻ സ്പെഷലിസ്റ്റ് പ്രമീള മനോഹരനിൽ നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുജനവും ഒരുപോലെ പങ്കാളികളായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, നൂതനാത്മകത, സാങ്കേതികവിദ്യയിലുള്ള താൽപ്പര്യം എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്‌മാരായ ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം
പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി.
മാനേജ്മെന്റിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ 2024 നവംബർ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ കോർഡിനേറ്റർ ശ്രീ. സോണി പീറ്റർ, മുൻ ലിറ്റിൽ കൈറ്റ്‌സ് ട്രെയിനർ ആയ ശ്രീമതി. സുപ്രിയ പി.സി, സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ. റോണി എബ്രഹാം, സ്കൂൾ ബോർഡ് ട്രഷറർ ശ്രീ. ജോസ് ടി. ജോർജ്, കുളനട ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി. അശ്വതി വിനോജ്, പി.ടി.എ. പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ്, വഞ്ചിപ്പാട്ട് ആചാര്യനായ ശ്രീ. വിജയൻ നായർ, പ്രിൻസിപ്പൽ ലാലി ജോൺ, പ്രഥമ അധ്യാപിക അനില സാമുവേൽ, ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനം പത്തനംതിട്ട ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജയകുമാർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അദ്ഭുതകരമായ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. പദ്ധതിയിലൂടെ കൈവരിച്ച വിജയങ്ങൾ, സാങ്കേതിക മേഖലയിലെ നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധത, ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാവിയിലെ ലക്ഷ്യങ്ങളും, പദ്ധതികളും അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
അനുമോദനം
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, സ്കൂൾ അധികൃതർ എന്നിവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അജയകുമാർ, കൈറ്റ് മാസ്റ്റർ ട്രൈനേഴ്‌സായ ശ്രീ. സോണി പീറ്റർ, ശ്രീമതി. സുപ്രിയ പി.സി, കൈറ്റ് മാസ്റ്റേഴ്‌സായ ആശ പി. മാത്യു, ജെബി തോമസ് എന്നിവരെയും, കൈറ്റ്സ് വിദ്യാർഥികളെയും മെമെന്റോ നൽകി ആദരിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രശാല സന്ദർശിക്കുക
ലിറ്റിൽ കൈറ്റ്സ് പുരസ്കാര നേട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ ആദരവ്
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നേടിയ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിനെ ആറന്മുള ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ആറന്മുള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ 2024 ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആദരിച്ചു. പ്രധാനാധ്യാപിക അനില സാമുവേൽ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി.
ഡോക്യുമെന്ററി മത്സരം
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച് സമ്മാനദാനം നിർവഹിച്ചു. മെമെന്റോയും, ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു പുരസ്കാരം. ലിറ്റിൽ കൈറ്റ്‌സിന്റെയും, ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി.
സീഡ് 2024-25 പുരസ്കാരം
പറഞ്ഞു പഠിപ്പിക്കുന്നതിനുപരിയായി പരിസ്ഥിതിയെയും സമൂഹത്തെയും തൊട്ടറിയുന്ന ജീവിതപാഠങ്ങൾ കുട്ടികൾ സ്വയമേ കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പ്രശംസാ പത്രം ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. മികച്ച സീഡ് റിപ്പോർട്ടറായി രജത്ത് രാജീവിനെയും തിരഞ്ഞെടുത്തു. ഈ വിദ്യാർത്ഥിക്ക് മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രശസ്തി പത്രവും ലഭിച്ചു.
ഹരിത വിദ്യാലയം അവാർഡ്
2025 ഏപ്രിൽ 22-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആറാട്ടുപുഴ തരംഗം മിഷൻ സെന്ററിൽ നടന്ന യോഗത്തിൽ, ആറന്മുള ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഹരിത വിദ്യാലയം അവാർഡ് ഇടയാറന്മുള എ.എം.എം. ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാനുവേലിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘം ആറന്മുള ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവിയിൽ നിന്ന് സ്വീകരിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നൽകപ്പെടുന്ന ഈ അംഗീകാരം, സ്കൂളിന്റെ നിരന്തരമായ ഹരിത പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സൗഹൃദ സമീപനങ്ങൾക്കും ലഭിച്ച അംഗീകാരമാണ്.
ഹരിത പ്രോട്ടോകോൾ പാലിക്കൽ
2024-25 അദ്ധ്യായന വർഷം സ്കൂളിൽ നടപ്പാക്കിയ ഹരിത പ്രവർത്തനങ്ങൾ ഹരിത പ്രോട്ടോകോളിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും പരിസ്ഥിതി ബോധം വളർത്തുന്നതിൽ സ്കൂൾ പ്രധാന പങ്ക് വഹിച്ചു.
പ്ലാസ്റ്റിക് രഹിത ക്യാമ്പസ്
സ്കൂൾ പരിസരം പൂർണമായും പ്ലാസ്റ്റിക് വിരുദ്ധമാക്കി. ഒരുമിച്ചുള്ള പ്രചാരണങ്ങളും ശുചിത്വം ഉറപ്പാക്കുന്നതും വിദ്യാർത്ഥികളിൽ ഈ അവബോധം വളർത്തുന്നതിനും സഹായകമായി.
പച്ചക്കറി കൃഷിയും ഉദ്യാന പരിപാലനവും
സ്കൂൾ കാമ്പസിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തി. വിദ്യാർത്ഥികളിൽ സ്വയംപര്യാപ്തതയും പ്രകൃതിയോടുള്ള മാനവികതയും വളർത്തുന്നതിനും ഇത് സഹായകമായി.
വേസ്റ്റ് ബിൻ സംവിധാനങ്ങൾ
മാലിന്യങ്ങൾ കൂട്ടിച്ചേർക്കാതെ പ്രത്യേകമായി വേസ്റ്റ് ബിൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജൈവവും അജൈവവുമായ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകിയിരുന്നു.
ഹരിത കർമ്മസേനയുടെ സജീവ പങ്കാളിത്തം
സ്കൂളിൽ സജീവമായി പ്രവർത്തിച്ച ഹരിത കർമ്മസേന, സ്കൂൾ പരിസര ശുചിത്വം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമാണം തുടങ്ങിയവയിൽ നിർണായക പങ്ക് വഹിച്ചു.
വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി പരിസ്ഥിതി സംരക്ഷണത്തിനായി എടുത്തുവച്ച ആത്മാർത്ഥമായ ചുവടുവെപ്പുകളുടെ ഫലമാണ് ഈ അവാർഡ്. ഈ അംഗീകാരം സ്കൂളിന്റെ മുന്നേറ്റങ്ങൾക്ക് പ്രചോദനമാണ്. ഈ അവാർഡ് ഹരിത സ്വപ്നങ്ങൾ കൂടുതൽ പ്രാപ്തിയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുവടുവെയ്പ്പായി മാറി.