എൻ.എം.എൽ.പി.എസ്സ്. ഇടുക്കി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്.. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുങ്കണ്ടം, ചെറുതോണി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4,612 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ജില്ല (2023ൽ കുട്ടമ്പുഴ പഞ്ചായത്ത് ഉൾപ്പെടുതിയത്തിന് ശേഷം) (ഏറ്റവും വലിയ രണ്ടാമത്തെ ജില്ല പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റേത്) വയനാട്). രാജവാഴ്ച കാലത്ത് വേണാട് സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ നഗരസഭകൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.

വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ്) ഇവിടെയാണ്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇടുക്കി അണക്കെട്ട്

ഇടുക്കി ജില്ലയിൽ, (കേരളം, ഇന്ത്യ) പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി[1] ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.

പദോൽപ്പത്തി

ഇടുക്കി എന്ന പേര് ഉരുത്തിരിഞ്ഞത് മലയിടുക്ക് എന്നർത്ഥം വരുന്ന ‘ഇടുക്ക്’ എന്ന മലയാള വാക്കിൽ നിന്നാണ്.

ജനസംഖ്യാശാസ്ത്രം

2011 ലെ സെൻസസ് കണക്കുകൾ പ്രകാരം ഇടുക്കി ടൗൺഷിപ്പിൽ 21,724 ആയിരുന്നു ജനസംഖ്യ. അതിൽ 10,779 പുരുഷന്മാരും 10,945 സ്ത്രീകളുമാണ്. ജനസംഖ്യയുടെ 9.0% പട്ടികജാതിക്കാരും 7.8% പട്ടികവർഗ്ഗക്കാരുമാണ്. ഈ ഗ്രാമത്തിൽ 84.3% സാക്ഷരത ഉണ്ടായിരുന്നു.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

  • ഇടുക്കി ഡാം പാർക്ക്
  • ഇടുക്കി അണക്കെട്ട്

സമീപ സ്ഥലങ്ങൾ

  • കട്ടപ്പന
  • തൊടുപുഴ
  • നെടുങ്കണ്ടം
  • അടിമാലി
  • തോപ്രാംകുടി
  • ചെറുതോണി
  • പൈനാവ്
  • തങ്കമണി
  • മൂലമറ്റം
  • രാജമുടി
  • സെൻ്റ് തോമസ് എച്ച്എസ്എസ് തങ്കമണി
  • ഗിരിജ്യോതി സി എം ഐ പബ്ലിക് സ്കൂൾ
  • ന്യൂമാൻ എൽ.പി. സ്കൂൾ, ഇടുക്കി.
  • ഡി പോൾ ഇൻ്റർനാഷണൽ റെസിഡൻഷ്യൽ സ്കൂൾ
  • കേന്ദ്രീയ വിദ്യാലയ ഇടുക്കി
  • ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ
  • സെൻ്റ്.ജോർജ് ഹൈ സ്കൂൾ
  • ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
  • സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ
  • ജവഹർ നവോദയ വിദ്യാലയം ഇടുക്കി
  • വിമല ഹൈസ്കൂൾ വിമലഗിരി
  • എസ്എം യുപിഎസ് മണിപ്പാറ